മേധ രൂപം
ന്യൂഡൽഹി: എസ്ഐആർ വിഷയത്തിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണപക്ഷത്തിനുവേണ്ടി പ്രവർത്തിച്ചുവെന്ന ആരോപണം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, അദ്ദേഹത്തിന്റെ മകളും ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലാ കളക്ടറുമായ മേധ രൂപത്തിന് സുപ്രീംകോടതിയിൽനിന്നു ലഭിച്ച പ്രത്യേക പരിഗണനയും ചർച്ചയാകുന്നു. സുപ്രീംകോടതി റോസ്റ്റർ മറികടന്ന് കേസ് മറ്റൊരു ബെഞ്ചിലേക്കു മാറ്റിയതാണ് വിവാദങ്ങൾക്കു വഴിവച്ചത്.
കേസ് പരിഗണിച്ച ബെഞ്ചിലെ ജഡ്ജി ജസ്റ്റീസ് സതീഷ് ചന്ദ്ര ശർമയുടെ മകൻ മധ്യപ്രദേശ് ഹൈക്കോടതിയിലെ തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്റ്റാൻഡിംഗ് കൗൺസലാണെന്ന വിവരം പുറത്തുവന്നതോടെ, മേധാ രൂപത്തിനു കേസിൽ ലഭിച്ച അനുകൂല ഉത്തരവ് കൂടുതൽ വിമർശനങ്ങൾക്കു കാരണമായിട്ടുണ്ട്.
നോയിഡയിൽ തൊഴിലാളി സമരത്തിന് പിന്തുണ നൽകിയ നിയമവിദ്യാർഥിനിയെ ദേശീയ സുരക്ഷാനിയമം ചുമത്തി തടങ്കലിൽ വച്ചതുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി മേധയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.ഈ നടപടി ചോദ്യം ചെയ്താണു മേധ സുപ്രീംകോടതിയെ സമീപിച്ചത്.
റോസ്റ്റർ പ്രകാരം ജസ്റ്റീസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചിനു മുമ്പാകെ എത്തേണ്ടിയിരുന്ന ഹർജിയാണ് ജസ്റ്റീസ് സതീഷ് ചന്ദ്ര ശർമ ഉൾപ്പെട്ട ബെഞ്ച് പരിഗണിക്കുകയും അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.
സാധാരണ ഇത്തരം വിരുദ്ധ താത്പര്യമുള്ള സാഹചര്യങ്ങളിൽ കേസ് കേൾക്കുന്നതിൽനിന്നും ജഡ്ജിമാർ പിന്മാറുകയാണ് പതിവ്. എന്നാൽ, ഈ കേസിൽ അതുണ്ടായിട്ടുണ്ടോ എന്ന കാര്യമാണ് വലിയ നിയമപോരാട്ടങ്ങൾക്കും ചർച്ചകൾക്കും വഴി തുറന്നിരിക്കുന്നത്. ചട്ടം മറികടന്നുള്ള നടപടിയിൽ സുപ്രീംകോടതി അഭിഭാഷകർക്കിടയിൽ അതൃപ്തി പുകയുന്നതായി റിപ്പോർട്ടുണ്ട്.
Tags : Daughter GyaneshKumar Embroiled Controversy MedhaRoopam Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash