നീല, കറുപ്പ് നിറങ്ങളിലുള്ള മഷികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലെ ഔദ്യോഗിക കത്തിടപാടുകൾക്കും രേഖകൾക്കും നീല, കറുപ്പ് നിറങ്ങളിലുള്ള മഷികൾ മാത്രമേ ഉപയോഗിക്കാവൂ എന്നു സർക്കാർ നിർദേശം. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം, ഔദ്യോഗിക രേഖകളിൽനിന്നു ചുവപ്പ് ഉൾപ്പെടെയുള്ള മറ്റു നിറങ്ങൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഭാവിയിൽ അച്ചടിക്കുന്ന സർക്കാർ ലെറ്റർഹെഡുകൾ, ഔദ്യോഗിക ഫോമുകൾ, ബുക്ക്ലെറ്റുകൾ, വിജ്ഞാപനങ്ങൾ എന്നിവയിലെല്ലാം ഈ ഏകീകൃത നിറങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
ഓഫിസുകളിൽ നിലവിൽ അച്ചടിച്ചു വച്ചിട്ടുള്ള ഫോമുകളും ലെറ്റർ പാഡുകളും തീരുന്നതുവരെ അവ ഉപയോഗിക്കാൻ അനുമതിയുണ്ട്. ഔദ്യോഗിക അച്ചടിവസ്തുക്കളില് ഇപ്പോഴും മറ്റു നിറങ്ങള് ഉപയോഗിക്കുന്നുണ്ടെന്നു വിലയിരുത്തിയതിനെത്തുടര്ന്നാണ് പുതിയ ഉത്തരവ്.
അതേസമയം, പൊതുജനത്തിന്റെ അപേക്ഷകളിൽ ഇതൊന്നും ബാധകമല്ല. അതായത്, കളർകോഡ് ആവശ്യമില്ല. പൊതുവേ നീല, കറുപ്പ് മഷികൾ ഉപയോഗിച്ചാണു സർക്കാർ ഓഫിസുകളിലേക്കുള്ള അപേക്ഷകളും നിവേദനങ്ങളും തയാറാക്കുന്നത്. ഗസറ്റഡ് ഓഫിസർമാർക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കുമാണ് പച്ച, ചുവപ്പ് മഷികൾ ഔദ്യോഗികമായി ഉപയോഗിക്കാനുള്ള അവകാശമുള്ളതെന്നാണ് പൊതുവേയുള്ള ധാരണ.
എന്നാൽ ചുവപ്പ്, പച്ച അടക്കമുള്ള എല്ലാ മഷിയും പൊതുജനങ്ങൾക്ക് അപേക്ഷകൾ തയാറാക്കാനായി ഉപയോഗിക്കാമെന്നാണു വിവരാവകാശ രേഖകളിൽ നൽകുന്ന മറുപടി.
രേഖകൾ തടസമില്ലാതെ വായിക്കാൻ കഴിയുന്നവിധം വ്യക്തതയുള്ളതും മാഞ്ഞുപോകാത്തതുമായ മഷി ഉപയോഗിക്കണം.ഏതെങ്കിലും പ്രത്യേക മഷി ഉപയോഗിക്കണമെന്നു ചൂണ്ടിക്കാട്ടി അപേക്ഷകൾ നിരസിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
Tags : Deepika DeepikaNewspaper BreakingNews Blue and black for government