മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: 7.8 ശതമാനം സാമ്പത്തികവളർച്ചയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിനെ വിമർ ശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
രാജ്യം ജിഡിപി വളർച്ച ആഘോഷിക്കുകയാണെന്നു പ്രധാനമന്ത്രി പറയുകയാണെന്നു ചൂണ്ടിക്കാട്ടിയ ഖാർഗെ, പ്രധാനമന്ത്രിക്ക് ആ ആഡംബരം ഉണ്ടായിരിക്കാമെങ്കിലും രാജ്യത്തെ സാധാരണക്കാർക്ക് അതില്ലെന്നും കുറ്റപ്പെടുത്തി.
സമ്പദ്വ്യവസ്ഥയിലെ മോദിയുടെ പിആർ എന്നതു ലൈറ്റ്സും കാമറയും പിന്നെ നിഷ്ക്രിയത്വവുമാണെന്നും ഖാർഗെ പരിഹസിച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം എന്നിവയാണ് രാജ്യത്തെ സാധാരണക്കാർ അനുഭവിക്കുന്നതെന്നും അതിനു പ്രധാനമന്ത്രിയാണ് ഉത്തരവാദിയെന്നും ഖാർഗെ കുറ്റപ്പെടുത്തി.
രാജ്യത്ത് 50 വർഷത്തെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ്. റീട്ടെയിൽ പണപ്പെരുപ്പം 19 മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ഏറ്റവും മുകളിലുള്ള ഒരു ശതമാനം പേർക്കാണ് മൊത്തം സമ്പത്തിന്റെ 40 ശതമാനവും സ്വന്തം. താഴെയുള്ള 50 % പേർ 15 ശതമാനം സ്വത്തിലാണു ജീവിക്കുന്നതെന്നു ഖാർഗെ ചൂണ്ടിക്കാട്ടി. കൂട്ടാളി മുതലാളിത്തമാണ് പ്രധാനമന്ത്രിയുടെ ഏക സാമ്പത്തികനയം. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു അടുത്ത സുഹൃത്തിന്റെ വ്യക്തിപരമായ ട്രാവൽ ഏജന്റായി പ്രവർത്തിക്കുകയാണെന്നത് രാജ്യം കണ്ടുകഴിഞ്ഞു.
2014 മുതൽ മോദിസർക്കാർ കോർപറേറ്റ് വായ്പകളിൽ 16 ലക്ഷം കോടിയിലധികം രൂപ എഴുതിത്തള്ളിയിട്ടുണ്ട്. ഇന്ത്യക്കാർ സ്വർണം വാങ്ങരുതെന്നും വിദേശയാത്ര ചെയ്യരുതെന്നും ആവർത്തിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ സാമ്പത്തികവളർച്ചയ്ക്കു പിന്നിലെ അടിസ്ഥാന യാഥാർഥ്യത്തെ വ്യക്തമാക്കുന്നുണ്ടെന്നും ഖാർഗെ പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews Congress says GDP growth is not a luxury