അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീം
അൽ അമേരത്: അവസാന പന്ത് വരെ നീണ്ട ത്രില്ലറിൽ പാക്കിസ്ഥാനെ തകർത്ത് അണ്ടർ 19 ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലിൽ ഒരു വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയുടെ ഒന്പതാമത്തെ കിരീട നേട്ടമാണ് ഇത്. 2021ലാണ് ഇതിന് മുന്പ് ഇന്ത്യ കിരീടം നേടിയത്.
പാക്കിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഒന്പത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറിക്കടക്കുകയായിരുന്നു. 80 റൺസെടുത്ത ക്യാപ്റ്റൻ ലക്ഷ്യ രാജേഷ് റായ്ചന്ദ്രന്റെയും 58 റൺസെടുത്ത ആര്യവീർ സെവാഗിന്റെയും 47 റൺസെടുത്ത മനാൽ ചൗഹാന്റെയും പ്രകടനത്തിന്റെയും അവസാന ഓവറുകളിൽ ആഞ്ഞടിച്ച വാലറ്റക്കാരൻ മോഹിത് ഉൽവയുടെ 49 റൺസിന്റെയും ബലത്തിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
പാക്കിസ്ഥാന് വേണ്ടി റിസ്വാനുള്ള മൂന്ന് വിക്കറ്റെടുത്തു. നിയാഖ് ഷെഫീഖ് രണ്ട് വിക്കറ്റും അലി റാസയും മുഹമ്മദ് സയ്യാമും ഹസ്നെയിൻ അബ്ബാസ് ദറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 337 റൺസെടുത്തത്. ഉസ്മാൻ ഖാന്റെ സെഞ്ചുറിയുടെയും അബ്ദുൾ ഖാദിറിന്റെയും ഫർഹാൻ യൂസഫിന്റെയും അർധ സെഞ്ചുറികളുടെയും മികവിലാണ് പാക്കിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഉസ്മാൻ ഖാൻ 107 റൺസാണെടുത്തത്. 11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നും ഉസ്മാൻ ഖാന്റെ ഇന്നിംഗ്സ്.
അബ്ദുൾ ഖാദർ 80 റൺസും ഫർഹാൻ യൂസഫ് 63 റൺസും എടുത്തു. ഹയാം ഖാൻ 21 റൺസ് സ്കോർ ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി കാവ്യ പട്ടേൽ നാല് വിക്കറ്റെടുത്തു. ചിഗുറുപതി വെങ്കട്ട മൂന്ന് വിക്കറ്റും അർജുൻ രജ്പത്ത് ഒരു വിക്കറ്റും വീഴ്ത്തി.
Tags : Under 19 Asia Cup India wins title beats pakistan final