പവിഴപ്പുറ്റ്.
ആഗോളതാപനം ജീവജാലങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന കാലത്തിലൂടെയാണു നാം കടന്നുപോകുന്നത്. കരയിൽ മാത്രമല്ല, വെള്ളത്തിലുമുള്ള ജീവജാലകങ്ങളുടെ അതിജീവനവും ചോദ്യചിഹ്നമാകുന്നു. ഇപ്പോൾ, താപതരംഗങ്ങളുടെ ആഘാതത്തിൽ സമുദ്രത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകളെ സംരക്ഷിക്കാൻ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണു ഗവേഷകർ. കടലിനടിയിൽ താത്കാലിക 'തണൽകുട'കൾ സ്ഥാപിച്ചാണു നശിച്ചുകൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകൾക്കു രക്ഷയൊരുക്കുന്നത്.
യുഎസ് ഫ്ളോറിഡയിലെ ഗവേഷകർ നടത്തിയ പഠനം ഫ്രോണ്ടിയേഴ്സ് ഇൻ മറൈൻ സയൻസ് എന്ന ശാസ്ത്ര മാസികയിലാണു പ്രസിദ്ധീകരിച്ചത്. 'തണൽ കുട'കൾ നിർമിച്ച് പവിഴപ്പുറ്റുകളിലേക്കു പതിക്കുന്ന സൂര്യപ്രകാശവും ചൂടും കുറയ്ക്കുന്നതിലൂടെ വർണരാജികൾ നഷ്ടമാകുന്നതും പവിഴപ്പുറ്റു നശിക്കുന്നതും തടയാൻ കഴിയുമെന്നു പഠനം വ്യക്തമാക്കുന്നു.
നോവ സൗത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകയായ കാരെൻ നീലിയുടെ നേതൃത്വത്തിലുള്ള സംഘമാണു ഗവേഷണങ്ങൾക്കു പിന്നിൽ. ഫ്ലോറിഡ കീസിലെ കടലിലുള്ള രണ്ട് തരം കരീബിയൻ പവിഴപ്പുറ്റുകളിൽ പൈപ്പുകളും നൈലോൺ തുണിയും ഉപയോഗിച്ചുള്ള 'കൃത്രിമകുട'കൾ സ്ഥാപിക്കുകയായിരുന്നു. ഈ 'കൃത്രിമതണൽ' വിരികൾ പവിഴപ്പുറ്റുകളിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് അറുപതു ശതമാനത്തോളം കുറച്ചു. രണ്ട് ആഴ്ച കൂടുമ്പോൾ ഡൈവർമാർ കടലിലിറങ്ങി പവിഴപ്പുറ്റുകളുടെ നിറവും ആരോഗ്യവും നിരീക്ഷിച്ചപ്പോൾ, കടുത്ത ചൂടിൽ നിറം മങ്ങി വെളുത്തു തുടങ്ങിയ പവിഴപ്പുറ്റുകൾ തണൽ ലഭിച്ചതോടെ പഴയ സ്ഥിതിയിലേക്കു തിരിച്ചെത്തുന്നതായി കണ്ടെത്തി.
പവിഴപ്പുറ്റുകൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ചൂടു മൂലമുണ്ടാകുന്ന ബ്ലീച്ചിംഗ് ആണെന്നു ഗവേഷകർ വ്യക്തമാക്കുന്നു. ഈ രീതിയിലൂടെ ചെറിയ അളവിൽ പവിഴപ്പുറ്റുകളെ സംരക്ഷിക്കാൻ സാധിക്കുമെന്നും കാരെൻ പറഞ്ഞു. പവിഴപ്പുറ്റുകൾ സസ്യങ്ങളോ പാറകളോ അല്ല, മറിച്ച് സിനിഡാരിയ വിഭാഗത്തിൽപ്പെട്ട ജന്തുക്കളാണ്. അവയ്ക്കു ഭക്ഷണവും നിറവും നൽകുന്നത് അവയ്ക്കുള്ളിൽ ജീവിക്കുന്ന മൈക്രോ ആൽഗകളാണ്. കടലിലെ താപനില ഉയരുമ്പോൾ ആൽഗകൾ പവിഴപ്പുറ്റുകളിൽനിന്നു പുറന്തള്ളപ്പെടുകയും തുടർന്ന് അവ വെളുത്ത നിറത്തിലാവുകയും നശിക്കുകയും ചെയ്യുന്നതാണ് 'കോറൽ ബ്ലീച്ചിങ്'.
2023-ൽ ഫ്ലോറിഡയിലുണ്ടായ ശക്തമായ സമുദ്രതാപതരംഗം വൻതോതിൽ പവിഴപ്പുറ്റുകളെ നശിപ്പിച്ചിരുന്നു. ഭാവിയിലുണ്ടാകുന്ന സമാനമായ പ്രതിസന്ധികളിൽ നിന്ന് അപൂർവ ഇനം പവിഴപ്പുറ്റുകളെ രക്ഷിക്കാൻ ഇത്തരം തണൽ വിരികൾക്കു കഴിയുമെന്നാണു ശാസ്ത്രലോകം വിലയിരുത്തുന്നത്.
Tags : International ScienceNews RisingOceanTemperatures CoralBleaching Cnidaria KarenNeely UnderwaterUmbrellas Pseudodiploriaclivosa Colpophyllianatans