നീലക്കുയിൽ നാടകത്തിൽ നിന്ന്
തിരുവനന്തപുരം: ഓണം വാരാഘോഷ ചടങ്ങളുടെ സമാപന ദിവസമായ 30ന് സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി (പാളയം പബ്ലിക് ലൈബ്രറി) ഹാളിൽ വൈകീട്ട് ഏഴിന് "നീലക്കുയിൽ" നാടകാവതരണം ഉണ്ടായിരിക്കും.
1954 ൽ ചന്ദ്രതാരാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ടി കെ പരീക്കുട്ടി നിർമിച്ച് ഉറൂബിന്റെ രചനയിൽ പി. ഭാസ്കരൻ, രാമു കാര്യാട്ട് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമയാണ് നീലക്കുയിൽ.
സത്യനും മിസ് കുമാരിയും പി.ഭാസ്കരനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ.വിൻസന്റ് ഛായാഗ്രഹണവും രാഘവൻ സംഗീത സംവിധാനവും നിർവഹിച്ച നീലക്കുയിൽ, മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സിനിമ കൂടിയാണ്.
സമം ആർട്സ് തിരുവനന്തപുരത്തിന്റെ ബാനറിൽ ആർ.എസ് മധു രചനയും സി.വി.പ്രേംകുമാർ സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ ജിതേഷ് ദാമോദർ, സിത്താര ബാലകൃഷ്ണൻ, സജനചന്ദ്രൻ, വഞ്ചിയൂർ പ്രവീൺകുമാർ, സി വി പ്രേംകുമാർ, ആർ രാജേശ്വരി, റജുലമോഹൻ, ശങ്കരൻകുട്ടി നായർ, മാസ്റ്റർ കാശിനാഥൻ എന്നിവർ അരങ്ങിലെത്തുന്നു. അജയ് തുണ്ടത്തിലാണ് നാടകത്തിന്റെ പിആർഓ.