കൊല്ലം പവിത്രം കണ്വന്ഷന് സെന്ററില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന കേന്ദ്രമന്ത്രി അമിത് ഷാ
കൊല്ലം: വലിയ തീരദേശവും കായലുകളുമൊക്കെയുള്ള കേരളത്തിന് ബ്ലൂ ഇക്കോണമിയില്‍ വലിയ സാധ്യതയുണ്ടെന്നും മത്സ്യോത്പാദനം, സംസ്കരണം, പാക്കേജിംഗ്, ബ്രാന്‍ഡിംഗ്, കയറ്റുമതി തുടങ്ങിയ മേഖലകളില്‍ സഹകരണരംഗത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ.
നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് (എന്‍സിസിഎഫ്) സഹകരണത്തിലൂടെ സമൃദ്ധി എന്ന സന്ദേശവുമായി കൊല്ലം പവിത്രം കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച വനിതാ ശക്തീകരണത്തിന് ദിശ പകരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പുതന്നെ വ്യവസ്ഥാപിതമായ സഹകരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന പ്രദേശങ്ങളാണ് തിരുവിതാംകൂറും കൊച്ചിയും മലബാറും. 23000ത്തിലധികം സഹകരണപ്രസ്ഥാനങ്ങള്‍ നല്ല നിലയില്‍ പ്രവൃത്തിക്കുന്ന സംസ്ഥാനമാണ് കേരളം. സഹകരണമേഖലയുടെ ഉന്നമനത്തിന് എല്ലാവിധ സഹകരണങ്ങളും നല്കാന് കേന്ദ്രം തയാറാണെന്നും കേരളത്തിന്റെ സഹകരണമന്ത്രി ഡല്‍ഹിയിലെത്തി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്നും അമിത് ഷാ പറഞ്ഞു.
സഹകരണമേഖലയിലൂടെയുള്ള വിത്ത് വിതരണം, സ്കൂള്‍ കുട്ടികള്‍ക്കുള്ള നാഫെഡ് കല്യാണ്‍ സ്കോളര്‍ഷിപ്പ് വിതരണം, വനിതം ഷീ മാര്‍ട്ട് ഉദ്ഘാടനം, ഭാരത് ആട്ട, അരി എന്നിവയുടെ വിതരണോദ്ഘാടനം എന്നിവ കേരളത്തില്‍ വന്ന് നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിലെ ഏറ്റവും സുപ്രധാനമായ ഒരു സഹകരണപ്രസ്ഥാനം നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിന് കൈകോര്‍ക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് സഹകരണ മന്ത്രി എം. ലിജു പറഞ്ഞു.
ഡിജിറ്റല്‍ സംവിധാനങ്ങളിലേക്കുള്ള മാറ്റം, സുതാര്യത, പ്രഫഷണല്‍ നേതൃത്വം എന്നിവയാണ് കേരളത്തിന്റെ സഹകരണമേഖലയ്ക്ക് ഇനി ആവശ്യമെന്നും കേരളത്തിന്റെ സഹകരണമേഖലയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും അഭ്യര്‍ഥിക്കുന്നതായും മന്ത്രി പറഞ്ഞു.
പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വിശിഷ്ടാതിഥിയായി. സഹകരണ മേഖലയില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കുന്നതിനുള്ള ഇടപെടലുകളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി പി.സി. വിഷ്ണുനാഥ്, എന്‍.കെ. പ്രേമചന്ദ്രന് എംപി, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, എന്‍സിസിഎഫ് ചെയര്മാന് വിശാല്‍ സിംഗ്, മാനേജിംഗ് ഡയറക്ടര്‍ ആനി ജോസഫ് ചന്ദ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Tags : AmitShah CooperativeSector BlueEconomy Harnessed Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship