പ്രതീകാത്മക ചിത്രം
ജക്കാർത്ത: ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ നിന്ന് ലൊംബോക്കിലേയ്ക്ക് പോയ ഫെറിക്ക് തീപിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ 172 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചില യാത്രക്കാരെ കാണാതായതായും അവർക്കായി തെരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ബാലിയിലെ പദാംഗ്ബോയി തുറമുഖത്ത് നിന്ന് ലൊംബോക്കിലെ ലെംബർ തുറമുഖത്തേക്ക് പോകുകയായിരുന്ന കെഎം പുത്രി യാസ്മിൻ എന്ന ഫെറിയിലാണ് തീപിടിത്തമുണ്ടായത്. ലൊംബോക്ക് കടലിടുക്കിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക രക്ഷാപ്രവർത്തന ഏജൻസി മേധാവി മുഹമ്മദ് ഹരിയാദി പറഞ്ഞു.
രക്ഷപ്പെടുത്തിയ 172 പേരെ ബാലിയിലെയും ലൊംബോക്കിലെയും തുറമുഖങ്ങളിലേയ്ക്ക് മാറ്റി. മരിച്ചയാൾ ഇന്തോനേഷ്യൻ പൗരനാണ്. രക്ഷപ്പെട്ടവരിൽ ഒരാൾ ഓസ്ട്രേലിയക്കാരനാണെന്നും ബാക്കിയുള്ളവർ ഇന്തോനേഷ്യക്കാരാണെന്നും അധികൃതർ അറിയിച്ചു.
അപകടസ്ഥലത്തേക്ക് നിരവധി ബോട്ടുകൾ അയച്ച് രക്ഷാപ്രവർത്തനം നടത്തിയതായി ഹരിയാദി പറഞ്ഞു. 200ലധികം രക്ഷാപ്രവർത്തകരെയാണ് ദൗത്യത്തിനായി വിന്യസിച്ചിരിക്കുന്നത്.
ഫെറിക്ക് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. ഫെറിയിൽ അമിതമായി യാത്രക്കാരുണ്ടായിരുന്നോ എന്ന കാര്യവും അധികൃതർ പരിശോധിച്ചുവരികയാണ്.
Tags : ferry bali lombok catches fire death