International
സനാ: യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൗദി പിന്തുണയോടെ യെമൻ ഭരണകൂടം പുതിയ സൈനിക നടപടി ആരംഭിച്ചു. രാജ്യത്തിന്റെ പരമാധികാരം പൂർണമായി വീണ്ടെടുക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി വ്യക്തമാക്കി.
2014 മുതൽ തലസ്ഥാനമായ സനാ ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ പ്രധാന പാതയായ ബാബ് അൽ മന്ദബ് കടലിടുക്കും അതിനോട് ചേർന്നുള്ള ഏകദേശം 150 കിലോമീറ്ററോളം വരുന്ന ചെങ്കടൽ തീരപ്രദേശവും ഹൂതികൾ പിടിച്ചെടുത്തിരുന്നു. അടുത്തിടെ തന്ത്രപ്രധാനമായ തായിസ് നഗരത്തെ സർക്കാരിന്റെ താൽക്കാലിക തലസ്ഥാനമായ അദനുമായി ബന്ധിപ്പിക്കുന്ന വിതരണ പാത ഹൂതികൾ പിടിച്ചെടുക്കുകയും നഗരത്തെ ഉപരോധിക്കുകയും ചെയ്തതാണ് പുതിയ സൈനിക നീക്കത്തിന് കാരണം.
ഹൂതികളുടെ സൈനിക താവളങ്ങളിൽ നിന്നും വിതരണ പാതകളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞിരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, ആയുധം വച്ചു കീഴടങ്ങുന്ന വിമതർക്ക് പൊതുമാപ്പ് നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.
അതേസമയം സൗദി സഖ്യസേന തങ്ങൾക്ക് നേരെ 50-ഓളം വ്യോമാക്രമണങ്ങൾ നടത്തിയെന്ന് ഹൂതികൾ ആരോപിച്ചു. ഇതിന് മറുപടിയായി റിയാദിലെ സൗദി അരാംകോയുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും അവർ അവകാശപ്പെട്ടു.
International
സന: ഹൂതികൾക്കെതിരായ സൈനിക നടപടി പ്രഖ്യാപിച്ച് യെമൻ. ഹൂതി കേന്ദ്രങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ പൊതുജനങ്ങളോട് പ്രസിഡന്റ് റഷാദ് അൽ അലീമി അഭ്യർഥിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് നിർണായക പ്രഖ്യാപനം.
സമാധാന ചർച്ചകൾക്കും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമായി സർക്കാരിന് നൽകാൻ കഴിയുന്ന എല്ലാ അവസരങ്ങളും സമയവും നൽകിയിരുന്നുവെന്നും എന്നാൽ സമാധാന ശ്രമങ്ങളെല്ലാം പൂർണമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് സൈനിക നടപടിയിലേക്ക് കടക്കുന്നതെന്നും റഷാദ് അൽ അലീമി വ്യക്തമാക്കി.
അതേസമയം സൗദി അറേബ്യയുടെ പിന്തുണയോടെയാകും നടപടികളെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രസ്താവന. ബാബ് അൽ മന്ദബ്, മോക്ക തുറമുഖ നഗരം ഉൾപ്പടെ പുതുതായി ഹൂതികൾ കീഴടക്കിയിരുന്നു.
International
റിയാദ്: യെമനിലെ ഹൂതി വിമതരുടെ ആക്രമണം നേരിടുന്ന സൗദിക്കു പിന്തുണയുമായി പാക്കിസ്ഥാനും തുർക്കിയും. മെക്ക സൈനിക ഉടന്പടി പ്രകാരം സൗദിക്കു നല്കേണ്ട സഹായത്തെക്കുറിച്ചു ചർച്ച ചെയ്യാൻ മൂന്നു രാജ്യത്തെയും സൈനിക മേധാവിമാർ ഉടൻ യോഗം ചേരും.
ഇറാന്റെ പിന്തുണയുള്ള ഹൂതികളെ പരാജയപ്പെടുത്താൻ സൈനികർ ജീവത്യാഗത്തിനു തയാറാകണമെന്ന് സൗദി ഗ്രാന്റ് മുഫ്തി ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ഈ തീരുമാനമുണ്ടായത്.
സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ, തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ, പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധർ എന്നിവർ ന്യൂയോർക്കിലെ യുഎൻ സമ്മേളനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിൽ സൈനിക മേധാവിമാർ അടിയന്തരമായി കൂടിക്കാഴ്ച നടത്തേണ്ടതിൽ ധാരണയാവുകയായിരുന്നു.
സൗദിയും തുർക്കിയും പാക്കിസ്ഥാനും ഓഗസ്റ്റിൽ മെക്കയിൽ ഒപ്പുവച്ച സംയുക്ത സൈനിക ഉടന്പടി പ്രകാരം ഏതെങ്കിലുമൊരു രാജ്യം ആക്രമിക്കപ്പെട്ടാൻ മറ്റു രണ്ടു രാജ്യങ്ങൾക്കും പ്രതിരോധിക്കാൻ ബാധ്യതയുണ്ട്.
അതേസമയം, തുർക്കി പാർലമെന്റ് മെക്ക ഉടന്പടി ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനാൽ സൗദിക്കുള്ള തുർക്കിയുടെ സഹായം സാങ്കേതിക തലത്തിൽ മാത്രമായിരിക്കും. പാക്കിസ്ഥാൻ നേരത്തേ തന്നെ സൗദിയെ സഹായിക്കാനുള്ള സന്നദ്ധത പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, ഹൂതികൾ സൗദിയുടെ എണ്ണവ്യാപാരം തടസപ്പെടുത്താനുള്ള ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞദിവസം ചെങ്കടൽ തീരത്തെ യാൻബു തുറമുഖത്തെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണം സൗദി പരാജയപ്പെടുത്തിയിരുന്നു.
ഇതിനിടെയാണ്, ഹൂതികളെ പരാജയപ്പെടുത്തണമെന്ന് സൗദിയിലെ പരമോന്നത മത നേതാവ് ഗ്രാന്റ് മുഫ്തി ഷെയ്ഖ് സലേ അൽ ഫൗസാൻ ആഹ്വാനം ചെയ്തത്. ഹൂതികൾ പരാജയപ്പെടുന്നതുവരെ പോരാടണമെന്നും അതിനായി സൗദി ഭടന്മാർ ജീവത്യാഗത്തിനു തയാറാകണമെന്നും ഗ്രാന്റ് മുഫ്തി നിർദേശിച്ചു.
International
റിയാദ്: ഡ്രോൺ ആക്രമണത്തെത്തുടർന്ന് നിർത്തിവച്ച സൗദിയിലെ ഈസ്റ്റ്- വെസ്റ്റ് പൈപ്പിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി റിപ്പോർട്ട്. പൈപ്പിലൂടെ എത്തിക്കുന്ന എണ്ണ ചെങ്കടൽത്തീരത്തെ യാൻബു തുറമുഖം വഴി കയറ്റുമതി ചെയ്യാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചോടെ ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യാൻ സൗദി ആശ്രയിക്കുന്ന പൈപ്പാണിത്. സെപ്റ്റംബർ 13നായിരുന്നു പൈപ്പിനെ ലക്ഷ്യമിട്ട ആക്രമണം.
സൗദി കയറ്റുമതി പുനരാരംഭിക്കുന്നതു സംബന്ധിച്ച വാർത്തയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴ്ന്നു.
പ്രതിദിനം 40 ലക്ഷം വീപ്പ എണ്ണയാണ് പൈപ്പ് വഴി ചെങ്കടൽത്തീരത്ത് എത്തിച്ചിരുന്നത്. പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഈ ശേഷി വീണ്ടെടുക്കാനായിട്ടില്ല. ഇതിന് ആഴ്ചകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
യെമനിലെ ഹൂതികൾ ചെങ്കടൽത്തീരത്ത് മിന്നൽ മുന്നേറ്റം നടത്തുന്നതിനിടെയായിരുന്നു പൈപ്പ് ലൈൻ ആക്രമിക്കപ്പെട്ടത്. ഇറാക്കിൽനിന്നാണ് ഡ്രോണുകൾ വന്നത്.
International
ടെഹ്റാൻ: ഹൂതികളെ അടക്കിനിർത്താൻ ഇറാന്റെ സഹായം അഭ്യർഥിച്ച് ചൈന. സൗദിക്കുവേണ്ടിയാണ് ചൈനയുടെ രഹസ്യ ഇടപെടലുകളെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ കഴിഞ്ഞയാഴ്ച ചെങ്കടൽത്തീരത്ത് മിന്നൽ മുന്നേറ്റം നടത്തിയതോടെയാണ് സൗദി അധികൃതർ ചൈനയെ സമീപിച്ചത്. ബാബ് അൽ മൺഡെപ് കടലിടുക്ക് ഹൂതികളുടെ നിയന്ത്രണത്തിലായതോടെ സൗദി എണ്ണക്കയറ്റുമതി അപകടത്തിലായതാണ് കാരണം.
പശ്ചിമേഷ്യാ സംഘർഷം പടരുന്നത് ചൈനയിലേക്കുള്ള എണ്ണക്കയറ്റുമതിയെയും ബാധിക്കുമോ എന്ന ആശങ്കയാണ് ചൈനയെ ഇക്കാര്യത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൂതികൾക്കുമേൽ ഇറാനുള്ള സ്വാധീനം ഉപയോഗിക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച ചൈന സന്ദർശിച്ചിരുന്നു. ഈ വേളയിലാണോ ചൈന ആവശ്യം ഉന്നയിച്ചത് എന്നതിൽ വ്യക്തതയില്ല.
ഇറാൻ നേതൃത്വത്തിനുമേൽ സമ്മർദം ചെലുത്താൻ കഴിയുന്ന അപൂർവ രാജ്യങ്ങളിലൊന്നാണ് ചൈന. ഒരു പതിറ്റാണ്ടിലേറയായി ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. പാശ്ചാത്യ ഉപരോധങ്ങളിൽ വലയുന്ന ഇറാന് ചൈനയുമായുള്ള ഇടപാടുകൾ വലിയ ആശ്വാസമാണ്. ഇറാനിൽനിന്ന് കുറഞ്ഞവിലയിൽ എണ്ണ ലഭിക്കുമെന്നതാണ് ചൈനയ്ക്കുള്ള നേട്ടം. 2025ൽ ഇറാൻ കടൽവഴി വിറ്റ എണ്ണയിൽ 80 ശതമാനത്തിലധികവും വാങ്ങിയത് ചൈനയായിരുന്നു.
പക്ഷേ, യുഎസും ഇസ്രയേലും ഇറാനോടുള്ള യുദ്ധം അവസാനിപ്പിച്ചാലേ പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കപ്പെടൂ എന്ന് ഇറാൻ ചൈനയ്ക്കു മറുപടി നല്കിയതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.
International
ഇസ്ലാമാബാദ്: ഹൂതി ആക്രമണം നേരിടുന്ന സൗദിയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുമെന്ന സൂചന നല്കി പാക്കിസ്ഥാൻ. മെക്ക സൈനിക ഉടന്പടി പ്രകാരമുള്ള ഉത്തരവാദിത്വങ്ങൾ നിർഹവിക്കാൻ സജ്ജമാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഹൂതികൾ മെക്കയെ ആക്രമിച്ച പശ്ചാത്തലത്തിൽ ഉടന്പടിയില്ലാതെ തന്നെ പാക്കിസ്ഥാനു രംഗത്തിറങ്ങാനാകുമെന്നും അദ്ദേഹം വ്യക്താക്കി.
പാക്കിസ്ഥാൻ, സൗദി, തുർക്കി എന്നിവരാണ് മെക്ക ഉടന്പടിയിലുള്ളത്. കഴിഞ്ഞമാസം മെക്കിയിലാണ് ഉടന്പടി ഒപ്പുവച്ചത്. ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന ുപേർക്കുമെതിരായ ആക്രമണമായി പരിഗണിക്കും എന്നതാണ് ഉന്പടിയുടെ കാതൽ. ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ മറ്റു രണ്ടു രാജ്യങ്ങൾക്കും സൈനിക സഹായം നല്കാൻ ബാധ്യതയുണ്ട്.
മെക്ക ഉടന്പടി പാക്കിസ്ഥാനു ബാധകമാണെന്ന് പ്രതിരോധമന്ത്രി ആസിഫ് പറഞ്ഞു. പാക്കിസ്ഥാന്റെ ഉത്തരവാദിത്വം നിർവഹിക്കപ്പെടും. മെക്ക ആക്രമിക്കപ്പെട്ടാൽ അതിനെ സംരക്ഷിക്കാൻ പാക്കിസ്ഥാന് ഒരു കരാർ വേണ്ടകാര്യമില്ല. പുണ്യഭൂമികളുടെ സംരക്ഷണം പാക്കിസ്ഥാന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്കയെ ലക്ഷ്യമിക്കി ഹൂതികൾ തൊടുത്ത ഡ്രോൺ നിർവീര്യമാക്കിയെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. മെക്കയിലെ നിരോധിത മേഖലയിൽ പ്രേശിക്കുന്നതിനു മുന്പേ ഡ്രോണിനെ നശിപ്പിച്ചെന്നാണ് പറഞ്ഞത്. അതേസമയം മെക്കയ്ക്കു നേരേ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഹൂതികൾ അറിയിച്ചത്.
യെമനിൽ കൂട്ടപ്പലായനം
സനാ: യെമനിലെ സൗദിയുടെ പിന്തുണയുള്ള ഔദ്യോഗിക ഭരണകൂടത്തിനുനേരേ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ ആക്രമണം ശക്തമാക്കി. യെമനിലെ ചെങ്കടൽത്തീരം ഏതാണ്ട് മുഴുവനായി ഹൂതികളുടെ നിയന്ത്രണത്തിലായെന്നാണ് റിപ്പോർട്ട്.
മേഖലയിലെ യെമനി ജനത പലായനം ചെയ്യുകയാണ്. ഏതാണ്ട് 1.25 ലക്ഷം പേർ അഭയാർഥികളായിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും യെമന്റെ ഇതരഭാഗങ്ങളിലേക്കാണ് നീങ്ങുന്നത്. കുറച്ചുപേർ ബോട്ടുകളിൽ ആഫ്രിക്കയിലേക്കു കടക്കുന്നു.
അറബിനാട്ടിലെ ഏറ്റവും ദരിദ്രരാജ്യമായ യെമനിൽ മുന്പുണ്ടായ ആഭ്യന്തരയുദ്ധം ക്ഷാമത്തിനു വഴിവയ്ക്കുകയും ഒന്നരലക്ഷത്തോളം പേർ മരിക്കുകയും ചെയ്തിരുന്നു.
International
സനാ: സൗദിയിൽ വീണ്ടും ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അറിയിച്ചു. ഷറൂറാ പ്രവശ്യയിലെ ഒരു സൈനിക കേന്ദ്രത്തിനു നേർക്ക് ഡ്രോണുകളും മിസൈലുകളും തൊടുത്തതായി ഹൂതി വസ്താവ് ബ്രിഗേഡിയർ ജനറൽ യഹ്യ സാരീ അറിയിച്ചു.
ഷറൂറായിൽ സൈറൺ മുഴങ്ങിയെങ്കിലും ആളപായമോ നാശമോ ഉണ്ടായില്ലെന്നാണ് സൗദി വൃത്തങ്ങൾ പ്രതികരിച്ചത്. അതേസമയം യമൻ അതിർത്തിയോടു ചേർന്ന തവാൽ പ്രദേശത്ത് ഹൂതികൾ നടത്തിയ ആക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു; ഒരു മോസ്കിനും കുറച്ചു കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി.
ബാബ് അൽ മൻഡെപിനോടു ചേർന്ന യെമൻ തീരപ്രദേശങ്ങൾ ഹൂതികൾ പിടിച്ചെടുത്തതിനു പിന്നാലെയാണ് സൗദിക്കു നേർക്ക് ആക്രമണങ്ങളുണ്ടായത്. സൗദിയും യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ബോംബിടുന്നുണ്ട്. 48 മണിക്കൂറിനിടെ 129 ആക്രമണങ്ങളുണ്ടായി എന്നാണ് ഹൂതികൾ അറിയിച്ചത്.
ഇതിനിടെ, ഹൂതികളുടെ നിയന്ത്രണത്തിലായ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനായി യെമനിലെ ഔദ്യോഗിക ഭരണകൂട സേന നീക്കം നടത്തിയേക്കുമെന്ന് സൂചനയുണ്ട്.
International
റിയാദ്: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ കഴിഞ്ഞ ദിവസങ്ങളിൽ യെമനിലെ ചെങ്കടൽ തീരപ്രദേശങ്ങളിൽ നടത്തിയ മിന്നൽ മുന്നേറ്റം പശ്ചിമേഷ്യാ സംഘർഷത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. സുപ്രധാന കപ്പൽപ്പാതയിൽ സ്ഥിതി ചെയ്യുന്ന ബാബ് അൽ മൻഡെപ് കടലിടുക്കിന്റെ നിയന്ത്രണം ഹൂതികൾക്കായിക്കഴിഞ്ഞു. ഏഴാം മാസത്തിലേക്കു കടന്ന ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ജനതയുടെ കടുത്ത അപ്രീതി നേരിടുന്ന പ്രസിഡന്റ് ട്രംപിന് പുതിയ സംഭവ വികാസങ്ങളുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.
പന്ത്രണ്ടു വർഷം സൗദിയും ഗാസ യുദ്ധത്തോട് അനുബന്ധിച്ച് യുഎസ്, ബ്രിട്ടൻ, ഇസ്രയേൽ എന്നീ സൈനിക ശക്തികളും നടത്തിയ വ്യോമാക്രമണങ്ങളിൽ എഴിത്തള്ളാവുന്ന ശക്തിയല്ല ഹൂതികളെന്നാണ് ഈ ദിവസങ്ങളിൽ തെളിഞ്ഞത്. ബാബ് അൽ മൻഡെപിനോടു ചേർന്ന മോച്ച തുറമുഖം, ബാബ് അൽ മൻഡെപിലെ തന്ത്രപ്രധാന ദ്വീപുകൾ എന്നിവയെല്ലാം ഹൂതികളുടെ നിയന്ത്രണത്തിലായി. സൗദിയുടെ അനുഗ്രഹത്തോടെ യെമൻ ഭരിക്കുന്ന അന്താരാഷ്്ട്ര അംഗീകാരമുള്ള ഭരണകൂടത്തിൽനിന്ന് ഏതാണ്ട് 130 കിലോമീറ്റർ തീരപ്രദേശമാണ് ദിവസങ്ങൾക്കുള്ളിൽ ഹൂതികൾ പിടിച്ചെടുത്തത്.
ഹൂതികളുമായി ബന്ധപ്പെട്ട പുതിയ വാർത്തകളെല്ലാം അമേരിക്കയ്ക്കൊപ്പം സൗദിക്കും ഗുണകരമല്ല. സൗദിയുടെ എണ്ണക്കയറ്റുമതി വലിയ തോതിൽ തടസപ്പെടാം എന്നതാണ് കാരണം. ഗൾഫിലെ ഹോർമുസ് കടലിടുക്ക് ഇറാൻ പൂട്ടിയതോടെ എണ്ണക്കയറ്റുമതിക്ക് സൗദി ആശ്രയിക്കുന്നത് ചെങ്കടൽ തുറമുഖങ്ങളാണ്. സൗദിയുടെ ഒറ്റ കപ്പൽപോലും കടത്തിവിടില്ലെന്നാണ്, ബാബ് അൽ മൻഡെപിലെ തന്ത്രപ്രധാന ദ്വീപുകൾ പിടിച്ചെടുത്തശേഷം ഹൂതികൾ പ്രഖ്യാപിച്ചത്. സൗദിയുമായുള്ള ഹൂതികളുടെ ശത്രുതയ്ക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആശയപരമായി സൗദിയിലെ സുന്നി തത്വസംഹിതകളോട് യോജിച്ചു പോകുന്നതാണ് ഹൂതികൾ ഉൾപ്പെടുന്ന സെയ്ദി ഷിയാ ഇസ്ലാം. പക്ഷേ, സെയ്ദികളുടെ അസ്ഥിത്വത്തെ തകർക്കുന്ന മതപരമായ ഇടപെടലുകൾ സൗദി നടത്തിയതാണ് ആശയപരമായി ഭിന്നതയുള്ള ഇറാനിലെ ഷിയാ വിഭാഗത്തോട് ഹൂതികളെ അടുപ്പിച്ചത്.
ഹൂതി മുന്നേറ്റത്തിൽ തലപുകയ്ക്കേണ്ടിവരുന്ന മറ്റൊരാൾ പ്രസിഡന്റ് ട്രംപാണ്. നവംബറാദ്യം അമേരിക്കയിൽ നടക്കുന്ന മിഡ്ടേം തെരഞ്ഞെടുപ്പാണ് അദ്ദേഹത്തെ അസ്വസ്ഥമാക്കുന്നത്. ഇറാൻ യുദ്ധം മൂലം ഇന്ധനത്തിന്റെയും അവശ്യവസ്തുക്കളുടെയും വില ഉയർന്നത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കോൺഗ്രസിലെ ഇരു സഭകളിലും ഭൂരിപക്ഷം നഷ്ടമാകുന്ന അവസ്ഥയുണ്ടാകാം. ഇറാനുവേണ്ടി ഹൂതികൾ ബാബ് അൽ മൻഡെപ് കടലിടുക്ക് പൂർണമായി അടയ്ക്കുമോ എന്ന ആശങ്കയും ട്രംപിനുണ്ടാകാം. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാനു മേൽക്കൈ കൊടുക്കുന്ന നീക്കമായിരിക്കുമിത്.
ഹൂതികൾക്കെതിരേ നേരിട്ടു യുദ്ധത്തിനിറങ്ങാൻ ട്രംപിനു താത്പര്യമില്ലെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ നല്കുന്ന സൂചന. കാരണങ്ങൾ പലതാണ്. നിലവിൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സേന മൊത്തത്തിൽ ഇറാനെതിരായ യുദ്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഹൂതികൾക്കെതിരേ യുദ്ധം തുടങ്ങണമെങ്കിൽ വിപുലമായ ഒരുക്കങ്ങൾ വേണ്ടിവരും. യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും പുനർവിന്യസിക്കേണ്ടിവരും. ഇറാനിൽ ബോംബിട്ട് ശൂന്യമായിത്തുടങ്ങിയ അമേരിക്കയുടെ ആയുധപ്പുരയ്ക്ക് പുതിയൊരു യുദ്ധം താങ്ങാനാകുമോ എന്നതും സംശയകരം.
ഹൂതികൾ മോച്ച തുറമുഖം പിടിച്ച വ്യഴാഴ്ച സൗദിയിലെ ഭരണനിയന്താവായ മുഹമ്മദ് ബിൻ സൽമാൻ സഹായം തേടി ട്രംപിനെ ഫോണിൽ വിളിച്ചിരുന്നു. ഹൂതികളെ ആക്രമിക്കാൻ പറ്റുന്ന അവസ്ഥയിലല്ല അമേരിക്ക ഇപ്പോഴെന്ന് ട്രംപ് സൗദി രാജകുമാരനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. പകരം അമേരിക്കൻ ഇന്റലിജൻസ് വിവരങ്ങൾ നല്കി സൗദിയെ സഹായിക്കും.
ഇതിനിടെ, ഹൂതികളുടെ മിന്നൽ നേട്ടങ്ങളിൽ ഇറാൻ നേതൃത്വം അങ്ങേയറ്റം സന്തോഷത്തിലാണ്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖലിബാഫ് അടക്കമുള്ള ഉന്നത നേതാക്കൾ ഹൂതികളെ പ്രശംസിച്ചു.
International
സനാ: യെമനിലെ ഹൂതി വിമതർ ചെങ്കടൽത്തീരത്തെ മിന്നൽ മുന്നേറ്റത്തിനായി നിർമിത ബുദ്ധി പ്രയോജനപ്പെടുത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. യെമനിലെ ഔദ്യോഗിക ഭരണകൂട സേനാ കമാൻഡർ തന്റെ സൈനികരോട് പിന്മാറാൻ ഉത്തരവിടുന്ന ശബ്ദസന്ദേശം ഹൂതികൾ നിർമിത ബുദ്ധി ഉപയോഗിച്ചു തയാറാക്കി പ്രചരിപ്പിച്ചു. ചെങ്കടൽ തീരത്തെ തന്ത്രപ്രധാന മോച്ച തുറമുഖം ഹൂതികൾ പിടിച്ചെടുത്ത് ഇങ്ങനെയാണത്രേ.
യെമനിലെ ഔദ്യോഗിക ഭരണകൂട സേന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സേനാ കമാൻഡർ ലഫ് ജനറൽ താരിഖ് സലേയുടെ ശബ്ദമാണ് ഹൂതി വിമതർ വ്യാജമായി തയാറാക്കിയത്. മോച്ച നഗരത്തിൽനിന്ന് ഔദ്യോഗിക സേന പിന്മാറണമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. ശബ്ദ സന്ദേശം ഔദ്യോഗിക സേനയെ അങ്കലാപ്പിലാക്കുകയും ആത്മവീര്യം കെടുത്തുകയും ചെയ്തു.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ വ്യാഴാഴ്ചയാണ് മോച്ച തുറമുഖം പിടിച്ചെടുത്ത്. യെമനിലെ ഔദ്യോഗിക ഭരണകൂട സേന ഇവിടെനിന്ന് പിൻവാങ്ങി. ചെങ്കടൽത്തീരത്തെ മറ്റു തന്ത്രപ്രധാന മേഖലകളും മിന്നൽ നീക്കത്തിൽ ഹൂതികൾ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. ചെങ്കടലിലേക്കുള്ള പ്രവേശനകവാടമായ ബാബ് അൽ മൻഡെപ് കടലിടുക്കിനു മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പെരിം ദ്വീപ് ഇതിൽ ഉൾപ്പെടുന്നു.
സൗദിയുടെ എണ്ണകപ്പലുകളൊന്നും ഇതുവഴി ഇനി വിടില്ലെന്നാണ് ഹൂതികൾ അറിയിച്ചിരിക്കുന്നത്. മറ്റു കപ്പലുകളെ തടയില്ല. ഇറാൻ ഹോർമുസ് കടിലിടുക്ക് അടച്ചതിനാൽ സൗദി ഭരണകൂടം ചെങ്കടൽവഴിയാണ് എണ്ണ കയറ്റുമതി ചെയ്യുന്നത്. ചെങ്കടൽ തുറമുഖങ്ങളിലേക്ക് സൗദി എണ്ണയെത്തിക്കുന്ന പൈപ്പുകളും ഹൂതികൾ ആക്രമിച്ചിട്ടുണ്ട്.
International
സനാ: പശ്ചിമേഷ്യാ സംഘർഷം സങ്കീർണമാക്കിക്കൊണ്ട് സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽപ്രദേശത്ത് ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ മുന്നേറ്റം. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ മാബ് അൽ മൻഡെപിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തു. ഇവിടെയുണ്ടായിരുന്ന യെമനിലെ ഔദ്യോഗിക ഭരണകൂട സേന പിൻവാങ്ങിയെന്നാണ് സൂചന.
ബാബ് അൽ മൻഡെപിന്റെ പൂർണ നിയന്ത്രണം ഹൂതികൾക്കു ലഭിക്കുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. ഇതോടെ സൗദിയിൽനിന്നുള്ള എണ്ണ കയറ്റുമതി പൂർണമായി നിലയ്ക്കാം. അറേബ്യൻ പ്രദേശത്തിന്റെ മറുവശത്ത് എണ്ണടാങ്കറുകളുടെ പ്രധാന പാതയായ ഗൾഫിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ നേരത്ത അടച്ചിരുന്നു. ഇതേത്തുടർന്ന് ചെങ്കടൽവഴിയാണ് സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത്.
ബാബ് അൽ മന്ഡെപിനെ രണ്ടായി വിഭജിക്കുന്ന പെരിം ദ്വീപ് പിടിച്ചെടുത്തതിനു പിന്നാലെ സൗദി കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ വ്യക്തമാക്കി. എന്നാൽ സൗദിയുടേത് അല്ലാത്ത വാണിജ്യ കപ്പലുകൾക്കു യാത്രാ തടസം ഉണ്ടാവില്ലെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇതിനിടെ, സൗദിയുടെ ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനിനു സമീപം പുക ദൃശ്യമാകുന്ന ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നു. സൗദി ഗൾഫ് മേഖലയിൽനിന്ന് ചെങ്കടൽ തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്ന പൈപ്പാണിത്. ഹൂതികളുടെ ആക്രണം നേരിട്ടതു മൂലമാകാം പുക ദൃശ്യമായത്. എന്നാൽ ആക്രമണം ഉണ്ടായതായി സൗദി സ്ഥിരീകരിച്ചിട്ടില്ല.
യെമനിലെ വിമത വിമത വിഭാഗമായ ഹൂതികൾ അടുത്ത ദിവസങ്ങളിലാണ് ചെങ്കടൽ പ്രദേശത്ത് മുന്നേറ്റം ശക്തമാക്കിയത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28ന് ഹൂതികൾ യുദ്ധത്തിൽ പങ്കാളികളായിരുന്നു. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച് സജീവമായി. സൗദി സേന യെമനിലെ ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ ആക്രമണം നടത്തുന്നുണ്ട്. ബാബ് അൽ മൻഡെപിനോടു ചേർന്നുള്ള മോച്ച തുറമുഖ നഗരം ഹൂതികൾ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിലെ ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ ഫോണിൽ വിളിച്ച് ഹൂതികളെ അക്രമിക്കണം എന്നഭ്യർഥിച്ചുവെന്നും എന്നാൽ ട്രംപ് ഇത് നിരാകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ, എണ്ണവില നൂറു ഡോളറിനു മുകളിൽ തുടരുകയും ചെയ്യുന്നുണ്ട്.
International
റിയാദ്: യെമനിലെ ഹൂതി വിമതരെ നേരിടാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് സഹായം ചോദിച്ച് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. എന്നാൽ ട്രംപ് സഹായിക്കാൻ തയാറായില്ല. അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ പിന്തുണയുള്ള ഹൂതികൾ യെമൻ തീരത്ത് മുന്നേറ്റം തുടർന്ന വ്യാഴാഴ്ച മുഹമ്മദ് ബിൻ സൽമാൻ രണ്ടു തവണ ട്രംപിനെ ഫോണിൽ വിളിച്ചുവത്രേ. ഹൂതികൾക്കെതിരേ അമേരിക്ക ആക്രമണം നടത്തണമെന്ന് അദ്ദേഹം ട്രംപിനോട് അഭ്യർഥിച്ചു.
ഹൂതികൾക്കെതിരേ ഇപ്പോൾ നേരിട്ടു സൈനിക നടപടിക്ക് അമേരിക്കയ്ക്കു താത്പര്യമില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ ഉന്നതർ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, സുപ്രധാന കപ്പൽപാത സ്ഥിതി ചെയ്യുന്ന ചെങ്കടൽത്തീരത്തെ പുതിയ സംഭവവികാസങ്ങൾ ട്രംപ് ഭരണകൂടത്തെ ഉത്കണ്ഠയിലാക്കുന്നുണ്ട്. സൗദിക്കു സഹായം നല്കാൻ അമേരിക്ക തയാറാണെങ്കിലും ഹൂതികളെ നേരിട്ട് ആക്രമിക്കാൻ മടിയാണ്.
അമേരിക്കൻ സേനയിലെ പശ്ചിമേഷ്യാ പ്രദേശത്തിന്റെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡിന്റെ മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യാഴാഴ്ച സൗദിയിലെത്തി ഉന്നത വൃത്തങ്ങളുമായി ചർച്ച നടത്തി.
ഇറാനെതിരായ സൈനിക നടപടിക്കും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കുമാണ് അമേരിക്ക ഇപ്പോൾ മുൻഗണന നല്കുന്നതെന്ന് യുഎസ് വൃത്തങ്ങൾ സൗദി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്.
International
സനാ: ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ തന്ത്രപ്രധാന മോച്ച തുറമുഖം പിടിച്ചെടുത്തു. ചെങ്കടൽവഴിയുള്ള എണ്ണയൊഴുക്ക് കൂടുതൽ തടസപ്പെടുത്തുന്ന സംഭവവികാസമാണിത്.
ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മൺഡെപ് കടലിടുക്കിനു സമീപമാണ് മോച്ച. യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ സേനയെ തുരത്തിയ ഹൂതികൾ മോച്ചയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. മോച്ച കാപ്പിയുടെ ജന്മദേശമായി പരിഗണിക്കുന്നത് ഈ തുറമുഖ നഗരത്തെയാണ്.
ചെങ്കടലിലെ തന്ത്രപ്രധാന ഹാനിഷ് ദ്വീപുകളും ഹൂതികളുടെ നിയന്ത്രണത്തിലായതായി റിപ്പോർട്ടുണ്ട്.
ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത് ചെങ്കടൽവഴിയാണ്. ഹൂതികൾ ചെങ്കടൽ നിയന്ത്രിക്കുന്നത് യുദ്ധത്തിൽ ഇറാന്റെ മേൽക്കൈ വർധിപ്പിക്കും.
പുതിയ സംഭവവികാസങ്ങൾ അന്താരാഷ്ട്രവിപണിയിൽ എണ്ണവില ഉയർത്തി. ബ്രെന്റ് ഇനം ക്രൂഡ് വില വീപ്പയ്ക്ക് നൂറു ഡോളറിനു മുകളിലായി.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണം നേരിട്ട ഇറാനു പിന്തുണയുമായി മാർച്ച് 28നാണ് ഹൂതികൾ യുദ്ധത്തിന്റെ ഭാഗമാകുന്നത്. ജൂലൈയിൽ സൗദിക്കെതിരേ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂതികൾ യുദ്ധത്തിൽ കൂടുതൽ സജീവമായി.
സൗദിക്കെതിരേ ഹൂതികൾ ആക്രമണം നടത്തുന്നുണ്ട്. ഇതിൽ പാക്കിസ്ഥാൻ കഴിഞ്ഞദിവസം മുന്നറിയിപ്പു നല്കിയിരുന്നു. പാക്കിസ്ഥാനും തുർക്കിയും സൗദിയുമായി അടുത്തകാലത്ത് ‘മൈക്ക സൈനിക സഖ്യം’ ഉണ്ടാക്കിയിരുന്നു. ഹൂതികളെ ഇറാൻ അടക്കി നിർത്തണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്.
International
സന: യെമനിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഹൂതി വിമതർ സഖ്യസേനയുടെയും സർക്കാർ അനുകൂല സൈന്യത്തിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ചതോടെയാണ് സംഘർഷം രൂക്ഷമായിരിക്കുന്നത്.
സംഘർഷത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യെമന്റെ പടിഞ്ഞാറൻ മേഖലകളിലേക്ക് പിടിമുറുക്കാനുള്ള ശ്രമത്തിനിടയിലാണ് വലിയ രീതിയിൽ സാധാരണക്കാർ ആക്രമിക്കപ്പെട്ടത്.
സമാധാന ചർച്ചകൾ പൂർണമായും നിലച്ച പശ്ചാത്തലത്തിലാണ് പ്രധാന മുൻനിര പോരാട്ട മേഖലകളിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടലുകളുണ്ടായിരിക്കുന്നത്. എണ്ണനിക്ഷേപമുള്ള മരീബ് നഗരത്തെ ലക്ഷ്യമാക്കിയും തായിസ് പ്രവിശ്യയിലെ തന്ത്രപ്രധാനമായ പാതകൾ കൈവശപ്പെടുത്താനുമാണ് ഹൂതികൾ പ്രധാനമായും മുന്നേറ്റം നടത്തുന്നത്.
International
സനാ: യെമനിലെ തുറമുഖ നഗരമായ മോഖയിൽ ഹൂത്തി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നാല് സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് യെമൻ ഭരണകൂടം അറിയിച്ചു.
ആറ് ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചാണ് നഗരത്തിലെ ജനവാസ മേഖലയെയും തുറമുഖത്തെയും ഹൂത്തി വിമതർ ആക്രമിച്ചതെന്ന് യെമൻ സർക്കാരിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ സബ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സൗദി സഖ്യസേനയുടെ സൈനിക കേന്ദ്രങ്ങളും ആയുധപ്പുരകളുമാണ് ലക്ഷ്യമിട്ടതെന്ന് ഹൂത്തികൾ അവകാശപ്പെട്ടു. ഈ ആഴ്ച ഇത് മൂന്നാം തവണയാണ് ചെങ്കടലിലെ തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള മോഖ തുറമുഖം ഹൂത്തികൾ ആക്രമിക്കുന്നത്.
International
കയ്റോ: മധ്യ, കിഴക്കൻ യെമനിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 30 ഗവൺമെന്റ് സൈനികർ കൊല്ലപ്പെട്ടു. 50 പേർക്കു പരിക്കേറ്റു.
മാരിബ്, ഹാധ്രാമൗത് പ്രവിശ്യകളിലെ സൈനിക ക്യാന്പുകളിലായിരുന്നു ആക്രമണം. ഹൂതി വിമതരുടെ ആക്രമണമുണ്ടായതായി യെമന്റെ കരസേന സ്ഥിരീകരിച്ചു.
Kerala
സന: യെമനിൽ കാറിൽ ബോംബ് വച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി. സൗദി അറേബ്യയിലെ അൽ അറേബ്യ ടെലിവിഷന്റെ കറസ്പോണ്ടന്റും യെമനി മാധ്യമപ്രവർത്തകനുമായ മുഹമ്മദ് അയ്ദ ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ യെമനിലെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തലവൻ റഷാദ് അൽ അലിമി ഉന്നതതല സംയുക്ത കമ്മിറ്റിയെ രൂപീകരിച്ച് അന്വേഷണം നടത്താൻ നിർദേശം നൽകി.
യെമന്റെ കിഴക്കൻ നഗരമായ മുകല്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. അൽ അറേബ്യയ്ക്കും സഹോദര സ്ഥാപനമായ അൽ ഹദാത്തിനും വേണ്ടി യെമനിൽനിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തകനായിരുന്നു മുഹമ്മദ് അയ്ദ.
വധഭീഷണി ഉണ്ടായിരുന്നതിനാൽ പ്രാദേശിക സുരക്ഷാ അധികൃതർ മുഹമ്മദ് അയ്ദയ്ക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്തു.
Kerala
കൊച്ചി: വീസയും രേഖകളും ഇല്ലാതെ കണ്ണൂരില് താമസിച്ചിരുന്ന യെമനി പൗരന് കൊച്ചിയില് പിടിയില്. തമാം അലവി അല് മഹേല് (21) ആണ് നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തു നിന്ന് അറസ്റ്റിലായത്.
കഴിഞ്ഞ കുറച്ച് മാസമായി കണ്ണൂര് ഇരിട്ടിയിലെ ഒരു മന്തി റസ്റ്റോറന്റില് ജോലി ചെയ്തുവരികയായിരുന്നു. എന്നാല് ഇയാള്ക്ക് വേണ്ടത്ര രേഖകള് ഇല്ലെന്ന് കണ്ടതിനെ തുടര്ന്ന് ജോലിയില് നിന്നും പിരിച്ചുവിട്ടിരുന്നു.
പിന്നാലെ കൊച്ചിയിലെ മറ്റൊരു ഹോട്ടലില് ജോലി ചെയ്യാനാണ് നെടുമ്പാശേരിയില് എത്തിയത്. ഇതിനിടെയാണ് ഇരിട്ടി പോലീസ് ഇയാളെ പിടികൂടിയത്.
വിദേശ പൗരന് ആയിട്ടും വീസയുടെയും പാസ്പോര്ട്ടിന്റെയും കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ആണ് ഇയാള് ജോലി ചെയ്തു വന്നിരുന്നത്. കഴിഞ്ഞ മാസം ഇരിട്ടി പോലീസ് രജിസ്റ്റര് ചെയ്ത കേസിലാണ് അറസ്റ്റ്. ഇരിട്ടിയിലെ മന്തിക്കട ഉടമകളെയും കേസില് പ്രതി ചേര്ത്തിട്ടുണ്ട്.
International
അബുദാബി: യെമനിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനീസഭാംഗങ്ങളായ നാല് കന്യാസ്ത്രീമാരെയും അവരോടൊപ്പം കൊല്ലപ്പെട്ട മറ്റ് 12 പേരെയും അനുസ്മരിച്ചു.
ദാരുണസംഭവത്തിന്റെ പത്താംവാർഷികാചരണത്തിന്റെ ഭാഗമായി അബുദാബിയിലെ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ കഴിഞ്ഞദിവസം അറേബ്യൻ വികാരിയത്തിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ കുർബാനയും അനുസ്മരണപ്രാർഥനയും നടന്നു.
2016 മാർച്ച് നാലിന് യെമനിലെ തെക്കന് നഗരമായ ഏഡനിലെ ശൈഖ് ഉത്മാന് ജില്ലയിലായിരുന്നു സംഭവം. ഇവിടുത്തെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച നാല് ഭീകരർ റുവാണ്ടയിൽനിന്നുള്ള സിസ്റ്റർ റെജിനെറ്റ്, സിസ്റ്റർ മർഗരീത്ത, ഇന്ത്യയിൽനിന്നുള്ള സിസ്റ്റർ ആൻസെലമ്മ, കെനിയയിൽനിന്നുള്ള സിസ്റ്റർ യൂദിത്ത് എന്നിവരെയും 12 ജീവനക്കാരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെ ശുശ്രൂഷ ചെയ്യുകയായിരുന്ന സലേഷ്യൻ സന്യാസ സഭാംഗവും മലയാളിയുമായ ഫാ. ടോം ഉഴുന്നാലിലിനെ ഭീകരർ തട്ടിക്കൊണ്ടുപോകുകയും ഒരു വർഷത്തോളം തടവിൽ പാർപ്പിച്ചശേഷം 2017 സെപ്റ്റംബറിൽ മോചിപ്പിക്കുകയും ചെയ്തിരുന്നു.
International
ദുബായി: യെമനിലെ ജയിലിൽ തുടരുന്ന നിമിഷപ്രിയയുടെ വധശിക്ഷയിൽ മാപ്പ് ലഭിച്ചതോടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ദൗത്യം അവസാനിച്ചെന്ന് മകൻ അബ്ദുൽ ഹക്കീം അസ്ഹരി. മോചനം സംബന്ധിച്ച കാര്യങ്ങൾ നയതന്ത്ര തലത്തിലാണെന്നും അബ്ദുൽ ഹക്കീം പറഞ്ഞു.
എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇക്കാര്യം ചർച്ചയായെന്നും അബ്ദുൽ ഹക്കീം അസ്ഹരി വ്യക്തമാക്കി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിലൂടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായത്.
അതേസമയം കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി വധശിക്ഷ നീളുന്നതിനെതിരെ നിയമനടപടിയിലാണ്. നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടതെന്ന നിലപാട് ആവർത്തിക്കുകയാണ് അബ്ദുൽ ഫത്താഹ് മെഹദി.
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം നയതന്ത്ര ഇടപെടലുകളിലും പരിമിതിയുണ്ട്. ഒരേ സമയം പലരാണ് നിമിഷപ്രിയയുടെ വിഷയത്തിൽ അവകാശവാദങ്ങളുമായി രംഗത്തുള്ളത്.
National
ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ. നേരത്തെ ഹർജി നൽകിയ കെ.എ. പോൾ ആണോ എന്ന കോടതിയുടെ ചോദ്യത്തിന് അല്ലെന്നാണ് കേന്ദ്രം മറുപടി നൽകിയത്.
നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകൾ നടക്കുന്നതായും നിലവിൽ വധശിക്ഷയ്ക്ക് സ്റ്റേ നിലവിലുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെ കേസ് ജനുവരിയിലേക്ക് മാറ്റി.
National
ന്യൂഡൽഹി: യെമനില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്കായി ഇടപെടലാവശ്യപ്പെട്ടുള്ള ഹര്ജി എട്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി സുപ്രീംകോടതി. അടിയന്തര സാഹചര്യം ഉണ്ടായാൽ വീണ്ടും പരാമർശിക്കാനും ജസ്റ്റീസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശം നൽകി.
സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസില് നല്കിയ ഹര്ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസിലെ നിലവിലെ സ്ഥിതിഗതികള് കേന്ദ്രസര്ക്കാര് സുപ്രീം കോടതിയില് വിശദീകരിച്ചു. വധശിക്ഷയുടെ തീയതി മാറ്റിയ കാര്യം നിമിഷപ്രിയയ്ക്കായി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു.
നിമിഷപ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന ആക്ഷൻ കൗൺസിലിന്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇക്കാര്യവും കേന്ദ്രം കോടതിയെ അറിയിച്ചു.
NRI
സന: യെമനില് ജയിലില് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയില് നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദുൾ ഫത്താഹ് മെഹ്ദി. വധശിക്ഷ നടപ്പാക്കാന് പുതിയ തീയതി ആവശ്യപ്പെട്ടു അറ്റോര്ണി ജനറലിനെ കണ്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
വധശിക്ഷ നീട്ടിവച്ചിട്ടു ദിവസങ്ങള് പിന്നിട്ടെന്നും പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി മെഹ്ദി കഴിഞ്ഞദിവസം പ്രോസിക്യൂട്ടര്ക്ക് കത്ത് നല്കിയിരുന്നു. മധ്യസ്ഥശ്രമങ്ങള്ക്കോ ചര്ച്ചകള്ക്കോ ഉള്ള എല്ലാ ശ്രമങ്ങളെയും തള്ളുന്നുവെന്നും കത്തിൽ പറഞ്ഞിരുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന തരത്തില് ചര്ച്ചകള് സജീവമാകുമ്പോഴാണു തലാലിന്റെ സഹോദരന് വീണ്ടും പ്രതികരിച്ചിരിക്കുന്നത്.
Leader Page
അനേകം മലയാളികൾക്കൊപ്പം എന്റെ ഹൃദയവും നിമിഷപ്രിയയുടെ ദുരവസ്ഥയിൽ വേദനിക്കുന്നു. നമ്മുടെ മണ്ണിന്റെ മകളായ ഈ യുവതി, യെമനിൽ ഏറ്റവും ഗുരുതരവും ആപത്കരവുമായ നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. മുന്നിൽ വധശിക്ഷയുടെ ഭീകരമായ സാധ്യത.
കേവലം നിയമത്തെ മാത്രം മറികടക്കേണ്ട ദുരവസ്ഥയല്ല ഇത്. മറിച്ച്, ആഴത്തിലുള്ള മാനുഷിക ദുരന്തമാണ്. വിശേഷിച്ചും, മാതാപിതാക്കളും ഭർത്താവും കുഞ്ഞും ഉൾപ്പെട്ട അവളുടെ കുടുംബത്തിന്. പ്രിയപ്പെട്ട ഒരാളെ തങ്ങളുടെ നിയന്ത്രണത്തിനതീതമായ സാഹചര്യത്തിൽ നഷ്ടപ്പെടുന്ന സാർവത്രിക ഭയമാണിവിടെ പ്രതിഫലിക്കുന്നത്.
വിദേശത്തു ജോലി തേടുന്ന നിരവധി മലയാളികളുടെ പ്രതീക്ഷകളുടെയും അവർക്കു നേരിടേണ്ടി വരാവുന്ന അപകടങ്ങളുടെയും സംഗ്രഹമാണ് ദൗർഭാഗ്യവശാൽ നിമിഷയുടെ കഥ. തനിക്കും കേരളത്തിലുള്ള കുടുംബത്തിനും നല്ലൊരു ഭാവിയെന്ന സ്വപ്നവുമായാണ് അവൾ യെമനിലേക്കു പോയത്. എന്നിട്ടും, ഇതെല്ലാം ഒരു പേടിസ്വപ്നമായി മാറുകയും, തലാൽ അബ്ദോ മഹ്ദിയെന്ന യെമനി പൗരന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു.
അവളുടെ തൊഴിൽ ദാതാവും തൊഴിൽ പങ്കാളിയുമായിരുന്ന ഇയാൾ, അവളെ ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തിരുന്നെന്നു തോന്നുന്നു. ഇത് അയാളുടെ കൊലപാതകത്തിലേക്കു നയിച്ചു. എങ്കിലും തുടർന്നുള്ള കൊലക്കുറ്റം വിധിക്കലും വധശിക്ഷയും പറഞ്ഞറിയിക്കാനാകാത്ത ദുരന്തമായി. ശരിയത്ത് നിയമത്തെ അടിസ്ഥാനമാക്കിയുള്ള യെമനിലെ സങ്കീർണമായ നിയമവ്യവസ്ഥ നമ്മുടേതിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. എങ്കിലും, അടിയന്തരമായ ഈ മാനുഷിക പ്രതിസന്ധിക്കു നമ്മുടെ പരമാവധി ശ്രദ്ധയും സഹാനുഭൂതിയും ആവശ്യമാണ്.
നിമിഷപ്രിയയുടെ അപകടകരമായ സാഹചര്യത്തിന്റെ കാതൽ ‘ബ്ലഡ് മണി’ അല്ലെങ്കിൽ “ദിയാധനം’’ എന്ന ആശയമാണ്. ശരിയത്ത് നിയമപ്രകാരം അംഗീകരിക്കപ്പെട്ട മോചനമാർഗമാണിത്. ഇതിലൂടെ ഇരയുടെ കുടുംബത്തിനു വധശിക്ഷയ്ക്കു പകരമായി സാന്പത്തിക നഷ്ടപരിഹാരം സ്വീകരിക്കാൻ സാധിക്കും. സർക്കാർ തലത്തിലും മറ്റു വ്യക്തികളുടെ ഇടപെടലുകളിലൂടെയും ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ, അക്ഷീണമായ പ്രവർത്തനം ഈ വഴിക്കാണ്.
വധശിക്ഷ താത്കാലികമായി മാറ്റിവച്ചത് പ്രതീക്ഷയുടെ തിരിനാളമാകുന്നുണ്ട്. വിലപ്പെട്ട അവസരത്തിന്റെ ജാലകമാണ് തുറന്നിരിക്കുന്നത്. സർവശക്തിയുമെടുത്ത് ആ അവസരം നാം ഉപയോഗപ്പെടുത്തണം. അവളെ രക്ഷിക്കാനുള്ള വഴി ദുർഘടമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
നമ്മുടെ വിദേശകാര്യ മന്ത്രാലയം കഴിയുന്നതുപോലെ ശ്രമിക്കുന്നുണ്ട്. എന്നാൽ, യെമനിലെ ആഭ്യന്തരയുദ്ധവും നിമിഷപ്രിയയെ തടവിലാക്കിയിരിക്കുന്ന അധികാരികളുടെ സ്ഥിരതയില്ലാത്ത അവസ്ഥയും കാര്യങ്ങൾ സങ്കീർണമാക്കി. കൂടാതെ, മോശമായ രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാൽ 2015 ഏപ്രിൽ മുതൽ ഇന്ത്യൻ എംബസി രാജ്യത്തിനു പുറത്തു വടക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിലെ ക്യാന്പ് ഓഫീസിൽനിന്നാണു പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളാൽ സംഭവിച്ചതാണെങ്കിലും, പ്രവർത്തനപരമായ ഈ പരിമിതികൾ ദൗർഭാഗ്യവശാൽ നമ്മുടെ നയതന്ത്ര ഇടപെടലുകളുടെ ഫലപ്രാപ്തിയെ ഇതുവരെ തടസപ്പെടുത്തിയിട്ടുണ്ട്.
ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് ഒരു പുതിയ, ജീവസുറ്റ, പ്രതീക്ഷയുടെ വെളിച്ചം തെളിഞ്ഞിരിക്കുന്നത്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും ജാമിയ മർക്കസിന്റെ ചാൻസലറുമായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഉസ്താദ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെമനിലെ സൂഫി ഇസ്ലാമിക പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസുമായുള്ള തന്റെ ദീർഘകാല സൗഹൃദം വഴി നടത്തിയ ഇടപെടൽ ഒരു നേർത്ത പ്രതീക്ഷയോ ശുഭാപ്തിവിശ്വാസമോ പോലും നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ നിർണായകമായ ശ്രമങ്ങളുടെ വിജയത്തിനായി കേരളം ഒന്നടങ്കം ഇപ്പോൾ തീവ്രമായി പ്രാർഥിക്കുന്നു.
മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ആളുകളെ ഭിന്നിപ്പിക്കാനും വിദ്വേഷവും ശത്രുതയും വളർത്താനുമുള്ള ശ്രമങ്ങൾ വർധിച്ചുവരുന്ന ഈ കാലത്ത്, ആദരണീയനായ കാന്തപുരം ഉസ്താദ് ശക്തവും കാലോചിതവുമായ ഒരു സന്ദേശം നൽകിയിരിക്കുന്നു. ഒരു അടിസ്ഥാനപരമായ സത്യത്തിന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ ഈ മുൻകൈ. അതായത്, എല്ലാ വിഭാഗീയതയ്ക്കും അതീതമാണു മനുഷ്യത്വം. ഏറ്റവും സങ്കീർണമായ പ്രതിസന്ധികളെപ്പോലും നേരിടാൻ കാരുണ്യത്തിന്റെ തളരാത്ത ശക്തിക്കും സംസ്കാരങ്ങൾക്കിടയിലെ പരസ്പരധാരണയ്ക്കും കഴിയുമെന്നതിന്റെ തെളിവുമാണിത്.
ആരോപിക്കപ്പെടുന്ന തെറ്റിനെ അംഗീകരിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. മറിച്ച്, ജീവിക്കാനുള്ള അടിസ്ഥാനപരമായ മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചാണ്; നിമിഷപ്രിയയുടെ മോചനം ഉറപ്പാക്കാൻ സാധ്യമായ, എല്ലാ നയതന്ത്ര, മാനുഷിക വഴികളും തേടുന്നതിനെക്കുറിച്ചാണ്.
വിദേശത്തെ, രാഷ്ട്രീയ അസ്ഥിരതയും വ്യത്യസ്ത നിയമവ്യവസ്ഥകളും നിറഞ്ഞ പ്രദേശങ്ങളിൽ ഭാഗ്യം തേടിപ്പോകുന്ന നമ്മുടെ പൗരന്മാരുടെ ജീവിതത്തിലുണ്ടാകുന്ന സങ്കീർണതകളുടെ കഠിനമായ ഓർമ്മപ്പെടുത്തലാണിത്. നമ്മുടെ പ്രവാസികളുടെ താത്്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ശക്തമായ നയതന്ത്ര പിന്തുണയുടെയും സജീവമായ ഇടപെടലിന്റെയും അനിവാര്യതയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ നിർബന്ധിക്കുന്നതാണ് നിമിഷപ്രിയയുടെ കേസ്.
“സാധ്യമായതെല്ലാം ചെയ്യും’’ എന്ന് നമ്മുടെ സർക്കാർ സ്തുത്യർഹമായി പറഞ്ഞിട്ടുണ്ട്. തീർച്ചയായും, ആദരണീയനായ മതനേതാവിന്റെ ഏറ്റവും പുതിയ ഇടപെടൽ വിലമതിക്കാനാകാത്ത സമയം നമുക്ക് നേടിത്തന്നിട്ടുണ്ട്.
നിമിഷപ്രിയയുടെ സംസ്ഥാനത്തെ ഒരു ജനപ്രതിനിധി എന്ന നിലയിൽ, എന്റെ അഭ്യർഥന കേവലം ഉദ്യോഗസ്ഥ ഇടപെടലിനുവേണ്ടിയല്ല, മറിച്ച് ഒരു ഏകോപിതവും അനുകമ്പ നിറഞ്ഞതും അക്ഷീണവുമായ നയതന്ത്ര നീക്കത്തിനുവേണ്ടിയാണ്. ഇരയുടെ കുടുംബവുമായി ബന്ധപ്പെടാനും, അവരുടെ സഹിഷ്ണുതാ മനോഭാവത്തോട് അഭ്യർഥിക്കാനും, യെമനിലെ നിയമപരവും ആചാരപരവുമായ വഴികളിലൂടെയുള്ള ഏത് ഒത്തുതീർപ്പും സുഗമമാക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു നമ്മൾ ഉറപ്പാക്കണം.
ഇന്ത്യൻ നയതന്ത്രത്തിന്റെയും മാനുഷിക ഇടപെടലിന്റെയും ഔന്നത്യം ആവശ്യപ്പെടുന്ന നിമിഷമാണിത്. നാട്ടിലെത്തിക്കാനോ, ഏറ്റവും ചുരുങ്ങിയത് ജീവൻ രക്ഷിക്കാനോ ഉള്ള എല്ലാ വഴികളും ഉപയോഗിക്കാൻ നിമിഷപ്രിയയോടു മാത്രമല്ല, വിദേശത്തുള്ള ഓരോ ഇന്ത്യൻ പൗരനോടും നമുക്കു കടപ്പാടുണ്ട്. കാരണം, ഒരു ജീവൻ രക്ഷിക്കുന്നതിലൂടെ നമ്മൾ നമ്മുടെ കൂട്ടായ മനുഷ്യത്വത്തെ വീണ്ടും ഉറപ്പിക്കുകയാണ്; ലോകത്ത് എവിടെയായിരുന്നാലും, ദുരിതത്തിലുള്ള എല്ലാ ഇന്ത്യക്കാരോടുമുള്ള നമ്മുടെ ഐക്യദാർഢ്യം.
Kerala
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. കോടതി നടപടികൾ ആരംഭിക്കുന്ന ഉടൻ അറ്റോർണി ജനറൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ചർച്ചകളുണ്ടായെന്നും വധശിക്ഷ നീട്ടിവെച്ചതായും സുപ്രീംകോടതിയിൽ അറിയിക്കും.
അതിനിടെ, മധ്യസ്ഥ സംഘത്തെ ചർച്ചകൾക്കായി നിയോഗിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം. ഇതിൽ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.
Kerala
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്ക്ക് പുതിയ പ്രതിസന്ധി. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ. ഒരു ഒത്തുതീർപ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരൻ പറഞ്ഞതായാണ് വിവരം.
അതേസമയം, വിഷയത്തിൽ തലാലിന്റെ ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. കുടുംബത്തിലെ ചിലർ നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചകൾ വീണ്ടും തുടരുമെന്നാണ് സൂചന. ചർച്ചകൾ ചിലപ്പോൾ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള് അറിയിച്ചു.
ശിക്ഷ നീട്ടിവെച്ചതിനാൽ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്ക്കാര് നീക്കം നടത്തുന്നുണ്ട്. പരസ്യപ്രതികരണം ഒഴിവാക്കണമെന്നും യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്.
ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യെമനിൽ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ടെന്നാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര് അറിയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധശിക്ഷ നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള പ്രചാരണം. ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും മധ്യസ്ഥ സംഘം അറിയിക്കുന്നത്.
നിമിഷ പ്രിയയുടെ കാര്യത്തിൽ തുടർന്നും ഇടപെടൽ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാഗം അറിയിച്ചു.
NRI
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന നീക്കത്തിന് ഒരു പരിധിയുണ്ട്.ആ ഘട്ടത്തിലെത്തിയെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ഇന്ത്യയ്ക്കു ചർച്ച ചെയ്യാൻ സാധ്യമായ ഏതൊരു രാജ്യത്തെയുംപോലെയല്ല യെമന്റെ കാര്യം. ഇന്ത്യയ്ക്ക് ഈ രാജ്യത്ത് ഒരു എംബസിയില്ല.
നിമിഷപ്രിയയെ നിലവിൽ പാർപ്പിച്ചിരിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായ്ക്കു പകരം മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മുന്പാകെ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനായി "സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗണ്സിൽ’എന്ന സംഘടനയാണു കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.
ബ്ലഡ് മണി സംബന്ധിച്ച കാര്യം ഇരയുടെ കുടുംബവുമായി സംസാരിക്കുന്നുണ്ടെന്നും അവർ അത് അംഗീകരിച്ചാൽ മോചനം സാധ്യമാകുമെന്നും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു.
എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തികസഹായം ഹർജിക്കാർ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആർ. വെങ്കിട്ടരമണി അറിയിച്ചു.
വധശിക്ഷ താത്കാലികമായി നിർത്തിവയ്ക്കാൻ കഴിയുമോയെന്നു കണ്ടെത്താൻ സർക്കാർ ബന്ധപ്പെട്ട യമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തെഴുതിയതായും അദ്ദേഹം ബെഞ്ചിനെ അറിയിച്ചു. നിലവിലെ പരിധിക്കപ്പുറം എന്തെങ്കിലും ചെയ്യാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു.
സംഭവിക്കുന്നത് വളരെ നിർഭാഗ്യകരമാണെന്നും യുവതിക്കു ജീവൻ നഷ്ടപ്പെട്ടാൽ ദുഃഖകരമാണെന്നും ഹർജി പരിഗണിക്കുന്നതിനിടയിൽ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ വധശിക്ഷ നിർത്തിവയ്ക്കാൻ പറയുന്ന തരത്തിൽ ഒരു ഉത്തരവ് കോടതിക്കു പുറപ്പെടുവിക്കാൻ സാധിക്കില്ല.
അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചാൽ ആരാണത് അനുസരിക്കുകയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ കേന്ദ്രത്തിന് ഇടപെടാൻ പരിമിതമായ സാഹചര്യമാണെന്നു ബോധ്യമായ കോടതി പുതിയ സ്ഥിതിഗതികൾ വ്യക്തമാക്കുന്നതിന് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
NRI
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ.
വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെയുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യെമൻ അധികാരികളുമായി തുടർച്ചയായി ബന്ധപ്പെട്ടുവരികയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
വധശിക്ഷ ഒഴിവാക്കാനായി വരുംദിവസങ്ങളിൽ ശ്രമിക്കുമെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്സിൽ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനു ദയാധനം നൽകി (ബ്ലഡ് മണി) നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടുന്നതിൽ നയതന്ത്ര പരിമിതികളുണ്ട്. കുറ്റകൃത്യം നടന്നതും നിമിഷ ഇപ്പോൾ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമുള്ള യെമനിലാണ്.
ഹൂതികളുടെ പ്രവിശ്യയിൽ നടന്ന കുറ്റകൃത്യമായതിനാൽ ഹൂതികളുടെ ഭരണകൂടമായ സുപ്രീം പൊളിറ്റിക്കൽ കൗണ്സിലാണ് വധശിക്ഷയിൽ ഇളവ് തീരുമാനിക്കേണ്ടതെന്ന് യെമൻ എംബസി മുന്പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗണ്സിലുമായാണ് ഇന്ത്യക്ക് നയതന്ത്ര ബന്ധമുള്ളത്. എന്നിരുന്നാലും ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ചർച്ചകൾ നടത്താനുള്ള വാതിലുണ്ട്.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ജോൺ ബ്രിട്ടാസും കെ. രാധാകൃഷ്ണനും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി.
നിമിഷപ്രിയ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കാനുള്ള നടപടികളെടുക്കണമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
NRI
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനിൽനിന്നുള്ള രണ്ട് വിദ്യാർഥികൾ കടലിന്റെ കാണാക്കയങ്ങളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം. തെരച്ചിലുകൾ ഏറെ നടത്തിയെങ്കിലും ഇരുവരെയും ഇതുവരെ കണ്ടെത്താനായില്ല.
കഴിഞ്ഞമാസം രണ്ടിനാണ് കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളായ ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവർ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായത്.
ഒമ്പതംഗ വിദേശ വിദ്യാർഥി സംഘം കോയമ്പത്തൂരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് എറണാകുളത്ത് വിനോദയാത്ര വന്നതാണ്. കടലിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തെ മത്സ്യത്തൊഴിലാളികൾ വിലക്കിയെങ്കിലും ഭാഷ ഇവർക്ക് മനസിലായില്ല. ഇതാണ് വിനയായത്.
വിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും കോസ്റ്റൽ പോലീസും ഒക്കെ ഒരാഴ്ചയോളം നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് പ്രതീക്ഷയറ്റ ബന്ധുക്കൾ ഒടുവിൽ നിരാശയോടെ നാട്ടിലേക്ക് വിമാനം കയറി.