പ്രതീകാത്മക ചിത്രം
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം നടക്കുന്നത്. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് താൻ പ്രസവിച്ച കുഞ്ഞിനെ അപരിചിതയായ മറ്റൊരു സ്ത്രീയെ ഏൽപ്പിച്ച ശേഷം സ്ഥലംവിട്ടത്.
കുഞ്ഞുമായി അപരിചിതയായ സ്ത്രീ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് ഈ വിവരം പുറത്തറിയുന്നത്. ഇതോടെ കുഞ്ഞിനെ വനിതാ പോലീസിന്‍റെ സംരക്ഷണയിൽ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അവിടെ ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം കുഞ്ഞിനെ തിരികെ സ്റ്റേഷനിലേക്ക് എത്തിച്ചു.
കുഞ്ഞുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ പോലീസ് നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മാതാവ് ആശുപത്രിയിൽ നൽകിയിരുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
സംഭവത്തിൽ മെഡിക്കൽ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ മാതാവിനെ എത്രയും വേഗം കണ്ടെത്താനുള്ള നടപടികൾ പോലീസിന്‍റെ നേതൃത്വത്തിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്.
Tags : Mother Abandons Deepika DeepikaNewspaper BreakingNews NewsUpdate Headlines