പിറവം: മുവാറ്റുപുഴയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ മൃതദേഹവും കണ്ടെത്തി. ഇന്ന് രാവിലെ 11.45 ഓടെ പിറവം പാലത്തിന് സമീപം ഐഎന്‍ടിയുസി കടവില്‍ വച്ചാണ് ഭര്‍ത്താവ് നെന്മാറ സ്വദേശി നാരായണന്‍റെ (60) മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ കാണാതായ മകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് മുളക്കുളം പാലത്തിന് സമീപം മൂവാറ്റുപുഴ പായിപ്ര പാലക്കാപ്പറമ്പില്‍ വിജിമോളുടെയും (43) കുറച്ചു താഴെ മുളക്കുളം ആറാട്ട് കടവിനടുത്ത് ഇവരുടെ രണ്ടു വയസുള്ള മകന്‍റെയും മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.
അന്ധയായ വിജിമോളും കുട്ടികളും ദേവാലയങ്ങളില്‍ ഭിക്ഷാടനം നടത്തുന്നവരാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഇവര്‍ നാലു പേരെയും പിറവത്തെ പാര്‍ക്കിലും സമീപത്തെ ഹോട്ടലിലും കണ്ടവരുണ്ട്. ഹോട്ടലില്‍ നിന്നും സന്തോഷത്തോടെ ഇറങ്ങുന്ന ദമ്പതികളുടെയും മക്കളുടെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ചെറുവട്ടൂരില്‍ വീട് വാടകയ്ക്ക് എടുത്താണ് ഇവര്‍ താമസിക്കുന്നത്. നാരായണന്‍ നേരത്തെ പായിപ്രയില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ഇവിടെ നിന്നും ഇറക്കി വിട്ട ശേഷമാണ് വിജിമോളും കുട്ടികളുമായി ഭിക്ഷാടനത്തിന് നടന്നിരുന്നത്.
Tags : Mother son Husband Muvatupuzha river