പ്രതീകാത്മക എഐ ചിത്രം
വാഷിംഗ്ടൺ: ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങളുടെ ഭാഗമായി ചന്ദ്രനിൽ ആണവ റിയാക്ടറുകൾ നിർമിക്കാൻ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾ തമ്മിൽ കടുത്ത മത്സരം നടക്കുന്നതായി റിപ്പോർട്ട്. ചന്ദ്രനിൽ സ്ഥിരമായ താവളങ്ങൾ നിർമിക്കാനും വിഭവങ്ങൾ കണ്ടെത്താനും സൗരോർജത്തിന് പുറമെ ആശ്രയയോഗ്യമായ ഊർജ സ്രോതസ്സ് എന്ന നിലയിലാണ് ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ രാജ്യങ്ങൾ പദ്ധതിയിടുന്നത്.
അമേരിക്കയുടെ നേതൃത്വത്തിൽ 2030-ഓടെ ചന്ദ്രനിൽ ആണവ റിയാക്ടർ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പ്രവർത്തിക്കുന്നതിനായി നാസ കരാറുകാരുടെ സഹായം തേടിയിട്ടുണ്ട്. അഞ്ച് വർഷത്തോളം തകരാറുകൾ കൂടാതെ പ്രവർത്തിക്കാൻ ശേഷിയുള്ള 20 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന റിയാക്ടറാണ് അമേരിക്ക ലക്ഷ്യമിടുന്നത്. അതേസമയം, ചൈനയുമായുള്ള സംയുക്ത പദ്ധതിയുടെ ഭാഗമായി 'സെലീന' എന്ന പേരിൽ പത്ത് വർഷം വരെ സ്വയം പ്രവർത്തിക്കാൻ ശേഷിയുള്ള റിയാക്ടർ നിർമ്മിക്കാനാണ് റഷ്യയുടെ പദ്ധതി.
ചന്ദ്രനിൽ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന രാത്രികളിൽ സൗരോർജം ലഭ്യമല്ലാതാകുന്ന സാഹചര്യത്തിലാണ് ആണവ ഊർജത്തെ ആശ്രയിക്കാൻ രാജ്യങ്ങൾ തയ്യാറെടുക്കുന്നത്.
എന്നാൽ, ബഹിരാകാശത്ത് ആണവ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് വലിയ സുരക്ഷാ ആശങ്കകൾക്കും വഴിവെച്ചിട്ടുണ്ട്. വിക്ഷേപണ വേളയിലോ മറ്റോ ഉണ്ടാകുന്ന അപകടങ്ങൾ റേഡിയോ ആക്ടീവ് വസ്തുക്കൾ പുറന്തള്ളാൻ ഇടയാക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
കൂടാതെ, 1967 ലെ ബഹിരാകാശ ഉടമ്പടി പ്രകാരം ഒരു രാജ്യത്തിനും ചന്ദ്രനിൽ അവകാശവാദമുന്ന യിക്കാനാകില്ലെങ്കിലും, ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്നതോടെ ചന്ദ്രനിൽ പ്രത്യേക നിയന്ത്രിത മേഖലകൾ രൂപപ്പെടാൻ സാധ്യതയുണ്ടോ എന്ന ആശങ്കയും വിദഗ്ദ്ധർ പങ്കുവെയ്ക്കുന്നുണ്ട്.
Tags : LunarNuclearReactor NASA Outer Space Treaty Moon Exploration Space Technology.