അബുദാബി: യെമനിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനീസഭാംഗങ്ങളായ നാല് കന്യാസ്ത്രീമാരെയും അവരോടൊപ്പം കൊല്ലപ്പെട്ട മറ്റ് 12 പേരെയും അനുസ്മരിച്ചു.
ദാരുണസംഭവത്തിന്റെ പത്താംവാർഷികാചരണത്തിന്റെ ഭാഗമായി അബുദാബിയിലെ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ കഴിഞ്ഞദിവസം അറേബ്യൻ വികാരിയത്തിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ കുർബാനയും അനുസ്മരണപ്രാർഥനയും നടന്നു.
2016 മാർച്ച് നാലിന് യെമനിലെ തെക്കന്‍ നഗരമായ ഏഡനിലെ ശൈഖ് ഉത്മാന് ജില്ലയിലായിരുന്നു സംഭവം. ഇവിടുത്തെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച നാല് ഭീകരർ റുവാണ്ടയിൽനിന്നുള്ള സിസ്റ്റർ റെജിനെറ്റ്, സിസ്റ്റർ മർഗരീത്ത, ഇന്ത്യയിൽനിന്നുള്ള സിസ്റ്റർ ആൻസെലമ്മ, കെനിയയിൽനിന്നുള്ള സിസ്റ്റർ യൂദിത്ത് എന്നിവരെയും 12 ജീവനക്കാരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവിടെ ശുശ്രൂഷ ചെയ്യുകയായിരുന്ന സലേഷ്യൻ സന്യാസ സഭാംഗവും മലയാളിയുമായ ഫാ. ടോം ഉഴുന്നാലിലിനെ ഭീകരർ തട്ടിക്കൊണ്ടുപോകുകയും ഒരു വർഷത്തോളം തടവിൽ പാർപ്പിച്ചശേഷം 2017 സെപ്റ്റംബറിൽ മോചിപ്പിക്കുകയും ചെയ്തിരുന്നു.
Tags : Yemen nuns killed nuns Remembering Missionaries of Charity terrorist attack