സന: യെമനിൽ കാറിൽ ബോംബ് വച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി. സൗദി അറേബ്യയിലെ അൽ അറേബ്യ ടെലിവിഷന്‍റെ കറസ്പോണ്ടന്‍റും യെമനി മാധ്യമപ്രവർത്തകനുമായ മുഹമ്മദ് അയ്ദ ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ യെമനിലെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തലവൻ റഷാദ് അൽ അലിമി ഉന്നതതല സംയുക്ത കമ്മിറ്റിയെ രൂപീകരിച്ച് അന്വേഷണം നടത്താൻ നിർദേശം നൽകി.
യെമന്‍റെ കിഴക്കൻ നഗരമായ മുകല്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. അൽ അറേബ്യയ്ക്കും സഹോദര സ്ഥാപനമായ അൽ ഹദാത്തിനും വേണ്ടി യെമനിൽനിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തകനായിരുന്നു മുഹമ്മദ് അയ്ദ.
വധഭീഷണി ഉണ്ടായിരുന്നതിനാൽ പ്രാദേശിക സുരക്ഷാ അധികൃതർ മുഹമ്മദ് അയ്ദയ്ക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്തു.
Tags : Journalist killed car bomb attack Yemen