പ്രതീകാത്മക ചിത്രം
കാഷ്മീർ: കാഷ്മീരിലെ വനമേഖലകളിൽ പാകിസ്ഥാൻ ഭീകരർ മൊബൈൽ ഫോണുകളും സിം കാർഡുകളും ഒഴിവാക്കി പുതിയ ആശയവിനിമയ ശൃംഖലയായ 'ലോറ' ഉപയോഗിക്കുന്നതായി സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. ടവറോ സിം കാർഡോ വൈഫൈയോ ആവശ്യമില്ലാത്ത ഈ അത്യാധുനിക ഓഫ്-ഗ്രിഡ് റേഡിയോ സംവിധാനം കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണെന്നത് സുരക്ഷാ സേനയ്ക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.
അടുത്തകാലത്ത് നടന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട പാകിസ്ഥാൻ ഭീകരരിൽ നിന്ന് ഇത്തരം അത്യാധുനിക ഉപകരണങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തിരുന്നു. സെപ്റ്റംബർ 29-ന് ബുദ്ഗാമിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ മുഹമ്മദ് ആസിഫ് വധിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പക്കൽ നിന്ന് 'ലോറ അൾട്രാ' എന്ന ഉപകരണം കണ്ടെടുത്തിരുന്നു. സാധാരണ വാക്കീ-ടോക്കികളിൽ നിന്ന് വ്യത്യസ്തമായി എൻക്രിപ്റ്റ് ചെയ്തതും മെഷ് ശൃംഖലയിൽ പ്രവർത്തിക്കുന്നതുമാണ് ഈ ഉപകരണങ്ങൾ.
സിം കാർഡോ ലൊക്കേഷൻ പിംഗോ ഇല്ലാതെ തന്നെ വനമേഖലയിൽ 10 മുതൽ 15 കിലോമീറ്റർ വരെ ദൂരത്തിൽ സന്ദേശങ്ങളും ജിപിഎസ് വിവരങ്ങളും കൈമാറാൻ ഇതിലൂടെ സാധിക്കും. പാകിസ്ഥാൻ നൽകുന്ന പിന്തുണയോടെ ചൈന നിർമിത സാങ്കേതികവിദ്യയാണ് ഭീകരർ ഇതിനായി ഉപയോഗിക്കുന്നതെന്നാണ് നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷന്റെ വിലയിരുത്തൽ. ഈ പുതിയ ഭീഷണി നേരിടാൻ ദക്ഷിണ കാഷ്മീരിലെ വനമേഖലകളിൽ സ്പെക്ട്രം സ്കാനറുകളും ജാമറുകളും ഉപയോഗിച്ച് സുരക്ഷാ സേന പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Tags : LoRaTechnology KashmirSecurity CounterTerrorism Pakistan-China Tech Link IndianArmy.