പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ രേവ ജില്ലയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. സംഭവത്തെ തുടർന്ന് രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ ഡ്യൂട്ടി ഡോ. സോണൽ അഗർവാൾ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. നിധി പാണ്ഡെ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കൽപ്പന മിശ്രയും കുഞ്ഞുമാണ് മരിച്ചത്. കൽപ്പനയുടെ ബന്ധുക്കളോട് മോശമായി പെരുമാറിയതിനെ തുടർന്ന് രണ്ട് നഴ്സുമാർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല അറിയിച്ചു.
ഓഗസ്റ്റ് 26-ന് പുലർച്ചെയാണ് കൽപ്പനയെ ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രാത്രി പ്രസവത്തിനിടെ കൽപ്പനയും കുഞ്ഞും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉയർന്ന രക്തസമ്മർദവും കരളിന്റെ പ്രവർത്തനത്തിലെ വ്യതിയാനങ്ങളുമാണ് യുവതിയുടെ ആരോഗ്യനില വഷളാക്കിയതായി മെഡിക്കൽ രേഖകൾ വ്യക്തമാക്കുന്നു.
ചികിത്സയിലെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നു മധ്യപ്രദേശ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ല പറഞ്ഞു.
Tags : Deepika BreakingNews Mother Die Childbirth