ന്യൂഡല്‍ഹി: പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവ് വരുത്തുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലെ നയമനുസരിച്ച്, പ്രതിരോധമേഖലയിലെ വിദേശ നിക്ഷേപത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയും പ്രതിരോധ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും അനിവാര്യമാണ്.
വിദേശ നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിനായി പ്രതിരോധമേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതായാണു സൂചന. പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വ്യവസായ-ആഭ്യന്തര വ്യാപാര വകുപ്പ് ഇതുമായി ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിലവില്‍, ഓട്ടോമാറ്റിക് റൂട്ട് രീതിയിലൂടെ 74 ശതമാനം വരെ അനുവദിക്കുന്നുണ്ട്.
ഇതിനു പുറമെ ആധുനിക സാങ്കേതികവിദ്യ ലഭ്യമാകുന്നതിന് വഴിയൊരുക്കുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ അനുമതിയോടെയുള്ള വിദേശ നിക്ഷേപം അനുവദനീയമാണ്.
നേരത്തേ പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ശതമാനമായി ഉയര്‍ത്താനുള്ള നീക്കം നടക്കുന്നതായും രാജ്യസുരക്ഷയ്ക്ക് ആശങ്കയുര്‍ത്തുന്ന നയമാണിതെന്നും വിദഗ്ധരും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പ്രതിരോധ വ്യവസായ മേഖലയില്‍ 2000 ഏപ്രിലിനും 2026 മാര്‍ച്ചിനും ഇടയില്‍ ഏകദേശം 32.29 ദശലക്ഷം ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യയിലെത്തി. ഈ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2013-14ലെ 2.53 ലക്ഷം കോടി രൂപയില്‍നിന്ന് 2026-27ല്‍ 7.85 ലക്ഷം കോടി രൂപയായി വർധിച്ചു. ഈ മേഖലയില്‍നിന്നുള്ള കയറ്റുമതി 2013-14-ലെ 686 കോടി രൂപയില്‍നിന്ന് 2025-26ല്‍ 38,424 കോടി രൂപയായിട്ടും ഉയര്‍ന്നു.
2025-26ല്‍ പ്രതിരോധ കയറ്റുമതിയുടെ 45.16 ശതമാനം അഥവാ 17,35 കോടി രൂപ സ്വകാര്യ മേഖലയില്‍നിന്നായിരുന്നു; അതേസമയം പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ 54.84 ശതമാനം അഥവ 21,071 കോടി രൂപയുടെ സംഭാവന നല്കി.പ്രതിവര്‍ഷ പ്രതിരോധ ഉത്പാദനം 2029-ഓടെ മൂന്നു ലക്ഷം കോടി രൂപയായും കയറ്റുമതി 50,000 കോടി രൂപയായും ഉയര്‍ത്താനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Tags : Deepika DeepikaNewspaper BreakingNews Move to raise Foreign Direct