കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ
കാലടി: സംസ്കൃത സർവകലാശാല സമരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരിൽ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ 13നാണ് ഒരുസംഘം വിദ്യാർഥികൾ സർവകലാശാലയിലെത്തി വൈസ് ചാൻസലർക്കും സിൻഡിക്കറ്റ് അംഗങ്ങൾക്കും ഓഫീസിൽനിന്നു പുറത്തുപോകാൻ കഴിയാത്തവിധം തടസം സൃഷ്ടിച്ചത്.
സമരം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ പൊലിസ് നടപടികൾ തടസപ്പെടുത്തുകയും വൈസ് ചാൻസലറെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്ത കേസിൽ നാലുപേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മെബിൻ, യദു കൃഷ്ണൻ, ബേസിൽ, വിജീഷ് എന്നിവരെ പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരുന്നു.
വൈസ് ചാൻസലറെ ശാരീരികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോടും ചാൻസലറോടും 11 വൈസ് ചാൻസലർമാർ സംയുക്തമായും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കഴിഞ്ഞ 22ന് ചേർന്ന പ്രത്യേക സിൻഡിക്കറ്റ് യോഗം ഇത്തരം അനിഷ്ട സംഭവങ്ങൾ അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കെതിരേ കർശന അച്ചടക്കനടപടി സ്വീകരിക്കണമെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു.
തുടർനടപടികൾക്ക് വൈസ് ചാൻസലറെ ചുമതലപ്പെടുത്തിയ യോഗം വിഷയത്തിൽ അന്വേഷണറിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്വേഷണ സമിതിയെയും നിയോഗിച്ചിരുന്നു.
Tags : Strike KaladyUniversity Students Suspended Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash