ജി.സുകുമാരൻ നായർ
പെരുന്ന: എൻഎസ്എസിൽ സ്വജനപക്ഷപാതമുണ്ടെന്ന മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. എല്ലാ പദവികളും നഷ്ടപ്പെട്ടതിനു ശേഷമാണ് ഗണേഷ് കുമാർ ഇപ്പോൾ തനിക്കെതിരെ ഇത്തരം ആരോപണങ്ങളുമായി വന്നിരിക്കുന്നതെന്ന് സുകുമാരൻ നായർ പ്രതികരിച്ചു.പ്രസ്ഥാനത്തിൽ ജനാധിപത്യമില്ലെന്ന് ആക്ഷേപിക്കുന്നവർക്ക് നിയമപരമായി മുന്നോട്ടുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗണേഷ് കുമാറിന്റെ മറ്റു വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ, അദ്ദേഹം സ്വന്തം പിതാവിനെതിരെ പോലും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഓർമിപ്പിച്ചു. തന്നെ വേദിയിൽ അനുകരിച്ചു കാണിച്ചത് അദ്ദേഹത്തിന്റെ കലാസാമർഥ്യമായിട്ടേ കാണുന്നുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.
എൻഎസ്എസിലെ നിയമനങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് മറുപടിയായി, കേരളത്തിലുള്ള മുഴുവൻ നായന്മാരും തന്റെ ബന്ധുക്കളാണെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. സംഘടനയുടെ കൃത്യമായ കീഴ്വഴക്കങ്ങളും ചട്ടങ്ങളും പാലിച്ചു മാത്രമാണ് എല്ലാ നിയമനങ്ങളും നടത്തിയിട്ടുള്ളതെന്നും അദ്ദേഹം ആവർത്തിച്ചു.
എൻഎസ്എസ് പ്രസ്ഥാനം പിടിച്ചെടുക്കാൻ മുൻകാലങ്ങളിലും പലഭാഗത്തുനിന്നും നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും എന്നാൽ ആർക്കും അതിൽ വിജയിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് നായർ സംരക്ഷണ സമിതി സംഘടിപ്പിച്ച പരിപാടിയിലാണ് കെ.ബി.ഗണേഷ് കുമാർ ജി.സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയത്. എൻ.എസ്.എസിൽ വലിയ തോതിൽ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്നും പ്രസ്ഥാനം ചുരുക്കം ചില ആളുകൾ മാത്രമായി കൈയടക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സുകുമാരൻ നായരുടെ നിലപാടുകളെ ചോദ്യം ചെയ്തതുകൊണ്ടാണ് തന്നെ സംഘടനയിൽ നിന്ന് പുറത്താക്കിയത്.
സംഘടനയുടെ സമദൂര സിദ്ധാന്തത്തെ താൻ ശക്തമായി എതിർക്കുന്നുവെന്നും, മന്നം സമാധി വീണ്ടെടുക്കുന്നതിനായി വൈക്കത്തുനിന്നും സമാധിയിലേക്ക് പ്രത്യേക ജാഥ നടത്തേണ്ട സാഹചര്യം എത്തിക്കഴിഞ്ഞുവെന്നും ഗണേഷ് കുമാർ യോഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
Tags : NSS Ganesh Kumar Deepika DeepikaNewspaper NewsUpdate Headlines