പ്രതീകാത്മക ചിത്രം
ബംഗളൂരു: വാഹാനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് വിരമിച്ച ബിഎംടിസി കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച രണ്ട് മലയാളി യുവാക്കൾ പിടിയിൽ. ഐടി ഹബ്ബായ ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലാണ് സംഭവം.
അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബിഎംടിസി റിട്ടയേർഡ് കണ്ടക്ടറെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും, പിടികൂടാനെത്തിയ നാട്ടുകാരെ ആക്രമിക്കുകയും ചെയ്തു.
ടാക്സി കാറിലെത്തിയ യുവാക്കൾ വാഹനം വഴിതടസപ്പെടുത്തുന്ന രീതിയിൽ അനധികൃതമായി പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. ചോദ്യം ചെയ്ത റിട്ടയേർഡ് ബിഎംടിസി കണ്ടക്ടറെ യുവാക്കൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രക്തം വാർന്ന് വീണ ഇദ്ദേഹത്തെ രക്ഷിക്കാനും അക്രമികളെ പിടികൂടാനുമായി ഓടിക്കൂടിയ നാട്ടുകാർക്ക് നേരെയും യുവാക്കൾ തിരിഞ്ഞു. കുപ്പികളും കല്ലുകളും ഉപയോഗിച്ച് ഇവർ നടുറോഡിൽ അക്രമിച്ചു.
സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ഒടുവിൽ നാട്ടുകാർ സാഹസികമായി പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. അക്രമം നടത്തിയ യുവാക്കൾ ലഹരി മരുന്നിന് അടിമകളാണെന്നാണ് പ്രാഥമിക സംശയം. ഇവരുടെ ബാഗ് പരിശോധിച്ച പോലീസ് നിരോധിത ലഹരിമരുന്നെന്ന് സംശയിക്കുന്ന വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് കണ്ടെടുത്തു. ഇത് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ പരപ്പന അഗ്രഹാര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Argument parking Malayalis arrest