വരന്തരപ്പിള്ളി: വരാക്കര പയ്യാക്കരയിൽ വയോധികയുടെ മരണം കൊലപാതകമെന്നു സ്ഥിരീകരിച്ചു. പയ്യാക്കര മേച്ചേരി വീട്ടിൽ എൽസി (75)യെ മകൻ ബിനോയ്(48) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലിസ് അറിയിച്ചു. ബിനോയിയെ വരന്തരപ്പിള്ളി പൊലിസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച നടന്ന പോസ്റ്റ്മോർട്ടത്തിലാണ് എൽസിയെ ശ്വാസംമുട്ടിച്ചു കൊന്നതാണെന്നു സ്ഥിരീകരിച്ചത്.
എൽസിയുടെ ഭർത്താവ് വർഗീസിന്റെ സഹോദരി മൽപ്പാൻവീട്ടിൽ ആനിയുടെ വീട്ടിലാണ് രണ്ടുവർഷത്തോളമായി എൽസിയും മകൻ ബിനോയിയും താമസിച്ചിരുന്നത്.
ആനിയും മകൻ നിജോയും കഴിഞ്ഞ ശനിയാഴ്ച മുതൽ മറ്റൊരിടത്തായിരുന്നു. എൽസിയും മകൻ ബിനോയിയും മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ ആളനക്കം കാണാത്തതിനെത്തുടർന്ന് അയൽവാസി വന്നു നോക്കിയപ്പോഴാണ് എൽസിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹാളിൽ അടുക്കള വാതിലിനു സമീപത്തായി നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
എൽസിയുടെ തലയിൽ ചെറിയ മുറിവുള്ളതായി പൊലിസ് കണ്ടെത്തിയിരുന്നു. ഈ സമയത്ത് വീടിനുള്ളിൽ മദ്യപിച്ച നിലയിലായിരുന്നു ബിനോയി. അയൽവാസികൾ വന്നപ്പോഴാണു സംഭവം അറിഞ്ഞതെന്നാണ് ഇയാൾ പൊലിസിനു മൊഴി നൽകിയിരിക്കുന്നത്. ബുധനാഴ്ച പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി വന്നതോടെയാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. എൽസിയുടെ സംസ്കാരം നടത്തി.
Tags : woman's death murder son arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash