തിരുവനന്തപുരം: വിലക്കയറ്റം തടയാനും പൊതുവിപണിയിലെ കൃത്രിമത്വം കണ്ടെത്താനുമുള്ള ഓപ്പണ്‍ മാർക്കറ്റ് പരിശോധന കർശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്താകെ ആരംഭിച്ച പരിശോധനയിൽ ക്രമക്കേടുകൾ റിപ്പോർട്ടുചെയ്യപ്പെട്ട സാഹചര്യത്തിലാണു നടപടി. ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വിൽപനശാലകളും പരിശോധിച്ചു. മൊത്തവ്യാപാര സ്ഥാപനങ്ങളിൽ 97 ഉം ചില്ലറ വിൽപനശാലകളിൽ 771 ഉം ക്രമക്കേടുകൾ കണ്ടെത്തി. ചെറിയ ക്രമക്കേടുകൾക്ക് ജില്ലാ കളക്ടർ മുഖേന നടപടി സ്വീകരിച്ചു വരികയാണ്.
കൊല്ലം കരുനാഗപ്പള്ളി താലൂക്കിൽ പന്മനയിൽ നിന്നും 523 ചാക്ക് അരിയും 90 ചാക്ക് ഗോതന്പും 285 പായ്ക്കറ്റ് ആട്ടയും 104 ചാക്ക് കേടായ ഭക്ഷ്യധാന്യവും തിരുവനന്തപുരം പറശാലയിൽ അഞ്ചിടങ്ങളിൽ നിന്നായി 491 ചാക്ക് അരിയും 4 ചാക്ക് ഗോതന്പും പിടികൂടി. ബാലരാമപുരത്ത് നിന്നും ആറ് ഗാർഹിക സിലിണ്ടറുകൾ പിടിച്ചെടുത്തു. ഓണക്കാലം ഉൾപ്പെടെയുള്ള ഉത്സവ സീസണുകളിൽ വിപണിയിൽ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത, കൃത്രിമ വിലക്കയറ്റം എന്നിവ ഉണ്ടാകാതിരിക്കാനാണു കളക്ടർമാരുടെ കീഴിലുള്ള പ്രത്യേക സ്ക്വാഡുകൾ പരിശോധന ഊർജിതമാക്കിയത്. പിടിച്ചെടുത്ത അനധികൃത ഭക്ഷ്യധാന്യങ്ങളിൽ അവശ്യസാധന നിയമപ്രകാരമുള്ള തുടർ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.
Tags : Deepika DeepikaNewspaper BreakingNews Open market inspections will continue