ഡൽഹി പൊലിസ്
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ വനിതാ മാധ്യമപ്രവർത്തകർക്കുനേരേ ഡൽഹി പൊലിസ് ഉദ്യോഗസ്ഥർ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതി ക്രൈംബ്രാഞ്ചിനു കൈമാറി.
മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ ശനിയാഴ്ച നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മൂന്ന് വനിതാ മാധ്യമപ്രവർത്തകർക്കാണ് അതിക്രമം നേരിട്ടത്. നിഷ്പക്ഷ അന്വേഷണത്തിനായാണു കേസ് ക്രൈംബ്രാഞ്ചിനു വിട്ടതെന്നാണ് ഡൽഹി പൊലിസിന്റെ വിശദീകരണം.
അസി. പൊലിസ് കമ്മീഷണർക്കെതിരേ വനിതാ മാധ്യമപ്രവർത്തക നൽകിയ പരാതി സ്വീകരിക്കാനോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ പൊലിസ് തയാറാകാതിരുന്നതിനെത്തുടർന്ന് ശനിയാഴ്ച രാത്രി പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷൻ മാധ്യമപ്രവർത്തകർ ഉപരോധിച്ചിരുന്നു.ഉപരോധത്തിനു പിന്തുണയുമായി യൂത്ത് കോൺഗ്രസ്, ആം ആദ്മി പാർട്ടി നേതാക്കളും സ്റ്റേഷനുമുന്നിലെത്തി.
ബുധനാഴ്ച രാവിലെ പ്രതിഷേധം വീണ്ടും ശക്തമായതോടെ കൂടുതൽ വെളിപ്പെടുത്തലുകളുമായി മറ്റു രണ്ട് വനിതാ മാധ്യമപ്രവർത്തകരും ഒരുകൂട്ടം വിദ്യാർഥിനികളും രംഗത്തെത്തി. തങ്ങൾക്കും സമാനമായ അനുഭവമുണ്ടായെന്ന് ഇവർ വെളിപ്പെടുത്തി. ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ സൗരഭ് ഭരദ്വാജ്, സിപിഎം നേതാവ് വൃന്ദ കാരാട്ട്, സിജെപി വക്താവ് സൗരഭ് ദാസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് തുടങ്ങിയവർ പ്രക്ഷോഭകർക്ക് പിന്തുണയുമായി എത്തിയതോടെ പ്രതിഷേധം കനത്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി പറയണമെന്നു രാഹുൽ ഗാന്ധി
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഈ അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
സ്ത്രീകൾക്കു സംരക്ഷണം നൽകേണ്ട പൊലിസ് തന്നെ അവർക്കു ഭീഷണിയാകുന്ന ഭയാനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് പ്രിയങ്ക ഗാന്ധി എംപി കുറ്റപ്പെടുത്തി.
ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികവത്കരിക്കാൻ കഴിയില്ലെന്നും ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം മാധ്യമപ്രവർത്തകർക്ക് ഉറപ്പാക്കണമെന്നും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തിൽ നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സും കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സും (ഡൽഹി ഘടകം) ആവശ്യപ്പെട്ടു.
Tags : Deepika DeepikaNewspaper BreakingNews NewsUpdate Sexual harassment female journalists