ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് വരികയായിരുന്ന ഫ്ലൈദുബായ് വിമാനത്തിന് നേരെ ഒമാനി സഹപൈലറ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായ ആക്രമണശ്രമത്തെ തുടർന്ന്, ഇസ്രയേലിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ സുരക്ഷ സമഗ്രമായി പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടു.
ഇന്ത്യൻ ക്യാപ്റ്റനെ കുത്തിവീഴ്ത്തിയ ശേഷം വിമാനം തകർക്കാൻ ശ്രമിച്ച ഈ സംഭവത്തിന് പിന്നാലെ ഇസ്രയേലിൽ കടുത്ത പ്രതിഷേധവും അന്വേഷണത്തിനായുള്ള ആവശ്യങ്ങളും ശക്തമായിട്ടുണ്ട്.വിമാനത്തിലുണ്ടായിരുന്ന ഒമാനി പൈലറ്റിന് ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്രബന്ധമില്ലാത്ത രാജ്യത്തുനിന്നുള്ളയാളായിട്ടും എങ്ങനെ അനുമതി ലഭിച്ചു എന്നതിനെച്ചൊല്ലി രാഷ്ട്രീയ പോര് രൂക്ഷമാണ്.
സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം മൊസാദ്, ഷിൻ ബെറ്റ് എന്നീ ഏജൻസികളിലാണെന്ന് ഗതാഗത മന്ത്രി മിരി റെഗെവ് പ്രതിരോധിച്ചെങ്കിലും, പ്രതിപക്ഷ നേതാക്കളായ യായർ ലാപിഡ്, ഗാഡി ഐസൻകോട്ട് എന്നിവർ ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. സുരക്ഷാ വീഴ്ചകൾ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും ഗതാഗത മന്ത്രി രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Tags : Israel Security Review flydubai Attack Benjamin Netanyahu Mossad and Shin Bet International Aviation Safety