സുഭാഷ് ചന്ദ്ര
ന്യൂഡൽഹി: സീ ഗ്രൂപ്പ് സ്ഥാപകനും ബിജെപി മുൻ എംപിയുമായ സുഭാഷ് ചന്ദ്രയുടെ വ്യക്തിഗത പാപ്പരത്ത കേസിൽ ഓഗസ്റ്റ് 25ലെ ഉത്തരവ് ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) അഞ്ചംഗബെഞ്ച് സ്റ്റേ ചെയ്തു.
കേസിൽ മുമ്പുണ്ടായ ഉത്തരവിൽ വ്യക്തമായ ഭൂരിപക്ഷ അഭിപ്രായം ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ ബെഞ്ച്, കേസ് വീണ്ടും ആദ്യാവസാനം കേൾക്കാൻ തീരുമാനിക്കുകയും ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തു. കൂടാതെ, ഇടക്കാല ഉത്തരവിലൂടെ സുഭാഷ് ചന്ദ്ര തന്റെ സ്വത്തുക്കൾ നേരിട്ടോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നതിൽനിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യാബുൾസ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് നൽകിയ ഹർജിയെത്തുടർന്നാണ് സുഭാഷ് ചന്ദ്രയ്ക്കെതിരേ വ്യക്തിഗത പാപ്പരത്ത നടപടികൾ ആരംഭിച്ചത്. ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കുമായി സുഭാഷ് ചന്ദ്ര നൽകാനുള്ള 22,006.57 കോടി രൂപയുടെ വായ്പയ്ക്കു പകരം വെറും 6.25 കോടി രൂപയുടെ തിരിച്ചടവ് പദ്ധതിയാണ് അദ്ദേഹം ഈ നടപടികളുടെ ഭാഗമായി മുന്നോട്ടുവച്ചിരുന്നത്.
താൻ വായ്പയെടുത്തയാളല്ലെന്നും എസ്സെൽ ഗ്രൂപ്പ് കമ്പനികളുടെ വ്യക്തിഗത ഗാരന്റർ മാത്രമാണെന്നും ക്ലെയിം തുകയിൽ വലിയൊരു ഭാഗം ഇതിനകം തീർപ്പാക്കിയിട്ടുണ്ടെന്നും സുഭാഷ് ചന്ദ്ര അവകാശപ്പെടുന്നുണ്ട്. കമ്പനികൾ ഇതുവരെ 43,000 കോടി രൂപ തിരിച്ചടച്ചിട്ടുണ്ടെന്നും തനിക്കെതിരായ ബാധ്യത കേവലം 3,992 കോടി രൂപ മാത്രമാണെന്നും അദ്ദേഹം കഴിഞ്ഞമാസം അവസാനം പുറത്തുവിട്ട വീഡിയോ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Setback for Subhash Chandra: