International
ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനുള്ള സമാധാന ചർച്ചകൾ ശനിയാഴ്ച പാകിസ്ഥാനിൽ ആരംഭിക്കും. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിലുള്ള യുഎസ് സംഘം ചർച്ചകളിൽ പങ്കെടുക്കും.
ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇറാനെ പ്രതിനിധീകരിക്കുകയെന്നാണ് സൂചന. ലബനനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ അടുത്ത ആഴ്ച വാഷിംഗ്ടണിലും നടക്കും. എന്നാൽ ഇറാനിൽ ഇസ്രായേലിന് ഇനിയും ‘പൂർത്തിയാകാത്ത ദൗത്യങ്ങൾ' ഉണ്ടെന്ന നിലപാട് മേഖലയിൽ വീണ്ടും യുദ്ധത്തിന്റെ കരിനിഴൽ വീഴ്ത്തുന്നുണ്ട്.
International
ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്കു നേരേ ഇസ്രയേൽ കടുത്ത ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെ വെള്ളിയാഴ്ച പുലർച്ചെ ഇസ്രയേലിലുടനീളം വ്യോമാക്രമണ മുന്നറിയിപ്പുകൾ മുഴങ്ങി. ലെബനനിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തെത്തുടർന്ന് വാണിജ്യ കേന്ദ്രമായ ടെൽ അവീവ്, തെക്കൻ തീരദേശ നഗരമായ അഷ്ദോദ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയത്.
ഇതിനിടെ, യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തലിൽ അനിശ്ചിതത്വം തുടരുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നു കപ്പലുകൾക്ക് സുരക്ഷിതപാത ഒരുക്കാമെന്ന ഇറാന്റെ ഉറപ്പിലാണ് യുദ്ധം രണ്ടാഴ്ചത്തേക്കു നിർത്തിയതെങ്കിലും ലബനനിൽ ഇറാൻ അനുകൂല ഹിസ്ബുള്ളകൾക്കെതിരേ ഇസ്രയേൽ നടത്തിയ ആക്രമണം ഇറാനെ പ്രകോപിപ്പിച്ചു. ഇതോടെ അവർ ലോകത്തിലെ പ്രധാനപ്പെട്ട എണ്ണപാതയായ ഹോർമുസ് വീണ്ടും അടച്ചു.
ഇറാന്റെ ഈ നടപടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രോഷാകുലനായി.
"ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കടന്നുപോകാൻ അനുവദിക്കുന്ന കാര്യത്തിൽ ഇറാൻ വളരെ മോശം നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അന്തസില്ലാത്ത നടപടിയാണ്- വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇസ്രയേലും ലെബനനും തമ്മിൽ നേരിട്ടു ചർച്ച നടത്തിയ പ്രശ്നത്തിൽ തീരുമാനമുണ്ടാക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ലെബനനുമായി എത്രയും വേഗം നേരിട്ടുള്ള ചർച്ചകൾ നടത്താൻ താൻ അനുമതി നൽകിയതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഇതിനിടെ, ഇറാൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇറാനും അവരുടെ സഖ്യകക്ഷികളും വ്യാഴാഴ്ച ഡ്രോൺ ആക്രമണം നടത്തിയതായി കുവൈറ്റ് ആരോപിച്ചു. സൗദി അറേബ്യയിലെ ഒരു പ്രധാന പൈപ്പ് ലൈനിനും ഇത്തരം ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് തുറക്കാൻ ഇറാൻ തയാറായില്ലെങ്കിൽ വീണ്ടും ആക്രമണം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇതിനിടെ, ലബനനിൽ ആക്രമണം നടത്തുന്ന ഇസ്രയേൽ നിലപാടിനെ ഇറ്റലി വിമർശിച്ചു.
International
ടെഹ്റാന്: ഇറാനിലെ ഖോം നഗരത്തില്‍ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇറേനിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. സ്ഫോടനങ്ങളില്‍ നിരവധിപ്പേര്‍ക്കു പരിക്കേറ്റു. മേഖലയില്‍ ആക്രമണം ശക്തമായെന്നാണു വിവരം.
ഇറാന്റെ മിസൈല്‍ ആക്രമണം
ഇസ്രയേലിലെ വിവിധ കേന്ദ്രങ്ങള്‍ക്കും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്ക്കുംനേരേ കനത്ത മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി ഇറാന്. യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹിറിന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദീര്‍ഘദൂര മിസൈലുകളും മാരകപ്രഹരശേഷിയുള്ള ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇറാന്റെ ആക്രമണം.
എണ്ണവില കുറയുന്നു
ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള സമയപരിധി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീട്ടിയതോടെ ആഗോളവിപണിയില്‍ എണ്ണവിലയില്‍ കുറവു രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ വില രണ്ടു ശതമാനം ഇടിഞ്ഞ് ബാരലിന് 106 ഡോളറില്‍ താഴെയെത്തി. വ്യാഴാഴ്ച ആറു ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയിരുന്നു.
International
ലോകം സമാധാനത്തിനു ദാഹിക്കുന്നു. യുദ്ധം എപ്പോഴും അവശേഷിപ്പിക്കുന്നത് കണ്ണീരും തകർച്ചയുമാണ്. കരയിലും ആകാശത്തും കടലിലും സൈന്യങ്ങൾ ഏറ്റുമുട്ടുമ്പോൾ, അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നത് ഇരുവശത്തുമുള്ള സാധാരണ ജനങ്ങളാണ്. യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നും ലോകത്തു ശാന്തി പുലരണമെന്നുമുള്ള ആഗ്രഹം ഓരോ മനുഷ്യനുണ്ട്.
എന്നാൽ, ഇസ്രയേൽ എന്ന കൊച്ചു രാജ്യം ഇന്നു നേരിടുന്ന സങ്കീർണമായ സാഹചര്യങ്ങളെയും അവിടെ ജീവിക്കുന്ന ആയിരക്കണക്കിനു മലയാളികൾ ഉൾപ്പെടെയുള്ള ജനലക്ഷങ്ങളുടെ സുരക്ഷിതത്വത്തെയും കുറിച്ചു വസ്തുനിഷ്ഠമായ ഒരു വിശകലനം അനിവാര്യം.
1948 മുതൽ അതിജീവന പോരാട്ടം
1948ൽ ഇസ്രയേൽ എന്ന രാജ്യം സ്ഥാപിതമായ നിമിഷം മുതൽ അതു നേരിടുന്നതു വലിയ ഭീഷണികളാണ്. ചുറ്റുമുള്ള രാജ്യങ്ങളിൽനിന്നു നിരന്തരമായ ആക്രമണങ്ങൾ നേരിട്ടിട്ടും തരിശുഭൂമിയിൽനിന്ന് ഒരു ലോകശക്തിയായി വളരാൻ അവർക്കു കഴിഞ്ഞത് അചഞ്ചലമായ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്. ഈ അതിജീവന പോരാട്ടത്തിൽ ഇന്ന് ഇസ്രയേലിന്റെ ഏറ്റവും വലിയ കരുത്ത് അമേരിക്കയുമായുള്ള സഖ്യമാണ്. ഇതു കേവലം ഒരു സൈനിക ഉടമ്പടിയല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ പങ്കാളിത്തമാണ്.
മിഡിൽ ഈസ്റ്റിൽ ജനാധിപത്യം നിലനിൽക്കുന്ന ഏക രാജ്യം എന്ന നിലയിൽ ഇസ്രയേലിന്റെ സുരക്ഷ അമേരിക്കയുടെ കൂടി ആവശ്യമാണ്. "അയൺ ഡോം' പോലുള്ള ആധുനിക പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ അമേരിക്കൻ സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്നു ലോകം അത്ഭുതത്തോടെ നോക്കുന്ന ഇസ്രയേലിന്റെ പ്രതിരോധ കവചം, ലക്ഷക്കണക്കിനു സാധാരണക്കാരുടെ ജീവനാണ് ഓരോ ദിവസവും രക്ഷിക്കുന്നത്.
ഇറാന്റെ ലക്ഷ്യം ഇസ്രയേൽ മാത്രമോ?
ഇറാൻ ഇന്ന് ഇസ്രയേലിനെതിരെ പ്രയോഗിക്കുന്ന നിഴൽ യുദ്ധങ്ങൾ സത്യത്തിൽ മിഡിൽ ഈസ്റ്റിലെ മുഴുവൻ സമാധാനത്തെയും തകർക്കുന്നതാണ്. ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാൻ നടത്തുന്ന നീക്കങ്ങൾ ഇസ്രയേലിനെ മാത്രമല്ല, മറിച്ച് സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളെയും ലക്ഷ്യം വയ്ക്കുന്നു.
ഇതിനു പിന്നിൽ കേവലം രാഷ്ട്രീയ താല്പര്യങ്ങൾ മാത്രമല്ല, ദശകങ്ങളായി നിലനിൽക്കുന്ന ഷിയാ-സുന്നി വിഭാഗീയതയും ഒരു കാരണമാണ്. മേഖലയിൽ ആധിപത്യം ഉറപ്പിക്കാനും ഗൾഫ് രാജ്യങ്ങളിലെ സ്ഥിരത തകർക്കാനും ഇറാൻ ശ്രമിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക സാന്നിധ്യം ഇറാനു ഭീഷണിയാണെങ്കിലും, അതിനേക്കാൾ ഉപരിയായി മിഡിൽ ഈസ്റ്റിലെ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി നടത്തുന്ന സമാധാന ശ്രമങ്ങളെ തകർക്കുക എന്നതാണ് ഇറാന്റെ ഗൂഢലക്ഷ്യം.
മാറിമറിഞ്ഞ ഇറാൻ
1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാൻ ലോകത്തിലെതന്നെ ഏറ്റവും പുരോഗമനപരമായ രാജ്യങ്ങളിൽ ഒന്നായിരുന്നു. കലയും സംസ്കാരവും ആധുനികതയും ഒത്തുചേർന്ന ഒരു കാലം ഇറാനുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ ഇറാൻ ഭരണകൂടം തങ്ങളുടെ ജനതയുടെ സ്വാതന്ത്ര്യം ഹനിച്ചുകൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു.
ഇറാൻ രാജകുടുംബാംഗമായ റെസ പെഹ്ലവിയെപ്പോലുള്ളവർക്ക് ഇറാനിലെ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന പിന്തുണ മാറ്റത്തിന്റെ സൂചനയാണ്. ഇറാനിലെ സാധാരണ ജനങ്ങൾ യുദ്ധമല്ല, മറിച്ച് സമാധാനവും പുരോഗതിയുമാണ് ആഗ്രഹിക്കുന്നത്. അവിടെയൊരു ഭരണമാറ്റം ഉണ്ടായാൽ അതു മിഡിൽ ഈസ്റ്റിലെ മൊത്തം സംഘർഷങ്ങൾക്കും അറുതി വരുത്തിയേക്കാം.
പ്രവാസികളുടെ ആശങ്കകൾ
ഇസ്രയേലിൽ പതിനായിരക്കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. യുദ്ധം രൂക്ഷമാകുമ്പോഴും എന്തുകൊണ്ടാണ് ഇവർ ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കാത്തത്? ഇതിനുള്ള ഉത്തരം ഇസ്രയേൽ എന്ന രാജ്യം തങ്ങളുടെ തൊഴിലാളികൾക്കു നൽകുന്ന സുരക്ഷയാണ്. മതമോ ജാതിയോ നോക്കാതെ, തങ്ങളുടെ മണ്ണിലുള്ള ഓരോ വ്യക്തിയുടെയും ജീവൻ സംരക്ഷിക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണ്.
ഓരോ വീട്ടിലും സുരക്ഷിതമായ ബങ്കറുകളും, കൃത്യമായ മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും ഇവിടെയുണ്ട്. കേരളത്തിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ട് ഭയപ്പെടുന്ന ബന്ധുക്കളെ സമാധാനിപ്പിക്കേണ്ടി വരുന്നതാണ് ഇവിടെയുള്ള പ്രവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളി. നാട്ടിലെ ചർച്ചകളിൽ പലപ്പോഴും ഇസ്രായേലിനെ ഒരു 'തെമ്മാടി രാഷ്ട്ര'മായി ചിത്രീകരിക്കുമ്പോൾ, ഇവിടെയുള്ള മലയാളികൾക്ക് അറിയാം ഇത് ഒരു ജനത തങ്ങളുടെ നിലനിൽപ്പിനു വേണ്ടി നടത്തുന്ന അവസാന പോരാട്ടമാണെന്ന്.
ഏകപക്ഷീയ വാർത്തകൾ
കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ ഇസ്രയേലിനെതിരെ ഏകപക്ഷീയമായ വാർത്തകളാണ് നൽകുന്നത്. ഹമാസും ഹിസ്ബുള്ളയും നടത്തുന്ന ക്രൂരതകളെ മറച്ചുവച്ച്, തിരിച്ചടിക്കുന്ന ഇസ്രയേലിനെ മാത്രം ക്രൂശിക്കുന്നത് നീതിയല്ല. ഇസ്രായേൽ തോറ്റാൽ അത് ഒരു രാജ്യത്തിന്റെ മാത്രം പതനമല്ല, മറിച്ച് ആധുനിക ജനാധിപത്യ മൂല്യങ്ങളുടെ തകർച്ച കൂടിയായിരിക്കും.
ലോകം ആഗ്രഹിക്കുന്നത് സമാധാനമാണ്. യുക്രെയ്നിലായാലും പലസ്തീനിലായാലും ഇസ്രയേലിലായാലും ചോരുന്നത് സാധാരണക്കാരന്റെ രക്തമാണ്. കുഞ്ഞുങ്ങളുടെ കരച്ചിലില്ലാത്ത, ആകാശത്ത് മിസൈലുകളില്ലാത്ത ഒരു പുലരിയാണ് നമുക്കു വേണ്ടത്. എന്നാൽ, തീവ്രവാദത്തിലൂടെ ഒരു ജനതയെ തുടച്ചുനീക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിരോധം തീർക്കാതെ സമാധാനം സാധ്യമാവില്ല. ഇസ്രയേൽ ഇന്നു ചെയ്യുന്നത് അതാണ്. പതിനായിരക്കണക്കിനു മലയാളികൾക്ക് അന്നം നൽകുന്ന ഈ മണ്ണ് സുരക്ഷിതമായിരിക്കേണ്ടതു നമ്മുടെയും ആവശ്യമാണ്. യുദ്ധം അവസാനിക്കട്ടെ, സമാധാനം പുലരട്ടെ.
International
ബാഗ്ദാദ്: ഇറാന്റെ ഖാർഗ് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിനും ഇറാന്റെ തിരിച്ചടിയ്ക്കും പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ മുറുകുന്നു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇറാന്റെ ആക്രമണം തുടരുകയാണ്.
ബാഗ്ദാദ് അന്താരാഷ്ട്ര ജയിൽ പരിസരത്തും സെൻട്രൽ എയർപോർട്ട് ജയിൽ പരിസരത്തും തുടർ ആക്രമണങ്ങൾ നടക്കുന്നുവെന്ന് ഇറാഖ് അറിയിച്ചു. കഴിഞ്ഞ ദിവസം ജയിലിനടുത്തായി ആറ് ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്. ഇത് ജയിൽ സുരക്ഷയെ ബാധിച്ചേക്കാം.
ഇറാഖിലെ എർബിലിന്റെ പരിസരത്തുള്ള ലാനാസ് എണ്ണ ശുദ്ധീകരണശാലയിലേയ്ക്കും ഡ്രോൺ ആക്രമണം ഉണ്ടായി. ആക്രമണത്തിൽ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ ഇറാഖിലെ കുർദിഷ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ആക്രമണം ഉണ്ടായി.
National
ന്യൂഡൽഹി: ഇറാൻ - ഇസ്രയേൽ അമേരിക്ക സംഘർഷ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അഗരാച്ചിയുമായി സംസാരിച്ചു. ബന്ധം തുടരാൻ ഞങ്ങൾ സമ്മതിച്ചവെന്നും വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചു.
അതേസമയം സംഘർഷത്തിന് ഒട്ടും അയവില്ല. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾക്കായി ഇറാനോട് തുർക്കി പ്രസിഡന്റ് എർദോഗൻ ആവശ്യപ്പെട്ടു. ഇറാൻ ചർച്ചകളിലേക്ക് മടങ്ങണമെന്നാണ് നാറ്റോ സഖ്യകക്ഷിയും മേഖലയിലെ പ്രധാന രാജ്യവുമായ തുർക്കിയുടെ ആവശ്യം. ഇറാന്റെ അഭ്യർഥനയിൽ നടത്തിയ ഫോൺ സംഭാഷണത്തിലാണ് തുർക്കി ആവശ്യം ഉന്നയിച്ചത്.
തുർക്കിയെ ആക്രമിച്ച ആയുധം തങ്ങളുടേതല്ലെന്ന് ഇറാൻ വ്യക്തമാക്കി. എന്നാല്‍ ചർച്ചകളോട് അനുകൂലമായി ഇറാൻ പ്രതികരിച്ചിട്ടില്ല. റഷ്യയും ചൈനയും വെടിനിർത്തലിനായി സമീപിച്ചുവെന്നും ഇറാൻ അവകാശപ്പെടുന്നു. ആക്രമം തുടങ്ങിയവർ അവസാനിപ്പിക്കട്ടെയെന്നാണ് ഇറാന്റെ നിലപാട്. സംഘർഷം ആഗോളതലത്തിൽ ബാധിച്ചതോടെ യൂറോപ്യൻ യൂണിയൻ വിളിച്ചു ചേർത്ത ചർച്ചയിൽ ജിസിസി രാജ്യങ്ങൾ, യൂറോപ്യൻ യൂണിയൻ, അർമേനിയ, അസർബൈജാൻ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, ലെബനൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളും പങ്കെടുത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്ക് എൽപിജി ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച അടിയന്തര നിർദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യവസായങ്ങൾ, ശ്മാശനങ്ങൾ അടക്കമുള്ള ഉപഭോക്താകൾക്കാണ് നിലവിൽ നിയന്ത്രണം. ഹോട്ടലുകൾ, റസ്റ്റോറനന്റുകൾ തുടങ്ങിയ വാണിജ്യ ഉപഭോക്താക്കൾക്കും ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.
ഗ്യാസ് ബുക്കിംഗ് ഇടവേള 21ൽ നിന്ന് 25 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും തടയുന്നതിനാണ് ഈ നടപടി. അതേസമയം, ആശുപത്രി, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അവശ്യ പൊതുസേവനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് എൽപിജി സിലിണ്ടർ ക്ഷാമം ഉണ്ടാക്കാതിരിക്കാൻ ഗാർഹിക എൽപിജി ഉത്പാദനം വർധിപ്പിപ്പിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം ഏകദേശം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ അവകാശവാദം.
ഏകദേശം നാലോ അഞ്ചോ ആഴ്ചകൾ യുദ്ധം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിച്ചത്, എന്നാൽ യുഎസ് വളരെയേറെ മുന്നിലാണെന്നും ഇത് വേഗത്തിൽ തന്നെ അവസാനിച്ചെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇറാന് നാവിക സേനയില്ല, ആശയവിനിമയ സംവിധാനങ്ങളില്ല, വ്യോമസേനയുമില്ല. അവരുടെ മിസൈലുകൾ ചിതറിപ്പോയി, നിങ്ങൾ തന്നെ നോക്കിയാൽ മനസിലാകും, നിർമാണത്തിൽ ഉൾപ്പെടെ അവരുടെ ഡ്രോണുകൾ എല്ലായിടത്തും നശിപ്പിക്കപ്പെടുകയാണ്. സൈനികപരമായി അവർക്ക് ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല.-ട്രംപ് പറഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കപ്പലുകൾ കടലിടുക്കിലേക്കു പ്രവേശിക്കുന്നുണ്ടെന്നും ഹോർമുസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് യുഎസ് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
മഹത്വത്തിന്റെ മറുരൂപ മലയിലേക്ക് ഒരിക്കൽകൂടി പോകാം. യാക്കോബിന്റെയും യോഹന്നാന്റെയും പത്രോസിന്റെയും മുന്നിൽ ഈശോ രൂപാന്തരപ്പെടുന്നതും മോശയും ഏലിയായും ഈശോയോടു സംസാരിക്കുന്നതും നമുക്കു കാണാം. മോശയും ഏലിയയും ഈശോയോട് എന്താണ് പറഞ്ഞതെന്നുകൂടി സുവിശേഷം വെളിപ്പെടുത്തുന്നു.
"അപ്പോൾ രണ്ടുപേർ - മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു. അവർ മഹത്വത്തോടെ കാണപ്പെട്ടു. അടുത്തുതന്നെ ജറൂസലെമിൽ പൂർത്തിയാകേണ്ട അവന്റെ കടന്നുപോകലിനെക്കുറിച്ചാണ് അവർ സംസാരിച്ചത്' ലൂക്കാ 9:30-31.
ഈശോയുടെ പിതാവിന്റെ പക്കലേക്കുള്ള ഈ പുറപ്പാടിനെക്കുറിച്ചും തന്റെ വേർപാടിനെക്കുറിച്ചും 700 വർഷങ്ങൾക്കു മുന്‍പുതന്നെ ഏശയ്യ വെളിപ്പെടുത്തിയിട്ടുണ്ട്. "ഇടയന്റെ കൂടാരം പോലെ എന്റെ ഭവനം എന്നിൽനിന്ന് പറിച്ചു മാറ്റപ്പെടുകയാണ്. നെയ്ത്തുകാരന്റെ പാവ് പോലെ, എന്റെ ജീവിതം ഞാൻ ചുരുട്ടിയിരിക്കുന്നു. തറിയിൽനിന്ന് അവിടുന്ന് എന്നെ മുറിച്ചുനീക്കി. പകലും രാത്രിയും അവിടന്ന് എന്നെ അന്ത്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നു' ഏശ 38:12.
കൂടാരം നീക്കപ്പെടുന്പോൾ
കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ ഈശോയുടെ ഈ ഭൂമിയിലുള്ള കൂടാരംതന്നെ പൊളിച്ചു മാറ്റപ്പെടാൻ കൽല്പന വന്നിരിക്കുന്നു. അതിനെതിരായി പത്രോസ് ഈ ഭൂമിയിൽത്തന്നെ വേറെ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാമെന്ന് ഒന്ന് ഈശോയ്ക്ക്, ഒന്ന് മോശയ്ക്ക്, ഒന്ന് ഏലിയാവിന്. മത്താ 17:4. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യൻ ആഗ്രഹിക്കുന്നതിനു വിപരീതം ആയിരിക്കും ചിലപ്പോൾ ദൈവം ആഗ്രഹിക്കുന്നത്.
നമ്മുടെ പ്രാർഥനാ ജീവിതത്തിലും ഇങ്ങനെ വരാം. അപ്പോൾ നമുക്കു മുന്നിൽ വിവേചനത്തിന് ഒരേയൊരു മാർഗമേയുള്ളൂ. അതാണ് മത്തായി ശ്ലീഹാ 17:5ൽ പറയുന്നത്. "അവൻ സംസാരിച്ചുകൊണ്ടിരിക്കുന്പോൾ ശോഭയേറിയ ഒരു മേഘംവന്ന് അവരെ ആവരണം ചെയ്തു. മേഘത്തിൽനിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിൻ'. നമ്മുടെ താത്പര്യങ്ങളും ദൈവത്തിന്റെ താത്പര്യങ്ങളും രണ്ടായി നിൽക്കുന്ന സമയത്തു നമ്മുടെ മുന്നിലുള്ള വഴി ദൈവവചനം പാലിച്ചു ജീവിക്കുക എന്നതാണ്. ഏതു സന്നിഗ്ധ ഘട്ടത്തിലും യേശുവിനെ ശ്രവിക്കണമെന്നാണ് അവർക്കു ദൈവം നൽകുന്ന ഉത്തരം.
ദൈവഹിതപ്രകാരം
അടുത്ത ഘട്ടത്തിൽ യേശുവിന്റെ പ്രതികരണമുണ്ട്. "യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാൾ ഞാൻ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാൾ ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക' മത്തായി 17:17. തന്റെ കൂടാരം പൊളിച്ചു നീക്കപ്പെടാൻ പോകുന്നുവെന്നുള്ള വലിയ ഒരു വെളിപാട് ഈശോയ്ക്കു ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഞാൻ ഇനി എത്ര കാലം നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എന്നു ഹൃദയവ്യഥയോടെ ഈശോ അപ്പസ്തോലന്മാരോടു ചോദിക്കുന്നത്. ആ വ്യഥയുടെ അടിസ്ഥാനം അവരുടെ അല്പവിശ്വാസമാണ്. യേശുവിന്റെ അവസാനകാലത്തെ ഒരു ആശങ്ക അതായിരുന്നു.
വിരുദ്ധ കാലാവസ്ഥകളിൽ ദൈവഹിത പ്രകാരം ജീവിക്കണമെങ്കിൽ നമുക്കും ആത്മീയ അച്ചടക്കം വേണ്ടിവരും. ഈ അച്ചടക്കങ്ങളാണ് നമ്മൾ നോന്പുകാലത്തു പ്രത്യേകം അഭ്യസിക്കുന്നത്. അതുപോലെ രോഗം, ക്ഷീണം, തകർച്ച, പരാജയം.. തുടങ്ങിയ പ്രതിസന്ധികളുടെ നേരത്തു വിശ്വാസത്തിൽ കരുത്തു പ്രാപിക്കാൻ ശ്രദ്ധിക്കണം.
International
ടെഹ്റാൻ: ഹോര്‍മുസ് വഴി സുരക്ഷിതമായ എണ്ണ, പ്രകൃതി വാതക ഗതാഗതം അനുവദിക്കുന്നതിനായി ചൈന ഇറാനുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആറാം ദിവസത്തേക്കു കടന്നതോടെ കപ്പനൽപാത പൂര്‍ണമായും അടച്ചിരിക്കുകയാണ്.
ഇതോടെ ലോകമെമ്പാടുമുള്ള എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് തടസപ്പെട്ടിരിക്കുകയാണ്. എണ്ണക്കപ്പലുകളില്‍ 45% ശതമാനം ഹോര്‍മുസിലൂടെയാണു പോകുന്നത്. ദിവസവും 24 കപ്പലുകള്‍ ഇതുവഴി കടന്നു പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇറാനുമായി സുഹൃദ് ബന്ധമുള്ളതും മിഡില്‍ ഈസ്റ്റിൽനിന്നുള്ള എണ്ണ വിതരണത്തെ ആശ്രയിക്കുന്നതുമായ ചൈന ഹോർമുസ് കടലിടുക്ക് വഴിയുള്ള ഷിപ്പിംഗ് സ്തംഭിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തില്‍ അതൃപ്തരാണ്. ഇതോടെയാണ് ചൈന ഇറാനുമേല്‍ സമ്മര്‍ദം ചെലുത്തുന്നത്.
എണ്ണക്കപ്പലുകളെ ആക്രമിച്ചതിന്റെയും എണ്ണശുദ്ധീകരണശാലകൾ ഉത്പാദനം നിര്ത്തിവച്ചതിന്റെയും പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണവില 15ശതമാനത്തിലധികം ഉയര്‍ന്നു. വോര്ടെക്സയും കപ്പല്‍ ട്രാക്കറും പറയുന്നതനുസരിച്ച്, ഏകദേശം 300 എണ്ണടാങ്കറുകള്‍ കടലിടുക്കിനുള്ളില്‍ തന്നെ തുടരുകയാണ്.
അതേസമയം ഇപ്പോള്‍ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചില കപ്പലുകള്‍ ഉണ്ടെന്നും അവയെല്ലാം ചൈനീസ് അല്ലെങ്കില്‍ ഇറേനിയന്‍ ഉടമസ്ഥതയിലുള്ളവയാണെന്നു ദുബായ് ആസ്ഥാനമായുള്ള അല്‍ ഖലീജ് ഷുഗറിന്റെ മാനേജിംഗ് ഡയറക്ടര്‍ ജമാല്‍ അല്‍-ഗുരൈര്‍ പറഞ്ഞു.
International
ദുബായ്: പശ്ചിമേഷ്യയിൽ ഓരോ ദിവസം കഴിയുന്തോറും സംഘർഷം രൂക്ഷമാകുന്നു. ഇറാനിലേക്ക് യുഎസ്-ഇസ്രയേൽ സഖ്യം ശക്തമായ ആക്രമണം നടത്തി. ടെഹ്റാനിൽ വ്യാപക നാശനഷ്ടമുണ്ടായി. ഇറാനിൽ മരണം 1230 ആയെന്നു സർക്കാർ ഏജൻസി അറിയിച്ചു.
ശ്രീലങ്കൻ തീരത്തിനു സമീപം ഇറേനിയൻ കപ്പൽ ആക്രമിച്ചു മുക്കിയ അമേരിക്കയോടു പകരം ചോദിക്കുമെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ജനവാസകേന്ദ്രങ്ങളിൽ യുഎസ്-ഇസ്രയേൽ സേന ആക്രമണം നടത്തുകയാണെന്ന് ഇറാൻ ആരോപിച്ചു.
ഗൾഫ് രാജ്യങ്ങളിലും ഇസ്രയേലിലും ഇറാൻ ആക്രമണം തുടർന്നു. അസർബെയ്ജാനിലേക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രണ്ടു പേർക്കു പരിക്കേറ്റു. തിരിച്ചടിക്ക് ഒരുങ്ങാൻ സൈനികർക്ക് അസർബെയ്ജാൻ പ്രസിഡന്റ് ഇൽഹം അലിയേവ് നിർദേശം നല്കി. അസർബെയ്ജാനു നേർക്ക് ഇറാൻ ആക്രമണം നടത്തിയത് ദുരൂഹതയുണ്ട്. അമേരിക്കൻ താവളങ്ങളില്ലാത്ത രാജ്യമാണ് അസർബെയ്ജാൻ.
ഹോർമുസ് കടലിടുക്ക് അടച്ചത് അമേരിക്ക, ഇസ്രയേൽ എന്നീ രാജ്യങ്ങൾക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമാണെന്നും മറ്റു രാജ്യങ്ങളിലെ കപ്പലുകൾക്ക് ഇതുവഴി തടസമില്ലാതെ പോകാമെന്നും ഇറാൻ അറിയിച്ചു.
ബഹ്റൈനിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ റിഫൈനറിക്കു നേർക്ക് ഇന്നലെ രാത്രി ഇറാൻ മിസൈലാക്രമണം നടത്തി. റിഫൈനറിയിൽ തീപിടിത്തമുണ്ടായെങ്കിലും ഉടൻ അണച്ചു.
അബുദാബിക്കു സമീപം അൽ ധാഫ്രയിലെ യുഎസ് സൈനിക താവളത്തിനു നേർക്ക് ഇറാൻ തൊടുത്ത ഡ്രോൺ തകർത്തു. ദോഹയിലെ യുഎസ് എംബസിക്കു സമീപമുള്ളവരെ ഖത്തർ ഒഴിപ്പിച്ചു. ജോർദാനു സമീപമുള്ള പ്രവിശ്യയിലേക്ക് ഇറാൻ തൊടുത്ത ഡ്രോൺ തകർത്തെന്ന് സൗദി അറേബ്യ അറിയിച്ചു. ഖത്തറിലേക്ക് നാലു യുദ്ധവിമാനങ്ങൾ അയയ്ക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ പറഞ്ഞു.
ഇതിനിടെ, ലബനനിൽ ഹിസ്ബുള്ള ഭീകരരുടെ താവളങ്ങളിൽ ഇസ്രേലി സേന ആക്രമണം കടുപ്പിച്ചു. ലബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. 24 മണിക്കൂറിനിടെ 80 കേന്ദ്രങ്ങളിലാണ് ഇസ്രേലി സേന ആക്രമണം നടത്തിയത്. തെക്കൻ ലബനനിൽനിന്ന് ഒഴിഞ്ഞുപോകാൻ പ്രദേശവാസികളോട് ഇസ്രയേൽ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷസാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ പ്രവാസി കേരളീയർക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗൾഫ് രാജ്യങ്ങളിൽ ആറ് നോർക്ക സഹായ കൂട്ടായ്മകൾ രൂപീകരിച്ചു. നോർക്ക വകുപ്പ്, നോർക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങൾ, എംബസി വോളണ്ടിയർമാർ, നോർക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടുന്ന കൂട്ടായ്മയിൽ സഹായത്തിനായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ സജ്ജമായി.
മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ് ഡെസ്ക്കുകളിൽ ലഭിച്ച വിവരങ്ങൾ, അടിയന്തരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോർക്ക സെന്ററിൽ ചേർന്ന അവലോകനയോഗം വിലയിരുത്തി. രാജ്യങ്ങളിലെ നിലവിലെ സാഹചര്യം പ്രത്യേകമായി സജ്ജമാക്കിയ നോർക്ക റീജണൽ വിജിലൻസ് കോ-ഓർഡിനേഷൻ ടീമും, ആവശ്യമുള്ളവർക്ക് സഹായം എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന ആറ് നോർക്ക കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ, നോർക്ക ഹെൽപ്പ് ഡെസ്ക്, ഡൽഹി കേരള ഹൗസ് ഹെൽപ്പ് ഡെസ്ക്, നോർക്ക സെന്റർ കൺട്രോൾ റൂം എന്നിവിടങ്ങളിൽ ലഭിച്ച കോളുകളും ഇടപെടലുകളും അവലോകനയോഗം വിലയിരുത്തി.
നോർക്ക സഹായ കൂട്ടായ്മകൾ
യുഎഇ (UAE)
ഷിജു ബഷീർ - ദുബായ് - +971 55 5712550, നൗഫൽ പട്ടാമ്പി - ദുബായ് - +971 56 9978452, മുഹമ്മദ് റാഫി - ദുബായ് - +971 50 4558100, കൃഷ്ണകുമാർ - അബുദാബി - +971 56 4019318, മനോജ് - അബുദാബി - +971 50 6914501, ഇബ്രാഹിം അംബിക്കാന - ഷാർജ - +971 56 1140607, ശ്രീപ്രകാശ് - ഷാർജ - +971 50 7945948, പോൾ ടി ജോസഫ് - ദുബായ് - +97155 5584700, മോഹനൻ പിള്ള -റാസ് അൽ ഖൈമ-+971 55 9492729.
ഒമാൻ (Oman)
സുനിൽ കുമാർ - +968 96676406, അനു ചന്ദ്രൻ - +968 92060939, സന്തോഷ് കുമാർ - +968 92338105, വിൽസൺ ജോർജ് - +968 99241140, എ.കെ. പവിത്രൻ (സലാല) - +968 9967 1062, അമ്പു മയിൽ (സലാല) - +968 95220518.
ബഹ്റൈൻ (Bahrain)
പി.വി. രാധാകൃഷ്ണ പിള്ള - +973 3969 1590, പി. സുബൈർ - +973 3968 2974, സഖറിയ - +973 3982 7543, സഞ്ജിത് - +973 3612 9714, കെ.ടി. സലിം - +973 3375 0999, സുധീർ തിരുനില്ലത്ത് - +973 3946 1746.
ഖത്തർ (Qatar)
ഷംസീർ അരിക്കുളം - +974 55978668, ഇ. എം. സുധീർ - +974 5585 9609, സബിത് സഹീർ - +974 3316 3774, ഓമനക്കുട്ടൻ - +974 5003 5901, എ. സുനിൽ കുമാർ - +974 6668 3986.
കുവൈത്ത് (Kuwait)
ജെ.സജി - +965 99122984, ടി.വി. ഹിക്മത് - +965 6776 5810, ജിതിൻ പ്രകാശ് - +965 9720 1260, മണിക്കുട്ടൻ ഇടക്കാട്ട് - +965 558 31679, സത്താർ കുന്നിൽ - +965 6688 2499.
സൗദി അറേബ്യ (Saudi Arabia), റിയാദ് (Riyadh)
സുരേഷ് കണ്ണപുരം - +966 50287 8719, ഷിഹാബ് കൊട്ടുകാട് - +966 56419 5323, നസീർ മുള്ളൂർക്കര- +966 50262 3622.
ജിദ്ദ (Jeddah)
ഡോ. ഷിബു - +966 0535504015, ജലീൽ ഉച്ചാരക്കടവ് - +966 0509710722, അബ്ദുള്ള മുല്ലപ്പള്ളി - +966 0501417878, ഹസൻ പാറക്കൽ +966 56 411 3528.
ദമ്മാം (Dammam)
നാസ് ഷൗഖത്തലി - +966 56 995 6848, പവനൻ മൂലക്കൽ - +966 50 166 4800, ബഷീർ വരോട് - +966 53 078 5172, സുനിൽ മുഹമ്മദ് - +966 50 197 3118.
അബഹ - കമീസ് മുശൈത്ത് (Abha - Khamis Mushait)
സൈനുദ്ദീൻ അമാനി +966 50 866 0176.
നോർക്ക ഹെൽപ്പ് ഡെസ്ക് അപ്ഡേറ്റ്
ഹെൽപ്പ് ഡെസ്കിൽ 2026 ഫെബ്രുവരി 28 മുതൽ മാർച്ച് നാലിന് വൈകിട്ട് അഞ്ച് വരെ 787 പേരാണ് ബന്ധപ്പെട്ടത്. ഇന്ത്യയിൽനിന്നും 510 പേരും, യുഎഇ - 134, ഖത്തർ - 59, ബഹ്റൈൻ - 52, കുവൈത്ത് - 16, ഒമാൻ - അഞ്ച്, സൗദി അറേബ്യ - ഒൻപത്, യുകെ - രണ്ട് പേരുമാണ് ബന്ധപ്പെട്ടത്. പ്രവേശന വിസകൾക്ക് ഒരു മാസത്തേക്ക് കാലാവധി നീട്ടി നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
മേഖലയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും അടിയന്തര ഇടപെടൽ ആവശ്യമുളളവർക്കും ഗവൺമെന്റുകളുടെയും സന്നദ്ധസംഘടനകളുടേയും നോർക്ക സഹായ കൂട്ടായ്മകളുടേയും പിന്തുണയിൽ സഹായങ്ങൾ ലഭ്യമാക്കി. വ്യാജ വാർത്തകൾ, അഭ്യൂഹങ്ങൾ, നിർമിത ബുദ്ധിയിൽ സൃഷ്ടിച്ച സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ സമൂഹമാധ്യമങ്ങളിലോ അല്ലാതെയോ പങ്കുവയ്ക്കരുതെന്ന് മിക്ക രാജ്യങ്ങളിലും കർശന നിർദേശമുണ്ട്. പ്രവാസി കേരളീയർ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യൻ മിഷനുകളും ബന്ധപ്പെട്ട അധികാരികളും നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരേണ്ടതാണ്.
നോർക്ക സെന്ററിൽ കൺട്രോൾ റൂം
24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക റൂട്ട്സ് ഹെൽപ്ഡെസ്ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽനിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോർക്ക സെന്ററിൽ എല്ലാ ദിവസവും രാത്രി 10വരെ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവരുമായുള്ള ഏകോപനത്തിനാണ് കൺട്രോൾ റൂം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം രാവിലെ ഒൻപത് മുതൽ വൈകിട്ട് ഒൻപത് വരെ 1800118797 (Toll Free), +91 11 2301 2113, +91 11 2301 4104, +91 11 2301 7905.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആശങ്കപ്പെടുത്തുന്ന രീതിയിൽ തുടരുന്നതിനിടയിൽ ഇന്ത്യൻ പൗരർക്ക് സഹായങ്ങൾ നൽകാൻ തലസ്ഥാനത്ത് സ്പെഷൽ കണ്ട്രോൾ റൂം തുറന്നു.
സഹായം ആവശ്യമുള്ളവർക്ക് ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലെ കണ്ട്രോൾ റൂമുമായി രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ ബന്ധപ്പെടാമെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു. 1800118797 (ടോൾ ഫ്രീ), +91 11 2301 2113, +91 11 2301 4104, +91 11 2301 7905 എന്നീ നന്പറുകളിൽ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാം.
മധ്യപൂർവേഷ്യൻ മേഖലയിലെ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടേണ്ട നന്പറുകൾ കേന്ദ്രം നൽകിയിട്ടുണ്ട്.
NRI
ഡാളസ്: ഇറാനിലെ പരമാധികാരി ആയത്തുള്ള അലി ഖമേനിയും മറ്റ് പ്രമുഖ നേതാക്കളും യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നോർത്ത് ടെക്സസിൽ പ്രതിഷേധം ഇരമ്പി. ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെ ഡാളസിൽ നടന്ന പ്രകടനത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണുണ്ടായത്.
ഭരണകൂടത്തിന്റെ തകർച്ച ഇറാനിൽ ജനാധിപത്യം കൊണ്ടുവരുമെന്ന് ഒരു വിഭാഗം പ്രവാസികൾ പ്രത്യാശ പ്രകടിപ്പിച്ചു. പതിറ്റാണ്ടുകളായുള്ള അടിച്ചമർത്തലിൽ നിന്ന് മോചനം ലഭിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു.
അതേസമയം, അമേരിക്കൻ ഇടപെടലിനെ എതിർക്കുന്നവരും പ്രതിഷേധത്തിലുണ്ടായിരുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇത്തരം സൈനിക നീക്കങ്ങൾ നടത്തുന്നത് യുദ്ധത്തിന് വഴിതെളിക്കുമെന്നും മനുഷ്യജീവന് ഭീഷണിയാണെന്നും ഇവർ ആരോപിച്ചു.
ഇറാനിലെ മാറ്റം അവിടുത്തെ ജനങ്ങൾ തന്നെ കൊണ്ടുവരണമെന്നും പുറത്തുനിന്നുള്ള സൈനിക ഇടപെടലുകൾ അപകടകരമാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
മുൻ പ്രസിഡന്റുമാരെപ്പോലെ തന്നെ, പ്രത്യേക സാഹചര്യങ്ങളിൽ കോൺഗ്രസിനെ മറികടന്ന് സൈനിക നീക്കം നടത്താനുള്ള അധികാരം ഉപയോഗിച്ചാണ് പ്രസിഡന്റ് ട്രംപ് ഈ നീക്കം നടത്തിയത്. വരും ദിവസങ്ങളിൽ മേഖലയിൽ എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്.
Editorial
റഷ്യ, ചൈന, നാറ്റോ... ഏതൊക്കെ രാജ്യങ്ങളും സഖ്യങ്ങളും യുദ്ധത്തിൽ പങ്കെടുക്കും, എത്ര രാജ്യങ്ങളെ ബാധിക്കും തുടങ്ങിയ ചോദ്യങ്ങൾ ഇനിയില്ല. ഇറാനെ തനിച്ചാക്കി കൂടുതൽ രാജ്യങ്ങൾ മറുപക്ഷത്തും മറ്റുള്ളവർ നിശബ്ദരുമായി. പങ്കെടുക്കാത്തവരെയും ബാധിക്കുമോ എന്നതാണ് പുതിയ ചോദ്യം. പുതിയ ലോകക്രമത്തിൽ എല്ലാ യുദ്ധവും ലോകയുദ്ധമാണെന്ന് ആലങ്കാരികമായി പറയുമായിരുന്നു. പക്ഷേ, ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ അതാണ് യാഥാർഥ്യമെന്നു ലോകം തിരിച്ചറിഞ്ഞു. അവരതു പ്രഖ്യാപിക്കും മുന്‍പുതന്നെ എണ്ണയും മറ്റ് അവശ്യവസ്തുക്കളുമായി 250 കപ്പലുകൾ ഹോർമുസിന്റെ ഇരുവശത്തുമായി നങ്കൂരമിട്ടുകഴിഞ്ഞിരുന്നു.
ഇന്ധനവില വർധന പ്രാഥമിക ആഘാതം മാത്രമാണ്. അനന്തരഫലം സാർവത്രിക വിലക്കയറ്റമാണ്. യുദ്ധത്തിന്റെ ഏറ്റവും വലിയ കെടുതി നിരപരാധികളുടെ ജീവനെടുക്കലും യുദ്ധമേഖലയിലെ നരകവ്യാപനവും തന്നെയാണ്. പക്ഷേ, വ്യാപാരം യുദ്ധോപകരണമായി വികസിപ്പിച്ചിരിക്കേ, ഹോർമുസിലെ വഴിതടയൽ ലോകമെങ്ങുമുള്ള അടുക്കളകളിൽ വരെ എത്താവുന്ന ദീർഘദൂര മിസൈലുകളാണ്.
ഹോർമുസ് അടച്ചു, ഏതെങ്കിലും കപ്പൽ അതുവഴി കടക്കാൻ ശ്രമിച്ചാൽ കത്തിച്ചു ചാരമാക്കുമെന്നാണ് ഇറാൻ റവലൂഷണറി ഗാർഡ് കോര്‍പ്സ് കമാൻഡര്‍ ഇന്‍ ചീഫ് ഇബ്രാഹിം ജിബാരി മുന്നറിപ്പു നൽകിയത്. അതിനു മുന്‍പേ വിവിധ രാജ്യങ്ങളുടെ കപ്പലുകൾ സഞ്ചാരം അവസാനിപ്പിച്ചിരുന്നു. കാരണം, കപ്പലുകൾ നശിച്ചാൽ നഷ്ടപരിഹാരമില്ലെന്ന് ഇൻഷ്വറൻസ് കന്പനികളുടെ അറിയിപ്പുണ്ടായിരുന്നു. ഇതോടെ ഇന്ത്യയിലേക്ക് ഉൾപ്പെടെയുള്ള ക്രൂഡ് ഓയിൽ വരവ് നിലച്ചു. ബാരലിന് (159 ലിറ്റർ) ഏതാണ്ട് 70 ഡോളറിൽ കിടന്ന എണ്ണവില 150-200 ഡോളർവരെ എത്തിയേക്കാമെന്നാണ് സൂചന. ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് അടുത്തെത്തി. 70 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ നമുക്ക് ഉണ്ടെങ്കിലും അതു മുഴുവൻ തീർക്കില്ല.
യുദ്ധം നീണ്ടാൽ സ്ഥിതി ഗുരുതരമാകും. അല്ലെങ്കിൽ അന്താരാഷ്ട്രവില കുത്തനെ ഇടിഞ്ഞപ്പോഴും പലതവണ വർധിപ്പിച്ച നികുതി കേന്ദ്രം കുറയ്ക്കണം. സംസ്ഥാന തെരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കേ അമിതവർധന അത്ര എളുപ്പവുമല്ല. പരമോന്നത നേതാവിനെ വധിച്ച അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ പറഞ്ഞതും ഐക്യരാഷ്ട്രസഭ നോക്കുകുത്തിയായതും അനിശ്ചിതാവസ്ഥ വർധിപ്പിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും ചെലവേറിയ ചർച്ചാസങ്കേതം എന്നു വിശേഷിക്കുന്ന നിലയിലേക്ക് ഐക്യരാഷ്ട്രസഭ നിപതിച്ചു.
അഭ്യർഥന പുറപ്പെടുവിക്കുക എന്നതല്ലാതെ മറ്റൊരു ജോലിയും അവർക്കില്ല. ഇറാനെതിരേയുള്ള യുദ്ധത്തെ സംബന്ധിച്ച ഏതൊരു പ്രമേയവും അമേരിക്ക വീറ്റോ ചെയ്യും. യുദ്ധം നിർത്താൻ അമേരിക്കയോടോ ഹോർമുസ് അടയ്ക്കരുതെന്ന് ഇറാനോടോ ആജ്ഞാപിക്കാൻ ഒരു സഭയുമില്ല. ചുരുക്കത്തിൽ, ഹോർമുസിൽ ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത് ലോകയുദ്ധമാണ്. മധ്യസ്ഥരില്ലാത്തത് സ്ഥിതി വീണ്ടും ഗുരുതരമാക്കുന്നു.
പച്ചക്കറി, പഴം, ഉണങ്ങിയ പഴങ്ങൾ, മൊബൈൽ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും നിർമാണവസ്തുക്കൾ... എല്ലാറ്റിനും വില ഉയരാനിടയുണ്ട്. സ്വർണവില ആഗോളതലത്തിൽ ഉയർന്നെങ്കിലും കേരളത്തിൽ ഇന്നലെ കുറയുകയായിരുന്നു. ഡോളറിന്റെ മൂല്യം വർധിച്ച് രൂപയുടെ വിലയിടിഞ്ഞതുകൊണ്ടുള്ള ഈ പ്രതിഭാസം നീണ്ടുനിൽക്കാനിടയില്ല. ഡോളറിന് 92 രൂപ കടന്ന് സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇത് ഇറക്കുമതിച്ചെലവ് വർധിപ്പിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണം ഉൾപ്പെടെ എല്ലാറ്റിനും വില കയറാനുള്ള സാധ്യതയുണ്ട്.
ഇപ്പോൾ ആഭരണങ്ങൾ വാങ്ങുന്പോൾ 1.35 ലക്ഷത്തിലധികവും വിൽക്കുന്പോൾ 1.25 ലക്ഷത്തിൽ താഴെയുമാണ് ലഭിക്കുന്നത്. രൂപയുടെ മൂല്യം കുറഞ്ഞതിനാൽ ഡോളറിൽ കയറ്റുമതി നടത്തുന്നവർക്ക് കച്ചവടം ലാഭകരമാണ്. പക്ഷേ, ചരക്കുകടത്ത് ഉൾപ്പെടെയുള്ള സാഹചര്യം മോശമായതിനാൽ അത് എത്രകണ്ട് വിജയക്കുമെന്നറിയില്ല.
അമേരിക്കയുടെ ലക്ഷ്യം ഇറാനിലെ ഭരണ അട്ടിമറിയും ആണവോർജ നിർമാർജനവുമാണെങ്കിലും, അന്തിമലക്ഷ്യം ലോകത്ത് മൂന്നാമതുള്ള ഇറാന്റെ എണ്ണപ്പാടങ്ങളായിരിക്കാം. രണ്ടാമതുള്ള വെനസ്വേലയെ ചൊൽപ്പടിയിലാക്കിയതോടെ ഒരു കടന്പ കഴിഞ്ഞു. ഇറാനെയും പരാജയപ്പെടുത്തിയാൽ ലോകത്തെ എണ്ണശേഖരത്തിന്റെ വലിയൊരു പങ്കും കൈപ്പിടിയിലാകും. കച്ചവടക്കാരനായ ട്രംപ് ലാഭം കാണാതെ യുദ്ധം പോലും നടത്തില്ല.
മുൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നു കൊടുത്തു കാലിയാക്കിയിരുന്ന ആയുധശേഖരം താൻ വന്നതിനുശേഷം ശക്തമാക്കിയെന്നും ഇനി എത്രനാൾ വേണമെങ്കിലും യുദ്ധം ചെയ്യാമെന്നുമാണ് ട്രംപ് ഇന്നലെയും പറഞ്ഞത്. പഴയ ഭരണാധികാരികളെ കുറ്റം പറഞ്ഞും അവഹേളിച്ചും സ്വയം പൊങ്ങാൻ ശ്രമിക്കുന്ന അപകർഷതാബോധത്തിലുള്ള ലോകനേതാക്കളിലൊരാളാണ് ട്രംപും. ആഴ്ചകൾ നീണ്ടുനിൽക്കുന്ന കഠിനമായ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ജനാധിപത്യത്തെ കെട്ടുകാഴ്ചയാക്കിയ ട്രംപും, മതമൗലികതയ്ക്കപ്പുറം ലോകമില്ലെന്നു ധരിക്കുന്ന ഇറാനും ഏറ്റുമുട്ടുകയും, ഐക്യരാഷ്ട്രസഭ ഗാലറിയിലിരുന്ന് ഉറങ്ങുകയും ചെയ്യുന്പോൾ യുദ്ധം അമേരിക്ക തീരുമാനിക്കുവോളം നീളും. കേന്ദ്രം ഗൃഹപാഠം ചെയ്തില്ലെങ്കിൽ ചെലവു ചുരുക്കാനും മുണ്ടു മുറുക്കിയുടുക്കാനും ഇന്ത്യയിലെ യഥാർഥ ഭൂരിപക്ഷമായ ദരിദ്രരും സാധാരണക്കാരും തയാറാകേണ്ടിവരും.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെക്കുറിച്ചും ഇന്ത്യക്കാരുടെ സുരക്ഷ, തന്ത്രപരമായ കാര്യങ്ങൾ എന്നിവ സംബന്ധിച്ചും കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി ചർച്ച നടത്തി.
ഇറാനിലും ഇസ്രയേലിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതയോഗം ചർച്ച ചെയ്തു. എന്നാൽ രക്ഷാനടപടികളെന്തെന്നു സർക്കാർ വെളിപ്പെടുത്തിയില്ല.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ചു മേഖലയിലെ രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി വിശദീകരിച്ചു. മേഖലയിലെ എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളുമായും അടുത്തു പ്രവർത്തിക്കുന്നു എന്നാണു മോദി പറഞ്ഞത്.
മന്ത്രിസഭാസമിതി യോഗത്തിനു ശേഷമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ മോദി ടെലിഫോണിൽ വിളിച്ചു ചർച്ച നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സുരക്ഷാകാര്യ മന്ത്രിസഭാ സമിതി, മേഖലയിലെ വലിയ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷയിലും സുരക്ഷയിലും ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു.
ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യൻ വിദ്യാർഥികളുടെ പരീക്ഷകളുടെ സ്ഥിതി, വിമാനയാത്രക്കാരുടെ പ്രശ്നങ്ങൾ, ജോലികളിലും ബിസിനസുകളിലുമുള്ള പ്രവാസികളുടെ സുരക്ഷ തുടങ്ങിയവയും സാന്പത്തിക, വാണിജ്യ പ്രതിസന്ധിയും കേന്ദ്രമന്ത്രിസഭാ സമിതി അവലോകനം ചെയ്തു. ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ ആവശ്യമായതും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് മന്ത്രിസഭ നിർദേശിച്ചു.
ഇതിനിടെ, ഇറാന്റെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ഖമനെയ്യുമായുള്ള ഇന്ത്യയുടെ ബന്ധം മോശമായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു.
2017 മുതൽ 2024 വരെ നാലു തവണ ഖമനയ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടു. നാലു തവണയും ഇറാന്റെ ഡൽഹിയിലെ എംബസി ഉദ്യോഗസ്ഥനെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.
International
വാഷിംഗ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ നിർണായക പ്രതികരണവുമായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. യുദ്ധം എത്ര കാലം തുടരുമെന്ന് ഡൊണാൾഡ് ട്രംപ് തീരുമാനിക്കുമെന്ന് പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി.
ആക്രമണത്തിന്റെ സമയക്രമവും വ്യാപ്തിയും കുറഞ്ഞും കൂടിയും കൊണ്ടേയിരിക്കും. അവ ഏത് തരത്തിലാകുമെന്ന് പറയാനാകില്ലെന്നും ഹെഗ്സെത്ത് വ്യക്തമാക്കി. പ്രസിഡന്റ് ആണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുക. അടുത്ത ദിവസങ്ങളിൽ കൂടുതൽ യുഎസ് പോർ വിമാനങ്ങൾ മിഡിൽ ഈസ്റ്റ് മേഖലയിലേയ്ക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സൈനിക നടപടി ആദ്യ ഘട്ടത്തിൽ മാത്രമാണ്. കൂടുതൽ അമേരിക്കൻ സൈനിക ശേഷി മിഡിൽ ഈസ്റ്റിലേക്ക് ഒഴുകുമെന്ന് യുഎസ് സൈനിക മേധാവി ജനറൽ ഡാൻ കെയ്നും വ്യക്തമാക്കി.
അതേസമയം തങ്ങളുടെ മൂന്ന് എഫ് 15 വിമാനങ്ങൾ തകർന്നതായി അമേരിക്ക സ്ഥിരീകരിച്ചു. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. "ഫ്രണ്ട്ലി ഫയര്‍' എന്നാണ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതിനെ അമേരിക്ക വിശേഷിപ്പിച്ചത്.
International
മസ്കറ്റ്: ഇറാൻ- ഇസ്രായേൽ സംഘർഷങ്ങൾക്കിടെ സമാധാനത്തിനായി ആഹ്വാനം ചെയ്ത് വീണ്ടും ഒമാൻ. ഇറാനും ഇസ്രയേലും അമേരിക്കയും ആക്രമണങ്ങൾ അവസാനിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ചർച്ചകളിലേക്ക് മടങ്ങണം എന്നും മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗൾഫ് മേഖലയിലാകെ യുദ്ധഭീതി തുടരുന്നതിനിടെയാണ് സമാധാനത്തിനായി വീണ്ടും ഒമാൻ വിദേശകാര്യമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇറാന് മേലുള്ള ആക്രമണം അമേരിക്കയും ഇസ്രയേലും അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സമാധാന ചർച്ചകളിലേയ്ക്ക് മടങ്ങണമെന്നും മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയണമെന്നും വിദേശകാര്യമന്ത്രി ബദർ അൽ ബുസൈദി വ്യക്തമാക്കി.
ഇതിനിടെ നിലവിലെ സംഘർഷങ്ങൾക്കിടെ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസമായി യുഎഇ പ്രത്യേക വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എമിറേറ്റ്സ് എയർലൈൻസ് ഭാഗികമായി സർവീസുകൾ ആരംഭിക്കും. ദുബായ് വിമാനത്താവളവും അൽ മക്തും വിമാനത്താവളവും തുറന്നിട്ടുണ്ട്. നിലവിൽ നിർദേശം കിട്ടിയവർക്ക് മാത്രമായിരിക്കും യാത്ര ചെയ്യാൻ കഴിയുക.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇറാൻ, ഇസ്രായേൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷ മേഖലയിലുള്ള മലയാളികൾക്കായി ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് കൺട്രോൾ റൂം തുറന്നത്. 011-23747079, 011-23742320, +91-9310443880 എന്നീ കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപ്പെടം.
വിവിധ ജിസിസി രാജ്യങ്ങളിലെ എംബസികളുമായി സർക്കാർ നിരന്തര സമ്പർക്കം പുലർത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുന്ന പക്ഷം പുതിയ തീരുമാനങ്ങളും നിർദേശങ്ങളും ഉടനടി അറിയിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഈ രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസികൾ ആരംഭിച്ച ഹെൽപ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
എംബസി ഓഫ് ഇന്ത്യ, അബുദാബി: 800-46342 ടോൾ ഫ്രീ നമ്പർ, വാട്സ് ആപ്പ് : +971543090571. എംബസി ഓഫ് ഇന്ത്യ, കുവൈറ്റ്: +96565501946, എംബസി ഓഫ് ഇന്ത്യ, ദോഹ, ഖത്തർ: +974-55647502.
എംബസി ഓഫ് ഇന്ത്യ, ബഹറിൻ: 0097339418071 എന്നിങ്ങനെയാണ് നമ്പറുകൾ. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദേശങ്ങൾ പാലിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.
International
മനാമ: അമേരിക്കയുടെയും ഇസ്രയേലിന്റെ സംയുക്ത ആക്രമണത്തിന് മറുപടിയുമായി ഇറാൻ. വരും മണിക്കൂറുകളിൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെ അമേരിക്കയുടെ അഞ്ചാം കപ്പൽ പടയ്ക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി.
ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേൽ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
ഭീഷണിയുടെ പശ്ചാത്തലത്തിൽ അമേരിക്കയും ഇസ്രായേലും കപ്പലുകൾ സുരക്ഷിത താവളത്തിലേക്ക് മാറ്റി. മുൻകാലങ്ങളിലെ പോലെ കൂട്ടത്തോടെയുള്ള മിസൈൻ ആക്രമണമാണ് ഇറാൻ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
National
ന്യൂഡൽഹി: വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കാപ്പി കർഷകരുടെ സംഘടനയായ കോഫി ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (സിഎഫ്എഫ്ഐ).
ആന, കാട്ടുപന്നി, കുരങ്ങ്, മാൻ, മയിൽ തുടങ്ങിയ വന്യജീവികൾ കർഷകരുടെ കാപ്പിത്തോട്ടങ്ങളെ ആക്രമിക്കുന്നത് ഈ മേഖലയിലുള്ളവരെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വന്യജീവി സംഘർഷം നിമിത്തം രാജ്യത്താകമാനം ലക്ഷക്കണക്കിന് കർഷകർ വിളനാശം നേരിടുന്നുണ്ട്. എന്നാൽ ഈ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകുന്നില്ല.
മഹാരാഷ്ട്രയിൽ മാത്രം വന്യജീവി ആക്രമണത്തെത്തുടർന്ന് കാർഷിക മേഖലയിൽ ഒരു സാന്പത്തികവർഷം 40,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഇതിന്റെ വ്യാപ്തി തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജീവമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്ക് കേന്ദ്രസർക്കാർ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു.
വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേരള സർക്കാർ സ്വീകരിച്ച ചില നടപടികൾ അഭിനന്ദനാർഹമാണെന്നും സിഎഫ്എഫ്ഐ ചൂണ്ടിക്കാട്ടി.
District News
പേരൂര്‍ക്കട: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനു ജില്ലാ കളക്ടര്‍ അനു കുമാരിയുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു.
ജില്ലയില്‍ 2025 മേയ് 31 മുതല്‍ 391 കാട്ടുപന്നികളെയും രണ്ടു വര്‍ഷത്തിനകം 1100 കാട്ടുപന്നികളെയും കൊന്നതായി യോഗം വിലയിരുത്തി. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത്-ബ്ലോക്കു തലങ്ങളില്‍ യോഗം വിളിക്കുന്നതിനു നിര്‍ദേശം നല്കാന് തീരുമാനമായി. വന്യജീവികളെ പ്രതിരോധിക്കുന്നതിനുള്ള ലാൻഡ് സ്കേപ്പിംഗ് പ്ലാന്‍ തയാറാക്കിവരികയാണ്. പ്ലാന്‍, വനം വകുപ്പ് അംഗീകരിച്ച ശേഷം സര്‍ക്കാരിലേക്ക് കൈമാറും.
മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നതിനും നിര്‍ദേശം നല്‍കും. ഡെപ്യൂട്ടി കളക്ടര്‍ ജി. ശ്രീകുമാര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്. ലത, പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. ശ്രീജു, അഡീഷണല്‍ ഡിഎംഒ എല്‍. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
International
സുറിൻ: തായ്ലൻഡും കംബോഡിയയും തമ്മിലുള്ള ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു. ഇരുരാജ്യങ്ങളിലും പതിനായിരങ്ങൾ താൽകാലിക ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.
ദുരിതബാധിത മേഖലകളിൽനിന്ന് 4,00000 പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും 700 സ്കൂളുകൾ അടഞ്ഞുകിടന്നുവെന്നും തായ് സൈനിക വക്താവ് അറിയിച്ചു.
കംബോഡിയയിൽ 1,27000 ഗ്രാമീണരെ ഒഴിപ്പിക്കുകയും നൂറുകണക്കിന് സ്കൂളുകൾ അടച്ചിടുകയും ചെയ്തു. തായ്ലൻഡിൽ നടക്കുന്ന 33ാമത് സൗത്ത് ഈസ്റ്റ് ഏഷ്യൻ ഗെയിംസിൽനിന്നു കംബോഡിയ മുഴുവൻ ടീമംഗങ്ങളെയും പിൻവലിച്ചു.
തീരുമാനത്തിൽ ഖേദമുണ്ടെങ്കിലും മൽസരാർഥികളുടെ കുടുംബങ്ങൾക്ക് അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്ന് കംബോഡിയൻ ഒളിംപിക് കമ്മിറ്റി വിശദീകരിച്ചു.
അതേസമയം, യുഎസിൽനിന്നു വിഷയത്തിൽ പ്രതികരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ സീമകളും ലംഘിക്കപ്പെട്ടതിനാൽ മൂന്നാം കക്ഷിയുടെ മാധ്യസ്ഥ്യം സ്വീകരിക്കില്ലെന്നും തായ് വിദേശകാര്യ വക്താവ് പറഞ്ഞു.
Kerala
തിരുവനന്തപുരം: കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിലടിച്ചുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ റവന്യൂ ജില്ലാ കലോത്സവത്തിനിടെ പരിചമുട്ട് മത്സര ഫലം വന്നതിനു പിന്നാലെ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു.
ആറ്റിങ്ങൽ സിഎസ്ഐ സ്കൂളിലെ വേദിയിൽ നന്ദിയോട് എസ്കെവിഎച്ച്എസ്എസിലെ വിദ്യാർഥികളെ മറ്റൊരു സ്കൂളിലെ പരിശീലകൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. കസേര കൊണ്ട് തലയ്ക്കടിയേറ്റ ദേവദത്തൻ എന്ന വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ ആറ്റിങ്ങൽ പോലീസ് കേസെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.