Kerala
ഹരിപ്പാട്: പ്രസവിച്ചയുടൻ നവജാതശിശുവിനെ യുവതി ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. ആശുപത്രിക്കുപുറത്ത് സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബുകൾക്കും പൈപ്പുകൾക്കും ഇടയിലേക്കു വീണ പെൺകുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച അർധരാത്രി 12 ഓടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലായിരുന്നു മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. ക്രൂരത കാട്ടിയ വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ 19കാരിക്കെതിരേ പോലീസ് കേസെടുത്തു. നിലവിൽ പോലീസ് സംരക്ഷണയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണു വിവരം.
തിങ്കളാഴ്ച രാത്രി 9.30 ഓടെ യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്നാണ് പിതാവും സഹോദരങ്ങളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞത്.
യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12ന് യുവതി ശുചിമുറിയിൽ കയറി.
ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെത്തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയംതന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽനിന്ന് കുഞ്ഞിന്റെ കരച്ചിലും കേൾക്കുകയായിരുന്നു.
ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്ക് എറിയുകയായിരുന്നുവത്രെ. വീണ സ്ഥലത്തിന് തൊട്ടടുത്ത് സെപ്റ്റിക് ടാങ്കിന്റെ വലിയ കോൺക്രീറ്റ് സ്ലാബും പിവിസി പൈപ്പുകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും കുഞ്ഞ് കൃത്യമായി അതിന്റെ നടുവിലുള്ള മണ്ണിലേക്കാണു വീണത്. പ്രസവത്തിനുശേഷം കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രി അധികൃതർ ഉടൻതന്നെ ഹരിപ്പാട് പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് സംരക്ഷണയിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: താരസംഘടനയായ അമ്മയ്ക്കുള്ളില്‍ നീറിപ്പുകഞ്ഞ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ കലഹം. ടിനി ടോം-അന്‍സിബ വിഷയത്തില്‍ താരങ്ങള്‍ പരസ്യമായി പ്രതികരിച്ചതോടെ സംഘടനയില്‍ അഭിപ്രായഭിന്നത രൂക്ഷമായി.
പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിലവിലുള്ള ഭരണസമതി പരാജയമാണെന്നും അവര്‍ തുടര്‍ന്നാൽ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂവെന്നും മുതിര്‍ന്ന അംഗമായ നടി പൊന്നമ്മ പ്രതികരിച്ചു. അതുകൊണ്ട് നേതൃത്വത്തെ പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം. സ്ത്രീകള്‍ നേതൃനിരയിലേക്കു വരണമെന്ന് വാദിച്ചതിനും അതിനായി ഇടപെട്ടതിനും മാപ്പെന്നായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം. അമ്മ ഓഫീസിനെ അധോലോക കേന്ദ്രമാക്കിയെന്ന് വൈസ് പ്രസിഡന്റുകൂടിയായ ലക്ഷ്മി പ്രിയയും ആരോപിച്ചു.
പ്രസിഡന്റ് ശ്വേതാ മേനോന്റെയും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്റെയും ഇടയിലെ ഈഗോ പ്രശ്നമാണു കാര്യങ്ങള്‍ വഷളാക്കിയതെന്ന് ഒരുവിഭാഗം വനിതാ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ നേതൃനിരയില്‍ വന്നപ്പോള്‍ സ്ത്രീകള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുമെന്നാണു പ്രതീക്ഷിച്ചത്. എന്നാല്‍ പരസ്പരം തമ്മിത്തല്ലുന്നതാണ് കാണുന്നതെന്നും പൊന്നമ്മ ബാബു പറഞ്ഞു.
അന്സിബയ്ക്കു പിന്നില്‍ നീനാ കുറുപ്പാണെന്നാണ് ലക്ഷ്മി പ്രിയയുടെ ആരോപണം.തര്‍ക്കം രൂക്ഷമായതിനിടെ അന്‍സിബയുടെ പരാതി കേള്‍ക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന് അറിയിച്ചു.
SUNDAY DEEPIKA
സിനിമാക്കമ്പം മൂത്ത് ജോലി രാജിവച്ച് ചെന്നൈയിൽനിന്ന് വീട്ടിലെത്തിയ മകനോട് അപ്പൻ പറഞ്ഞു: "അഭിനയത്തോടുള്ള നിന്റെ അഭിവാഞ്ഛ എനിക്ക് മനസിലാവുന്നുണ്ട്. ഒരുവർഷം സമയം ഞാൻ നിനക്കു തരും. അതിനുള്ളിൽ നീയതു തെളിയിക്കണം. അല്ലേൽ തിരിച്ച് ജോലിയിൽ ജോയിൻ ചെയ്യണം.' അവനത് അക്ഷരംപ്രതി അനുസരിച്ചു. എബിസിഡി എന്ന സിനിമയിൽ മികവുതെളിയിച്ചു.
തുടർന്ന് ഇറങ്ങിയ എന്ന് നിന്റെ മൊയ്തീനിലൂടെ കേരളക്കര അവനെ ഏറ്റെടുത്തു- മലയാളിയുടെ സ്വന്തം ടൊവിനോ തോമസായി. കാലം കടന്നുപോയി. പിന്നെ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിൽ അവർ അപ്പനും മകനുമായി അഭിനയിച്ചു! ഇപ്പോഴിതാ "അതിരടി 'യിൽ ടൊവിനോയുടെ ബാല്യകാലം അവതരിപ്പിച്ചിരിക്കുന്നതാകട്ടെ മകൻ തഹാനും.
കല്ലേറ്റുംകരയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക്
കലേറ്റുംകര ഇളങ്കുന്നപ്പുഴ ഇല്ലിക്കൽ തോമസിന്റെയും മറിയത്തിന്റെയും ആറാമത്തെ മകനായ തോമസ് അഭിഭാഷകവൃത്തി ആരംഭിച്ചതോടെയാണ് ഇരിങ്ങാലക്കുടയിലേക്ക് കൂടുമാറിയത് . 1983ല്‍ ചിറ്റിലപ്പള്ളി തൊമ്മാന സെബാസ്റ്റ്യന്റെ മകൾ ഷീലയെ വിവാഹം ചെയ്തതോടെ ഇരിങ്ങാലക്കുടിയിൽ സ്ഥലം വാങ്ങി വീട് വച്ചു. വർഷം 43 പിന്നിട്ടിട്ടും തോമസ് വക്കീലും പ്രിയതമയും മക്കളായ ടിംഗ്സ്റ്റണും ടൊവിനോയും കുടുംബസമേതം ഈ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസം.
മൂത്തമകൾ ധന്യയെ മൂക്കന്നൂർ മൂലൻ സെബാസ്റ്റ്യന്റെ മകൻ അഡ്വ. ലിയോ വിവാഹം ചെയ്തു. പണവും സെലിബ്രിറ്റി സ്റ്റാറ്റസും എല്ലാം കൈവന്നിട്ടും ഇപ്പോഴും ഈ കുടുംബം ഒരുമിച്ചു തന്നെ. ഒരിക്കൽ ഒരഭി മുഖത്തിൽ ടൊവിനോ പറഞ്ഞത് "ഇപ്പോഴും ഞങ്ങളുടെ ഗൃഹനാഥൻ അപ്പൻ തന്നെയാണ്. അപ്പന്റെ മക്കളായിത്തന്നെ നിൽക്കാനാണ് എനിക്കും ചേട്ടനും ഇഷ്ടം' എന്നായിരുന്നു.
നിഷ്ഠയും സ്വാതന്ത്ര്യവും
അല്പം കാർക്കശ്യത്തോടെയും നിഷ്ഠയോടെയുമാണ് വക്കീലും ഭാര്യയും മക്കളെ വളർത്തിയിരുന്നത്. എങ്കിലും ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മക്കളോടൊപ്പം ചെലവിടാൻ ഇവർ സമയം കണ്ടെത്തിയിരുന്നു. പത്താംതരംവരെ ആൺമക്കൾ ഇരിങ്ങാലക്കുട ഡോൺബോസ്കോയിലും മകൾ ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലുമായിരുന്നു പഠനം. മകൾ ബിരുദവും ബിഎഡും കഴിഞ്ഞ് അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ആൺമക്കൾ രണ്ടുപേരും എൻജിനീയർമാരായി.
സിനിമാ ഭ്രമം
ഇരിങ്ങാലക്കുട ഡോൺ ബോസ്കോയിലെ സ്കൂൾ കാലം മുതൽതന്നെ ടൊവിനോയ്ക്ക് സിനിമാമോഹം ഉണ്ടെങ്കിലും സെന്റ് മേരീസിലെ പ്ലസ്ടുക്കാലത്താണ് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അങ്കുരിച്ചത്. പക്ഷേ, എൻജിനീയറിംഗ് കഴിഞ്ഞപ്പോഴാണ് വീട്ടിൽ വിവരംപറഞ്ഞത്. സിനിമയെന്ന വലിയ ലോകത്ത് തന്റെ മകൻവിജയിക്കുമോയെന്നായിരുന്നു വക്കീലിന്റെ ആശങ്ക.
അതുകൊണ്ടുതന്നെ ആദ്യമെല്ലാം നിരുത്സാഹപ്പെടുത്തി. ഒരിക്കൽ വക്കീൽ പറഞ്ഞു: "എനിക്ക് കലയോടോ അഭിനയത്തോടോ ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവന്റെ ഇഷ്ടത്തിനു ഫ്രീയായിവിട്ടാൽ അവനൊരു സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായില്ലെങ്കിലോ. അവൻ തോറ്റുപോകരുതെന്ന ആഗ്രഹം കൊണ്ടാ, ശരിക്കും പേടിച്ചിട്ടാ. അപ്പോഴെല്ലാം അവനെ സപ്പോർട്ട് ചെയ്യാൻ അവന്റെ ചേട്ടനോട് പറയുമായിരുന്നു. പലപ്പോഴും പൈസയും ചേട്ടന്റെ കൈയിൽ നൽകുമായിരുന്നു.'
പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സിനിമയിൽ അവൻ തന്റേതായ ഇടം കണ്ടെത്തി. പതുക്കെ പതുക്കെ നായക പദവിയിലെത്തി. 2024ൽ പുറത്തിറങ്ങിയ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ടൊവിനോ നായകനായ സിനിമയുടെ കാസ്റ്റിംഗ് സമയത്ത് ഡയറക്ടർ ഡാർവിൻ കുര്യാക്കോസ് വക്കീലിനോട് പറഞ്ഞു: നായകന്റെ അപ്പനായി വേറെ ആരെയും നോക്കുന്നില്ല, അപ്പച്ചൻതന്നെ അഭിനയിക്കണം. അങ്ങനെയാണ് അത് സംഭവിച്ചത്.
ബെറ്റർ ഹാഫ്
സ്നേഹ വാത്സല്യങ്ങളുടെ നിറനിലാവാണ് ഷീല എന്ന അമ്മ. ലോകത്തിന്റെ ഏതു കോണിലായാലും ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ ഓടിയെത്തുന്നത് ഭാര്യയെയും മക്കളെയും കാണാൻ മാത്രമല്ല, അമ്മയുടെ കൈപ്പുണ്യം നുകരാൻകൂടിയാണ്. മറ്റു മക്കളും അങ്ങനെതന്നെ.
തോമസ് വക്കീൽ പറഞ്ഞു: " 43 വർഷമായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് . ഒരു ദിവസം പോലും പിണങ്ങി നിൽക്കേണ്ടിവന്നിട്ടില്ല. പിണക്കങ്ങൾ മിനിറ്റുകൾ കൊണ്ട് മായും. അത് എന്റെയല്ല അവളുടെ കഴിവാണ്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ആൾരൂപമാണ് അവൾ. അതുകൊണ്ടുതന്നെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും അവൾ ജീവനാണ്. സ്നേഹപ്രകടനങ്ങൾ എല്ലാം അവളോടാണ്. അവൾ തിരിച്ചും. ബിരുദധാരിയാണ് അവൾ. പക്ഷേ, ജോലിയെക്കാൾ മഹത്തരമാണ് ഹോം മേക്കിംഗ്. അതൊരു ചില്ലറ ജോലിയോ ഉത്തരവാദിത്വമോ അല്ല എന്നാണ് എന്റെ വിശ്വാസം. അമ്മയാണല്ലോ വീടിന്റെ വിളക്ക്.
അതുകൊണ്ടുതന്നെ ഞാൻ വാങ്ങുന്ന സ്ഥലങ്ങളെല്ലാം പകുതി അവളുടെ പേരിലാണ്. ഇപ്പോഴും ഞാൻ തോട്ടങ്ങളിൽ പോയി ജാതിക്കയും പത്രിയും പറിക്കും. 700 ഓളം നേന്ത്രവാഴയുള്ള തോട്ടമുണ്ട്. ഡ്രിപ് ഇറിഗേഷൻ സിസ്റ്റം ചെയ്തിട്ടുണ്ടെങ്കിലും പരമാവധി ദിനങ്ങളിൽ ഞാൻ രണ്ടുനേരം പോയി നനയ്ക്കും. ദിനചര്യ ക്രമീകരിക്കുന്നതിൽ അവളുടെ പങ്ക് വളരെ വലുതാണ്. അല്ലെങ്കിൽ പ്രാക്ടീസിനിടയിലും എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇതെല്ലാം മാനേജ് ചെയ്യുക സാധ്യമല്ല.'
ഒരുമ, ഒറ്റക്കെട്ട്
കോവിഡ്കാലത്താണ് ഇരിങ്ങാലക്കുട പട്ടണത്തിലെ തിരക്കിൽനിന്നൊഴിഞ്ഞ് ചെടികളും പക്ഷിമൃഗാദികളുമൊക്കെയുള്ള പ്രകൃതിയോടിണങ്ങിയ കുറച്ചുകൂടി വലിയൊരു വീടു വച്ചാലോയെന്ന് ടൊവി അപ്പനോടു ചോദിക്കുന്നത്. ചേട്ടനും അനുജനും ഒറ്റ കോമ്പൗണ്ടിൽ വീടുകൾ. ജിം, നീന്തൽക്കുളം, ഗാർഡൻ, ഹോം തിയറ്റർ തുടങ്ങിയവയെല്ലാം കോമൺ. കല്ലേറ്റുംകരയിലെ തറവാട്ടുപറമ്പിൽ വീടുപണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടു വീടുകളുടെയും ഒന്നാംനില പൂർത്തിയായിക്കഴിഞ്ഞു. രണ്ടു വീടുകളും തമ്മിലുള്ള അകലം വെറും 20 അടി മാത്രം. ഇടയിൽ മതിലുകളും ഇല്ല. അപ്പനും അമ്മയ്ക്കും രണ്ടിടത്തും ഒരേപോലെ താമസിക്കാൻ സൗകര്യമൊരുക്കുന്നു.
വിശേഷങ്ങൾ, വിനോദം
വിവാഹ വാർഷികങ്ങൾ, ജന്മദിനങ്ങൾ എന്നിവയ്ക്കെല്ലാം ഇവർ ഒത്തുകൂടുമെങ്കിലും ക്രിസ്മസ്, ഈസ്റ്റർ, ഓണം, ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ എന്നിവയ്ക്ക് ഇവരെല്ലാം വീട്ടിൽ ഉണ്ടാകും. ഷൂട്ടിംഗ് തിരക്കുമൂലം ടൊവിനോയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മകളുടെ കുടുംബം ഉൾപ്പെടെ എല്ലാവരും ഭക്ഷണവും പായ്ക്കുചെയ്ത് ടൊവി കേരളത്തിലെവിടെയാണെങ്കിലും അവിടെ എത്തും.
കഴിഞ്ഞ നാലു വർഷമായി സ്കൂൾ അവധിക്കാലത്ത് 10 -15 ദിവസം നീളുന്ന വിദേശ വിനോദയാത്രയും ഇവർ ഒരുമിച്ച് നടത്തുന്നു. ഇത്തവണ ടൊവിനോയൊഴികെ ബാക്കിയെല്ലാവരും ഓസ്ട്രിയയിലെ വിയന്നയിലേക്ക് പോയിരിക്കുകയാണ്. ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഇത്തവണത്തെ ഡെസ്റ്റിനേഷനുകൾ. സ്പെയിനിലെ ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ വിയന്നയിൽ ഇവരോടൊപ്പം ചേരും. കഴിഞ്ഞതവണ ജോർജിയ, കസാക്കിസ്ഥാൻ, അൾജീരിയ എന്നിവിടങ്ങളിലായിരുന്നു വിനോദയാത്ര. മുൻപ് ഫിൻലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലും.
മക്കൾ മൂവരും ഇതേ സ്നേഹത്തിലും സന്തോഷത്തിലും സൗഹാർദത്തിലും എക്കാലവും കഴിയണമെന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹവും പ്രാർഥനയും. മക്കൾക്കാകട്ടെ അപ്പന്റെയും അമ്മയുടെയും സ്നേഹത്തണലിൽ കഴിയാനും.
Kerala
കോട്ടയം: കൂടെ കളിക്കാനാരുമില്ലാതെ മുറ്റത്തെ കത്തുന്ന വെയിലിലിരുന്ന് നിരങ്ങിനീങ്ങി കളിക്കുന്നൊരു കുഞ്ഞ്. എന്തേ കുഞ്ഞിങ്ങനെ വെയിലത്തിരിക്കുന്നു എന്നു അമ്മയോട് ചോദിച്ചപ്പോള്‍, അവരുടെ ജീവിതത്തിന്റെ സന്തോഷങ്ങളെല്ലാം കളയാന്‍ വന്ന കുഞ്ഞാണെന്നും ഇത്രപോലും പരിഗണന അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു മറുപടി.
അതുകേട്ട് കൃപ സാമുവല്‍ ഞെട്ടി. തന്റെ ദൗത്യം എന്താണെന്നു തിരിച്ചറിയാന്‍ കൃപയ്ക്ക് പിന്നെ സമയം വേണ്ടിയിരുന്നില്ല. സ്പെഷല്‍ എഡ്യുക്കേറ്റര്‍ കോഴ്സ് പൂര്‍ത്തിയാക്കി അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹവുമായി അന്നുമുതല്‍ കങ്ങഴ പടിഞ്ഞാറേതില്‍ കൃപ സാമുവല്‍ വീട്ടിലും നാട്ടിലുമൊക്കെ ആര്‍ക്കും വേണ്ടാതാകുന്ന പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളുടെ അമ്മയായി സ്വയം മാറി.
18 മുതല്‍ 60 വയസുവരെയുള്ളവരാണ് കൃപയുടെ കുഞ്ഞുങ്ങള്‍. 18 കഴിഞ്ഞവര്‍ക്ക് സ്പെഷല്‍ സ്കൂളില്‍ പ്രവേശനം ലഭിക്കില്ല. അതിനാലാണ് ഈ പ്രായത്തിലുള്ളവരുടെ അമ്മയാകാന്‍ കൃപ തീരുമാനിച്ചത്.
കങ്ങഴയിലെ സ്വന്തം വീട്ടിലെ ഒരു മുറിയിലായിരുന്നു ഹില്‍ വാലി വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിന്റെ തുടക്കം. ഇന്നത് കറുകച്ചാല്‍-മണിമല റൂട്ടില്‍ പരുത്തിമൂട് നല്ലളപ്പാറയില് ഹീരാം ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 2015 ലാണ് ഈ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത്. മാനസിക വൈകല്യം, ഡൗണ്‍ സിന്‍ഡ്രോം, കേള്‍വിക്കുറവ്, കാഴ്ചക്കുറവ് എന്നിങ്ങനെ വൈകല്യങ്ങളുള്ള കുഞ്ഞുങ്ങളെയാണ് കൃപ ചേര്‍ത്തുപിടിക്കുന്നത്.
പുലര്‍ച്ചെ നാലിന് കൃപയുടെ ദിവസമാരംഭിക്കും. അമ്മ ആന്‍സിക്കൊപ്പം വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്തശേഷം രാവിലെ എട്ടിന് സ്വന്തം വാഹനത്തില്‍ കുട്ടികളെ സ്കൂളിലെത്തിക്കുന്നത്, ഭക്ഷണമൊരുക്കുന്നത്, അവരുടെ ആവശ്യങ്ങളിലെല്ലാം കൂടെ നില്‍ക്കുന്നത് കൃപയാണ്.
എഴുന്നേറ്റ് നില്‍ക്കാനാകാതെ വരുന്നവരെ പതിയെ പതിയെ സ്നേഹപരിചരണത്തിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും എഴുന്നേറ്റ് നില്‍ക്കാനും പതിയെ നടക്കാനുമൊക്കെ പ്രാപ്തരാക്കും. സംസാരിക്കാതെ വരുന്നവര്‍ അവരുടെ ആവശ്യങ്ങളും മറ്റും പതിയെ പറഞ്ഞുതുടങ്ങും. തൊഴില്‍ പരിശീലനം നല്കി ആരുമില്ലെങ്കിലും ഒരു വരുമാനം കണ്ടെത്തി ജീവിക്കാനുള്ള വഴി നല്‍കാനുള്ള ശ്രമത്തിലാണ് കൃപ.
ഇപ്പോള്‍ കൃപയുടെ കൂടെ 20 കുഞ്ഞുങ്ങളുണ്ട്. ഇവരടക്കം എഴുപതിലധികം കുഞ്ഞുങ്ങളെയും അവരുടെ കുടുംബങ്ങളെയും അരക്ഷിതാവസ്ഥകളില്നിന്നു പുതിയ ജീവിതത്തിലേക്ക് കൃപ കൈപിടിച്ചു നടത്തി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം കുട്ടികളില്‍നിന്നു ഫീസ് ഈടാക്കുന്നില്ല.
രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് സ്കൂളിന്റെ പ്രവര്‍ത്തനം. ഹീരാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്മാന് ശ്രീകുമാര്‍ ചക്കാല, സിനിമ-സംഗീത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഭര്‍ത്താവ് ലിജിന്‍ ബാംബിനോ, ഇവരുടെ മകന് ഒമ്പതു വയസുകാരന് ഇഷാന്, സഹോദരി കരുണ, അമ്മ ആന്‍സി എന്നിവരാണ് കൃപയുടെ ഏറ്റവും വലിയ പിന്തുണ.
Kerala
തിരുവനന്തപുരം: അമ്മ എന്നാൽ സ്നേഹമാണ്, സ്നേഹം മാത്രമാണ് എന്ന് ഒരു കുട്ടി തിരിച്ചറിയുന്ന ഒരു നിമിഷം ഉണ്ട്. അത് ജീവിതത്തിന്റെ മഹാ സുകൃതം. ബാല്യത്തിൽ ഈ തേൻ മധുരം നുകരുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് കവി പ്രഭാവർമയ്ക്ക്. അങ്ങനെയാണ് പ്രഭാവർമയുടെ ‘അപരിഗ്രഹം ’ എന്ന കവിത പിറന്നത്.
“ഇരുട്ടത്തെങ്ങ് നീ ഒറ്റപ്പെട്ടു
പോയെന്റെ ഉണ്ണി നീ
അമ്മ വാരിയെടുത്തുമ്മ വച്ച് ചോദിച്ചത് ഓർപ്പു ഞാൻ
വിങ്ങലും തേങ്ങലും കണ്ണുനീരുമ്മയും... ആദ്യമായി ഞാൻ കണ്ണുനീരിലെ ഉപ്പിങ്കൽ തേനിനിപ്പ് രുചിച്ചുവോ?” എന്ന ‘അപരിഗ്രഹ’ത്തിലെ വരികൾ വായനക്കാരുടെ കണ്ണ് നിറയ്ക്കുന്നതും!
ഈ മാതൃദിനത്തിൽ അപരിഗ്രഹം എന്ന കവിതയിൽ ഊറി നിൽക്കുന്ന അമ്മയുടെ സ്നേഹത്തെക്കുറിച്ച് പ്രഭാ വർമ പറയുന്നു.
“തിരുവല്ലയിലാണ് ഞങ്ങളുടെ കുടുംബം. കുട്ടിക്കാലത്ത് അടുത്തുള്ള ക്ഷേത്രത്തിലെ വിളക്ക് തെളിയിക്കാനായി അമ്മ എന്റെ കൈയിൽ ഒരു ഓടത്തിൽ നിറയെ എണ്ണ നൽകി. സന്ധ്യാ ദീപാരാധനയ്ക്കുമുമ്പ് തിരി തെളിയിക്കാനായി ചെറിയ ഓട്ടുപാത്രത്തിലെ എണ്ണയുമായി ഞാൻ പുറപ്പെടുകയും ചെയ്തു. എന്നാൽ വഴിയിൽ കൂട്ടുകാരെ കണ്ട് അവർക്കൊപ്പം പന്ത് കളിച്ചും മറ്റും കൂടി. കളിച്ച് തിമിർക്കുമ്പോൾ അമ്മ തന്നയച്ച ഓടത്തിലെ എണ്ണയെക്കുറിച്ച് ഞാൻ മറന്നേപോയി എന്നതാണ് സത്യം.
സന്ധ്യ മയങ്ങിയ നേരത്ത് കളിക്കൂട്ടുകാരിൽ ആരോ പറഞ്ഞു. ‘നേരം വൈകിയിട്ടും എന്നെ കാണാത്തതു കൊണ്ട് അമ്മ ഒരു ചൂരൽ വടിയുമായി എന്നെ തല്ലാനായി വരികയാണെന്ന്. കുട്ടിയല്ലേ വല്ലാതെ പേടിച്ചുപോയി ഞാൻ. കളിക്കളത്തിന് അരികിൽ വച്ചിരുന്ന ഓടവും എടുത്ത് ക്ഷേത്രത്തിലേക്ക് വേഗം നടന്നെത്തിയെങ്കിലും അപ്പോഴേക്കും സന്ധ്യാദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് ശ്രീ കോവിൽ അടച്ചിരുന്നു.
ചുറ്റമ്പലത്തിൽ കത്തിത്തീർന്ന്, പുകഞ്ഞു കൊണ്ടിരിക്കുന്ന കരിന്തിരി വിളക്കുകൾ കണ്ടു.എന്റെ കൈയിലെ എണ്ണ എവിടേക്കാണ് പകരേണ്ടത് എന്നറിയാതെ ഞാൻ അമ്പരന്ന് നിന്നു. എവിടെയെങ്കിലും ഒഴിച്ചു കളയാം, അല്ലെങ്കിൽ അമ്മ നല്കിയ എണ്ണ ഒഴിച്ച് വിളക്ക് തെളിയിച്ചു എന്ന് കള്ളം പറയാമെന്നും ഒക്കെ കരുതി.
അങ്ങനെ ഓരോരോ ചിന്തകളുമായി ഇരുളിലൂടെ ഞാൻ നടന്നു. കൈയിൽ ചൂരലുമായി എത്തി എന്നെ പൊതിര തല്ലുന്ന അമ്മയുടെ രൂപമായിരുന്നു ഉള്ള് നിറയെ. പെട്ടെന്നാണ് ദൂരെനിന്ന് ഓടിവരുന്ന അമ്മയെ ഞാൻ കണ്ടത്. വല്ലാതെ പരവശയായിരുന്നു അമ്മ. എന്നെ അന്വേഷിച്ച് നടന്നു നടന്നു ക്ഷീണിച്ചിരുന്നു അമ്മ. കണ്ടയുടനെ ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു.
“ഈ ഇരുട്ടിൽ ഒറ്റപ്പെട്ട് എന്റെ കുട്ടി എന്ത് ചെയ്യുകയാണ്” എന്ന കണ്ണുനീരിൽ കുതിർന്ന അമ്മയുടെ വാക്കുകൾ ഞാൻ കേട്ടു...എന്റെ കണ്ണുകളിലൂടെയും കണ്ണുനീർ ഒലിച്ചിറങ്ങുകയായിരുന്നു..
അമ്മയുടെ കണ്ണുനീരിലെ ഉപ്പിൽ പക്ഷേ തേനിന്റെ മധുരമാണു ഞാൻ നുകർന്നത്. ആ മധുരമാണ് പിന്നീട് എന്നെക്കൊണ്ട് അപരിഗ്രഹം എഴുതിച്ചത് എന്ന് പറയാം. കുട്ടികൾ പലതരത്തിലും പീഡിപ്പിക്കപ്പെടുന്ന ഹൃദയഭേദകമായ വാർത്തകൾ കേൾക്കുമ്പോൾ ഒരമ്മ നൽകുന്ന സ്നേഹത്തിന്റെയും സംരക്ഷണത്തിനും വില ഞാൻ തിരിച്ചറിയുന്നുണ്ട്”
കവിയുടെ വാക്കുകൾ.
സത്യമാണ്. അമ്മയുടെ സ്നേഹ കരുതലിന്റെ ഓർമയല്ലേ, അനിവാര്യതയല്ലേ
‘അപരിഗ്രഹ’ത്തിനൊടുവിൽ ഇങ്ങനെ ഒരു പ്രാർഥനയായി മാറുന്നതും...
“എന്റെ കൈയിലെ ഓടത്തിൽ
എണ്ണ നിന്നു തുളുമ്പവെ ,
എണ്ണ വറ്റിക്കെടാൻ പാടില്ലൊരു കൈത്തിരി നാളവും.”
Kerala
തിരുവനന്തപുരം: കണ്ണടയും മുമ്പ് മകനെ ഒരിക്കൽ കൂടി കാണുവാൻ ഒരു അമ്മ കാത്തിരിക്കാൻ തുടങ്ങിയിട്ട് 35 വർഷങ്ങൾ.
കല്ലിയൂര്‍ കാക്കമൂല കുഴിയാംവിള വീട്ടില്‍ രത്നാവതി (85) ആണ് ഇരുപ്പത്തിരണ്ടാം വയസില്‍ നാടുവിട്ട മകന് മുരുകനെയും കാത്തിരിക്കുന്നത്. മുരുകന്റെ ഒരു പഴയ ഫോട്ടോ മാത്രമാണ് രത്നാവതിക്ക് ഏക ആശ്വാസം.
ഇടയ്ക്കിടെ മകന്റെ ഫോട്ടോയെടുത്ത് നെഞ്ചോട് ചേര്‍ക്കും. പലതരം അസുഖങ്ങള്‍ അലട്ടുന്ന രത്നാവതിക്ക് ഇനി ജീവിത സായാഹ്നത്തില്‍ ഒരു ആഗ്രഹം മാത്രമേയുള്ളൂ മകനെ ഒന്നു കാണണം. കണ്ട ശേഷം അവന് മടങ്ങി പോയാലും സാരമില്ല. ഇതുമാത്രമാണ് ഈ അമ്മ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാണുന്നവരോടെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്.
പിതാവിന്റെ പാത പിന്തുടര്ന്ന് ആശാരിപണിക്കാരനായിരുന്നപ്പോഴാണ് കല്ലിയൂര്‍ വള്ളംകോട് കല്ലുവിളവീട്ടില് നിന്നും മുരുകനെ കാണാതാകുന്നത്. കളിച്ചുവളര്‍ന്ന കുടുംബ വീട് വിറ്റതില്‍ മുരുകന് മനോവിഷമമുണ്ടായിരുന്നതായി അമ്മ പറഞ്ഞു.
മുരുകന് കൂട്ടുകാരുമൊത്ത് മെച്ചപ്പെട്ട ജോലി തേടി ബോംബെയിലേയ്ക്ക് പോയതായി പിന്നീട് വീട്ടുകാര്‍ക്ക് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ സുഹൃത്തുക്കള്‍ മടങ്ങി വന്നെങ്കിലും മുരുകന് മാത്രം തിരിച്ചെത്തിയില്ല.
ബോംബെയിലെത്തിയ ശേഷം മുരുകനും മറ്റുള്ളവരും പലയിടത്തായി പിരിഞ്ഞതായാണ് കൂട്ടുകാര്‍ പറഞ്ഞതെന്ന് മുരുകന്റെ സഹോദരി രാധിക പറഞ്ഞു. രാധികയും മുരുകനും ഇരട്ടകളാണ്.
രാധികയ്ക്ക് ഇപ്പോള്‍ 57 വയസ്സായി. രത്നാവതിയുടെ ആറുമക്കളില്‍ മൂന്നാമത്തെയാളാണ് മുരുകന്. അഞ്ച് വര്‍ഷം മുമ്പ് നാട്ടില്‍ നിന്നുംപോയ ഒരു ലോറി ഡ്രൈവര്‍ മുരുകനെ പാലക്കാട് വച്ച് കണ്ടതായി പറഞ്ഞെങ്കിലും പിന്നീട് ഒരറിവുമില്ല. നേമം പോലീസ് സ്റ്റേഷനിലും നാല് വര്‍ഷം മുമ്പ് മുരുകനെ കാണ്മാനില്ലെന്ന് കാണിച്ച് സഹോദരി പരാതി കൊടുത്തിരുന്നു.
National
കോൽക്കത്ത: പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ പാനിഹാട്ടി മണ്ഡലത്തിൽ നാടകീയ സംഭവങ്ങൾ.
ആർജി കർ മെഡിക്കൽ കോളജിൽ ക്രൂരമായി കൊല്ലപ്പെട്ട ജൂണിയർ ഡോക്ടറുടെ അമ്മയും ബിജെപി സ്ഥാനാർഥിയുമായ രത്ന ദേബ്നാഥിനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തൃണമൂൽ പ്രവർത്തകർ സ്ഥാനാർഥിയെ തടഞ്ഞത്.
ഉത്തര 24 പർഗാനസ് ജില്ലയിലെ പാനിഹാട്ടിയിലെ പോളിംഗ് സ്റ്റേഷനിലായിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്താനെത്തിയ അവശയായ വയോധികയെ സഹായിക്കാൻ രത്ന ദേബ്നാഥ് മുന്നോട്ടുവന്നതാണ് തർക്കത്തിന് കാരണമായത്.
സ്ഥാനാർഥി നേരിട്ട് വോട്ടർമാരോട് പോളിംഗ് ബൂത്തിൽ സംസാരിക്കുന്നത് ചട്ടലംഘനമാണെന്നും വോട്ടർമാരെ സ്വാധീനിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ആരോപിച്ച് ടിഎംസി പ്രവർത്തകർ ബൂത്ത് വളയുകയായിരുന്നു.
പ്രതിഷേധം ശക്തമായതോടെ രത്ന ദേബ്നാഥിന് ബൂത്തിനു പുറത്തേക്ക് വരാൻ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന കേന്ദ്ര സുരക്ഷാസേന ഇടപെട്ടാണ് ഇവരെ സുരക്ഷിതമായി വാഹനത്തിൽ കയറ്റിവിട്ടത്. തന്നെ ഭീഷണിപ്പെടുത്തിയ തൃണമൂൽ പ്രവർത്തകർക്കെതിരേ നടപടിയെടുക്കണമെന്ന് രത്ന ദേബ്നാഥ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
Kerala
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയുടെയും മകന്റെയും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ പോലീസ് പിടികൂടിയത്.
സജിയെ കണ്ടെത്താൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു. പിതാവിനെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമ്മയെ സ്ഥിരമായി സജി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരി സിനി പറഞ്ഞു. ലഹരിക്ക് അടിമയായ സജി, സഹോദരൻ റെജിയുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പ്രതികരിച്ചു.
നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സജി ഓടി രക്ഷപെട്ടു.
ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
ഇതോടെ നാട്ടുകാര്‍ സിനിയെയും ഭര്‍ത്താവിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിനെത്തിയത്.
വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
Kerala
ഇടുക്കി: കാണാതായ അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സൂചന. നെടുങ്കണ്ടം പച്ചടിയില്‍ ആണ് സംഭവം. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെയാണ് ഒരു മാസം മുമ്പ് കാണാതായത്.
ഇവരെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചു മൂടിയതായാണ് പോലീസിനു സൂചന ലഭിച്ചത്. ഇവിടെ നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി.
മേരിക്കുട്ടിയുടെ മകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നു. മേരിക്കുട്ടിയുടെ മറ്റൊരു മകനായ അജിയാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
പോലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപെട്ടു. ഇതോടെയാണ് പോലീസിന് സംശയം ജനിച്ചത്. തുടര്‍ന്ന് ഇന്നു രാവിലെ വീട്ടിലും പരിസരത്തും പോലീസ് പരിശോധന നടത്തി. വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്ത് കുഴിച്ച് പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി.
പുരുഷന്റേതെന്നു സംശയിക്കുന്ന കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയും ആര്‍ഡിഒയും ശാസ്ത്രീയ പരിശോധന വിദഗ്ധരും ഡോഗ് സ്വക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തിയ ശേഷം മണ്ണ് നീക്കി ശരീര ഭാഗങ്ങള്‍ പുറത്തെടുക്കും.
മേരിക്കുട്ടിയുടെ ഭര്‍ത്താവിനെയും അഞ്ചു വര്‍ഷം മുമ്പ് കാണാതായതായി പറയപ്പെടുന്നുണ്ട്. ഓടി രക്ഷപെട്ട അജിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: കൊളക്കാട് താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്തു കൊന്നത് മദ്യലഹരിയിൽ. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (25) കൊല്ലപ്പെട്ട സംഭവത്തിൽ മകൻ ക്രിസ്റ്റിയുടെ (25) അറസ്റ്റ് കേളകം പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടിനും ഒൻപതിനും ഇടയിലാണ് സംഭവം.
ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി ആയുധം ഉപയോഗിച്ച് അമ്മയെ ആക്രമിച്ചത്. ഗീതമ്മയെ കൊലപ്പെടുത്തിയശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പോലീസെത്തിയാണ് ഗീതമ്മയെ ആശുപ്രതിയിലേക്ക് മാറ്റിയത്. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായ ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്ലറിംഗ് ഷോപ്പും നടത്തുന്നുണ്ട്.
ബംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതിനുശേഷം കുറച്ചുകാലം വിദേശത്തുമായിരുന്നു. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയാണ്. ജിറ്റി മകളാണ്.
Kerala
കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മകന് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ ഗീതമ്മ (50)യെ കൊലപ്പെടുത്തിയത്.
മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.
ഗീതമ്മയും ക്രിസ്റ്റിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ കിടപ്പുമുറിയില്‍വച്ച് ക്രിസ്റ്റി ഗീതയെ ആക്രമിക്കുകയായിരുന്നു. ബംഗളൂരുവില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിർത്തി നാട്ടിലെത്തിയതാണ്. കൊലപാതകം നടക്കുന്ന സമയത്ത് പിതാവ് തങ്കച്ചന് വീട്ടിലുണ്ടായിരുന്നില്ല.
കൊലയ്ക്കുശേഷം വീട്ടില്‍ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തുകയും അയാളുടെ സ്കൂട്ടറില്‍ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
ഇവരുടെ മൃതദേഹം പേരാവൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഗീതമ്മയ്ക്ക് ഒരു മകള്‍കൂടിയുണ്ട്.
National
നാഗ്പൂർ: ജിമ്മിലെ കഠിനമായ വ്യായാമത്തിന് പിന്നാലെ പക്ഷാഘാതം സംഭവിച്ച് തളർന്നുവീണ 23-കാരന് നഴ്സായ അമ്മയുടെ ജാഗ്രത പുതുജീവൻ നൽകി. നാഗ്പൂർ സ്വദേശിയായ ഓം ഭോയാർ എന്ന യുവാവാണ് മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
ഏപ്രിൽ പത്തിനാണ് സംഭവം. ജിമ്മിൽ മണിക്കൂറുകളോളം കഠിനമായ വ്യായാമം ചെയ്ത ശേഷം വീട്ടിലെത്തിയ ഓം പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. പ്രൊഫഷണൽ നഴ്സായ അമ്മ ആരതി ഭോയാർ ഉടൻ തന്നെ മകന്റെ അവസ്ഥ മനസ്സിലാക്കി. മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടായതാകാമെന്നും ചികിത്സ നൽകാൻ വൈകിയാൽ മകൻ എന്നന്നേക്കുമായി തളർന്നുപോകുമെന്നും അവർ തിരിച്ചറിഞ്ഞു.
മെഡിക്കൽ രംഗത്ത് 'ഗോൾഡൻ അവർ' എന്ന് വിളിക്കപ്പെടുന്ന ആദ്യ 3-4 മണിക്കൂറിനുള്ളിൽ തന്നെ ആരതി മകനെ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഓമിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടർന്ന് 'മെക്കാനിക്കൽ ത്രോംബെക്ടമി' എന്ന ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ രക്തക്കട്ട നീക്കം ചെയ്തു. കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ ഓമിന്റെ ആരോഗ്യനില വേഗത്തിൽ മെച്ചപ്പെടുകയും ഏപ്രിൽ 21-ന് അദ്ദേഹം ആശുപത്രി വിടുകയും ചെയ്തു.
National
ദിസ്പൂർ: ആസാമിലെ കാർബി ആംഗ്ലോഗിൽ മാതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ യുവതി പിടിയിൽ. ഡെറാമുഖ് ലാലുഗ് സ്വദേശിനി പൂജ മലഗ് (19) ആണ് അമ്മയായ അനുമൈ മലഗ് (42) നെ കൊലപ്പെടുത്തിയത്. തടയാൻ ശ്രമിച്ച പിതാവ് പ്രേമേന്ദ്ര മലഗിനും സഹോദരിക്കും പരിക്കേറ്റു.
പൂജയും അനുമൈയും തമ്മിൽ മുന്‍പ് തർക്കങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ പൂജ ലഹരിമരുന്നുപയോഗിക്കുന്നതാവാം കൊലപാതകത്തിൽ കലാശിച്ചെന്ന് നാട്ടുകാർ പറയുന്നു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പൂജയെ അറസ്റ്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് കൊലപാതകത്തിനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.
Kerala
മാനത്തൂർ: കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്റുമായ അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) അന്തരിച്ചു. പരേതനായ കല്ലാനിക്കവയലിൽ കെ.എസ്. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യയാണ്. പരേത കടനാട് തച്ചാംപുറം കുടുംബാംഗമാണ്.
മൃതദേഹം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് പാലാ - പിഴക് മാനത്തൂർ കല്ലാനിക്കവയലിലെ വസതിയിൽ എത്തിക്കുന്നതാണ്.
സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മാനത്തൂർ സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടക്കും.
മക്കൾ: അഡ്വ. ടോമി കല്ലാനി (കെപിസിസി ജനറൽ സെക്രട്ടറി, വത്സ തോമസ് (വാഴക്കുളം), ബെന്നി ജോസഫ് (പിഴക്), ഷേർലി ജെയിംസ് (മൈലക്കൊമ്പ്), സാജു ജോസഫ് (പിഴക്).
മരുമക്കൾ: ജെയ്നി പുളിക്കൽ (മുണ്ടക്കയം), ജോസ് തോമസ് പെരിയക്കോട്ടിൽ (വാഴക്കുളം), ഷൈനി ബെന്നി വേരുങ്കൽ (തട്ടക്കുഴ), ജയിംസ് ചാക്കോ വഴുതലക്കാട്ട് (മൈലക്കൊമ്പ്), ലിസ സാജു മോനിപ്പള്ളിൽ (ഇടമറുക്).
Kerala
പാങ്ങോട്: അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ച് നാലുവയസുകാരി മരിച്ചു. അമ്മയോടൊപ്പം വിവാഹത്തിനുപോയി ഓട്ടോറിക്ഷയിൽ വീടിനുമുന്നിൽ മടങ്ങിയെത്തിയ നാലു വയസുകാരി റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്റെയും അമാനയുടെയും മകൾ സനാ മെഹ്റിൻ(4) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ സനയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരിച്ചു.
പാങ്ങോട് ഗവ. എൽപിഎസിലെ എൽകെജി. വിദ്യാർഥിനിയായിരുന്നു സന. രുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച കൊച്ചാലുംമൂട് കബറിസ്താനിൽ കബറടക്കും.
Movies
തെന്നിന്ത്യൻ താരം പ്രകാശ് രാജിന്റെ മാതാവ് സ്വർണലത (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അവർ ബംഗളൂരുവിൽ വെച്ചാണ് അന്തരിച്ചത്.
സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകുന്നേരം നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
സ്വർണലതയുടെ വിയോഗത്തിൽ സിനിമാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Kerala
കാസര്‍ഗോഡ്: പതിനാറുകാരന് കൂട്ടുകാരോടൊപ്പം 172 കിലോമീറ്റര്‍ വേഗത്തില്‍ അപകടകരമായി കാര്‍ ഓടിക്കുകയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
ആര്‍സി ഉടമയായ കുട്ടിയുടെ അമ്മയായ മുപ്പത്തിയൊന്പതുകാരിക്കെതിരേയാണ് കേസെടുത്തത്.
മാര്‍ച്ച് 20നു രാവിലെ 8.30നു കണ്വതീര്ഥയിലാണ് കേസിനാസ്പദമായ സംഭവം. ഇതിനു മുമ്പും കുട്ടി ഇത്തരത്തില്‍ അപകടകരമായി കാറോടിച്ച് ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.
NRI
ടെക്സസ്: വടക്കൻ ടെക്സസില്‍ വീടിനുള്ളിലേക്ക് കാർ ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. ബാർബറ റോച്ചയും ഏഴു വയസുകാരനായ മകൻ അലക്സുമാണ് മരിച്ചത്. അപകടസമയത്ത് ഇവർ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്നു.
മകൾ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കാറോടിച്ചിരുന്ന യുവതി പിടിയിൽ. ഗ്രേസി യേറ്റ്സിനെയാണ്(18) പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരിൽ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് വീടിന്റെ ചുവർ തകർത്ത് ഉള്ളിലേക്ക് കയറുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മാധവി (88), മകൻ സജീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മാധവിയെ കിടപ്പു മുറിയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പയ്യോളി പോലീസ് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471-2552056).
Kerala
വടക്കഞ്ചേരി: കറ്റുക്കോട് ചൊവ്വല്ലൂർ വീട്ടിലെ ജോസ്ഫീന വലിയ സന്തോഷത്തിലാണ്. കരസേനയിലെ ഉയർന്ന റാങ്കായ കേണൽ പദവി മകൾ ഷെറീനയ്ക്കു ലഭിച്ചതിലുള്ള സന്തോഷത്തിലും അഭിമാനത്തിലുമാണ് ജോസ്ഫീന. ഏറ്റവും ഉയർന്ന റാങ്കായ ബ്രിഗേഡിയറിനു തൊട്ടുതാഴെ വരുന്നതാണ് കേണൽ പദവി.
ലക്നോയിൽ നടന്ന സ്ഥാനാരോഹണച്ചടങ്ങിൽ ജോസ്ഫീനയാണ് സേനാമേധാവികളുടെ നിർദേശപ്രകാരം മകൾ ഷെറീനയുടെ യൂണിഫോമിൽ കേണൽബാഡ്ജ് ചാർത്തിയത്. മൂന്നു സേനാവിഭാഗങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത വലിയ ചടങ്ങായിരുന്നു അതെന്ന് ജോസ്ഫീന പറഞ്ഞു.
ലോക വനിതാദിനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം കേണൽ ഷെറീനയെ ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ ആദരിച്ച വാർത്തയും വീടിനും നാടിനും അഭിമാനനിമിഷങ്ങളായി. ലക്നോയിൽ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഡെപ്യൂട്ടി പ്രിൻസിപ്പൽ കം മേട്രണായാണ് (ഡിപിഎം) ഷെറീന ഇപ്പോൾ സേവനം ചെയ്യുന്നത്.
തൃശൂർ വടൂക്കര തേറാട്ടിൽ നോബലാണ് ഭർത്താവ്. എംഎസ്സി വിദ്യാർഥിനി ആൻ നോബൽ, പ്ലസ് ടു വിദ്യാർഥി ആൽഡൺ നോബൽ എന്നിവരാണ് മക്കൾ.
NRI
കലിഫോർണിയ: സൗന്ദര്യവർധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കലിഫോർണിയ സ്വദേശിനിയായ മായ ഹെർണാണ്ടസിന് 15 വർഷം തടവ് ശിക്ഷ വിധിച്ചു.
2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നും രണ്ടും വയസുള്ള മക്കളെ കാറിനുള്ളിലിരുത്തി മായ ഒരു മെഡിക്കൽ സ്പായിലേക്ക് പോയി. എസി ഓൺ ചെയ്ത് കാർ ലോക്ക് ചെയ്ത ശേഷമാണ് അവർ പോയതെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞ് എൻജിൻ തനിയെ ഓഫ് ആയതോടെ കാറിനുള്ളിലെ താപനില കുത്തനെ ഉയർന്നു.
ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾ കാറിനുള്ളിൽ കുടുങ്ങി. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഒരു വയസുകാരൻ അമിലിയോ ഗ്വിറ്ററസ് മരിച്ചിരുന്നു. കുട്ടിയുടെ ശരീരതാപനില 107 ഡിഗ്രി ഫാരൻഹീറ്റിൽ (41.6°C) എത്തിയിരുന്നു.
രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിരുന്നെങ്കിലും, പിന്നീട് നടന്ന ഒത്തുതീർപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ സമ്മതിച്ചതിനെത്തുടർന്നാണ് 15 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്.
Kerala
ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ വയോധികയുടെ മൃതദേഹം വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാട്നിർത്ത് വീട്ടിൽ ലീല (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷി(49) നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ ആറു മണിയോടുകൂടി ലീലയെ വിളിച്ചപ്പോൾ ഉണരാഞ്ഞതിനെ തുടർന്ന് മരണപ്പെട്ടു എന്നു മനസിലാക്കിയ മകൻ ഗിരീഷ് വളമംഗലത്തുള്ള ഭാര്യവീട്ടിൽ ചെന്ന് ഇയാളുടെ രണ്ട് മക്കളെയും വിളിച്ചു കൊണ്ടു വരികയും അടുക്കളയുടെ ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും കാൽ ഭാഗത്തായി അടുപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിനുശേഷം മക്കളെ തിരികെ ഭാര്യവീട്ടിൽ ആക്കി.
ഭാര്യയുമായി വഴക്കിട്ട് ഇയാൾ വർഷങ്ങളായി അകന്ന് താമസിക്കുകയായിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കളാണ് അമ്മയോട് വിവരങ്ങൾ പറഞ്ഞത്. ഇവർ ഈ വീടിന്റെ പരിസരത്തുള്ള ഒരു ഓട്ടോ ഡ്രൈവറെ വിളിച്ച് കാര്യങ്ങൾ പറയുകയും ഇയാൾ ഉടൻ കുത്തിയതോട് പോലീസിൽ അറിയിക്കുകയും ചെയ്തു.
പോലീസെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൃതദേഹം സംസ്കരിക്കാനുള്ള പണമില്ലാത്തതിനെ തുടർന്നാണ് അമ്മയെ കുഴിച്ചിട്ടതെന്നാണ് പറയുന്നത്. എന്നാൽ ഇയാൾ മദ്യപാനിയായിരുന്നെന്നും തുടർച്ചയായി അമ്മയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും പരിസരവാസികൾ പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് പോലീസ് സ്ഥലത്തെത്തി വീട് സീൽ ചെയ്തു. ഇന്ന് രാവിലെ ശാസ്ത്രീയ പരിശോധനസംഘവും വിരലടയാള വിദഗ്ധരും എത്തിയ ശേഷം മൃതദേഹം പുറത്തെടുത്ത് മേൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കോട്ടയം മൂലേടം സ്വദേശിനിയായ സുധ ബേബി ആണ് കൊല്ലപ്പെട്ടത്. കേസിൽ പിടിയിലായ ഷാജിയും സുധയുടെ അമ്മയും ഹൈക്കോടതിയിൽ സഹപ്രവർത്തകരായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവർ കൊച്ചിയിലാണ് താമസം. അടുത്തിടെ ഇവരുടെ സൗഹൃദത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതാണ് തർക്കത്തിന് കാരണം. തുടർന്ന് രാത്രി ഇരുവരും റെയിൽവേ ട്രാക്കിനടുത്തേക്ക് പോവുകയും ഇവിടെ വച്ചാണ് കൊലപാതകം നടന്നതെന്നും പോലീസ് വ്യക്തമാക്കി. സുധയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.
അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്ന ശേഷം പ്രതി ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
Kerala
കോട്ടയം: വൈക്കം ഉദയനാപുരത്ത് അമ്മയെയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തങ്കമ്മ(70), സുനിൽ(49) എന്നിവരാണ് മരിച്ചത്.
അയൽവാസികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ മദ്യപിച്ചെത്തിയ യുവാവ് അമ്മയെ കൊലപ്പെടുത്തി. 65 വയസുകാരിയായ സുമിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജഗദീഷ് പെറ്റ്കുലെ (37) യെ പോലീസ് അറസ്റ്റ് ചെയ്തു.
സുമിത്ര അത്താഴത്തിന് പാവയ്ക്ക കറി ഉണ്ടാക്കിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കറി വച്ചതിനെ തുടർന്ന് തുടങ്ങിയ തർക്കം തർക്കം രൂക്ഷമായതോടെ ജഗദീഷ് സുമിത്രയെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ഇയാളുടെ മർദനമേറ്റ സുമിത്ര സംഭവസ്ഥലത്തുവച്ചു
തന്നെ മരിച്ചതായി പോലീസ് പറഞ്ഞു.
ജഗദീഷ് സ്ഥിരമായി മദ്യപിക്കുന്നതിനാൽ ഭാര്യ രണ്ട് മാസം മുന്‍പ് വീട് വിട്ട് പോയിരുന്നു. തുടർന്ന് അമ്മയ്ക്കൊപ്പമാണ് ഇയാൾ താമസിക്കുന്നത്.
കൊലപാതകത്തെക്കുറിച്ച് അറിഞ്ഞയുടനെ സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
NRI
സാൻ അന്റോണിയോ: 12 വയസുള്ള മകനെ 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് തനിച്ച് നടക്കാനയച്ച സംഭവത്തിൽ അമ്മ അറസ്റ്റ്. സാൻ അന്റോണിയോ സ്വദേശിനിയായ ലൂസിയ വിക്ടോറിയ മേരി ക്രൂസ് (35) എന്ന യുവതിയെയാണ് ബെക്സർ കൗണ്ടി ഷെരീഫ് ഓഫീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം ലൂസിയയെ ബെക്സർ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. പിന്നീട് ബോണ്ട് കെട്ടിവച്ച ശേഷം വ്യാഴാഴ്ച പുലർച്ചെ വിട്ടയച്ചു. റോഡരികിലെ കള്ളിമുൾച്ചെടികളും മറ്റും കാരണം വാഹനങ്ങൾത്ത് സമീപത്ത് കൂടി കുട്ടി നടക്കുന്നത് കണ്ട വഴിയാത്രക്കാരനാണ് വിവരം അധികൃതരെ അറിയിച്ചത്.
സംഭവത്തിന് തലേദിവസം രാത്രി മാതാവ് മദ്യപിച്ചിരുന്നതായും ബോധരഹിതയായി കിടക്കുകയായിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ കുട്ടിയാണ് ഇവരെ ഉണർത്തിയത്. തുടർന്ന് സ്കൂളിലേക്ക് നടന്നുപോകാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു.
അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ കുട്ടിയുടെ പക്കൽ മൊബൈൽ ഫോൺ പോലും ഉണ്ടായിരുന്നില്ല. കുട്ടി സ്കൂളിലേക്ക് നടന്നുപോയ കാര്യം തനിക്കറിയാമായിരുന്നുവെന്ന് മാതാവ് സമ്മതിച്ചിട്ടുണ്ട്.
ലൂസിയക്കെതിരേ പോലീസ് കേസെടുത്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവർ തോക്കുകൾ കൈവശം വയ്ക്കരുതെന്ന് കോടതി ഉത്തരവിട്ടു. നിലവിൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസിനെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവ് സ്കൂളിലെത്തി വിവരങ്ങൾ സംസാരിച്ചെന്നും അധികൃതർ അറിയിച്ചു.
Kerala
കണ്ണൂർ: മകൻ മുറ്റത്തേക്കു കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു.പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയാണ് (88) മരിച്ചത്. കഴിഞ്ഞ 11 നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽനിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ ശാന്തയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. സംഭവത്തിൽ മകൻ വി. സജീവനെ (58) വധശ്രമത്തിന് കേസെടുത്തു കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവ്: പരേതനായ രാമൻ. മറ്റ് മക്കൾ: രഞ്ജിനി, സജിനി, സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതരായ രവീന്ദ്രൻ, അനിൽ കുമാർ. സംസ്കാരം ഉച്ചകഴിഞ്ഞ് പയ്യാമ്പലത്തു നടക്കും.
Kerala
കണ്ണൂർ: കസേരയിൽ ഇരുന്ന അമ്മയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞ മകൻ അറസ്റ്റിൽ. പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയെ (88) വലിച്ചെറിഞ്ഞ സംഭവത്തിലാണ് മകൻ വി. സജീവനെ (58) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 11നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ വലിച്ചെറിഞ്ഞത്.
ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലെ ന്യൂറോ ഐസിയുവിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ സജീവനെ വ്യാഴാഴ്ച രാത്രിയിൽ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വധശ്രമത്തിന് സജീവനെതിരേ കേസെടുത്തു.
Kerala
തിരുവനന്തപുരം: ഭാര്യക്കെതിരെ ആരോപണവുമായി സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി.
വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപി(44)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസ രാത്രിയാണ് സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
വീടിന്റെ കാർപോർച്ചിലെ സീലിംഗ് ഹുക്കിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി തച്ചോട്ട് കാവ് ജംഗ്ഷനു സമീപം തച്ചോട്ട് എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്.
രണ്ടാം ഭാര്യയായ തച്ചോടുകാവ് സ്വദേശി പ്രിയയുമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ആദ്യ വിവാഹത്തിലെ മകളും ഒപ്പമുണ്ടായിരുന്നു. ഇതിനിടെ വീണ് കാലൊടിഞ്ഞ് ചികിത്സയിൽ കഴിഞ്ഞുവരവേ പ്രിയയുമായി കുടുംബപരമായ കാര്യങ്ങളിൽ പിണങ്ങിയതായാണ് വിവരം.
ബിസിനസിലും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞ ഒന്നരമാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടിൽ താമസിച്ചിരുന്നത്. മരണത്തിന് കാരണം പ്രിയയും അവരുടെ അമ്മ പ്രസന്നയും ഹോട്ടലിനു എതിർവശം കൃപ എന്ന വർക്ക്ഷോപ്പ് നടത്തുന്ന വിനോദ് എന്നയാളുമാണെന്ന സൂചന നൽകിയാണ് പ്രദീപ് പങ്കുവച്ച വീഡിയോയിലുള്ളത്.
മരണ കാര്യത്തിൽ മറ്റ് സംശയം ഇല്ലെന്നതാണ് പോലീസ് പറയുന്നത്. വിഷയത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
National
ലക്നോ: ഭക്ഷണം വിളമ്പാൻ വൈകിയതിന് മാനസിക വൈകല്യമുള്ള യുവാവ് വൃദ്ധയായ മാതാവിനെ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ജെവാറിലാണ് സംഭവം.
ബുധനാഴ്ചയാണ് സംഭവം. കിഷൻ എന്നയാൾ മാതാവ് രുക്മിണിയെ ലോഹ പാത്രം കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
രുക്മിണി പാകം ചെയ്തുകൊണ്ടിരുന്നപ്പോൾ കിഷൻ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ഭക്ഷണം തയാറാകാൻ വൈകി. ഇതിൽ കുപിതനായ കിഷൻ, വീട്ടിലുണ്ടായിരുന്ന ലോഹം പാത്രം ഉപയോഗിച്ച് രുക്മിണിയുടെ തലയിൽ ഒന്നിലധികം തവണ അടിച്ചു.
സംഭവമറിഞ്ഞ അയൽവാസികൾ രുക്മണിയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി കിഷൻ ആഗ്രയിലെ ഒരു മാനസികരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ജെവാർ പോലീസ് സ്റ്റേഷൻ ഇൻചാർജ് സഞ്ജയ് സിംഗ് പറഞ്ഞു.
സംഭവത്തിന് ഏകദേശം അഞ്ച് ദിവസം മുമ്പാണ് ഇയാൾ വീട്ടിലെത്തിയതെന്ന് റിപ്പോർട്ടുണ്ട്. പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. രുക്മിണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.
NRI
വെർജീനിയ: ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർഥ അമ്മയെ കണ്ടെത്തി. ചിലിയിൽ നടന്ന ഈ അത്ഭുതകരമായ പുനസമാഗമം ശാസ്ത്രത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്.
ജിമ്മി ലിപ്പർട്ട് തൈഡൻ എന്ന പേരിൽ അമേരിക്കയിൽ വളർന്ന അദ്ദേഹം താനൊരു അനാഥനാണെന്നാണ് വിശ്വസിച്ചിരുന്നത്. നിലവിൽ വെർജീനിയയിൽ അഭിഭാഷകനാണ് ജിമ്മി. ചിലിയിൽ നിന്ന് കുട്ടികളെ മോഷ്ടിച്ച് ദത്തെടുക്കാൻ നൽകുന്നതിനെക്കുറിച്ചുള്ള ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടതാണ് ജിമ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
നോസ് ബുസ്കാമോസ് എന്ന സന്നദ്ധ സംഘടനയുടെയും ഡിഎൻഎ പരിശോധനയുടെയും സഹായത്തോടെ അദ്ദേഹം തന്റെ വേരുകൾ തിരഞ്ഞു. ഒടുവിൽ തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ജിമ്മി ചിലിയിലെ വാൽഡിവിയയിലെത്തി അമ്മയെ നേരിൽ കണ്ടു.
42 വർഷത്തെ കാത്തിരിപ്പിന് ശേഷം "ഹായ് മമ്മീ' എന്ന് വിളിച്ച് അദ്ദേഹം അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ അത് കണ്ടുനിന്നവർക്കും കണ്ണീരണിയിക്കുന്ന കാഴ്ചയായി. തന്റെ മകൻ മരിച്ചെന്ന് കരുതി പതിറ്റാണ്ടുകളോളം ദുഃഖിച്ചിരുന്ന ആ അമ്മയ്ക്ക് ഇത് ദൈവത്തിന്റെ അദ്ഭുതമാണെന്നാണ് പറയാനുള്ളത്.
തന്നെപ്പോലെ ചതിക്കപ്പെട്ട മറ്റ് കുടുംബങ്ങളെ സഹായിക്കാൻ തന്റെ നിയമപരമായ അറിവ് ഉപയോഗിക്കുമെന്ന് ജിമ്മി ഇപ്പോൾ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
Movies
സ്കൂൾ കാലഘട്ടത്തിൽ പൊക്കമില്ലായ്മയുടെ പേരിൽ നേരിട്ട വേദന നിറഞ്ഞ നിമിഷങ്ങൾ ഓർത്തെടുത്ത് നടൻ ഗിന്നസ് പക്രു.
തന്നെ സ്കൂളിൽ ചേർക്കാൻ അമ്മയ്ക്ക് പേടിയായിരുന്നുവെന്നും ഏതേലും കുട്ടികൾ തന്നെ തട്ടി താഴെയിടുമോയെന്നായിരുന്നു ഭയമെന്നും അദ്ദേഹം പറയുന്നു. ഒടുവിൽ അധ്യാപകരാണ് അമ്മയെ ധൈര്യപ്പെടുത്തി തന്നെ സ്കൂളിൽ ചേർത്തതെന്നും ആ അവസരമാണ് സിനിമയിലേയ്ക്ക് വഴി തെളിച്ചതെന്നും പക്രു പറഞ്ഞു. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
‘അച്ഛനും അമ്മയും കോട്ടയത്ത് വച്ചാണ് കണ്ടുമുട്ടിയത്. പ്രണയവിവാഹമായിരുന്നു. പത്താംക്ലാസ് വരെ നിരവധി വാടകവീടുകളിലായി മാറി മാറി താമസിച്ചിട്ടുണ്ട്. വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് എന്ന്. കൂട്ടുകാർക്കൊപ്പം കളിച്ച് നടക്കും.
എന്നാൽ റിസ്ക് ഉള്ള കളികൾക്ക് പോകില്ല. തട്ടി താഴെ ഇട്ടാലോ എന്ന പേടി ഉണ്ടായിരുന്നു. വഴിയിൽ കളിച്ചുകൊണ്ടിരിക്കേ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട അധ്യാപകരാണ് സ്കൂളിൽ ചേർത്തത്. സ്കൂളിൽ ചേർന്നാൽ അമ്മയുടെ ടെൻഷൻ മുതിർന്ന കുട്ടികൾ എന്നെ തട്ടി താഴെയിടുമോ എന്നും എനിക്ക് അപകടം പറ്റുമോ എന്നുമായിരുന്നു.
ടീച്ചേഴ്സ് എന്നും എനിക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു. ആ പരിഗണന ഞാൻ മുതലാക്കിയിരുന്നു. പഠിപ്പിക്കുന്ന സമയത്ത് ബെഞ്ചിനിടയിൽക്കൂടി നടക്കുക പോലുള്ളവയായിരുന്നു എന്റെ വിനോദം.’
നാലാം ക്ലാസിൽ വച്ചാണ് ആദ്യമായി ഒരു വേദി കിട്ടിയത്. കഥാപ്രസംഗമായിരുന്നു അവതരിപ്പിച്ചത്. അച്ഛനും സുഹൃത്തുക്കളും ചേർന്നാണ് കഥാപ്രസംഗം എഴുതി തന്നത്. എന്നെ മാറ്റി നിർത്തിയിരുന്നില്ല സ്കൂളിൽ നിന്ന്. അവർ എന്നെ അവരിൽ ഒരാളായി കണ്ടു. കഥാപ്രസംഗവേദിയിൽ എന്നെ കാണുന്നില്ല എന്നായിരുന്നു കുട്ടികൾ പറഞ്ഞത്.
എന്നെ കാണാനായി അവർ ഡസ്കിൽ കയറി നിന്നു. ടീച്ചേഴ്സ് എന്നെ വലിയ ടേബിളിന് മുകളിൽ കയറ്റി നിർത്തി. കഥാപ്രസംഗം കഴിഞ്ഞപ്പോൾ നിർത്താതെ കൈയടി ലഭിച്ചു. അന്നാണ് സ്റ്റേജിൽ കയറി ഇങ്ങനെ പ്രകടനം കാഴ്ചവയ്ക്കാൻ എനിക്ക് കഴിവുണ്ടെന്ന് അറിഞ്ഞത്. ‘ലൂസ് ലൂസ് അരപ്പിരി ലൂസ്’ എന്ന സിനിമയിൽ അവസരം ലഭിച്ചു. അഭിനയിച്ചു. സിനിമയ്ക്കായി മൊട്ടയടിച്ചു. ഫൈറ്റ് ചെയ്തു, പക്ഷേ സിനിമയിൽ എന്റെ ഭാഗങ്ങൾ കട്ട് ചെയ്ത് കളഞ്ഞിരുന്നു’.
അഞ്ചാം ക്ലാസിൽ ഹൈ സ്കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോൾ പ്രഥമാധ്യാപകൻ അഡ്മിഷൻ നൽകില്ലെന്ന് പറഞ്ഞു. ഈ കുട്ടിക്ക് അഡ്മിഷൻ നൽകാൻ ആകില്ല. മുതിർന്ന കുട്ടികൾ തട്ടി താഴെയിട്ടാൽ ഉത്തരവാദിത്തം പറയാൻ ആകില്ല.
ഒരുപാട് പടിക്കെട്ടുകൾ ഉള്ള സ്കൂളാണ്. മുഖത്ത് പോലും നോക്കാതെ ആണ് ആ അധ്യാപകന് അത് പറഞ്ഞത്. എനിക്കൊന്നും തോന്നിയില്ല. അമ്മയുടെ കണ്ണ് നിറഞ്ഞു ആ കണ്ണുനീർ എന്റെ കൈകളിൽ വീണു. പക്രു പറഞ്ഞു.
NRI
ന്യൂമെക്സിക്കോ: അമേരിക്കയിലെ അൽബുക്കർക്കിയിൽ ഭിന്നശേഷിക്കാരിയായ 16 വയസുകാരിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. 33 കാരിയായ ഡോറീലിയ എസ്പിനോസയ്ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കാഴ്ചശക്തിയില്ലാത്തതും അപസ്മാര രോഗിയുമായിരുന്ന മരിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. മരിക്കുമ്പോൾ വെറും 18 കിലോ (40 പൗണ്ട്) മാത്രമായിരുന്നു കുട്ടിയുടെ ഭാരം. ശരീരത്തിൽ ഒട്ടും കൊഴുപ്പോ പേശികളോ അവശേഷിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ കണ്ടെത്തി.
പെൺകുട്ടി മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മുറിയിൽ ഈച്ചകളും രക്തവും മാലിന്യങ്ങളും നിറഞ്ഞ നിലയിലായിരുന്നു. അഞ്ചോ ആറോ ദിവസത്തോളം നീണ്ടുനിന്ന കടുത്ത അവഗണനയാണ് മരണകാരണമെന്ന് ജഡ്ജി നിരീക്ഷിച്ചു.
താൻ മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അധ്വാനിയായ അമ്മയാണെന്നും മകളുടെ മരണം താൻ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതിയിൽ എസ്പിനോസ കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാൽ ഇതൊരു അപകടമല്ലെന്നും ബോധപൂർവമായ പീഡനമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയുടെ മാനസികാരോഗ്യം കണക്കിലെടുത്തെങ്കിലും, കുട്ടി അനുഭവിച്ച വേദന അതിഭീകരമാണെന്ന് വിലയിരുത്തിയ കോടതി 15 വർഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി മരിച്ച ഗ്രീമയുടെ ഭർതൃസഹോദരൻ ബി.എം. ചന്തു.
ഗ്രീമയും മാതാവ് സജിതയും ജീവനൊടുക്കിയതിന് പിന്നാലെ ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ പോലീസ് പിടികൂടിയിരുന്നു. സഹോദരൻ തെറ്റുകാരനല്ല് ചന്തു പറഞ്ഞു.
"ചേട്ടൻ അയർലൻഡിൽ പിഎച്ച്ഡി ചെയ്യുന്നതിനിടെയാണ് വിവാഹം. വിവാഹം കഴിഞ്ഞ് നാലഞ്ചുദിവസത്തിനുശേഷം ഹണിമൂണിനായി ഇരുവരും ആൻഡമാനിലേയ്ക്ക് പോയി. കുറച്ചുദിവസത്തിനുശേഷം ചേട്ടൻ അയർലൻഡിലേയ്ക്ക് തിരികെപ്പോയി. ചേച്ചി ഒറ്റമോളാണ്'.
"ചേട്ടനും ചേച്ചിക്കും ഒരിക്കലും പ്രൈവസി ലഭിച്ചിരുന്നില്ല. ഹണിമൂൺ സമയത്തല്ലാതെ ഒരു ദിവസം മുഴുവനായി ഒരിക്കൽ പോലും ചേച്ചിയുടെ വീട്ടുകാർ ഇരുവർക്കും മാത്രമായി സമയം നൽകിയിട്ടില്ല. ഹണിമൂൺ സമയത്തുപോലും ഗ്രീമയുടെ അമ്മ എപ്പോഴും മകളെ വിളിക്കുമായിരുന്നു. ചെറിയ കാര്യങ്ങൾക്കുപോലും അമ്മയോട് ചോദിച്ചിട്ടാണ് ചേച്ചി ചേട്ടന് മറുപടി നൽകിയിരുന്നത്. ചേട്ടൻ ഐർലൻഡിൽ പോയതിനുശേഷം ചേച്ചിയോട് സംസാരിക്കുമ്പോൾ പോലും ലൗഡ് സ്പീക്കറിലായിരിക്കും ഫോൺ. ചേട്ടന് മറുപടി നൽകുന്നതുപോലും ചേച്ചിയുടെ അമ്മയായിരുന്നു'.
"എന്ത് വാക്കുതർക്കം വന്നാലും ആത്മഹത്യ ചെയ്യുമെന്ന് ചേച്ചി ചേട്ടനെ ഭീഷണിപ്പെടുത്തുമായിരുന്നു. പലപ്പോഴും പിണങ്ങി വീട്ടിൽപ്പോയിട്ടുണ്ട്. ചേട്ടനും ചേച്ചിയും രണ്ടുപേരുടെ മാതാപിതാക്കളുമായി രണ്ടുതവണ കൗൺസിലിംഗിന് പോയി. അതൊന്നും പൂർത്തീകരിക്കാൻ ചേച്ചിയുടെ വീട്ടുകാർ സമ്മതിച്ചില്ല'.
"വിവാഹമോചനമാണ് നല്ലതെന്നാണ് സൈക്കോളജിസ്റ്റുകൾതന്നെ അഭിപ്രായപ്പെട്ടത്. ആത്മഹത്യാക്കുറിപ്പ് ഞങ്ങൾക്കും അയച്ചുതന്നിരുന്നു. ചേട്ടൻ ചേച്ചിയെ മാനസികമായി പീഡിപ്പിച്ചതായി കരുതുന്നില്ല. ഞങ്ങളുടെ പേരിൽ ഗാർഹിക പീഡനത്തിന് കേസുകൊടുക്കുമെന്നും എല്ലാവരും കൂടെ വീടിന് മുറ്റത്ത് ആത്മഹത്യ ചെയ്യുമെന്നും പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്'.- ചന്തു വ്യക്തമാക്കി.
അതേസമയം, ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്ക്കുമാണ് ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: കമ്പിപ്പാര ഉപയോഗിച്ച് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ച മകള്‍ പിടിയില്‍. പനങ്ങാട് സ്വദേശിയായ നിവ്യയെ (30) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്മ സരസു (70) ആണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. നിവ്യ ഉപയോഗിച്ചിരുന്ന ഫേസ്ക്രീം മാറ്റിവച്ചുവെന്ന് ആരോപിച്ചാണ് അമ്മയെ ഉപദ്രവിച്ചത്.
ജനുവരി 19ന് വൈകുന്നേരം ആറിനാണ് സംഭവം നടന്നത്. സരസുവിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ല് ഒടിച്ചു എന്നാണ് പോലീസ് എഫ്ഐആറില്‍ പറയുന്നത്. നാട്ടുകാരാണ് സരസുവിനെ ആശുപത്രിയില്‍ കൊണ്ടു പോയത്. നിരന്തരമായി അമ്മയുമായി മകള്‍ പ്രശ്നം ഉണ്ടാക്കാറുണ്ട്.
മകള്‍ക്കെതിരെ അമ്മ പരാതി നല്‍കിയതോടെ നിവ്യ നാട്ടില്‍ നിന്നും മുങ്ങി. വയനാട് മാനന്തവാടിയില്‍ നിന്നുമാണ് പനങ്ങാട് പോലീസ് നിവ്യയെ കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകം, കഞ്ചാവ്, കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസുകളിലും പ്രതിയാണ് നിവ്യ. അതിനാല്‍ ഗുണ്ട ആക്ട് പ്രകാരം പ്രതിക്കെതിരെ നടപടി എടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
Kerala
മുംബൈ: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് അറസ്റ്റിൽ. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെ മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ വലയിലായത്.
ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും പോലീസ് കേസെടുത്തിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇയാൾ മുംബൈയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്.
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്. കമലേശ്വരത്ത് സജ്ജന (53), മാതാവ് ഗ്രീമ (33) എന്നിവരാണ് മരിച്ചത്.
NRI
പെൻസിൽവേനിയ: നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിച്ചാക്കി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ വാറിംഗ്ടൺ സ്വദേശിനിയായ ടിന ഡികാർളയാണ് (42) പിടിയിലായത്.
വാൾമാർട്ട് പാർക്കിംഗ് ലോട്ടിൽ കാർ നിർത്തിയ ടിന, കുഞ്ഞിനെ മുൻ സീറ്റിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ഇരുത്തിയ ശേഷം സ്റ്റോറിലേക്ക് പോയി. 20 മിനിറ്റിലധികം കുഞ്ഞ് കാറിൽ തനിച്ചായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് വരുന്നതുവരെ അവിടെ നിൽക്കാൻ സാക്ഷി ആവശ്യപ്പെട്ടെങ്കിലും ടിന കുഞ്ഞുമായി അവിടെനിന്ന് രക്ഷപ്പെട്ടു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ആറുദിവസത്തിന് ശേഷം ഇവരെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ടിനയുടെ പേരിൽ മറ്റ് ചില കേസുകളിലും നേരത്തെ വാറണ്ട് ഉണ്ടായിരുന്നു.
കുട്ടിയുടെ ക്ഷേമത്തിന് ഭീഷണി ഉയർത്തിയതിനും അശ്രദ്ധമായി കുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി കോടതി നിശ്ചയിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് യുവതിയും മാതാവും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ കേസ്. മരിച്ച ഗ്രീമയുടെ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ ഗാർഹികപീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും കേസെടുക്കും
ഗ്രീമയുടെയും മാതാവിന്റെയും ആത്മഹത്യ കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങളാണുള്ളത്. 200 പവൻ സ്ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാകുറിപ്പിലുള്ളത്. ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്ണന് അവകാശമില്ലെന്നും കുറിപ്പിലുണ്ട്.
ഉണ്ണികൃഷ്ണന്റെ ബന്ധുവിന്റെ മരണവീട്ടിൽ വച്ചുണ്ടായ അധിക്ഷേപമാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്.
കമലേശ്വരത്ത് സജ്ജന (53), ഗ്രീമ (33) എന്നിവരാണ് മരിച്ചത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
Kerala
തളിപ്പറമ്പ്: കാമുകനൊപ്പം ജീവിക്കാനായി പിഞ്ചുകുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതിയായ അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയ്ക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക ശരണ്യയുടെ ഭർത്താവ് പ്രണവിനു നൽകണം.
തളിപ്പറമ്പ് അഡീഷണൽ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്താണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ശരണ്യ കുറ്റക്കാരിയാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായ ശരണ്യയുടെ കാമുകന് നിധിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.
2020 ഫെബ്രുവരി 17ന് പുലര്‍ച്ചെ 2.45 നായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നര വയസുകാരനായ വിയാനെ കൊന്ന് കുറ്റം ഭര്‍ത്താവിന്റെ മേല്‍ ചുമത്തി കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: കമലേശ്വരത്ത് വീട്ടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. സജ്ജന (53), ഗ്രീമ (33) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
സൈനഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോലീസിന്റെ സംശയം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പോലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രീമയുടെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലിസ് സംശയിക്കുന്നു. ആറ് വർഷം മുമ്പാണ് ഗ്രീമയുടെ വിവാഹം കഴിഞ്ഞത്. സംഭവത്തിൽ പൂന്തുറ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
പത്തനാപുരം : ചലച്ചിത്ര-സീരിയല്‍-നാടക നടി ഗാന്ധിഭവന് കുടുംബാംഗം ലൗലി ബാബുവി െ ന്റ മാതാവ് കുഞ്ഞമ്മ പോത്തന് (93) അന്തരിച്ചു. ചേര്‍ത്തല എസ്എല്‍പുരം കുറുപ്പ് പറമ്പില്‍ ലൗലി ബാബു 2024 ജൂലൈ 16 നാണ് ഗാന്ധിഭവനില്‍ അഭയം തേടി എത്തിയത്. 93 വയസിന്റെ അവശതകളും അസുഖങ്ങളും നേരിട്ടിരുന്ന അമ്മയെ പരിചരിച്ച് മകള്‍ ലൗലി എപ്പോഴും കൂടെയുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു അന്ത്യം.
അമ്മയുടെ ആഗ്രഹംപോലെ നാട്ടിലുള്ള ഭൂമിയിലാണ് അന്ത്യകര്‍മങ്ങള്‍ നടത്തുക.
Kerala
തൃശൂർ: വീട്ടിൽ അച്ഛൻ, ക്ലാസിൽ മാഷ്, കലോത്സവത്തിൽ ഗുരു; കുമാരമംഗലം ശ്രീകുമാറിന്റെ ശിക്ഷണത്തിനു നന്ദന നൽകിയ ഗുരുദക്ഷിണ തുടർച്ചയായ നാലാം എ ഗ്രേഡ്’ തിളക്കം.
ഹയർസെക്കൻഡറി വിഭാഗം സംസ്കൃതം പദ്യംചൊല്ലലിലാണ് തിരുവനന്തപുരം പേരൂർക്കട ജിജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥി നന്ദന ശ്രീകുമാറിന്റെ വിജയമേളം. സിന്ധുവാണ് നന്ദനയുടെ അമ്മ.
Kerala
തൃശൂർ: അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടില്‍ മോഹിത്തിന്റെ ഭാര്യ ശില്പ (30), മകന് അക്ഷീജിത്ത് (അഞ്ചര വയസ്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവ് മോഹിത്ത് പനിയും ജലദോഷവും കാരണം മറ്റൊരു മുറിയിലായിരുന്നു രാത്രി കിടന്നുറങ്ങിയിരുന്നത്. മോഹിത്തിന്റെ മാതാപിതാക്കളായ രവീന്ദ്രനും രുഗ്മിണിയും വീട്ടിലുണ്ടായിരുന്നു.
രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.
അമല മേരി റാണി സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച അക്ഷീജിത്ത്. കുത്തിനെ കൊന്ന് അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതിയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
National
ന്യൂഡൽഹി: മാതാവിനെയും സഹോദരിയെയും പ്രായപൂർത്തിയാകാത്ത സഹോദരനെയും കൊലപ്പെടുത്തി യുവാവ് പോലീസിൽ കീഴടങ്ങി. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് സംഭവം.
യഷ്വീർ സിംഗ് എന്നയാളാണ് കൊലപാതകം നടത്തിയതെന്ന് ഡൽഹി ഈസ്റ്റ് ഡിസ്ട്രിക്റ്റിന്റെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) അഭിഷേക് ധനിയ പറഞ്ഞു.
പ്രതി തന്റെ 12കാരനായ സഹോദരനും, 26കാരിയായ സഹോദരിക്കും, ഏകദേശം 45 വയസുള്ള അമ്മയ്ക്കും ലഹരി വസ്തു നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷം മൂന്നുപേരെയും ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു.
കടുത്ത സാമ്പത്തിക സമ്മർദ്ദവും കടബാധ്യതയുമണ് സംഭവത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.
Movies
അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദനിക്കുന്ന കുറിപ്പുമായി നടി മാളവിക നായർ. അമ്മയുടെ മരണം ഒരു ദുഃസ്വപ്നമായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുകയാണെന്നും ഉണരുമ്പോൾ എന്നും പതിവുള്ള ചിരിയോടെ അമ്മ അരികിലുണ്ടെങ്കിൽ എന്ന് ആശിച്ചുപോകുന്നുവെന്നും മാളവിക കുറിച്ചു.
മാളവികയുടെ കുറിപ്പ്
ഇതൊരു ദുഃസ്വപ്നം മാത്രമായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോകുന്നു. ഉണരുമ്പോൾ, എപ്പോഴത്തെയും പോലെ പുഞ്ചിരിച്ചുകൊണ്ട് അമ്മ എന്റെയരികിൽ ഉണ്ടായിരുന്നെങ്കിൽ എന്ന്. അമ്മയായിരുന്നു എന്റെയെല്ലാം.
എന്റെ ഓരോ തീരുമാനങ്ങളിലെയും വഴികാട്ടി, ഞാൻ തളർന്നപ്പോൾ എന്റെ ശക്തി, ഞാൻ എവിടെയായിരുന്നാലും എന്റെ വീട്. അമ്മയെ നഷ്ടപ്പെട്ടത്, എനിക്ക് എന്നെ നയിച്ചിരുന്ന വെളിച്ചം നഷ്ടപ്പെട്ടതുപോലെയാണ്.
പക്ഷേ അമ്മേ, ഞാൻ ഒന്നുറപ്പ് തരുന്നു. അമ്മയുടെ സ്വപ്നങ്ങൾ ഞാൻ നിറവേറ്റും, എനിക്കായി അമ്മ ആഗ്രഹിച്ച ജീവിതം ഞാൻ ജീവിക്കും. എന്റെ ഓരോ ശ്വാസത്തിലും, ഞാൻ ചെയ്യുന്ന ഓരോ കാര്യത്തിലും അമ്മയുടെ സ്നേഹം എന്റെ കൂടെയുണ്ടാകും.
അമ്മയിപ്പോൾ അമ്മയുടെ അച്ഛന്റെയും അമ്മയുടെയും അടുത്ത് സമാധാനമായിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെയിരുന്ന് അമ്മ എന്നെ നോക്കിക്കാണുന്നുണ്ടാകും. അമ്മയെ വീണ്ടും കാണുന്നതിനായി ഞാൻ ദിവസങ്ങൾ എണ്ണി കാത്തിരിക്കും. 2025 എന്നെ തകർത്തു കളഞ്ഞത് എനിക്കൊരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത രീതിയിലായിരുന്നു. അമ്മയെ എന്നിൽ നിന്നും തട്ടിയെടുത്തതിന് ഈ വർഷത്തെ ഞാൻ വെറുക്കുന്നു.
ഹൃദയാഘാതം മൂലമായിരുന്നു മാളവികയുടെ അമ്മ സുചിത്രയുടെ അപ്രതീക്ഷിത മരണം. മാളവികയുടെ കൂടെ മുംബൈയിലായിരുന്നു സുചിത്ര താമസിച്ചിരുന്നത്.
Kerala
മലപ്പുറം: പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം.
തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലാണ് അപകടമുണ്ടായത്.
ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിബിനയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Movies
മോഹൻലാലിന്റെ അമ്മയ്ക്ക് അനുശോചനം നേർന്ന് മമ്മൂട്ടി പങ്കുവച്ച കുറിപ്പ് നൊമ്പരമുണർത്തുന്നു. മോഹൻലാലിനൊപ്പം തന്റെ മനസും വേദനിക്കുന്നുവെന്നാണ് അദ്ദേഹം കുറിച്ചത്.
നമുക്കെല്ലാവർക്കും ഒരുപാട് വേണ്ടപ്പെട്ട ഒരാളുടെ വേർപാടിൽ എന്റെ മനസും വേദനിക്കുന്നു. മനസ് തളരരുത്, പ്രിയപ്പെട്ട ലാൽ. മമ്മൂട്ടി കുറിച്ചു.
മോഹൻലാലിന്റെ അമ്മയുടെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ തന്നെ മമ്മൂട്ടി കൊച്ചിയിലെ വസതിയിലെത്തിയിരുന്നു. ജേഷ്ഠ്യസഹോദരന്റെ കരുതലോടെ ഓടിയെത്തിയ മമ്മൂട്ടി മോഹൻലാലിനെ ആശ്വസിപ്പിച്ചാണ് തിരികെ പോയത്.
രമേഷ് പിഷാരടി, നിർമാതാവ് ആന്റോ ജോസഫ്, ഹൈബി ഈഡൻ എംപി, ജോർജ് എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
Movies
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ പെരുമാറ്റത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും നടൻ അനൂപ് മേനോൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
മക്കളേ എന്നു വിളിച്ചുകൊണ്ടുള്ള ഹൃദയസ്പർശിയായുള്ള വിളിയിലൂടെ ശരിക്കും അവർ ഓരോരുത്തരുടെയും അമ്മ ആയി മാറുകയായിരുന്നുവെന്നും അനൂപ് പറയുന്നു.
അനൂപ് മേനോന്റെ കുറിപ്പിന്റെ പൂർണരൂപം
അമ്മ. ആ പേര് അവരുടേത് മാത്രമായിരുന്നു. അവരെ പരിചയപ്പെട്ട ഓരോരുത്തർക്കും, ആ ഹൃദയസ്പർശിയായ മക്കളേ എന്ന വിളിയിലൂടെ അവർ ശരിക്കും അമ്മയായി മാറി. ചാനലിനു വേണ്ടി ലാലേട്ടന്റെ അമ്മയെ ഇന്റർവ്യൂ ചെയ്യാൻ എത്തിയപ്പോഴാണ് ഞാൻ അമ്മയെ ആദ്യമായി കാണുന്നത്.
അന്ന് എനിക്ക് 23 വയസ്, ലാലേട്ടനെ എനിക്ക് വ്യക്തിപരമായി അറിയില്ല. ഒരു സൂപ്പർസ്റ്റാറിന്റെ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയോട് സംസാരിക്കാൻ പോകുന്നതിന്റെ പരിഭ്രമത്തിലായിരുന്നു ആ കൊച്ചു അവതാരകൻ. പേടിച്ച് വിറച്ച് വയറ്റിൽ തീപിടിച്ച അവസ്ഥയിലായിരുന്നു ഞാൻ.
അപ്പോഴാണ് ആ സമാധാനമേറിയ പുഞ്ചിരിയോടെയും ദയയുള്ള കണ്ണുകളോടെയും അവർ വന്നത്. ആ നിമിഷം തന്നെ ആ വീട് എന്റേതുകൂടിയാണെന്ന് എനിക്ക് തോന്നിപ്പോയി. എന്റെ കരിയറിൽ ആദ്യമായി, ഒരവതാരകൻ എന്ന നിലയിൽ ഞാൻ അങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കുകയല്ലായിരുന്നു; പകരം അമ്മ എന്നെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. ഇടയ്ക്കിടെ തന്റെ "ലാലുവിനെ" കുറിച്ചുള്ള കഥകൾ ഒരു പഴയ ബന്ധുവിനോടന്നപോലെ അമ്മ പറഞ്ഞുതന്നു.
അമ്മ ഞങ്ങൾക്ക് ഉച്ചഭക്ഷണം നൽകി, ചായ കുടിക്കാൻ നിർബന്ധിച്ചു. യാത്ര പറയുമ്പോൾ എന്റെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് എന്നെ അനുഗ്രഹിച്ചു: ‘‘മോൻ സിനിമയിൽ വരും കേട്ടോ’’. ഒരു ദിവസത്തെ ജോലിക്ക് വെറും 200 രൂപ മാത്രം പ്രതിഫലം വാങ്ങിയിരുന്ന, നിസഹായനായ ആ 23-കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷയുടെ നാളമായിരുന്നു ആ വാക്കുകൾ.
വർഷങ്ങൾക്ക് ശേഷം ലാലേട്ടനെ കണ്ടപ്പോൾ ആ അമ്മ പകർന്നുനൽകിയ അതേ സ്നേഹം അദ്ദേഹത്തിലും ഞാൻ കണ്ടു. കനൽ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ, അമ്മയുടെ അസുഖത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ അമ്മയെ ഇത്രയധികം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഒരു മകനെ ഞാൻ വേറെ കണ്ടിട്ടില്ല. പക്ഷേ ലാലേട്ടാ, അത് നിങ്ങളുടെ മനസിന്റെ നന്മ മാത്രമല്ല, മറിച്ച് അവർ അത്തരമൊരു അമ്മയും വ്യക്തിയും ആയതുകൊണ്ട് കൂടിയാണ്. ആ സ്നേഹം പൂർണമായും അവരുടേതായിരുന്നു. അമ്മേ, ഞങ്ങൾക്കെല്ലാവർക്കും അമ്മയെ മിസ് ചെയ്യും.
Movies
നടൻ മോഹൻലാലിന്റെ അമ്മ വിടവാങ്ങി. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാൾ കിടപ്പിലായിരുന്ന ശാന്തകുമാരി അമ്മ ചൊവ്വാഴ്ചയാണ് ഈ ലോകത്തു നിന്നും യാത്രയായത്. അമ്മയുടെ വിയോഗത്തിൽ മോഹൻലാലിനെ ആശ്വസിപ്പിക്കാൻ നിരവധിയാളുകളാണ് എളമക്കരയിലെ വീട്ടിലെത്തുന്നത്.
ഇന്ത്യൻ സിനിമയുടെ തന്നെ തലപ്പത്ത് നിൽക്കുമ്പോഴും മകന്റെ മൂന്ന് സിനിമകൾ കാണാൻ ശാന്തകുമാരിയമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. ഇക്കാര്യം ഒരു അഭിമുഖത്തിൽ തുറന്നുപറയുക തന്നെ ചെയ്തു ശാന്തകുമാരിയമ്മ. കിരീടം, ചെങ്കോൽ, താളവട്ടം എന്നിവയാണ് ഈ സിനിമകൾ.
ശാന്തകുമാരിയമ്മ അന്ന് പറഞ്ഞ വാക്കുകളിങ്ങനെ."കിരീടവും ചെങ്കോലും ഞാൻ കാണത്തില്ല. ഭയങ്കര കഷ്ടവ അത്. അടിയൊക്കെയാണ്. എനിക്ക് കാണണ്ട. ചെങ്കോൽ ഞാൻ കണ്ടിട്ടേ ഇല്ല. കിരീടം ആദ്യം കുറച്ച് കണ്ടു. പിന്നെ എനിക്ക് കാണണ്ട. താളവട്ടവും ഞാൻ കണ്ടിട്ടില്ല. അതൊന്നും കാണുകയും ഇല്ല. കിലുക്കം പോലുള്ള സിനിമകൾ കാണാൻ ഇഷ്ടമാണ്. ചിത്രം ലാസ്റ്റ് ഭാഗം ആയപ്പോൾ ഞാൻ എഴുന്നേറ്റ് പോയി'- എന്നായിരുന്നു ഒരു സ്വകാര്യ ചാനലിനോട് അന്ന് ശാന്തകുമാരിയമ്മ പറഞ്ഞത്.
പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലിരിക്കെയാണ് ശാന്തകുമാരിയമ്മയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്.
Movies
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ.
തിരുവനന്തപുരത്തെ കോളജ് പഠനകാലത്ത് അമ്മ പ്രകടിപ്പിച്ച സ്നേഹം ഓർത്തെടുത്തുകൊണ്ട് അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചു.
"അവർ എന്റെ ജ്യേഷ്ഠസഹോദരി കൂടിയായിരുന്നു. തിരുവനന്തപുരത്തെ കോളജ് പഠനകാലത്ത് അവർ എനിക്ക് നൽകിയ സ്നേഹവും കരുതലും മറക്കാനാവില്ല. ലോകത്തിന് ഒരു അതുല്യകലാകാരനെ അവർ സമ്മാനിച്ചു. അതിലേറെ, നല്ലൊരു മനുഷ്യനെക്കൂടി അവർ വളർത്തിയെടുത്തു. അമ്മയുടെ സ്നേഹം ലാലിന്റെ ഓരോ ചുവടുവെപ്പിലും പ്രതിധ്വനിക്കും. ഈ വലിയ ദുഃഖത്തിൽ ലാലിനൊപ്പം നിൽക്കുന്നു'.-അദ്ദേഹം കുറിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണം. ബുധനാഴ്ചയാണ് സംസ്കാരം.
Movies
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അവസാനമായി കാണാൻ നടൻ മമ്മൂട്ടിയെത്തി. എളമക്കരയിലെ വീട്ടിലേക്കാണ് മമ്മൂട്ടിയെത്തിയത്.
നടൻ രമേഷ് പിഷാരടി, നിർമാതാക്കളായ ആന്റോ ജോസഫ്, ജോർജ്, ആന്റണി പെരുമ്പാവൂർ, ഹൈബി ഈഡൻ എംപി എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് ശാന്തകുമാരി (90) അന്തരിച്ചത്. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. സംസ്കാരം ബുധനാഴ്ച.
Movies
തിരക്കേറിയ സിനിമ ജീവിതത്തിനിടയിലും മോഹൻലാൽ തന്റെ ലോകം അമ്മയ്ക്കായി മാറ്റിവച്ചിരുന്നു. മോഹൻലാലിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്ന വ്യക്തിയാണ് അമ്മ ശാന്തകുമാരി.
മോഹൻലാലിന്റെ ആദ്യകാല വില്ലൻ വേഷങ്ങൾ കണ്ട് അമ്മ വിഷമിക്കാറുണ്ടായിരുന്നു. സിനിമയിലാണെങ്കിൽ പോലും മകന് മർദനമേൽക്കുന്ന രംഗങ്ങൾ കാണുന്നത് വലിയ പ്രയാസമായിരുന്നു എന്ന് മോഹൻലാൽ വെളിപ്പെടുത്തിയിട്ടുണ്ട്.
പത്മരാജന്റെ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ശാന്തകുമാരിയും മോഹൻലാലിന്റെ അമ്മാവൻ രാധാകൃഷ്ണനും എത്തിയിരുന്നു. തൃശൂർ കേരളവർമ കോളജിലായിരുന്നു ഷൂട്ട്.
അമ്മ വന്നതിന്റെ പ്രസന്നത മുഴുവനും മോഹനൻലാലിന്റെ പ്രകടനത്തിൽ ഉണ്ടായിരുന്നുവെന്ന് പത്മരാജന്റെ മകൻ അനന്തപത്മാഭൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ ആദ്യം ചെയ്തത് അമ്മയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങുകയായിരുന്നു. സന്തോഷത്തിലും ദുഃഖത്തിലും എപ്പോഴും കൂടെയുണ്ടായിരുന്ന ആ തണൽ മാഞ്ഞു.
ശാന്തകുമാരിയുടെ 89ാം പിറന്നാൾ ദിവസം എളമക്കരയിലെ വീട്ടിൽ വച്ച് വലിയ ആഘോഷം നടത്തിയിരുന്നു. അമ്മയ്ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്.
വിശ്വശാന്തി ഫൗണ്ടേഷന് എന്ന മോഹൻലാലിന്റെ ചാരിറ്റബിൾ ട്രസ്റ്റിന് പേര് നൽകിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേർത്താണ്.
Kerala
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ(90) അന്തരിച്ചു.കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭർത്താവ്: പരേതനായ വിശ്വനാഥൻ നായർ. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്.
Kerala
പയ്യന്നൂർ: കുട്ടികളെ രണ്ടുപേരെയും അമ്മയ്ക്കൊപ്പം വിടാൻ കോടതി വിധി വന്നതോടെ വീട്ടിൽ കൂട്ടആത്മഹത്യ. പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയെന്ന് സൂചന.
രാമന്തളി വടക്കുമ്പാട് കെ.ടി. കലാധരൻ (38), അമ്മ ഉഷ (60), കലാധരന്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഉഷയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോൾ വീട് അടച്ച നിലയിലായിരുന്നു. വിളിച്ചിട്ട് ആരു പ്രതികരിക്കാതെ വന്നതിന് പിന്നാലെ നോക്കുമ്പോഴാണ് വീടിനു മുന്നിൽ എഴുതി വച്ചിരുന്ന കത്ത് ഉണ്ണികൃഷ്ണൻ കാണുന്നത്. ഇതോടെ ഉണ്ണികൃഷ്ണൻ കത്തുമായി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.
തുടർന്ന് പോലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കൾ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുയി കണ്ടെത്തിയത്. കലാധരനും ഭാര്യ നയൻതാരയും തമ്മിൽ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി വന്നത്. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നത്.
Kerala
കോഴിക്കോട്: കാക്കൂരിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പോലീസ് കണ്ട്രോള് റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. പോലീസ് സംഭവത്തിൽ കേസെടുത്തു.
Kerala
തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ കയറി അമ്മയേയും മകനെയും ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വർക്കല തെറ്റിക്കുളം സ്വദേശി അനുശങ്കർ, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലാത്. ഇരുവരും സഹോദരന്മാരാണ്
തെറ്റിക്കുളം സ്വദേശി ശശികലയ്ക്കും മകൻ അമ്പിളിദാസിനുമാണ് മർദ്ദനമേറ്റത്. കഴിഞ്ഞ പതിനൊന്നാം തിയതി ചെറുന്നിയൂർ മാടൻ നട ക്ഷേത്രപറമ്പിൽ പ്രതികൾ ബഹളം ഉണ്ടാക്കിയത് ഇവർ പോലീസിനെ വിളിച്ച് അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
പ്രതികളുടെ അച്ഛന്റെ സഹോദരിയാണ് ശശികല. അറസ്റ്റ് ചെയ്ത പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
മഞ്ചേശ്വരം: മൂന്നുമാസം പ്രായമുള്ള കുട്ടിയുടെ അമ്മയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. ഉപ്പള സോങ്കാലിലെ മൊയ്തീന് സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന (25) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി വരാനിരിക്കേ പുതിയ ഹര്‍ജിയുമായി കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുനിയുടെ അമ്മ ശോഭന ഹര്‍ജി നല്‍കിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ക്വട്ടേഷൻ പണമായ ഒരു ലക്ഷം രൂപ സുനിയുടെ അമ്മയുടെ യൂണിയൻ ബാങ്കിന്റെ പെരുമ്പാവൂർ ശാഖയിലെ അക്കൗണ്ടിൽ എത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അപേക്ഷ നൽകിയാണ് അന്വേഷണ സംഘം അക്കൗണ്ട് മരവിപ്പിച്ചത്.
നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് വിധിപറയുന്നത്.
National
ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചു പശ്ചിമ ബംഗാളിൽനിന്നു ബംഗ്ലാദേശിലേക്ക് നാടു കടത്തിയ യുവതിയെയും എട്ടു വയസുള്ള മകനെയും തിരികെ കൊണ്ടുവരാമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി.
സുനാലി ഖാത്തൂൻ, ഭർത്താവ് ഡാനിഷ് അലി, ഇവരുടെ മകൻ എന്നിവരുൾപ്പെടെ ബംഗ്ലാദേശിലേക്കു നാട് കടത്തിയ ആറ് പശ്ചിമബംഗാൾ സ്വദേശികളെ ഒക്ടോബർ 26നകം തിരികെയെത്തിക്കാൻ നേരത്തേ കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ കേന്ദ്രം നൽകിയ അപ്പീൽ പരിഗണിക്കവെയാണു മാനുഷിക പരിഗണനന മുൻനിർത്തി ഗർഭിണിയായ സുനാലി ഖാത്തൂനെയും മകനെയും എത്രയും വേഗം തിരികെയെത്തിക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്രത്തിനു നിർദേശം നൽകിയത്.
സുനാലി ഖാത്തൂനും മകനും സൗജന്യ പരിചരണവും ആവശ്യമായ സൗകര്യങ്ങളും നൽകണം. അമ്മയെയും കുട്ടിയെയും വേർപെടുത്തരുത്. ഇരുവർക്കും സൗജന്യ പരിചരണവും സൗകര്യങ്ങളും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
20 വർഷമായി ഡൽഹിയിൽ ആക്രി ശേഖരിച്ച് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന പശ്ചിമബംഗാൾ സ്വദേശികളായ സുനാലി ഖാത്തൂൻ, ഭർത്താവ് ഡാനിഷ്, എട്ടുവയസുകാരൻ മകൻ എന്നിവരെയും ബീർഭൂം ജില്ലയിലെ ധിത്തോറ ഗ്രാമത്തിലെ 32 വയസുകാരി സ്വീറ്റി ബീബിയെയും അവരുടെ രണ്ട് ആണ്മക്കളെയും ഡൽഹി പോലീസ് കസ്റ്റഡയിലെടുത്ത് ബിഎസ്എഫിനു കൈമാറി ജൂണ്‍ 26നാണ് അതിർത്തി കടത്തിയത്.
തുടർന്ന് സുനാലി ഖാത്തൂന്റെ പിതാവ് ഭോഡു നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇവരെ തിരികെ ഇന്ത്യയിലേക്കെത്തിക്കാൻ പരമോന്നത കോടതി ഉത്തരവിട്ടത്. ഭോഡു ഷെയ്ഖിന്റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും സുനാലി അദ്ദേഹത്തിന്റെ മകളാണെങ്കിൽ അവരും മക്കളും പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരന്മാരായിരിക്കുമെന്നും കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ അമ്മയെ മകൻ അടിച്ചുക്കൊന്നു. നെടുമ്പാശേരിയിൽ താമസിക്കുന്ന അനിത (75) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഞായറാഴ്ചയാണ് അനിതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. മകൻ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്.
എന്നാൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പോസ്റ്റ്മോർട്ടത്തിൽ അനിതയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു. അമ്മയും മകനും വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
സംശയം തോന്നിയ പോലീസ് മകനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവരുന്നത്. വടികൊണ്ടും അമ്മിക്കല്ല് കൊണ്ടും അടിച്ചുകൊണ്ടാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് മകൻ പോലീസിനോട് സമ്മതിച്ചു.