തോട്ടപ്പുഴശേരിയിലെ കിഴവറക്കടവ് ഭാഗം കരയായി മാറിയപ്പോൾ.
പത്തനംതിട്ട: പന്പാനദിയുടെ അടിത്തട്ട് 3.5 മീറ്ററോളം താഴ്ന്നതായും മണൽവാരൽ നിർദേശം പ്രായോഗികമല്ലെന്നും പരിസ്ഥിതി സംഘടനകൾ. പമ്പയിലെ മിന്നൽ പ്രളയത്തിനു കാരണം നദിയിൽ മണൽ നിറഞ്ഞതാണെന്നുള്ള വാദം പരിസ്ഥിതി സംഘടനകൾ തള്ളുകയാണ്. 50 വർഷത്തോളം തുടർന്ന മണൽ ഖനനത്തിന് ശമനമുണ്ടായത് 2010-ന് ശേഷമാണ്. കഴിഞ്ഞ16 വർഷത്തിനുള്ളിൽ പമ്പയിൽ മണൽ നിറഞ്ഞു എന്ന വാദം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് പരിസ്ഥിതി വാദികളുടെ വാദം.
അതിരൂക്ഷമായി തുടർന്നുവന്ന മണൽ ഖനനംമൂലം നദിയുടെ അടിത്തട്ട് ആറന്മുള മുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് 3.5 മീറ്റർ ശരാശരി താഴ്ന്നതായാണ് സെൻട്രൽ വാട്ടർ കമ്മീഷന്റെ പഠന റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ടു പന്പ പരിരക്ഷണ സമിതി നടത്തിയ പഠനത്തിലും നദിയുടെ അടിത്തട്ട് താഴുന്നതായി കണ്ടെത്തിയിരുന്നു. മണൽവാരൽ നിരോധിച്ചശേഷം അടിത്തട്ട് ഉയരുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
നദിയുടെ അടിത്തട്ടിൽ മണൽ ആവശ്യമാണെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. നദിയിൽ ഒഴുക്ക് കുറയ്ക്കാനും ജലം സംഭരിച്ചു നിർത്താനും മണൽ അനിവാര്യമാണ്. ഇപ്പോൾ അടിത്തട്ടിൽ മണലിന് പകരം ചെളിയാണുള്ളത്. അതിനാൽ കുളിക്കടവുകളിൽ പോലും ആരും ഇറങ്ങാറില്ല. ചെളിയിൽ കാലുകുത്തിയാൽ താഴ്ന്നു പോകാറുണ്ട്. ഇത് കടവുകളെ അപകട മേഖലകളാക്കി.
2018 ലെ പ്രളയ കാലത്ത് നദിയിൽ മണലടിഞ്ഞത് റാന്നിയുടെ കിഴക്കൻ മേഖലകളിൽ മാത്രമാണ്. ഇവിടെ വേനൽ കാലത്ത് മണൽ പരപ്പുകളും തെളിയാറുണ്ട്. പക്ഷേ ഇത് പ്രളയ കാരണമല്ല. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച തീവ്രമഴയും ഉരുൾപൊട്ടലുമാണ് പ്രളയ കാരണമെന്നും വിദഗ്ധർ പറയുന്നു.
സിഡബ്ല്യുആർഡിഎം പഠനം
1999 - ലെ സിഡബ്ല്യുആർഡിഎം പഠന പ്രകാരം കേരളത്തിൽ പ്രതിവർഷം 40 ലക്ഷം ലോഡ് ആറ്റുമണലാണ് നിർമാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. പ്രതിവർഷം കേരളത്തിലെ നദികളിലൂടെ ഒഴുകി എത്തിയിരുന്നത് 14,160 ഘനമീറ്റർ മണലാണെങ്കിൽ അതിന്റെ 33 ഇരട്ടി മണലാണ് വിവിധ നദികളിൽ നിന്നും കടത്തിയിരുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു. കേരളത്തിലെ നദികളിൽ നിന്നും മണലൊഴിയാനുള്ള പ്രധാന കാരണവും ഇതാണ്.
വേനൽക്കാലത്തു പമ്പാനദിയിൽ പ്രത്യക്ഷപ്പെട്ടിരുന്ന മണൽ പരപ്പുകൾ പലതും മണൽ ഖനനം മൂലം അപ്രത്യക്ഷമായിട്ട് 30 വർഷം കഴിഞ്ഞുവെന്നാണ് പരിസ്ഥിതി സംഘടനകൾ പറയുന്നത്. നദിയിൽ മണൽ വന്ന് നിറഞ്ഞിരുന്നകിൽ ഈ മണൽപ്പുറം വീണ്ടും പ്രത്യക്ഷമാകുമായിരുന്നു. അല്ലെങ്കിൽ മറ്റൊരിടത്ത് പകരം മണൽ പരപ്പ് ഉണ്ടാകേണ്ടതാണ്.
മണൽപ്പുറങ്ങൾക്ക് മരണം
പന്പയുടെ തീരത്തെ നിരവധി മണൽപ്പുറങ്ങളാണ് വിസ്മൃതിയിലായത്. മാരാമൺ, ചെറുകോൽപ്പുഴ കൺവൻഷനുകൾക്കായുണ്ടായിരുന്ന സ്വാഭാവിക മണൽപ്പുറങ്ങൾ പോലും ഇന്നില്ല. ആറന്മുളയ്ക്ക് തൊട്ടു കിഴക്കുള്ള പരപ്പുഴ മണൽപ്പുറത്തിനു പകരം ഇന്നവിടെ കാടുനിറഞ്ഞിരിക്കുകയാണ്. 50 വർഷം മുമ്പ് തീരത്തെ മണ്ണിടിച്ചിലിന് പരിഹാരമായി നിർമിച്ച പുലിമുട്ട് ഇപ്പോൾ നദീതീരത്തു നിന്നും 200 മീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
തീരം വീണ്ടെടുകണം
തീരങ്ങൾ വീണ്ടെടുത്ത് വിസ്തൃതി വർധിപ്പിക്കുകയാണ് നദിക്ക് അടിയന്തരമായി വേണ്ടതെന്നാണ് ആവശ്യം. കാടുകയറിയതും കൈയേറിയതുമായ പല സ്ഥലങ്ങളും മുന്പ് നദി ഒഴുകിയിരുന്നവയാണ്. പുറ്റുകൾ രൂപപ്പെട്ട് പന്പാനദി പലയിടത്തും വഴിമാറി സഞ്ചരിച്ചിട്ടുമുണ്ട്.
അശാസ്ത്രീയമായ മണൽ ഖനനമാണ് നദീ മധ്യത്തിൽ പോലും മൺപുറ്റുകൾ രൂപപ്പെടാനുള്ള പ്രധാന കാരണമെന്ന് പമ്പാ പരിരക്ഷണ സമിതിയുടെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. കിഴക്ക് വാഴക്കുന്നും നീർപ്പാലത്തിനു മുകളിൽ രൂപപ്പെട്ടിട്ടുള്ള മണൽ പുറ്റുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.