പ്രതീകാത്മക ചിത്രം
ഹരിപ്പാട്: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചെന്ന കേസിൽ ഭർത്താവും മാതാപിതാക്കളും പിടിയിൽ. തൃക്കുന്നപ്പുഴ പാനൂർ താനുവേലിൽ നിഥിൻ (32), അച്ഛൻ മോഹനൻ (66), അമ്മ റീന (66) എന്നിവരാണ് കേസിൽ പിടിയിലായത്.
നിഥിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. ആറ് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അന്നുമുതൽ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ തന്നെ ആക്രമിക്കുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.
സെപ്റ്റംബർ 23ന് പ്രതികൾ യുവതിയെയും അഞ്ചുവയസുള്ള പെൺകുഞ്ഞിനെയും ആക്രമിക്കുന്നതിന്റെ ദൃശ്യം അയൽവാസി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ തൃക്കുന്നപ്പുഴ പൊലിസിൽ നൽകിയ പരാതിയിലാണ് നടപടി.
ആക്രമണത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി സെപ്റ്റംബർ 26ന് ആണ് ആശുപത്രി വിട്ടത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽവിട്ടു.
Tags : DomesticViolence Haripad Crime Police Investigation CaseFile FIR