Kerala
കൊട്ടയം: കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനായി ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറില്‍ തീ എടുക്കുന്നതിനിടെ പൊള്ളലേറ്റ യുവതി മരിച്ചു. കോട്ടയം ളാക്കാട്ടൂര്‍ ആനക്കല്ലുങ്കലില്‍ ജോമോള്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്.
ഗ്യാസ് അടുപ്പില്‍ നിന്ന് പേപ്പറിലേക്ക് തീ കൊളുത്തുന്നതിനിടെ ജോമോളുടെ നൈറ്റിക്ക് തീപിടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ഗുരുതരമായി പൊള്ളലേറ്റ ജോമോൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഭര്‍ത്താവ് എബിസണ്‍. ഇവാനിയ മകളാണ്.
Kerala
മലപ്പുറം: വിഷു ആഘോഷങ്ങള്‍ക്കിടെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് അടുക്കളയടക്കം കത്തിനശിച്ചു. ചെമ്മങ്കടവ് ചുങ്കപ്പള്ളി സ്വദേശി മനോജ് ബാബുവിന്റെ വീട്ടിലാണ് അപകടമുണ്ടായത്.
വിഷുവിന് രാവിലെ ഒമ്പതോടെ ഭാര്യ പായസം ഉണ്ടാക്കുന്നതിനിടെ പാചക വാതക സിലിണ്ടര്‍ തുറന്നപ്പോള്‍ സ്റ്റൗവില്‍ നിന്നും സിലിണ്ടറിലേക്ക് തീ ആളിപ്പടരുകയായിരുന്നു.
നിമിഷ നേരം കൊണ്ട് അടുക്കള മുഴുവന്‍ തീ ആളിപ്പടര്‍ന്നതോടെ വീട്ടിലുണ്ടായിരുന്നരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ വെള്ളമൊഴിച്ചും മറ്റും തീ അണക്കാന്‍ ശ്രമിച്ചു.
എന്നാല്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിഞ്ഞ് മലപ്പുറത്തുനിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്താണ് തീ പൂര്‍ണ്ണമായും അണച്ചത്. തുടര്‍ന്ന് അപകടാവസ്ഥയിലായ സിലിണ്ടര്‍ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വിറകുകളും മിക്സി ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളും സ്വിച്ച് ബോര്‍ഡും തീപിടിത്തത്തില്‍ നശിച്ചു.
പാചകവാതക സിലിണ്ടറിന്റെ പഴകിയ പൈപ്പിലുണ്ടായ വിള്ളലിലൂടെ ഗ്യാസ് പുറത്തേക്ക് ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്.
Kerala
തിരുവന്തപുരം: പറശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു. വെഞ്ഞാറമൂട് വച്ചാണ് തീപിടിച്ചത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.
രാവിലെ ഒന്‍പതോടെയാണ് സംഭവം. എസി സ്ലീപ്പര്‍ ബസിന്റെ മുന്‍ഭാഗത്ത് ആണ് തീ കണ്ടത്. പുക പടര്‍ന്നതോടെ ഡ്രൈവര്‍ ബസ് ഉടൻ തന്നെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകായയിരുന്നു. തുടർന്നു അഗ്നി ശമന സേന എത്തി തീ അണച്ചു.
ഫയര്‍ഫോഴ്സ് എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചിരുന്നു. ബസിൽ നിന്ന് യാത്രക്കാരെ വേഗത്തിലിറക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
Kerala
മലപ്പുറം: ചാപ്പനങ്ങാടിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. സിൽവർ ക്ലീനിംഗ് സൊല്യൂഷൻ എൽഎൽപി എന്ന സ്ഥാപനത്തിലേക്ക് പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി എത്തിയ കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മലപ്പുറത്ത് നിന്ന് അഗ്നിശമന സേനയെത്തി തീ പൂർണമായും അണച്ചു. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും അഗ്നിശമനസേന അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം എംജി റോഡിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു. പുല്ലേപ്പടി പാലത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്.
ആക്രിക്കട മൊത്തത്തിൽ കത്തി നശിച്ചു. മൂന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.
Kerala
തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിന് തീപിടിച്ചു. വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്ന വയോധിക തലനാരിഴക്ക് രക്ഷപ്പെട്ടു. കഴക്കൂട്ടം പുത്തൻവീട്ടിൽ റാബിയത് ബീവിയുടെ വീടാണ് കത്തിയത്.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. അയൽക്കാരനാണ് വീടിന് തീപിടിച്ചത് കണ്ടത്. തീപിടിച്ചത് അറിയാതെ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന റാബിയത് ബീവിയെ അയൽക്കാര്‍ ഓടിയെത്തി വിളിച്ചുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു.
ഇതിനുപിന്നാലെ തീ വീട്ടിലേക്ക് പൂര്‍ണമായും പടര്‍ന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു. ഇവരുടെ മകൻ പുറത്തുപോയ സമയത്താണ് സംഭവം. മുൻപ് തീവെപ്പ് കേസിലെ പ്രതിയായിരുന്നു മകൻ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.
Kerala
മൂവാറ്റുപുഴ: കൂത്താട്ടുകുളം മൂവാറ്റുപുഴ എംസി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ഞായറാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവം.
മണര്‍കാട് ഭാഗത്തുനിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന മുണ്ടക്കയം സ്വദേശികളായ ജോമോനും ഭാര്യയും രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
ഉന്നക്കുപ്പ ഭാഗത്ത് എത്തിയതോടെ വാഹനത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികര്‍ ഉടന്‍തന്നെ വാഹനത്തില്‍ നിന്നും ഇറങ്ങി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
Kerala
തിരുവനന്തപുരം: കല്ലമ്പലം കടമ്പാട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വർക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ ക്വാളിസ് കാറിനാണ് തീപിടിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അപകട സമയത്ത് വാഹനത്തിൽ സുഗന്ധകുമാറും കുടുംബാംഗങ്ങളും ആണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയർന്നത്തോടെ വാഹനം ഒതുക്കി നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു.
വിവരമറിഞ്ഞ് കല്ലമ്പലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറിൽ തീപിടിത്തം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മധ്യഭാഗത്തുള്ള ടാങ്കറിലാണ് തീ പടർന്നത്. നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.
ലോക്കോ പൈലറ്റ് ആദ്യം വിശ്വസിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. റെയിൽവേ അധികൃതർ തീപിടിത്തത്തിന് കാരണം പരിശോധിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു.
Kerala
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം ആറോടെ കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയില്‍ സെന്റ് ജോർജ് പള്ളിക്ക് മുന്നിലായിരുന്നു നടുക്കുന്ന സംഭവം. കാർ പൂർണമായി കത്തിനശിച്ചു.
അപകടം നടക്കുമ്പോൾ മണികണ്ഠനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ പിൻഭാഗത്തെ ഡോറിന് അടിയിൽ നിന്നും പുക ഉയരുന്നത് തൊട്ടുപിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ആദ്യം കണ്ടത്. ഇവർ തുടർച്ചയായി ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയതോടെ മണികണ്ഠൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി.
കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മണികണ്ഠനും കുടുംബവും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം കാറിൽ തീ പടരുകയായിരുന്നു
തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ ആളിപടർന്ന സാഹചര്യത്തിൽ ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ കൂടി എത്തിയാണ് തീയണച്ചത്. അപകടത്തെത്തുടർന്ന് കുന്നംകുളം - പട്ടാമ്പി പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
District News
കുമരകം: വേമ്പനാട്ടുകായലിൽ ചിത്തിര ഭാഗത്തുനിന്ന് അപൂർവ ഇനത്തിൽപ്പെട്ട മത്സ്യത്തെ ലഭിച്ചു. ബംഗാൾ മത്സ്യമായ അമ്പട്ടൻ വാളയ്ക്ക് സദൃശ്യമായ മത്സ്യത്തെയാണ് കുമരകം ഏഴാം വാർഡിൽ ആശാരിശേരി കണയാറത്തറ സഞ്ജയന് (48) ഇന്നലെ രാവിലെ ലഭിച്ചത്. രണ്ടരക്കിലോഗ്രാമിലധികം തൂക്കമുള്ളതാണ് ഈ മീൻ.
ജീവനാശ ഭീഷണി നേരിടാൻ സാധ്യതയുള്ള വിഭാഗത്തിൽപ്പെടുന്ന ഈ മത്സ്യത്തിന് ഗൂഗിളിൽ ഇന്ത്യൻ കത്തി മത്സ്യം, ഇന്ത്യൻ തൂവൽ മത്സ്യം, ചിതല എന്നൊക്കെയാണ് കാണുന്നതെങ്കിലും ചിറ്റാള എന്നാണ് ശാസ്ത്രനാമമെന്ന് കുമരകം കൃഷി വിഞ്ജാന കേന്ദ്രത്തിലെ ഫിഷറീസ് ശാസ്ത്രജ്ഞ ശാരി പറഞ്ഞു. ഈ മത്സ്യത്തിന്റെ കുഞ്ഞുങ്ങളെ ബംഗാളിൽനിന്നു കൊണ്ടുവന്ന് ഇപ്പോൾ കേരളത്തിൽ വളർത്തുന്നുണ്ട്.
ഫാമിൽനിന്നു ചാടി കായലിൽ എത്തിയതാകാമെന്നു കരുതപ്പെടുന്നു. നല്ല രുചിയുള്ള മത്സ്യമാണിത്. 30 വർഷമായി മത്സ്യബന്ധനം നടത്തുന്ന സഞ്ജയന്റെ ഭാര്യ നസ്രത്ത് പള്ളിക്കു സമീപം പ്രവർത്തിക്കുന്ന ഉൾനാടൻ മത്സ്യസംഘത്തിന്റെ സെക്രട്ടറി വിന്ദ്യയാണ്. മക്കൾ അദ്വെെ്വത്, അനുഗ്രഹ.