പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരേ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ സമാധാനത്തില്‍ വിശ്വസിക്കുന്നു; ഒരു രാജ്യത്തിന്റെയും ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സമാധാനത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നും ഡല്‍ഹിയില്‍ നടന്ന പ്രതിരോധ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ഇന്ത്യ ആഗ്രഹിക്കുന്നത് ആഗോള സ്ഥിരതയാണ്. പക്ഷേ അത് രാജ്യത്തിന്റെ സ്വയംഭരണാധികാരം ബലികഴിച്ചുകൊണ്ടല്ല. ഭീഷണി നേരിടുമ്പോള്‍ രാജ്യത്തെ സംരക്ഷിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നു. അയല്‍രാജ്യം ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നയം തുടരുന്നിടത്തോളം കാലം, ഭീകരവാദത്തിനെതിരേ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇന്ത്യക്ക് പൂര്‍ണ അവകാശമുണ്ടെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
പ്രതിരോധ സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതില്‍നിന്ന് വിശ്വസ്തരായ ആഗോള പ്രതിരോധ വിതരണക്കാരായി ഇന്ത്യ മാറുകയാണ്. വിമാന-ഡ്രോണ്‍ എന്‍ജിനുകള്‍ മുതല്‍ അഞ്ചാം തലമുറ, ആറാം തലമുറ യുദ്ധവിമാനങ്ങള്‍ വരെയുള്ളവയുടെ തദ്ദേശീയമായ നിര്‍മാണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2013-14ല്‍ 686 കോടി രൂപയായിരുന്ന ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി 2025-26ല്‍ റിക്കാര്‍ഡ് തുകയായ 38,424 കോടി രൂപയായി വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.
Tags : Deepika DeepikaNewspaper BreakingNews India does not want territory from any other country