പ്രതീകാത്മക ചിത്രം
ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ തെക്കൻ തീരദേശ മേഖലകൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടിയടക്കം നാല് സാധാരണക്കാർ കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് തിരിച്ചടിയായി ജോർദാനിലെയും ഇറാഖിലെയും അമേരിക്കൻ വ്യോമ-സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി.
ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് യുഎസ് സെൻട്രൽ കമാൻഡ് ആണ് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. അസലൂയേ, ബന്ദർ അബ്ബാസ്, ചാബഹാർ, സിറിക് തുടങ്ങിയ പ്രവിശ്യകളിൽ ശക്തമായ സ്ഫോടനങ്ങളുണ്ടായി.സിറിക്കിൽ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന വീടിന് മുകളിലേക്ക് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് കുട്ടിയടക്കം നാല് പേർ കൊല്ലപ്പെട്ടത്. റെഡ് ക്രസന്റ് സംഘങ്ങൾ ഇവിടെ രക്ഷാപ്രവർത്തനം തുടരുകയാണ്.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തിരിച്ചടി ആരംഭിച്ചു. ജോർദാനിലെ പ്രിൻസ് ഹസൻ വ്യോമതാവളത്തിനും യുഎസ് മറൈൻ കേന്ദ്രത്തിനും നേരെ ബാലിസ്റ്റിക് മിസൈലുകൾ അയച്ചതായി ഇറാൻ അവകാശപ്പെട്ടു. വടക്കൻ ഇറാഖിലെ എർബിലിലുള്ള യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണം നടത്തി. അമേരിക്കയുടെ നിരീക്ഷണ ബലൂൺ നിയന്ത്രണ സംവിധാനവും ഇന്ധന ടാങ്കുകളും സാങ്കേതിക ഗോഡൗണുകളും തകർത്തതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയ്ക്ക് മറക്കാനാകാത്ത പാഠങ്ങൾ കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയ് മുന്നറിയിപ്പ് നൽകി. ഇറാൻ അയച്ച ഡ്രോണുകൾ തടഞ്ഞതായി ബഹ്റൈൻ വ്യക്തമാക്കി. വ്യോമാക്രമണ സാധ്യത കണക്കിലെടുത്ത് ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ, ഇറാന്റെ ഭാഗത്ത് നിന്ന് കൂടുതൽ തിരിച്ചടികളുണ്ടായാൽ അതിശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
Tags : US-Iran Conflict DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash