ചിന്നത്താമ്മ
കൊല്ലം: കുളത്തൂപ്പുഴയിൽ അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തിയ മകനെതിരെ കേസെടുത്ത് പോലീസ്. കുളത്തൂപ്പുഴ ആർപിഎൽ 2എഫ് കോളനിയിൽ താമസിക്കുന്ന ചിന്നത്താമ്മയുടെ (80) മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി മൂന്ന് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ചത്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് കൃഷ്ണസ്വാമിയെന്ന് നാട്ടുകാർ പറയുന്നു.
മൂന്ന് ദിവസം മുൻപാണ് ചിന്നത്താമ്മ മരണപ്പെട്ടത്. അന്ത്യകർമ്മങ്ങൾ നടത്തുന്നതിനായി തമിഴ്നാട്ടിൽ നിന്ന് ഒരാളെ വിളിച്ചിരുന്നതായും, അയാൾ എത്താൻ വൈകിയതുകൊണ്ടാണ് മൃതദേഹം സംസ്കരിക്കാതെ വീട്ടിൽ സൂക്ഷിച്ചതെന്നുമാണ് കൃഷ്ണസ്വാമിയുടെ മൊഴി.
കൃഷ്ണസ്വാമിയുടെ മകൾ അച്ഛനെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. മുത്തശ്ശിയെക്കുറിച്ച് അന്വേഷിച്ച മകളോട് "മുറിയിൽ കട്ടിലിൽ കിടത്തിയിരിക്കുകയാണ്, മൂന്ന് ദിവസമായി മരിച്ചിട്ട്' എന്നായിരുന്നു ഇയാൾ നൽകിയ മറുപടി. തുടർന്ന് മകൾ ഉടൻ തന്നെ പഞ്ചായത്ത് മെമ്പറെ വിവരം അറിയിക്കുകയും, മെമ്പർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയും, മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. സംഭവത്തിൽ കൃഷ്ണസ്വാമിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Tags : Police Mother Death Deepika DeepikaNewspaper BreakingNews NewsUpdate Headlines