പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത മകനെ ഉപയോഗിച്ച് കഞ്ചാവ് വിതരണവും വിൽപനയും നടത്തിയ സ്ത്രീ ഡൽഹിയിൽ അറസ്റ്റിൽ. ചാപ്യക്യപുരി സ്വദേശി പിങ്കിയാണ് (39) പിടിയിലായത്.
സെപ്റ്റംബർ 28-ന് പൊലിസ് പട്രോളിംഗിനിടെ 14 വയസുകാരനായ കുട്ടിയുടെ കൈവശം കഞ്ചാവ് അടങ്ങിയ ആറ് പൊതികൾ കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പൊതികൾ വിൽപനയ്ക്കായി നൽകിയത് അമ്മയാണെന്ന് കുട്ടി പൊലിസിനോട് പറഞ്ഞു.
പിന്നീട് പൊലിസ് നടത്തിയ പരിശോധനയിൽ പിങ്കിയുടെ കൈവശത്തുനിന്ന് കഞ്ചാവ് അടങ്ങിയ 37 പൊതികൾ കണ്ടെടുത്തു. കുട്ടിയുടെ പക്കൽ നിന്നും അമ്മയുടെ പക്കൽ നിന്നുമായി ആകെ 43 പൊതികളാണ് പൊലിസ് പിടിച്ചെടുത്തത്. പരിശോധനയിൽ പിടിച്ചെടുത്ത വസ്തു ലഹരിമരുന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതിയായ പിങ്കിക്കെതിരെ നേരത്തെയും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. ഈ വർഷം ലഹരിമരുന്ന് കേസുകളിൽ പിടിയിലാകുന്നത് മൂന്നാം തവണയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.