ജോസ് കെ. മാണി
കോട്ടയം: 2014ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ 7,595.67 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയും 887.38 ചതുരശ്ര കിലോമീറ്റര്‍ വന പ്ലാന്റേഷനും ഉള്‍പ്പടെ ആകെ 8,483.05 ചതുരശ്ര കിലോമീറ്റര്‍ വനവിസ്തൃതിയാണുള്ളതെന്ന കൃത്യമായ കണക്ക് നിലനില്‍ക്കേ, 123 ഇഎസ്എ വില്ലേജുകളിലായി 9,107 ചതുരശ്ര കിലോമീറ്റര്‍ വനമുണ്ടെന്നു കാണിച്ച് കേന്ദ്ര സര്‍ക്കാരിനു കത്ത് നല്‍കിയതാണ് പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഇത്രയും ഗുരുതരമായ പ്രശ്നങ്ങളിലേക്കു നയിച്ചതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി.
മലയോര മേഖലയില്‍ പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ഇത്രയും വലിയ ജനവിരുദ്ധ പ്രശ്നങ്ങള്‍ക്കും ആശങ്കാജനകമായ സാഹചര്യത്തിനും വഴിവച്ചത് ഇത്തരം തെറ്റായ കണക്കുകളാണെന്ന് അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ ശാശ്വതപരിഹാരം കാണുന്നതിന്, 2014ല്‍ കേന്ദ്ര സര്‍ക്കാരിന് നല്കിയ കത്തിന്റെ പകര്‍പ്പും അന്നത്തെ 123 ഇഎസ്എ വില്ലേജുകളിലെ ഓരോ വില്ലേജിലുമുള്ള കൃത്യമായ വനവിസ്തൃതിയുടെ വിവരങ്ങളും സര്‍ക്കാര്‍ പൊതുജനങ്ങളെ അറിയിക്കണം.
പശ്ചിമഘട്ട മേഖലയിലെ മലയോര കര്‍ഷകരുടെയും മറ്റു ജനവിഭാഗങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പായി 2014-ലെയും നിലവിലെയും വില്ലേജ് അടിസ്ഥാനത്തിലുള്ള വനവിസ്തൃതി സംബന്ധിച്ച കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കണമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
Tags : Deepika DeepikaNewspaper BreakingNews Government must disclose forest cover in ESA