ഒഡീഷയിൽ പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്തിക്കുന്ന രക്ഷാപ്രവർത്തകർ.
ഭുവനേശ്വർ: ഒഡീഷയിൽ കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞതോടെ പ്രളയക്കെടുതി രൂക്ഷം. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റിത്തുടങ്ങി. ദിവസങ്ങളായി തുടരുന്ന മഴയിൽ സംസ്ഥാനത്തെ മുഴുവൻ നദികളും കരവിഞ്ഞ് ഒഴുകുകയാണ്.
ഹിരാകുഡ് ഡാമിന്റെ 16 ഷട്ടറുകൾ ഉയർത്തിയതായും 11 ഷട്ടറുകൾ കൂടി ഉടൻ തുറക്കുമെന്നും അധികൃതർ അറിയിച്ചു. ചത്തീസ്ഗഡിൽ മഹാനദിയുടെ വൃഷ്ടിപ്രദേശത്ത് മഴതുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ ഷട്ടറുകൾ ഉയർത്തുന്നത്. 530 അടി ശേഷിയുള്ള ഡാമിൽ 629 അടിയാണ് നിലവിലെ ജലനിരക്ക്. ഹട്ടി നദിയിലെ ഇന്ദ്രാവതി പ്രൊജക്ട് അഞ്ചു ഷട്ടറുകൾ തുറന്നിട്ടുണ്ട്.
ബലാസോർ, ഭദ്രാക്, ജജ്പുർ, കാലഹണ്ഡി, കോരപുത്, നബരംഗ്പുർ, മാൽക്കൻഗിരി, കിയോഞ്ജ്ഹാർ, ജഗത്സിഗ്പുര് ജില്ലകളിൽ മിന്നൽ പ്രളയമുണ്ടായതായും റിപ്പോർട്ടുണ്ട്. ബലാസോറിൽ മാത്രം 91 വില്ലേജുകളിലെ 14,660 പേർ വെള്ളപ്പൊക്കത്തിലായി. ഇവിടങ്ങളിൽനിന്ന് 3,268പേരെ ഒഴിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ബസ്തയിലെ മതാനിയിൽ ജലക നദിയിലെ ജലനിരപ്പ് അപകട നിലയായ 6.5 മീറ്റർ പിന്നിട്ട് 6.78 മീറ്ററിലേക്ക് ഉയർന്നു. സുബർണരേഖ, ബുധബാലങ്ക, കൻസബൻസ, സോയ, ഗംഗഹർ നദികളും നിറഞ്ഞൊഴുകുകയാണ്.
Tags : HeavyRain Odisha HirakudDam Opened Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash