ഉറങ്ങുകയല്ല, പൂസായതാണ്... മദ്യശാലയിൽ കയറി വോഡ്ക കുടിച്ച് ഉറങ്ങുന്ന കുരങ്ങ്.
റാഞ്ചി: മദ്യശാലയിലേക്കു കയറി വോഡ്ക കുടിച്ച് ലക്കുകെട്ട് ഉറങ്ങിപ്പോയ കുരങ്ങന്റെ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ജാർഖണ്ഡിലെ റാഞ്ചിക്കു സമീപമുള്ള ഓർമാഞ്ചി ബ്ലോക്ക് ചൗക്കിലെ മദ്യശാലയിലാണ് ഏവരെയും അമ്പരപ്പിച്ച സംഭവം നടന്നത്.
കഴിഞ്ഞദിവസം കട തുറന്നിരുന്ന സമയത്താണ് കൗതുകം സൃഷ്ടിച്ചുകൊണ്ട് ഒരു പെൺകുരങ്ങ് അകത്തേക്കു കയറിയത്.
കടയ്ക്കുള്ളിലൂടെ കുറച്ചുനേരം ചുറ്റിനടന്ന കുരങ്ങന്റെ കണ്ണ് ഒടുവിൽ ഉടക്കിയത് ഷെൽഫിലിരുന്ന വോഡ്ക കുപ്പിയിലാണ്. ആരും പ്രതീക്ഷിക്കാത്ത നിമിഷത്തിൽ കുപ്പിയെടുത്ത് അല്പം വോഡ്ക ഉള്ളിലാക്കുകയും ചെയ്തു.
മദ്യം ഉള്ളിൽച്ചെന്നതോടെ ലഹരി തലയ്ക്കുപിടിച്ച കുരങ്ങന് മയക്കം വന്നുതുടങ്ങി. പിന്നെ വൈകിയില്ല; അടുത്തുള്ള പെട്ടികൾക്കു മുകളിലേക്ക് വലിഞ്ഞുകയറി അവിടെക്കിടന്ന് സുഖമായി ഉറങ്ങിപ്പോയി.
പെട്ടിക്കു മുകളിൽ കുരങ്ങൻ കിടന്നുറങ്ങുന്ന വിചിത്ര കാഴ്ച കണ്ടുനിന്നവർ കാമറയിൽ പകർത്തിയതോടെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. വിവരമറിഞ്ഞു സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുരങ്ങിനെ സുരക്ഷിതമായി അവിടെനിന്ന് മാറ്റി.
Tags : Monkey LiquorShop Drank Vodka Drunk Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash