കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കൊച്ചി: കേരളത്തിലെ ആശുപത്രികള്‍ വികസിതരാജ്യങ്ങളോടു കിടപിടിക്കുന്ന ലോകോത്തര നിലവാരമാണു പുലര്‍ത്തുന്നതെന്ന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന് ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് ഹാര്‍ട്ട്കെയര്‍ ഫൗണ്ടേഷനും ലിസി ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ഹൃദയസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദഗ്ധരായ ഡോക്ടര്‍മാരും സേവനസന്നദ്ധരായ നഴ്സുമാരും നമ്മുടെ ആരോഗ്യരംഗത്തിന്റെ കരുത്താണ്. അവയവദാനവും ശസ്ത്രക്രിയകളും ആരും ഭയക്കേണ്ടതില്ല. 15 വര്‍ഷം മുമ്പ് വൃക്കദാനം ചെയ്തതും അടുത്തിടെ ലിസി ആശുപത്രിയില്‍ ഓപ്പണ്‍ ഹാര്‍ട്ട് വാല്‍വ് സര്‍ജറിക്കു വിധേയനായപ്പോള്‍ ലഭിച്ച മികച്ച പരിചരണവും സ്വന്തം അനുഭവമായി അദ്ദേഹം സദസിനോട് വിശദീകരിച്ചു. മികച്ച സൗകര്യങ്ങള്‍ ലഭ്യമായതുകൊണ്ട് ആളുകള്‍ക്ക് ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കുന്നു എന്നത് നമ്മുടെ ആരോഗ്യമേഖലയുടെ നേട്ടത്തിന് ഉദാഹരണമാണെന്നും ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി.
സന്തോഷമാണു ഹൃദയാരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് ചെയര്മാന് പത്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകളിലൂടെ കടന്നുപോകുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിതത്തിന്റെ സ്വാഭാവിക താളത്തിലേക്കു മടങ്ങിവരാന്‍ കുടുംബാംഗങ്ങള്‍ നല്കുന്ന സ്നേഹവും കരുത്തും വിലമതിക്കാനാകാത്തതാണ്.
13 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ കളമശേരി സ്വദേശി ഡിനോയ് എന്ന യുവാവ് തളരാത്ത ഇച്ഛാശക്തിയോടെ അടുത്തിടെ ഓസ്ട്രേലിയയില്‍ നടന്ന വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ പങ്കെടുത്ത് നാലാംസ്ഥാനം കരസ്ഥമാക്കിയത് ഏവര്‍ക്കും വലിയ അഭിമാനവും പ്രചോദനവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ വൊക്കേഷണല്‍ എക്സലന്‍സ് പുരസ്കാരം കാര്‍ഡിയോതൊറാസിക് അനസ്തേഷ്യ വിദഗ്ധനും ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ സീനിയര്‍ ഗ്രേഡ് പ്രഫസറുമായ ഡോ. തോമസ് കോശിക്ക് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സമ്മാനിച്ചു. 50,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ലിസി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഡോ. പോള്‍ കരേടന് സംഗമത്തില്‍ വിശിഷ്ടാതിഥിയായിരുന്നു. ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സീനിയര്‍ കണ്‍സള്‍ട്ടന്റും ഫൗണ്ടേഷന് ട്രസ്റ്റിയുമായ ഡോ. ജോ ജോസഫ്, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് ട്രസ്റ്റി ഡോ. ജേക്കബ് ഏബ്രഹാം, റോട്ടറി ക്ലബ് ഓഫ് കൊച്ചിന് ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ജോണ്‍ ടി. ജോണ്‍, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന് സിഇഒ ലിമി റോസ് ടോം എന്നിവര്‍ പങ്കെടുത്തു. ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയരായ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലിന്റെ ഭാഗമായി ബോധവത്കരണ ക്ലാസും വിദഗ്ധര്‍ പങ്കെടുത്ത മെഡിക്കല്‍ പാനല്‍ ചര്‍ച്ചയും നടന്നു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Kerala's health sector world-class standard: