അബിൻ വർക്കി
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ എസ്എഫ്ഐ ബോധപൂർവം സംഘർഷമുണ്ടാക്കിയതാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അബിൻ വർക്കി എംഎൽഎ. യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ ബിജെപിയുടെ സ്ലീപ്പർ സെല്ലുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐക്കാർ എന്ന വ്യാജേന എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോയെന്ന് സിപിഎം പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഹോസ്റ്റലിൽ എങ്ങനെ ബിയർ കുപ്പികൾ വന്നുവെന്ന് പരിശോധിക്കണമെന്നും അബിൻ വർക്കി പറഞ്ഞു.
യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടക്കുന്നത് അരാജകത്വമാണ്. യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പന്തം കത്തിച്ച ഉടനെ ബിയർ കുപ്പികൾ ഹോസ്റ്റലിൽ നിന്നും വലിച്ചെറിഞ്ഞു. മാർച്ച് തുടങ്ങിയ ശേഷവും കല്ലേറുണ്ടായെന്നും അബിൻ വർക്കി ആരോപിച്ചു.
യൂണിവേഴ്സിറ്റി കോളേജിന് സമീപം പാർക്ക് ചെയ്തിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങൾ അടിച്ചു തകർത്തു. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരത്തിൽ എസ്എഫ്ഐയ്ക്ക് ഹാലിളകുന്നത് എന്തിനെന്നും അബിൻ വർക്കി എംഎൽഎ ചോദിച്ചു.
Tags : AbinVarkey SFI Pathanamthitta Congress NewsUpdate Headlines