ഹരിപ്പാട്: പ്രസവിച്ചയുടൻ നവജാതശിശുവിനെ യുവതി ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. ആശുപത്രിക്കുപുറത്ത് സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബുകൾക്കും പൈപ്പുകൾക്കും ഇടയിലേക്കു വീണ പെൺകുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച അർധരാത്രി 12 ഓടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലായിരുന്നു മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. ക്രൂരത കാട്ടിയ വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ 19കാരിക്കെതിരേ പോലീസ് കേസെടുത്തു. നിലവിൽ പോലീസ് സംരക്ഷണയിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണു വിവരം.
തിങ്കളാഴ്ച രാത്രി 9.30 ഓടെ യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്നാണ് പിതാവും സഹോദരങ്ങളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞത്.
യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12ന് യുവതി ശുചിമുറിയിൽ കയറി.
ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെത്തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയംതന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽനിന്ന് കുഞ്ഞിന്റെ കരച്ചിലും കേൾക്കുകയായിരുന്നു.
ശുചിമുറിയുടെ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്ക് എറിയുകയായിരുന്നുവത്രെ. വീണ സ്ഥലത്തിന് തൊട്ടടുത്ത് സെപ്റ്റിക് ടാങ്കിന്റെ വലിയ കോൺക്രീറ്റ് സ്ലാബും പിവിസി പൈപ്പുകളുമൊക്കെ ഉണ്ടായിരുന്നെങ്കിലും കുഞ്ഞ് കൃത്യമായി അതിന്റെ നടുവിലുള്ള മണ്ണിലേക്കാണു വീണത്. പ്രസവത്തിനുശേഷം കുഞ്ഞിന് മുലപ്പാൽ നൽകാൻ പോലും അമ്മ തയാറായില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആശുപത്രി അധികൃതർ ഉടൻതന്നെ ഹരിപ്പാട് പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് സംരക്ഷണയിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.