അർജുൻ ആയങ്കി (File photo)
കണ്ണൂര്: ആഭ്യന്തര മന്ത്രിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച കേസിൽ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെത്തി. കഴിഞ്ഞദിവസം അർജുനെ പോലീസ് പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന്റെ സ്റ്റെയർകെയ്സിനടിയിലെ ഷൂ റാക്കിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. അർജുൻ ആയങ്കിയെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെടുത്തത്.
തലശേരി സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അർജുനെ തലശേരി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂർ സൈബർ പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്.
ഇത് കോടതി അനുവദിക്കുകയായിരുന്നു. അറസ്റ്റിലായപ്പോൾ സിം കാർഡില്ലാത്ത മൊബൈൽ ഫോൺ ആയിരുന്നു അർജുന്റെ കൈവശമുണ്ടായിരുന്നത്. ഇത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനായിരുന്നുവെന്നാണ് പോലീസിന്റെ വാദം.
കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ച അർജുൻ ആയങ്കിയെ കണ്ണൂർ എസിപി എം.പി. ആസാദ്, സൈബർ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
ഇതിനിടെ ആയങ്കിയെ കാപ്പ കേസിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും പോലീസ് ഊർജിതമാക്കി. ഈ ആഴ്ച തന്നെ ഇതുസംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് നല്കുമെന്നാണ് അറിയുന്നത്.
Tags : ArjunAyanki MobilePhone Police