പ്രതീകാത്മക ചിത്രം
സനാ: യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൗദി പിന്തുണയോടെ യെമൻ ഭരണകൂടം പുതിയ സൈനിക നടപടി ആരംഭിച്ചു. രാജ്യത്തിന്റെ പരമാധികാരം പൂർണമായി വീണ്ടെടുക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി വ്യക്തമാക്കി.
2014 മുതൽ തലസ്ഥാനമായ സനാ ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ പ്രധാന പാതയായ ബാബ് അൽ മന്ദബ് കടലിടുക്കും അതിനോട് ചേർന്നുള്ള ഏകദേശം 150 കിലോമീറ്ററോളം വരുന്ന ചെങ്കടൽ തീരപ്രദേശവും ഹൂതികൾ പിടിച്ചെടുത്തിരുന്നു. അടുത്തിടെ തന്ത്രപ്രധാനമായ തായിസ് നഗരത്തെ സർക്കാരിന്റെ താൽക്കാലിക തലസ്ഥാനമായ അദനുമായി ബന്ധിപ്പിക്കുന്ന വിതരണ പാത ഹൂതികൾ പിടിച്ചെടുക്കുകയും നഗരത്തെ ഉപരോധിക്കുകയും ചെയ്തതാണ് പുതിയ സൈനിക നീക്കത്തിന് കാരണം.
ഹൂതികളുടെ സൈനിക താവളങ്ങളിൽ നിന്നും വിതരണ പാതകളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ആയുധം വച്ചു കീഴടങ്ങുന്ന വിമതർക്ക് പൊതുമാപ്പ് നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.
അതേസമയം സൗദി സഖ്യസേന തങ്ങൾക്ക് നേരെ 50-ഓളം വ്യോമാക്രമണങ്ങൾ നടത്തിയെന്ന് ഹൂതികൾ ആരോപിച്ചു. ഇതിന് മറുപടിയായി റിയാദിലെ സൗദി അരാംകോയുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും അവർ അവകാശപ്പെട്ടു.
Tags : recapture Houthi-controlled areas Yemen Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews