മുൻ മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: കോർപറേഷനിലെ ബിജെപി ഭരണസമിതിയെ താഴെയിറക്കാൻ യുഡിഎഫും എൽഡിഎഫും കൈകോർക്കുമെന്ന സൂചനയുമായി മുൻ മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ എൽഡിഎഫ് തള്ളിക്കളയില്ല.
ബിജെപിയെ ഭരണത്തിൽനിന്ന് മാറ്റാൻ ലഭിക്കുന്ന ആദ്യ ആയുധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫുമായി വ്യത്യസ്തമായ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിനുള്ളതെങ്കിലും ബിജെപിയെ ഭരണത്തിൽനിന്ന് താഴെയിറക്കുക എന്ന കാര്യത്തിൽ ഉറച്ച നിലപാടാണുള്ളത്. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ജനങ്ങളും ഇടതുപക്ഷവും ആഗ്രഹിക്കുന്നത്.
കോർപറേഷനിൽ ബിജെപി ഭരണം അവസാനിപ്പിക്കാൻ എന്തുവിലകൊടുത്തും പാർട്ടി മുന്നോട്ടുപോകും. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും.
ആര് അവിശ്വാസം കൊണ്ടുവന്നാലും അതിനെ എതിർക്കേണ്ട രാഷ്ട്രീയ സാഹചര്യമില്ല. ബിജെപി ഭരണസമിതി പൂർണ പരാജയമാണെന്നും അവർ അടിയന്തരമായി രാജിവെച്ചൊഴിയണം. കോർപറേഷനിൽ വികസന പ്രവർത്തനങ്ങൾ പൂർണമായി സ്തംഭിച്ചിരിക്കുകയാണ്.
ദൈനംദിന ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന ജനങ്ങൾക്ക് യാതൊരുവിധ പരിഹാരവും ലഭിക്കുന്നില്ല. ബിജെപിയിലെ ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചട്ടപ്രകാരമല്ല നടത്തിയതെന്ന കോടതി വിധി നിലവിലുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു.
Tags : cpm udf alliance Thiruvananthapuram Corporation