പ്രതീകാത്മക ചിത്രം
ഹരാരെ: സിംബാബ്‌വെയും സാംബിയയും പങ്കിടുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലാശയമായ കരിബ തടാകത്തിലുണ്ടായ ബോട്ട് അപകടത്തിൽ 44 പേർ മരിച്ചു. അപകടത്തിൽ 77 പേരെ രക്ഷപ്പെടുത്തി. തടാകത്തിൽ നടത്തിയ തിരച്ചിലിൽ ഇതുവരെ 44 മൃതദേഹങ്ങൾ കണ്ടെടുത്തതായി സിംബാബ്‌വെ സിവിൽ പ്രൊട്ടക്ഷൻ യൂണിറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ചൊവ്വാഴ്‌ചയാണ് രാജ്യത്തെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്. പരമാവധി 90 യാത്രക്കാരെയും അഞ്ച് ജീവനക്കാരെയും മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ബോട്ടിൽ 120ലധികം പേർ യാത്ര ചെയ്തിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
വിൽപന നടത്തിയ ടിക്കറ്റുകളുടെ കണക്കുപ്രകാരം 114 മുതിർന്നവരാണ് അപകടസമയത്ത് ബോട്ടിൽ ഉണ്ടായിരുന്നത്. 12 കുട്ടികളും ബോട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. യാത്രയ്ക്കിടെ ഉണ്ടായ ശക്തമായ തിരമാലകളിലാണ് ബോട്ട് മറിഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി.
അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രസിഡന്‍റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും സർക്കാർ അറിയിച്ചു.
Tags : Zimbabwe BoatAccident Dead Deepika DeepikaNewspaper BreakingNews NewsUpdate