x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആത്മഹത്യാശ്രമം എന്ന് ഭാര്യ; ജനാലച്ചില്ലുകൾ പൊട്ടിച്ച് പോലീസ് നോക്കിയപ്പോൾ കണ്ടത് ഉറങ്ങുന്ന ഭർത്താവിനെ!

തിരുവനന്തപുരം ബ്യൂറോ
Published: August 12, 2026 02:58 PM IST | Updated: August 12, 2026 02:58 PM IST

AI Image for representation

ഉള്ളൂർ: ഭർത്താവ് ജീവനൊടുക്കാൻ ശ്രമിക്കുന്നു എന്ന ഭാര്യയുടെ പരാതിയെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ മെഡിക്കൽ കോളജ് പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ഒടുവിൽ പോലീസ് എത്തി ജനാലച്ചില്ലുകൾ പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് ഉറങ്ങുന്ന ഭർത്താവിനെ!

മെഡിക്കൽ കോളജിന് സമീപം മഞ്ചാടി ഭാഗത്താണ് പോലീസിനെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുകയും പിന്നീട് ചിരിപ്പിക്കുകയും ചെയ്ത സംഭവം അരങ്ങേറിയത്. മധ്യവയസ്കരായ ദമ്പതികളുടെ വീട്ടിലാണ് സംഭവം നടക്കുന്നത്.

രാവിലെ മുതൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് മുറിക്കുള്ളിൽ കയറി കതകടച്ചു കുറ്റിയിട്ടു. അല്പം മദ്യലഹരിയിൽ ആയിരുന്നതിനാൽ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിക്കുമോ എന്നായിരുന്നു ഭാര്യയുടെ സംശയം. വളരെനേരം കഴിഞ്ഞിട്ടും മുറിയുടെ വാതിലോ ജനാലകളോ തുറക്കാതായതോടെ ഭാര്യ വിവരം നാട്ടുകാർക്കും പോലീസിനും കൈമാറി.

മെഡിക്കൽ കോളജ് എസ്ഐയും സംഘവും സ്ഥലത്തെത്തി വാതിലിൽ മുട്ടി വിളിച്ചിട്ട് അനക്കം ഉണ്ടായില്ല. ഒടുവിൽ ജനാലച്ചില്ലുകൾ അടിച്ചു പൊട്ടിച്ചശേഷം അകത്തേക്ക് നോക്കുമ്പോൾ കാണുന്നത് കട്ടിലിൽ കിടന്നുറങ്ങുന്ന ഭർത്താവിനെയാണ്. തുടർന്ന് പോലീസ് ശബ്ദമുണ്ടാക്കി മദ്യലഹരിയിൽ നിന്ന് ഇയാളെ ഉണർത്തി.

തുടർന്ന് ഭർത്താവ് കതക് തുറന്നു പുറത്തേക്ക് വരികയായിരുന്നു. താൻ മദ്യലഹരിയിൽ ഉറങ്ങിപ്പോയതാണെന്നും ആത്മഹത്യാശ്രമം നടത്തിയിട്ടില്ല എന്നും ഭർത്താവ് അറിയിച്ചതോടെയാണ് നാട്ടുകാർക്കും സമാധാനമായത്.

Tags : Wife Husband Police House Crime

Recent News

Corehub Up