ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ വിജയം നേടിയ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ആഘോഷം
ജൊഹാന്നസ്ബർഗ്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം മത്സരത്തിൽ 32 റൺസിന് വിജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരത്തിൽ 67 റൺസിന് ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 366 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 49.5 ഓവറിൽ 333 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 84 റൺസ് വീതമെടുത്ത ക്യാപ്റ്റൻ മിച്ചൽ മാർഷും ട്രാവിസ് ഹെഡും 50 റൺസെടുത്ത സേവിയർ ബാർട്ട്ലെറ്റും പൊരുതിയെങ്കിലും ഓസീസിനെ വിജയിപ്പിക്കാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലിയാഡ് വില്ല്യംസ് മൂന്ന് വിക്കറ്റെടുത്തു. മാർക്കൊ യാൻസനും കേശവ് മഹാരാജും ബിജോൺ ഫോർടുയ്നും രണ്ട് വിക്കറ്റ് വീതവും എയ്ഡൻ മാർക്രം ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 365 റൺസെടുത്തത്.
ഡേവിഡ് മില്ലറിന്റെയും ക്യാപ്റ്റൻ തെംബ ഭാവുമയുടെയും സെഞ്ചുറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. മില്ലർ 142 റൺസും ഭാവുമ 103 റൺസുമാണെടുത്തത്. മാത്യു ബ്രീറ്റ്സ്ക് 34 റൺസും ഡുവാൻ യാൻസൻ 27 റൺസുമെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ജാക്ക് എഡ്വാർഡ്സ് അഞ്ച് വിക്കറ്റെടുത്തു. ജോഷ് ഹേസൽവുഡ് മൂന്ന് വിക്കറ്റും സേവിയർ ബാർട്ട്ലറ്റ് ഒരു വിക്കറ്റുമെടുത്തു.
Tags : South Africa wins ODI series against Australia