വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: കൊച്ചിയിലെ തട്ടുകടകളില്‍ ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നതിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട് രാജസ്ഥാന് സ്വദേശി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമുള്ള തട്ടുകടയില്‍ ബീഫ് വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡിന്റെ ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ ഇടപെടണമെന്നാണ് യുവാവിന്റെ ആവശ്യം.
കൊച്ചിയിലെ ഈ കാഴ്ച എന്നെ ഏറെ നിരാശപ്പെടുത്തി. ഒരു പ്രാദേശിക വഴിയോര ഭക്ഷണശാലയില്‍ യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വില്‍ക്കുന്നത് കണ്ടപ്പോള്‍ എടുത്ത ചിത്രമാണിത്. പശുവിനെ പരിശുദ്ധമായി കാണുകയും ഹൈന്ദവ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും ചെയ്യുന്ന രാജ്യത്ത് ഇത്തരമൊരു കാഴ്ച കാണുന്നത് വേദനാജനകമാണ്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നു. നമ്മുടെ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കുന്ന തരത്തില്‍ രാജ്യവ്യാപകമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണം. പശു സംരക്ഷണത്തിനും മതപരമായ വിശ്വാസങ്ങള്‍ക്കും പ്രാധാന്യം നല്കുന്ന ഏകീകൃത നിയമസമീപനം എല്ലാ സംസ്ഥാനങ്ങളിലും ഉറപ്പാക്കണം - എന്നാണ് യുവാവിന്റെ സമൂഹമാധ്യമ പോസ്റ്റ്.
പോസ്റ്റ് ചര്‍ച്ചയായതോടെ മറുപടി കമന്റുകളുമായി മലയാളികളും എത്തി. കേരളത്തിന്റെ ഭക്ഷണസംസ്കാരത്തെയും ഭക്ഷണ സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യാനുള്ള ശ്രമമായാണ് മലയാളികള്‍ പോസ്റ്റിനെ വിമര്‍ശിക്കുന്നത്. കേരളത്തിലെ വിവിധ ബീഫ് വിഭവങ്ങളുടെ പേരുകള്‍ നിരത്തിയാണ് ചിലരുടെ മറുപടി.
ഏറ്റവലും കൂടുതല്‍ ബീഫ്് കയറ്റി അയക്കുന്ന സംസ്ഥാനം ഏതാണെന്ന് അറിയില്ലേ എന്ന് ചോദിച്ചു കൊണ്ടും ചിലര്‍ വിമര്‍ശനങ്ങളുമായി എത്തിയിട്ടുണ്ട്. നാടന്‍ ബീഫ് കറി മുതലുള്ള വിഭവങ്ങള്‍ തയാറാക്കുന്നതിന്റെ റെസിപ്പിയും ചിത്രങ്ങളുമടക്കം പോസ്റ്റിന് താഴെ കമന്റായി എത്തിയിട്ടുണ്ട്.
അതേസമയം, ഒക്ടോബറില്‍ ഒക്ടോബറില്‍ ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ ബീഫ് വിളമ്പുന്നതിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വ്ലോഗര്‍ അമൃത് സിംഗ് ഡാരനെതിരെ പൊലീസ് കേസെടുത്തിരുന്നു. അമരാവതി സ്വദേശി ജൂഡ് വിപിന്റെ പരാതിയില്‍ ഫോര്‍ട്ട് കൊച്ചി പൊലിസ് ബിഎന്‍എസ് 353(2), 192 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ലിട്ടി ചോഖ എന്ന സമൂഹമാധ്മ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ച ഡാരന്‍, കഫേയില്‍ ബീഫ് വിളമ്പുന്നതിനെ വിമര്‍ശിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ മുസ്ലിം ജനസംഖ്യയെ കുറിച്ച് അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും ഇയാള്‍ ഉന്നയിച്ചിരുന്നു. ഒരു ന്യൂനപക്ഷ മതവിഭാഗം കൂടുതലായി പ്രദേശത്ത് താമസിക്കുന്നത് കൊണ്ടാണ് ഇതെന്ന് പറഞ്ഞു കൊണ്ടായിരുന്നു വീഡിയോ.
Tags : Young man social media post beef kochi malayalis