ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കുള്ളിൽ വനിതാ ജഡ്ജിമാർ സഹപ്രവർത്തകരായ ചില പുരുഷ ജഡ്ജിമാരിൽനിന്ന് ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും നേരിടുന്നുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ്. ""എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ: 2047’’എന്ന വിഷയത്തിൽ സംഘടിപ്പിച്ച 29-ാമത് ഡിഎസ് ബോർക്കർ സ്മാരക പ്രഭാഷണത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ജുഡീഷറിക്കുള്ളിലെ ലൈംഗിക പീഡനങ്ങൾ, പുറത്തു പറയാൻ മടിക്കുന്ന ഒരു പരസ്യ രഹസ്യമാണെന്നും നിരവധി വനിതാ ജഡ്ജിമാർ ഇത്തരം പരാതികളുമായി തന്നെ സമീപിച്ചിട്ടുണ്ടെന്നും ഇന്ദിര ജയ്സിംഗ് കൂട്ടിച്ചേർത്തു.
നീതിന്യായ വ്യവസ്ഥയിൽ ആഴത്തിൽ വേരൂന്നിയ അധികാരശ്രേണിയും നാടുവാഴിത്ത മനോഭാവവുമാണ് ഇത്തരം അതിക്രമങ്ങൾക്കു വഴിവയ്ക്കുന്നത്.ഒരു ഹൈക്കോടതി ജഡ്ജി വിരമിക്കുമ്പോൾ ജില്ലാ കോടതിയിലെ വനിതാ ജഡ്ജിമാർ ഒരേ നിറത്തിലുള്ള സാരി ധരിച്ചു നിരന്നുനിന്ന് പുരുഷ ജഡ്ജിമാർക്കുമേൽ പൂക്കൾ വിതറേണ്ടിവരുന്ന അപരിഷ്കൃത ആചാരങ്ങളെക്കുറിച്ചും ഇത്തരം ആവശ്യങ്ങൾക്കും മോശം പെരുമാറ്റങ്ങൾക്കും വഴങ്ങാത്തതിന്റെ പേരിൽ ജോലിപോലും നഷ്ടപ്പെട്ട വനിതാ ജഡ്ജിയുടെ അനുഭവവും അവർ പ്രസംഗത്തിൽ പങ്കുവച്ചു.
സാധാരണക്കാർക്കു ലഭിക്കേണ്ട കോടതിയുടെ വിലപ്പെട്ട സമയം ഭൂരിഭാഗവും കോർപറേറ്റുകളും പണക്കാരും കവരുകയാണെന്ന് ഇന്ദിര വിമർശിച്ചു.
2047ഓടെ ഇത്തരം അനാചാരങ്ങൾ അവസാനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അവർ, രാജ്യത്തിന്റെ ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം ഭാവിതലമുറയ്ക്ക് പ്രതീക്ഷയുണ്ടെന്നും പറഞ്ഞു.
എന്നാൽ, മണ്ഡല പുനർനിർണയം വനിതാ സംവരണവുമായി ബന്ധിപ്പിക്കുന്നതും ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’നടപ്പിലാക്കാൻ ശ്രമിക്കുന്നതും ഭരണഘടനയുടെ തനിമ തകർക്കുന്നതാണെന്നും രാഷ്ട്രീയപാർട്ടി ചിഹ്നങ്ങൾ വിമത വിഭാഗങ്ങൾക്കു നൽകി പ്രതിപക്ഷശക്തി തകർക്കാനുള്ള നീക്കങ്ങൾ ആശങ്കാജനകമാണെന്നും അവർ വ്യക്തമാക്കി.
Tags : Deepika DeepikaNewspaper BreakingNews Women judges face sexual