x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇസ്രയേൽ-ഇറാൻ സംഘർഷം; കേരളത്തിലെ പ്രചാരണം ശരിയോ?

സജി മാമ്പള്ളിൽ, ഇസ്രയേൽ
Published: March 27, 2026 12:11 PM IST | Updated: March 27, 2026 12:11 PM IST

ലോകം സമാധാനത്തിനു ദാഹിക്കുന്നു. യുദ്ധം എപ്പോഴും അവശേഷിപ്പിക്കുന്നത് കണ്ണീരും തകർച്ചയുമാണ്. കരയിലും ആകാശത്തും കടലിലും സൈന്യങ്ങൾ ഏറ്റുമുട്ടുമ്പോൾ, അതിന്‍റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്നത് ഇരുവശത്തുമുള്ള സാധാരണ ജനങ്ങളാണ്. യുദ്ധം എത്രയും വേഗം അവസാനിക്കണമെന്നും ലോകത്തു ശാന്തി പുലരണമെന്നുമുള്ള ആഗ്രഹം ഓരോ മനുഷ്യനുണ്ട്.

എന്നാൽ, ഇസ്രയേൽ എന്ന കൊച്ചു രാജ്യം ഇന്നു നേരിടുന്ന സങ്കീർണമായ സാഹചര്യങ്ങളെയും അവിടെ ജീവിക്കുന്ന ആയിരക്കണക്കിനു മലയാളികൾ ഉൾപ്പെടെയുള്ള ജനലക്ഷങ്ങളുടെ സുരക്ഷിതത്വത്തെയും കുറിച്ചു വസ്തുനിഷ്ഠമായ ഒരു വിശകലനം അനിവാര്യം.

1948 മുതൽ അതിജീവന പോരാട്ടം

1948ൽ ഇസ്രയേൽ എന്ന രാജ്യം സ്ഥാപിതമായ നിമിഷം മുതൽ അതു നേരിടുന്നതു വലിയ ഭീഷണികളാണ്. ചുറ്റുമുള്ള രാജ്യങ്ങളിൽനിന്നു നിരന്തരമായ ആക്രമണങ്ങൾ നേരിട്ടിട്ടും തരിശുഭൂമിയിൽനിന്ന് ഒരു ലോകശക്തിയായി വളരാൻ അവർക്കു കഴിഞ്ഞത് അചഞ്ചലമായ ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്. ഈ അതിജീവന പോരാട്ടത്തിൽ ഇന്ന് ഇസ്രയേലിന്‍റെ ഏറ്റവും വലിയ കരുത്ത് അമേരിക്കയുമായുള്ള സഖ്യമാണ്. ഇതു കേവലം ഒരു സൈനിക ഉടമ്പടിയല്ല, മറിച്ച് ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ പങ്കാളിത്തമാണ്.

മിഡിൽ ഈസ്റ്റിൽ ജനാധിപത്യം നിലനിൽക്കുന്ന ഏക രാജ്യം എന്ന നിലയിൽ ഇസ്രയേലിന്‍റെ സുരക്ഷ അമേരിക്കയുടെ കൂടി ആവശ്യമാണ്. "അയൺ ഡോം' പോലുള്ള ആധുനിക പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ അമേരിക്കൻ സാങ്കേതിക വിദ്യയും സാമ്പത്തിക സഹായവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്നു ലോകം അത്ഭുതത്തോടെ നോക്കുന്ന ഇസ്രയേലിന്‍റെ പ്രതിരോധ കവചം, ലക്ഷക്കണക്കിനു സാധാരണക്കാരുടെ ജീവനാണ് ഓരോ ദിവസവും രക്ഷിക്കുന്നത്.

ഇറാന്‍റെ ലക്ഷ്യം ഇസ്രയേൽ മാത്രമോ?

ഇറാൻ ഇന്ന് ഇസ്രയേലിനെതിരെ പ്രയോഗിക്കുന്ന നിഴൽ യുദ്ധങ്ങൾ സത്യത്തിൽ മിഡിൽ ഈസ്റ്റിലെ മുഴുവൻ സമാധാനത്തെയും തകർക്കുന്നതാണ്. ഹിസ്ബുള്ള, ഹൂതികൾ തുടങ്ങിയ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇറാൻ നടത്തുന്ന നീക്കങ്ങൾ ഇസ്രയേലിനെ മാത്രമല്ല, മറിച്ച് സൗദി അറേബ്യയും യുഎഇയും ഉൾപ്പെടെയുള്ള ഗൾഫ് രാഷ്‌ട്രങ്ങളെയും ലക്ഷ്യം വയ്ക്കുന്നു.

ഇതിനു പിന്നിൽ കേവലം രാഷ്‌ട്രീയ താല്പര്യങ്ങൾ മാത്രമല്ല, ദശകങ്ങളായി നിലനിൽക്കുന്ന ഷിയാ-സുന്നി വിഭാഗീയതയും ഒരു കാരണമാണ്. മേഖലയിൽ ആധിപത്യം ഉറപ്പിക്കാനും ഗൾഫ് രാജ്യങ്ങളിലെ സ്ഥിരത തകർക്കാനും ഇറാൻ ശ്രമിക്കുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക സാന്നിധ്യം ഇറാനു ഭീഷണിയാണെങ്കിലും, അതിനേക്കാൾ ഉപരിയായി മിഡിൽ ഈസ്റ്റിലെ അറബ് രാജ്യങ്ങൾ ഇസ്രയേലുമായി നടത്തുന്ന സമാധാന ശ്രമങ്ങളെ തകർക്കുക എന്നതാണ് ഇറാന്‍റെ ഗൂഢലക്ഷ്യം.

മാറിമറിഞ്ഞ ഇറാൻ

1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുമ്പ് ഇറാൻ ലോകത്തിലെതന്നെ ഏറ്റവും പുരോഗമനപരമായ രാജ്യങ്ങളിൽ ഒന്നായിരുന്നു. കലയും സംസ്കാരവും ആധുനികതയും ഒത്തുചേർന്ന ഒരു കാലം ഇറാനുണ്ടായിരുന്നു. എന്നാൽ, ഇന്നത്തെ ഇറാൻ ഭരണകൂടം തങ്ങളുടെ ജനതയുടെ സ്വാതന്ത്ര്യം ഹനിച്ചുകൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു.

ഇറാൻ രാജകുടുംബാംഗമായ റെസ പെഹ്‌ലവിയെപ്പോലുള്ളവർക്ക് ഇറാനിലെ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന പിന്തുണ മാറ്റത്തിന്‍റെ സൂചനയാണ്. ഇറാനിലെ സാധാരണ ജനങ്ങൾ യുദ്ധമല്ല, മറിച്ച് സമാധാനവും പുരോഗതിയുമാണ് ആഗ്രഹിക്കുന്നത്. അവിടെയൊരു ഭരണമാറ്റം ഉണ്ടായാൽ അതു മിഡിൽ ഈസ്റ്റിലെ മൊത്തം സംഘർഷങ്ങൾക്കും അറുതി വരുത്തിയേക്കാം.

പ്രവാസികളുടെ ആശങ്കകൾ

ഇസ്രയേലിൽ പതിനായിരക്കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. യുദ്ധം രൂക്ഷമാകുമ്പോഴും എന്തുകൊണ്ടാണ് ഇവർ ഇന്ത്യയിലേക്കു മടങ്ങാൻ ആഗ്രഹിക്കാത്തത്? ഇതിനുള്ള ഉത്തരം ഇസ്രയേൽ എന്ന രാജ്യം തങ്ങളുടെ തൊഴിലാളികൾക്കു നൽകുന്ന സുരക്ഷയാണ്. മതമോ ജാതിയോ നോക്കാതെ, തങ്ങളുടെ മണ്ണിലുള്ള ഓരോ വ്യക്തിയുടെയും ജീവൻ സംരക്ഷിക്കാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണ്.

ഓരോ വീട്ടിലും സുരക്ഷിതമായ ബങ്കറുകളും, കൃത്യമായ മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങളും ഇവിടെയുണ്ട്. കേരളത്തിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ട് ഭയപ്പെടുന്ന ബന്ധുക്കളെ സമാധാനിപ്പിക്കേണ്ടി വരുന്നതാണ് ഇവിടെയുള്ള പ്രവാസികൾ നേരിടുന്ന പ്രധാന വെല്ലുവിളി. നാട്ടിലെ ചർച്ചകളിൽ പലപ്പോഴും ഇസ്രായേലിനെ ഒരു 'തെമ്മാടി രാഷ്‌ട്ര'മായി ചിത്രീകരിക്കുമ്പോൾ, ഇവിടെയുള്ള മലയാളികൾക്ക് അറിയാം ഇത് ഒരു ജനത തങ്ങളുടെ നിലനിൽപ്പിനു വേണ്ടി നടത്തുന്ന അവസാന പോരാട്ടമാണെന്ന്.

ഏകപക്ഷീയ വാർത്തകൾ

കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങൾ ഇസ്രയേലിനെതിരെ ഏകപക്ഷീയമായ വാർത്തകളാണ് നൽകുന്നത്. ഹമാസും ഹിസ്ബുള്ളയും നടത്തുന്ന ക്രൂരതകളെ മറച്ചുവച്ച്, തിരിച്ചടിക്കുന്ന ഇസ്രയേലിനെ മാത്രം ക്രൂശിക്കുന്നത് നീതിയല്ല. ഇസ്രായേൽ തോറ്റാൽ അത് ഒരു രാജ്യത്തിന്‍റെ മാത്രം പതനമല്ല, മറിച്ച് ആധുനിക ജനാധിപത്യ മൂല്യങ്ങളുടെ തകർച്ച കൂടിയായിരിക്കും.

ലോകം ആഗ്രഹിക്കുന്നത് സമാധാനമാണ്. യുക്രെയ്നിലായാലും പലസ്തീനിലായാലും ഇസ്രയേലിലായാലും ചോരുന്നത് സാധാരണക്കാരന്‍റെ രക്തമാണ്. കുഞ്ഞുങ്ങളുടെ കരച്ചിലില്ലാത്ത, ആകാശത്ത് മിസൈലുകളില്ലാത്ത ഒരു പുലരിയാണ് നമുക്കു വേണ്ടത്. എന്നാൽ, തീവ്രവാദത്തിലൂടെ ഒരു ജനതയെ തുടച്ചുനീക്കാൻ ശ്രമിക്കുന്നവർക്കെതിരെ പ്രതിരോധം തീർക്കാതെ സമാധാനം സാധ്യമാവില്ല. ഇസ്രയേൽ ഇന്നു ചെയ്യുന്നത് അതാണ്. പതിനായിരക്കണക്കിനു മലയാളികൾക്ക് അന്നം നൽകുന്ന ഈ മണ്ണ് സുരക്ഷിതമായിരിക്കേണ്ടതു നമ്മുടെയും ആവശ്യമാണ്. യുദ്ധം അവസാനിക്കട്ടെ, സമാധാനം പുലരട്ടെ.

Tags : Israel Iran conflict WAR KERALA NEWS propaganda US

Recent News

Corehub Up