Kerala
കൊച്ചി: എറണാകുളം മാര്ക്കറ്റിലെ കടവുംഭാഗം സിനഗോഗ് ആക്രമിച്ച കേസില് പ്രതി എബിന് ബി. പോളിനെ എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് ഹാജരാക്കി. പ്രതിയെ കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലിസ്.
കഴിഞ്ഞ തിങ്കളാഴ്ച പുലര്ച്ചെ രണ്ടരയോടെയാണ് സിനഗോഗിന് മുന്വശത്തുള്ള ബ്ലോസം നഴ്സറിക്കു പ്രതി തീയിട്ടത്. കാറില് എത്തിയ പ്രതി വാഹനത്തില് നിന്നിറങ്ങി കൈവശമുണ്ടായിരുന്ന പെട്രോളൊഴിച്ച് നഴ്സറിയുടെ പ്രചാരണ സാമഗ്രികള്ക്കും ഫ്ലക്സുകള്ക്കും തീകൊളുത്തുകയായിരുന്നു. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള് സ്വന്തം ഫോണില് പകര്ത്തിയശേഷമാണ് ഇയാള് കടന്നുകളഞ്ഞത്.
സംഭവം ശ്രദ്ധയില്പ്പെട്ടതോടെ അന്വേഷണം ആരംഭിച്ച പൊലിസ് സിസിടിവി ദൃശ്യങ്ങളുടെയും 150ഓളം പേരില് നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില് സൈബര് സെല്ലിന്റെ സഹായത്തോടെയാണു പുത്തന്കുരിശിലെ വാടകവീട്ടില് ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്.
സിനഗോഗ് തീ കൊളുത്തി നശിപ്പിക്കാന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ആക്രമണത്തിന്റെ സൂത്രധാരനായ പാക്കിസ്ഥാന് ബോസ് പ്രതിക്ക് ആയുധങ്ങള് എത്തിച്ചു നല്കാന് നീക്കം നടത്തിയതായും പൊലിസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് പ്രതിയും ആസൂത്രകനും നടത്തിയ സമൂഹമാധ്യമത്തിലെ ചാറ്റിന്റെ നിര്ണായക വിവരങ്ങളും പൊലിസ് കണ്ടെടുത്തു.
ആക്രമണം നടത്തിയത് ബോസ് എന്നയാളുടെ നിര്ദേശ പ്രകാരമാണെന്നാണു പ്രതി പൊലിസിന് മൊഴി നല്കിയത്. എന്നാല് ബോസ് ആരാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. യഹൂദ ആരാധനാലയങ്ങള് ഉള്പ്പടെ രാജ്യത്തെ വിവിധ നഗരങ്ങളില് ആക്രമണം നടത്തുന്നതു സംബന്ധിച്ച സന്ദേശങ്ങളും വിദേശബന്ധമുള്ള ഗ്രൂപ്പുകളുമായുള്ള ആശയവിനിമയങ്ങളും ഫോണില് നിന്നും ലഭിച്ചിട്ടുണ്ട്.
പ്രതിയുമായി ആശയവിനിമയം നടത്തിയ മറ്റൊരാളെ കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. ആയുധം വാങ്ങുന്നതു സംബന്ധിച്ച് ഇവര് നടത്തിയ ചാറ്റില് പറയുന്നുണ്ട്. വാഗ്ദാനം ചെയ്ത 10 ലക്ഷം രൂപയില് മുന്കൂറായി രണ്ടു ലക്ഷം രൂപ എബിന് നല്കിയതിനും തെളിവ് ലഭിച്ചു. കൊച്ചിക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനരീതിയില് ആക്രമണം നടത്താന് ഇവര് പദ്ധതിയിട്ടിരുന്നതായാണ് അന്വേഷണത്തില് കണ്ടെത്തിയിട്ടുള്ളത്.
പാക്കിസ്ഥാനുമായി ബന്ധമുള്ള ടെലിഗ്രാം അക്കൗണ്ടുകളും ഹിന്ദിയിലുള്ള ചാറ്റുകളും എബിന്റെ ഫോണില് നിന്നും കണ്ടെത്തിയിരുന്നു. ഈ ടെലിഗ്രാം അക്കൗണ്ടിന്റെ വിവരങ്ങള് ആവശ്യപ്പെട്ടു ടെലിഗ്രാമിന് പൊലിസ് നോട്ടീസ് അയക്കും.
പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ) ചോദ്യം ചെയ്തിരുന്നു. രാജ്യാന്തര ഭീകരവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തില് അന്വേഷണം എന്ഐഎ ഏറ്റെടുത്തേക്കും. എന്ഐഎയെ കൂടാതെ എബിനെ ഐബി, റോ ഉദ്യോഗസ്ഥരും മണിക്കൂറുകളോളം ചോദ്യം ചെയ്തു.
കേസ് അന്വേഷണത്തിനായി കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണര് അരുണ് കെ. പവിത്രന്റെ മേല്നോട്ടത്തില് എറണാകുളം സെന്ട്രല് അസിസ്റ്റന്റ് കമ്മിഷണര് സിബി ടോമിന്റെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം കലൂരില് വന് കഞ്ചാവ് വേട്ട. 30 കിലോയില് അധികം കഞ്ചാവുമായി പശ്ചിമബംഗാള് സ്വദേശി പിടിയിലായി. മൂര്ഷിദാബാദ് സ്വദേശി അബ്ദുള് ഹായ് മൊല്ലയാണ് പിടിയിലായത്. ഇയാളില് നിന്നും പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില് 50 ലക്ഷം രൂപ വില വരുമെന്നാണ് പൊലിസ് അറിയിക്കുന്നത്.
ഒഡീഷയില് നിന്നും വന്തോതില് കഞ്ചാവ് കേരളത്തിലെത്തിച്ച് മലയാളികള് അടക്കമുള്ള സംസ്ഥാനത്തെ ചെറുകിട കഞ്ചാവ് വില്പ്പന റാക്കറ്റിന് നല്കിയിരുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് പ്രതി. ഇയാളില് നിന്നും കഞ്ചാവ് വാങ്ങുന്ന മലയാളികളിലേക്കും പൊലിസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
നാളുകളായി പൊലിസ് നിരീക്ഷണത്തിലായിരുന്നു പ്രതി. സിറ്റി പൊലിസ് കമ്മിഷണര്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്ന്നാണ് പ്രതിയെ റെയില്വേ സ്റ്റേഷന് പരിസരത്ത് നിന്നും പിടികൂടിയത്. നാര്ക്കോട്ടിക് എസിപി അനന്തലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇയാളെ പിടികൂടിയത്.
Kerala
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട കത്തിൽ കേസെടുക്കാൻ ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന് സമർപ്പിച്ച ഹർജിയിൽ അനുകൂല നിലപാടുമായി സംസ്ഥാന സര്ക്കാര്.
കേസെടുക്കാന് മതിയായ തെളിവുകള് ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില് വ്യക്തമാക്കി.
ലഭിച്ച തെളിവുകൾ കേസെടുക്കാൻ തൃപ്തികരം അല്ലായിരുന്നുവെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇഡി നല്കിയ തെളിവുകള് കേസെടുക്കാന് പര്യാപ്തമല്ലെന്നും പ്രാഥമിക അന്വേഷണം ആവശ്യമായിരുന്നുവെന്നും സര്ക്കാര് കോടതിയെ അറിയിച്ചു.
അതേസമയം, പിണറായി അടക്കമുള്ള പ്രതികളുടെ ഹർജിയെ ഇഡി കോടതിയില് എതിർത്തു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്രതികൾക്ക് എങ്ങനെ അപ്പീൽ നൽകാൻ കഴിയുമെന്നായിരുന്നു ഇഡിയുടെ ചോദ്യം. അപ്പീലില് വാദം തുടരുകയാണ്.
Kerala
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്തതിനെ പരിഹസിച്ച് സിപിഎം നേതാവ് പി. രാജീവ്. എഫ്ഐആർ വേണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും അത് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യം ആണെന്നും പി. രാജീവ് പറഞ്ഞു.
അതിലാണ് കോടതി കൈകടത്തിയതെന്ന് പി. രാജീവ് ആരോപിച്ചു. കേസിൽ ഉൾപ്പെടുന്ന കക്ഷികൾക്ക് ഒരു നോട്ടിസ് പോലും നൽകിയില്ല. ഇതിലെ രാഷ്ട്രീയം കോൺഗ്രസ് മനസിലാക്കുന്നില്ലെന്നും ബിജെപിക്ക് വിധേയമാകാനാണ് കേരളത്തിലെ കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യമാകെ എസ്ഐആർ ക്രമക്കേടിൽ പ്രതിഷേധം ശക്തമാകുമ്പോൾ ഇവിടെ എഫ്ഐആറിലാണ് ശ്രദ്ധയെന്നും ഇതിന് പിന്നിൽ ബിജെപി ഡീൽ ആണെന്നും രാജീവ് വിമർശനം ഉന്നയിച്ചു. നാളെ രാഹുൽ ഗാന്ധിക്ക് എതിരെ ഇഡി ഒരു റിപ്പോർട്ട് എവിടെയെങ്കിലും കൊടുത്താൽ എഫ്ഐആർ ഇടുമോയെന്നും പി.രാജീവ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നെടുമ്പാശേരി മൂന്നുപേരുടെ ജീവനെടുത്ത വാഹനാപകടത്തിൽ അറസ്റ്റിലായ സുഹൈൽ സജീവിനെയും സുഹൃത്ത് നിനവിനെയും കാക്കനാട് കറക്ഷണൽ ഹോമിലേക്ക് മാറ്റി. ആലുവ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി.
അറസ്റ്റിലായ ഇരുവർക്കും പ്രായം 19 ആണ്. ഇരുവരുടെയും പ്രായം പരിഗണിച്ചാണ് നടപടിയെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. 18നും 21നുമിടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല, ദുർഗുണപരിഹാര പാഠശാലയിലേക്കാണ് മാറ്റുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടസമയം അമിതവേഗത്തിലാണ് കാറോടിച്ചതെന്ന് പ്രതി സുഹൈൽ സജീവ് പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗതയിലാണ് വാഹനമോടിച്ചതെന്നും ഈ സമയം മദ്യലഹരിയിലായിരുന്നുവെന്നും പ്രതിയുടെ മൊഴിയിലുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതി സുഹൈൽ സജീവിനൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി. നിനവ്, അമീർ, ജോയൽ എന്നിവർക്കെതിരെയാണ് പ്രേരണക്കുറ്റം ചുമത്തിയത്. ബോധമില്ലാത്ത അവസ്ഥയിൽ വാഹനം ഓടിക്കാൻ പ്രേരിപ്പിച്ചെന്നും മദ്യപിച്ച് വാഹനമോടിക്കുന്നത് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ കേസെടുത്തത്.
അപകടത്തിനുശേഷം ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലിസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം സുഹൈലിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. അമിതവേഗത്തിൽ വാഹനം ഓടിച്ചതിന്റെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടവുമായി ബന്ധപ്പെട്ട പൊലിസ് റിപ്പോർട്ട് ലഭിച്ചശേഷം ലൈസൻസ് റദ്ദാക്കാനാണ് നീക്കം.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കാറിലെ ഇവന്റ് ഡാറ്റാ റെക്കോർഡർ (ഇഡിആർ) പൊലിസ് പരിശോധിക്കും. അപകടസമയത്തെ വാഹനത്തിന്റെ വേഗം, ബ്രേക്ക് ഉപയോഗിച്ചിരുന്നോ, എത്രനേരം ആക്സിലറേറ്റർ അമർത്തിയിരുന്നു തുടങ്ങിയ വിവരങ്ങൾ ഇഡിആറിൽനിന്ന് ലഭിക്കും. ബിഎംഡബ്ല്യുവിൽനിന്നുള്ള മെക്കാനിക്കുകളെ എത്തിച്ച് ഇഡിആർ വിവരങ്ങൾ ശേഖരിക്കാനാണ് പൊലിസിന്റെ നീക്കം.
Kerala
നെടുമ്പാശേരി: അങ്കമാലി-ആലുവ ദേശീയപാതയില് നിന്നും രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്ന വിഐപി റോഡ് അപകട മുനമ്പായി മാറുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ എട്ടു ജീവനുകളാണ് ഇവിടെ അപകടങ്ങളില് പൊലിഞ്ഞത്. വിവിധ അപകടങ്ങളില് പരിക്കേറ്റ് നിരവധി പേര് ഇപ്പോഴും ചികിത്സയിലുമാണ്.
ഞായറാഴ്ച പുലര്ച്ചെ അമിതവേഗത്തിലെത്തിയ മിനി കൂപ്പര് കാര് സ്കൂട്ടറിന് പിന്നിലിടിച്ച് രണ്ട് യുവതികളും ഒരു യുവാവും മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇതോടെ വിഐപി റോഡിലെ സുരക്ഷാ പ്രശ്നങ്ങള് വീണ്ടും ചര്ച്ചയായിരിക്കുകയാണ്.
രാത്രി കാലങ്ങളിലാണ് കൂടുതല് അപകടങ്ങളും സംഭവിക്കുന്നത്. രാത്രിയില് വാഹനത്തിരക്ക് കുറയുന്നതോടെ ചില യുവാക്കള് കാറുകളിലും ബൈക്കുകളിലുമായി അമിതവേഗത്തില് പായുന്നതാണ് അപകടങ്ങള് വര്ധിക്കാന് കാരണമാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങള്ക്ക് പുറമെ ബൈക്കുകള് നിയന്ത്രണംവിട്ട് മറിഞ്ഞും മീഡിയനുകളില് ഇടിച്ചുകയറിയും അപകടങ്ങള് പതിവാണ്. നാട്ടുകാര് പലതവണ ഇക്കാര്യം പൊലിസിന്റെ ശ്രദ്ധയില്പ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ഏപ്രില് 12ന് വിമാനത്താവള റോഡിലെ മേല്പ്പാലത്തിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് പെരുമ്പാവൂര് വെങ്ങോല സ്വദേശി മുഹമ്മദ് ഇഖ്ബാല് മരിച്ചിരുന്നു. മേയ് അഞ്ചിന് പെട്രോള് പമ്പിന് സമീപമുണ്ടായ അപകടത്തില് കാസര്കോട് സ്വദേശിനിയായ ഇഷാനയും മരിച്ചു. അമിതവേഗത്തിലെത്തിയ കാര് ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഇഷാന.
ജൂണ് 29ന് വിമാനത്താവള ജംഗ്ഷനിലുണ്ടായ അപകടത്തില് രണ്ട് യുവാക്കള് മരിച്ചു. പത്തനംതിട്ട സ്വദേശി ആദിത്യ പ്രസാദും സുഹൃത്ത് കബിലുമാണ് മരിച്ചത്. ഇവര് സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിലെത്തി സിഗ്നലില് കാത്തുകിടന്ന കാറിന് പിന്നിലിടിച്ചുകയറുകയായിരുന്നു.
ഓഗസ്റ്റ് 23ന് വിമാനത്താവള റോഡിലെ സുവര്ണാധ്യാനത്തിന് സമീപമുണ്ടായ അപകടത്തില് മാള സ്വദേശിനി വത്സലയും മരിച്ചു. ഭര്ത്താവിനൊപ്പം ബൈക്കില് യാത്ര ചെയ്യുന്നതിനിടെ പിന്നില്നിന്ന് അമിതവേഗത്തിലെത്തിയ കാര് ബൈക്കിലിടിച്ചായിരുന്നു അപകടം.
റോഡില് അപകടങ്ങള് തുടര്ക്കഥയായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികളുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിഷയത്തില് പലവണ പൊലിസിന്റെ ശ്രദ്ധയില്പ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നും അവര് ആരോപിക്കുന്നു. രാത്രികാലങ്ങളില് പൊലിസ് പട്രോളിംഗ് ശക്തമാക്കണമെന്നും അത്താണി ജംഗ്ഷനില് അടിയന്തരമായി പൊലിസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും നാട്ടുകാര് ആവശ്യപ്പെടുന്നു.
Kerala
കൊച്ചി: നെടുമ്പാശേരിയില് മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പറില് പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നതായി പൊലിസ്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില് രക്ഷപ്പെട്ട അമീര്, ജോയല് എന്നിവര് പിടിയിലായി. മറ്റൊരു സുഹൃത്ത് നിനവിനെ പ്രേരണ കുറ്റം ചുമത്തി ഞായറാഴ്ച പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൈലിനൊപ്പം മറ്റു മൂന്നു പേര് കൂടി ഉണ്ടായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയത്. മദ്യപിച്ച് അമിതവേഗതയില് കാര് ഓടിച്ചത് തടയാത്തതിന് ഇവര്ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തും.
കാര് ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല് പൊലിസിന് മൊഴി നല്കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്ണയിക്കാനായി ശാസ്ത്രീയ പരിശോധന നടത്തും. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്സ് റദ്ദാക്കാന് മോട്ടോര് വാഹന വകുപ്പ് നടപടി തുടങ്ങി.
കഴിഞ്ഞ പിറന്നാളിന് മാതാപിതാക്കള് സമ്മാനിച്ച മിനി കൂപ്പര് കാറാണ് അമിത വേഗത്തില് ഓടിച്ച് മൂന്നു ജീവനുകള് എടുത്തത്. ഞായറാഴ്ച പുലര്ച്ചെ രണ്ടോടെയായിരുന്നു അപകടം. കര്ണാടക സ്വദേശി ഇയ്യാസ് (21), പാലക്കാട് സ്വദേശി ഗോപിക (21), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് മരിച്ചത്. മൂവരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. പാര്ട് ടൈം ജോലിക്കൊപ്പം കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളില് ഉപരിപഠനം നടത്തിവരികയായിരുന്നു മൂവരും.
Kerala
കൊച്ചി: കൊച്ചിയിൽ 15 വയസുകാരനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് സ്വദേശികളായ മുൻസീർ, ഷാജഹാൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആലുവയ്ക്കു സമീപമുള്ള കുന്നത്തേരിയിലാണ് സംഭവം.
ബ്ലേഡ് ഉപയോഗിച്ചായിരുന്നു പ്രതികൾ കുട്ടിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. കാക്കനാട് സ്വദേശിയായ കുട്ടിയുടെ സുഹൃത്തുമായുള്ള മുൻവിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
കൊച്ചി: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവിന്റെ സുഹൃത്തും പിടിയിൽ. അപകടസമയത്ത് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശിയായ നിനവ് ആണ് പിടിയിലായത്.
അതേസമയം അപകടത്തിൽ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവികയുടെ മൃതദേഹം വീട്ടിലെത്തിച്ചു. എറണാകുളത്ത് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച രാത്രി ഒൻപതോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
തെക്കുംതറയിലെ കുടുംബവീട്ടിൽ ഞായറാഴ്ച രാത്രി തന്നെ സംസ്കാരം നടത്തും. സുഹൈൽ സജീവ്(19) അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയില് പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇജാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Kerala
കൊച്ചി: ഡല്ഹിയില് സമരത്തിനിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഒരുമിച്ച് കേരള സര്ക്കാരിനെ പിരിച്ചുവിടാന് ഗവര്ണറോട് ശിപാര്ശ ചെയ്യണമെന്ന് ട്വന്റി 20 സംസ്ഥാന അധ്യക്ഷന് സാബു എം. ജേക്കബ്.
എസ്ഐആര് നടപടികള് വ്യാജമാണെന്ന നിലപാടുള്ള ഇരുവരും അധികാരസ്ഥാനങ്ങളില് ഒരുനിമിഷം പോലും തുടരാന് അര്ഹരല്ലെന്നും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന് തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില് എസ്ഐആര് മികച്ചതും മറ്റു സംസ്ഥാനങ്ങളില് മോശവുമെന്ന നിലപാട് തികഞ്ഞ കാപട്യമാണ്. ജനങ്ങളെ കബളിപ്പിക്കാനാണ് ഈ നാടകം. കേരളത്തില് ചീഫ് ഇലക്ടറല് ഓഫിസറായിരുന്ന രത്തന് യു. ഖേല്ക്കറെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന് തന്റെ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ഇങ്ങനെയൊരു പശ്ചാത്തലമുള്ള മുഖ്യമന്ത്രിക്ക് എന്ത് ധാര്മ്മികതയുടെ പേരിലാണ് ഡല്ഹിയില് പോയി സമരം നടത്താന് കഴിയുന്നതെന്നും സാബു എം. ജേക്കബ് ചോദിച്ചു.
ജനങ്ങളെ പറ്റിക്കുന്ന കാര്യത്തില് വി.ഡി. സതീശനും പിണറായി വിജയനും ഒരമ്മപെറ്റ മക്കളെപ്പോലെയാണ് പ്രവര്ത്തിക്കുന്നത്. ഡല്ഹിയില് സമരം ചെയ്ത ഇരുവരും ധൈര്യമുണ്ടെങ്കില് കേരളത്തിലും എസ്ഐആറിനെതിരെ ഒരുമിച്ച് സമരത്തിനിറങ്ങണമെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ചിക്കൻപോക്സ് വ്യാപിച്ചതിനെ തുടർന്ന് കൊച്ചിയിലെ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ക്യാമ്പസ് അടച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഹോസ്റ്റലുകളും അടച്ചു.
ഇതോടെ ക്യാമ്പസിൽ നടത്താനിരുന്ന യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവെച്ചു. പുതുക്കിയ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി വിദ്യാർഥികൾക്ക് പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ക്യാമ്പസിൽ ജാഗ്രതാ നിർദേശവും നൽകിയിരുന്നു.
ഇതിനിടെയാണ് രണ്ട് വിദ്യാർഥികൾക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സ്കൂൾ ഓഫ് എൻജിനിയറിംഗിലെ വിദ്യാർഥികളുടെ ക്ലാസുകൾ നേരത്തെ തന്നെ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. എന്നാൽ കൂടുതൽ വിദ്യാർഥികളിലേക്ക് രോഗം വ്യാപിച്ചതോടെയാണ് മുഴുവൻ ക്യാമ്പസും അടയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.
Kerala
കൊച്ചി: കേരളത്തില് എയിംസ് അനുവദിക്കുന്നത് മുന്ഗണനയിലില്ലെന്ന് കേന്ദ്ര സര്ക്കാര് ഹൈക്കോടതിയില്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്ക്കാണ് പ്രഥമ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കേരളം ആരോഗ്യരംഗത്ത് മുന്നിലായതാണോ അയോഗ്യതയ്ക്ക് കാരണമെന്ന് ഹൈക്കോടതി വിമർശിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാംഗ്മൂലം നൽകിയത്.
അങ്ങനെയെങ്കില് എങ്ങനെയാണ് ഡൽഹിയിൽ എയിംസ് സ്ഥാപിക്കപ്പെട്ടതെന്നും ഹൈക്കോടതി കേന്ദ്ര സര്ക്കാരിനോട് ചോദിച്ചു. കേരളം ഒരു എയിംസ് അര്ഹിക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ആരോഗ്യരംഗത്ത് മികച്ച് നില്ക്കുന്നു എന്ന് കരുതി കേരളത്തിന് എയിംസ് ആവശ്യമില്ല എന്ന് അര്ഥമാക്കരുത്. എല്ലാവര്ക്കും മുന്നിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ലെന്നും കോടതി അറിയിച്ചു.
ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബഞ്ച് വിമർശിച്ചു. ഇക്കാര്യത്തിൽ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പിന്തുണച്ചതിനെ തുടർന്നുണ്ടായ സൈബർ ആക്രമണങ്ങളിൽ പരാതി നൽകി രാജ്യസഭാ എംപി ജെബി മേത്തർ. സംസ്ഥാന പൊലിസ് മേധാവിക്കാണ് ജെബി മേത്തർ എംപി പരാതി നൽകിയത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക അധിക്ഷേപങ്ങൾ, ഭീഷണികൾ, അപകീർത്തികരമായ മീമുകൾ എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കണമെന്ന് ജെബി മേത്തർ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയോടൊപ്പം 120 പേജ് സ്ക്രീൻഷോട്ടുകളും എംപി തെളിവായി നൽകിയിട്ടുണ്ട്. യുഡിഎഫ് യോഗം ചേരുന്നില്ലെന്ന അടൂർ പ്രകാശിന്റെ പ്രസ്താവനയ്ക്ക് മാധ്യമങ്ങളോട് മറുപടി നൽകിയതിന് പിന്നാലെയാണ് സൈബർ ആക്രമണം ആരംഭിച്ചതെന്ന് ജെബി മേത്തർ പറയുന്നു.
Kerala
ചെറായി: വൈപ്പിനില് ഡോര് അടക്കാതെയും ഡോര് ചെക്കര് ഇല്ലാതെയും സ്വകാര്യ ബസുകള് സര്വീസ് നടത്തുന്നതായി ആക്ഷേപം. ഡോര് അടക്കാതെ സര്വീസ് നടത്തുന്ന ബസില് കയറുന്നതിനിടെ ബസ് പെട്ടെന്ന് മുന്നോട്ടു എടുത്തതിനെ തുടര്ന്ന് കഴിഞ്ഞ ദിവസം ചെറായി എസ്എംഎച്ച്എസ് സ്റ്റോപ്പില് വയോധിക റോഡില് വീണു അപകടം സംഭവിച്ചിരുന്നു.
ചെറായി പെരുന്തോടത്ത് വിജയന്റെ ഭാര്യ സുഭാഷിണി (68) ആണ് അപകടത്തില്പ്പെട്ടത്. പരിക്കേറ്റ ഇവര് കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. സംഭവത്തില് വയോധികയുടെ പരാതിയെ തുടര്ന്നു മുനമ്പം പൊലിസ് ബസിനെതിരെ കേസെടുത്തിട്ടുണ്ട്.
പലയിടത്തും ഡോര് ഇല്ലാത്തതും അടക്കാത്തതുമായ സ്വകാര്യ ബസുകളില് നിന്ന് യാത്രക്കാര് തെറിച്ചുവീണു അപകടങ്ങളും മരണങ്ങളും തുടര്ക്കഥയായി മാറിയ സാഹചര്യത്തള് ഇത്തരത്തില് സര്വീസ് നടത്തുന്ന ബസുകള്ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മോട്ടോര് വാഹന വകുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല് വൈപ്പിനില് മോട്ടോര് വാഹന വകുപ്പോ പൊലിസോ ഇത് സംബന്ധിച്ച് പരിശോധനകള് ഒന്നും നടത്തുന്നില്ലെന്നാണ് ആക്ഷേപം.
Kerala
കൊച്ചി: ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ സഹപ്രവർത്തകയായ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ.
കലൂർ ഫ്രീഡം റോഡിലെ ജെഎം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് പിടിയിലായത്. മുളവുകാട് പൊലിസ് ആണ് പ്രതിയെ എറണാകുളത്തെ ബാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
സെപ്റ്റംബർ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ട്രാവൽ മാർട്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പൊലിസ് പറഞ്ഞു. ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിയ പ്രതി യാത്രയ്ക്കിടെ ലൈംഗിക താത്പര്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.
തുടർന്ന് യുവതി മുളവുകാട് പൊലീസിൽ പരാതി നൽകി. കേസെടുത്ത വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലിസ് കണ്ടെത്തിയത്.
Kerala
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില് ഗതാഗത മന്ത്രി അടിയന്തര നടപടി എടുക്കണമെന്ന് ഹൈബി ഈഡന് എംപി. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ പൂട്ടണം. കാല്നട യാത്രികര്ക്ക് നടക്കാന് പറ്റാത്ത സ്ഥിതിയാണെന്നും ഹൈബി ഈഡന് പറഞ്ഞു.
ടൂറിസം ബോട്ട് സര്വീസ് ഉദ്ഘാടന വേദിയില് ഗതാഗത മന്ത്രി വേദിയിലിക്കെയാണ് എംപി സംസാരിച്ചത്. കാല്നട യാത്രക്കാര്ക്കും ടൂ വീലര് യാത്രക്കര്ക്കും സ്വകാര്യ വാഹന യാത്രക്കാര്ക്കും യാത്ര ചെയ്യാന് പറ്റാത്ത മത്സരയോട്ടമാണ് കൊച്ചി നഗരത്തില് സ്വകാര്യ ബസുകള് നടത്തിക്കൊണ്ടിരിക്കുന്നത്. കര്ശനമായ നിര്ദേശവും നടപടിയും വേണം. ലഹരി ഉപയോഗിച്ച് ഓടിക്കുന്ന ആള്ക്കാരുണ്ട്. ജീവനുകള് പൊലിയുന്നതില് ശക്തമായ പൂട്ട് കൊണ്ടുവരാന് മന്ത്രി തയാറാകണമെന്നും എംപി പറഞ്ഞു.
അതേസമയം, സ്വകാര്യ ബസ് ജീവനക്കാര്ക്കെതിരെ പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര് ഒമ്പതു മുതല് 30 വരെ നടത്തിയ പരിശോധനയില് വിവിധ നിയമലംഘനങ്ങള്ക്കായി 2,003 പെറ്റി കേസുകള് രജിസ്റ്റര് ചെയ്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ച 41 ബസ് ഡ്രൈവര്മാര്ക്കെതിരെയും അപകടകരമായും അലക്ഷ്യമായും വാഹനമോടിച്ചതിന് 71 പേര്ക്കെതിരെയും മത്സരയോട്ടത്തിന് 130 പേര്ക്കെതിരെയും കേസെടുത്തിരുന്നു.
ഡോറുകള് തുറന്നിട്ട് യാത്ര ചെയ്തതിന് 221 കേസുകളും ബസ് സ്റ്റോപ്പില് ബസ് നിര്ത്താത്ത കുറ്റത്തിന് 280 കേസുകളും ലൈസന്സില്ലാത്ത കണ്ടക്ടര്മാര്ക്കെതിരെ 259 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഫ്രീ ലെഫ്റ്റ് തടസപ്പെടുത്തിയത് (54), സിഗ്നല് നിയമലംഘനം (23), അമിതമായി ഹോണ് മുഴക്കല് (13) തുടങ്ങിയ മറ്റ് വിവിധ ലംഘനങ്ങള്ക്കെതിരെയും പോലിസ് കര്ശന നടപടി സ്വീകരിച്ചിരുന്നു.
Kerala
കൊച്ചി: കൊച്ചി കളമശേരിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാർത്തികപ്പിള്ളി സ്വദേശി ശ്രീരാജ്, തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.
സ്പായിൽ ജോലി നൽകാമെന്ന് അറിയിച്ചാണ് യുവതിയെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഒക്ടോബർ രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്പാ ജോലിക്കായുള്ള ഇന്റർവ്യൂവിന്റെ പേരിൽ യുവതിയെ ലോജ്ഡിലെത്തിച്ച് ലഹരിനൽകി മയക്കുകയും ലൈംഗികാത്രികമം നടത്തിയെന്നുമാണ് പരാതി.
Kerala
മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ.
മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിൽ ആണ് പിടിയിലായത്. പാലാരിവട്ടം പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ട്രാൻസ്ജെൻഡർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പരാതിക്കാരിയിൽ നിന്ന് പ്രതി 1,18,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള നഗ്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം എംജി റോഡിൽ കണ്ണൂർ സ്വദേശിയെയും സുഹൃത്തിനെയും കമ്പിവടികൊണ്ട് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് തളിപ്പറമ്പിൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിലും പങ്കുണ്ടെന്ന് പൊലിസ് കണ്ടെത്തി.
തമിഴ്നാട് ഗൂഡല്ലൂർ യെല്ലമലൈ സുഭാഷ് നഗർ സ്വദേശി മുഹമ്മദ് ഷിബിൽ (21) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 3.30ന് സെൻട്രൽ സ്ക്വയർ മാളിന് സമീപത്തെ ചായക്കടയ്ക്ക് മുന്നിലായിരുന്നു ആക്രമണം.
കണ്ണൂർ കൂടാളി സ്വദേശി ഇന്ദ്രജിത്തിനും സുഹൃത്ത് കാർത്തിക്കിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രകോപനമൊന്നുമില്ലാതെ മുഹമ്മദ് ഷിബിൽ കമ്പിവടി ഉപയോഗിച്ച് ഇരുവരെയും മർദിച്ചെന്നാണ് പരാതി. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതോടെയാണ് തളിപ്പറമ്പിലെ മോഷണക്കേസുമായുള്ള ബന്ധം കണ്ടെത്തിയത്.
ജൂലൈ 14ന് രാത്രി തളിപ്പറമ്പ് പൂമംഗലത്തെ കോളിയാടൻ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ പ്രതി ഇവരെ ആക്രമിച്ച ശേഷം ഒരു പവൻ തൂക്കമുള്ള സ്വർണമാല കവർന്നെന്നാണ് പൊലിസ് പറയുന്നത്.
Kerala
കൊച്ചി: ചക്കരപ്പറമ്പ് ബൈപ്പാസില് കാര് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്. വൈറ്റില ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ഡ്രൈവിംഗ് സ്കൂളിലെ കാറിലേക്ക് മറ്റൊരു കാര് വന്ന് ഇടിക്കുകയായിരുന്നു.
ഇതോടെ ഡ്രൈവിംഗ് സ്കൂളിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട സമയത്ത് ബസ് സ്റ്റോപ്പില് ആളുകളില്ലാത്തതിനാല് വന് ദുരന്തം ഒഴിവായി. ഇരു കാറുകളിലുമുണ്ടായിരുന്ന അഞ്ചു പേരും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.
Kerala
കൊച്ചി: ഇടപ്പള്ളിയില് ബൈക്ക് യാത്രികരെ ബസ് ഇടിച്ച സംഭവത്തില് പൊലിസ് കേസ് എടുത്തു. ബസ് ഡ്രൈവര്ക്കെതിരെയും ബസ് തടഞ്ഞവര്ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര് ചെയ്തു. അമിത വേഗത്തിലെത്തിയ ബസ് ബൈക്കില് ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
നരഹത്യാശ്രമത്തിനാണ് ബസ് ഡ്രൈവര്ക്കെതിരെ കേസ് എടുത്തത്. ബസ് ഇടിച്ചതിന് പിന്നാലെ ബൈക്ക് യാത്രികരായ യുവാവും യുവതിയും ബസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇവര്ക്കെതിരെ ബസ് തടഞ്ഞതിന് കേസ് എടുത്തു.
വഹ്ബിയ എന്ന ബസാണ് അപകടമുണ്ടാക്കിയത്. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. പൊലിസ് എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്.
Kerala
കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില് വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ നിയമിക്കേണ്ടതില്ലെന്ന് പിന്നീട് തീരുമാനിച്ചു. ഇതിനെതിരായ ഹർജിയിലാണ് ഹൈക്കോടതി നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നല്കിയിട്ടുണ്ട്.
2019 ഓഗസ്റ്റ് മൂന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം പുലർച്ചെ ഒന്നോടെ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കെ.എം. ബഷീർ കൊല്ലപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു വാഹനം.
Kerala
കൊച്ചി: രാജ്യത്തിന്റെ പരന്പരാഗത കൈത്തറി കരകൗശല വൈവിധ്യം പരിചയപ്പെടുത്തുന്ന ദി ഇന്ത്യന് ആര്ട്ടിസന്സ് ഹാറ്റ് കരകൗശലമേള നാളെമുതൽ 11 വരെ കലൂര് ജവഹര്ലാല് നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില് നടക്കും.
രാജ്യത്തെ 25ലേറെ സംസ്ഥാനങ്ങളില്നിന്നുള്ള 100ലേറെ പ്രമുഖരും പുരസ്കാര ജേതാക്കളുമായ കരകൗശല വിദഗ്ധര് മേളയില് പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്, കരകൗശല ഉത്പന്നങ്ങള്, ആഭരണങ്ങള്, ചിത്രങ്ങള്, പാദരക്ഷകൾ, ബാഗുകൾ, അലങ്കാരവസ്തുക്കള്, ഫര്ണിച്ചര് തുടങ്ങിയവ മേളയിലുണ്ടാകും.
കരകൗശല നിര്മാണത്തിന്റെ തത്സമയ പ്രദര്ശനവും ഉണ്ടായിരിക്കും.
Kerala
കൊച്ചി: മുണ്ടംവേലിയിൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റുകളിൽ അപാകതകൾ കണ്ടെത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിറക്കി.
എറണാകുളം തോപ്പുംപടി രാമേശ്വരം വില്ലേജിലെ മുണ്ടംവേലിയിൽ ഗാന്ധിനഗർ പി ആൻഡ് ടി കോളനിയിലെ 17 കോടി രൂപ ചെലവഴിച്ചാണ് ഫ്ലാറ്റ് സമുച്ചയം നിർമിച്ചത്. 2023 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത് താമസം ആരംഭിച്ച് പത്ത് ദിവസത്തിനുള്ളിൽ തന്നെ കെട്ടിടത്തിൽ ഗുരുതരമായ അപാകതകൾ ശ്രദ്ധയിൽപ്പെട്ടതായി പരാതിയുണ്ട്.
സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുകയും ഭിത്തികളിലൂടെ വെള്ളം ചോർന്നിറങ്ങുകയും ചെയ്തതോടെ ഫ്ലാറ്റുകൾ താമസയോഗ്യമല്ലാത്ത അവസ്ഥയിലായി. തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല. കരാറുകാരുടെയും ജിസിഡിഎ എൻജിനീയറിംഗ് വിഭാഗത്തിന്റെയും ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.
ജിസിഡിഎ സൂപ്രണ്ടിംഗ് എൻജിനീയർ ജെബി ജോൺ, എക്സിക്യൂട്ടീവ് എൻജിനീയർമാരായ ഷാജി, ഡേവിസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരായ ആതിര, ജയശ്രീ, കരാറുകാരായ തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി സിന്ധു സുഭാഷ് എന്നിവർക്കെതിരെയാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുക.
Kerala
കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ടമായ പിങ്ക് ലൈനിന്റെ നിര്മാണ പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കി 2027 ഓഗസ്റ്റില് സര്വീസ് ആരംഭിക്കുമെന്ന് കെഎംആര്എല്. ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് നിന്ന് കാക്കനാട് വഴി സ്മാര്ട്ട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റര് എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിര്മാണം പുരോഗമിക്കുകയാണ്.
വയഡക്റ്റിന്റെ നിര്മാണ പ്രവര്ത്തനങ്ങള് 2024 ജൂണ് 12-നാണ് ആരംഭിച്ചത്. തുടക്കത്തില് വിദേശ വായ്പാ അനുമതി വൈകിയതും കെഎസ്ഇബി - വാട്ടര് അഥോറിറ്റി ലൈനുകള്, ഗ്യാസ് പൈപ്പ് ലൈനുകള് എന്നിവ മാറ്റിസ്ഥാപിക്കല് അടക്കമുള്ള പ്രതിസന്ധികളും അതിജീവിച്ചാണ് പദ്ധതി നിര്ണായക ഘട്ടത്തിലെത്തിയത്. നിലവില് 24 മണിക്കൂറും സജീവമായി നടക്കുന്ന നിര്മാണത്തിലൂടെ പ്രതിദിനം 30 മുതല് 40 മീറ്റര് വരെ പാത പൂര്ത്തിയാകുന്നുണ്ട്.
സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിംഗ്, പൈല് ക്യാപ് നിര്മാണം തുടങ്ങിയ എല്ലാ ഫൗണ്ടേഷന് ജോലികളും പൂര്ത്തിയായി. പൈലിംഗ് ജോലികളുടെ 92 ശതമാനവും പൂര്ത്തിയായി. 2028 പൈലുകളില് 1877 എണ്ണവും 470 തൂണുകളില് 397 എണ്ണവും പൂര്ത്തിയാക്കി. 266 പിയര് ക്യാപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ 346 യു ഗര്ഡറുകളും 136 ഐ ഗര്ഡറുകളും സ്ഥാപിച്ചതോടെ ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം പാലം സജ്ജമായിട്ടുണ്ട്.
ട്രാക്ക് വര്ക്ക്, സിഗ്നലിംഗ്, ടെലികമ്യൂണിക്കേഷന്, വൈദ്യുതി വിതരണം എന്നിവയ്ക്കുള്ള എല്ലാ കരാറുകളും നല്കി. ട്രാക്ക് നിര്മാണത്തിനാവശ്യമായ റെയിലുകള് കൊച്ചിയില് എത്തിക്കഴിഞ്ഞു. ലിഫ്റ്റ്, എസ്കലേറ്റര് മുതലായവയുടെ നിര്മാണ ജോലികള് ഫാക്ടറികളില് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Business
കൊച്ചി: രാജ്യത്തുടനീളമുള്ള കാന്സര് ചികിത്സാവിദഗ്ധര് പങ്കെടുക്കുന്ന ആസ്റ്റര് ക്വാളിറ്റി കെയര് കാന്സര് കോണ്ക്ലേവ് ഒക്ടോബര് രണ്ടുമുതല് നാലുവരെ കൊച്ചി ക്രൗണ്പ്ലാസയില് നടക്കും.
ആസ്റ്റര് ഇന്റര്നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സംഘടിപ്പിക്കുന്ന കോണ്ക്ലേവില് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള നൂറിലധികം പ്രമുഖ ദേശീയ ഫാക്കല്റ്റി അംഗങ്ങളും പ്രതിനിധികളും പങ്കെടുക്കും.
കാന്സര് പ്രതിരോധം, പ്രിസിഷന് ഓങ്കോളജി, മോളിക്യുലാര് ഡയഗ്നോസ്റ്റിക്സ്, സര്ജിക്കല് മെഡിക്കല് റേഡിയേഷന് ഓങ്കോളജി, ഹെമറ്റോളജിക് മലിഗ്നന്സികള്, ഇമ്യൂണോതെറാപ്പി, പാലിയേറ്റീവ് കെയര്, മള്ട്ടിഡിസിപ്ലിനറി കാന്സര് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ നൂതന മുന്നേറ്റങ്ങള് ചര്ച്ച ചെയ്യുന്ന അമ്പതിലധികം അക്കാദമിക് സെഷനുകള് ഉള്പ്പെടുത്തിയിട്ടുണ്ട്.
കാന്സര് പരിചരണ രംഗത്ത് പുത്തന് ആശയങ്ങള് പങ്കുവയ്ക്കാനും നവീകരണങ്ങള് കൊണ്ടുവരാനും അതുവഴി രോഗികളുടെ പരിചരണവും ചികിത്സാഫലവും മെച്ചപ്പെടുത്താനുമാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നതെന്ന് സംഘാടകസമിതി സെക്രട്ടറിയും ആസ്റ്റര് മെഡ്സിറ്റി മെഡിക്കല് ഓങ്കോളജി സീനിയര് കണ്സള്ട്ടന്റുമായ ഡോ. അരുണ് ആര്. വാര്യര് പറഞ്ഞു.
Kerala
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച വൈകുന്നേരം ടവർ റോഡിൽ സ്ഥിതി ചെയ്യുന്ന കോഡർ ഹൗസിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
നിലവിൽ ബോട്ടിക് ഹോട്ടലായി പ്രവർത്തിക്കുന്ന കോഡർ ഹൗസ്, ഇൻഡോ-പോർച്ചുഗീസ് വാസ്തുശൈലിയിൽ നിർമിച്ച ചരിത്രപ്രാധാന്യമുള്ള പൈതൃക കെട്ടിടമാണ്. ഏകദേശം 200 വർഷം പഴക്കമുള്ള മൂന്ന് നില കെട്ടിടമാണിത്. കൊച്ചിയിലെ ജൂത സമൂഹത്തിന്റെയും കോഡർ കുടുംബത്തിന്റെയും ചരിത്രപരമായ പാരമ്പര്യവുമായി അടുത്ത ബന്ധമുള്ളതാണ് കോഡർ ഹൗസ്.
ഫോർട്ട് കൊച്ചിയുടെ വാസ്തുവിദ്യാ-സാംസ്കാരിക പൈതൃകത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നായ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Kerala
കൊച്ചി: എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലിസ് അറസ്റ്റ് ചെയ്തു. കൊച്ചി പുത്തൻകുരിശിൽ നടന്ന സംഭവത്തിൽ അസം നാഗോൺ സ്വദേശി നൂർ അമീൻ (26), പശ്ചിമ ബംഗാൾ ഗോപാൽ നഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 23-ാം തീയതി പുലർച്ചെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയ പ്രതികൾ പുത്തൻകുരിശിലെ എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. മഴക്കോട്ടും ഹെൽമെറ്റും ധരിച്ചാണ് പ്രതികൾ എടിഎം കൗണ്ടറിനുള്ളിൽ പ്രവേശിച്ചത്.
എടിഎം മെഷീന്റെ ഡിസ്പെൻസറി യൂണിറ്റിനും മറ്റ് ഭാഗങ്ങൾക്കും ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പൊലിസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് കരിമുകൾ ഭാഗത്തുനിന്ന് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം കോതമംഗലത്ത് നിയന്ത്രണംവിട്ട ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. ട്രാക്ടറിലുണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ പ്രദീപ്, സത്യ എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് കോതമംഗലം-നേര്യമംഗലം റോഡിലായിരുന്നു അപകടം. പാറപൊട്ടിക്കാൻ ആവശ്യമായ യന്ത്രങ്ങൾ ഘടിപ്പിച്ചിരുന്ന ട്രാക്ടറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ എതിർദിശയിൽ വന്ന കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ട്രാക്ടർ റോഡിലേയ്ക്ക് തലകീഴായി മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ തൊഴിലാളികൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
Kerala
കൊച്ചി: സിഎംആര്എല്-എക്സാലോജിക് ഇടപാടില് ഇഡി നല്കിയ കത്തില് പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആര് രജിസ്റ്റർ ചെയ്ത് കേസെടുക്കാമെന്ന് സര്ക്കാര് ഹൈക്കോടതിയില്. ഒരു ഡയറി മാത്രമാണ് ഇഡി നല്കിയത്. ഡയറി മാത്രം തെളിവാക്കി കേസെടുക്കാനാവില്ലെന്ന് അഡ്വക്കേറ്റ് ജനറല് കോടതിയെ അറിയിച്ചു.
എന്നാല് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഇഡിയുടെ ആവശ്യം. കേസെടുക്കാന് ആവശ്യമുള്ള രേഖകള് നല്കിയിട്ടുണ്ട് എന്നാണ് ഇഡിയുടെ വാദം. കേസിലെ കണ്ടെത്തലുകളും മൊഴി പകര്പ്പുകളും ഇഡി കോടതിയില് മുദ്ര വച്ച കവറില് ഹാജരാക്കി.
സര്ക്കാര് ആവശ്യപ്പെട്ടാല് മൊഴി പകര്പ്പകളും നല്കാമെന്ന് ഇഡി വ്യക്തമാക്കി. പ്രാഥമിക പരിശോധന നടത്തി അഴിമതി നിരോധന പ്രകാരം കേസ് നിലനില്ക്കുമെന്ന് മനസിലായതിനാലാണ് വിവരങ്ങള് സംസ്ഥാന പൊലിസിന് കൈമാറിയത്. അതില് ഇനിയും പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഇഡി വ്യക്തമാക്കി.
ഹര്ജി കോടതി ഉത്തരവ് പറയാനായി മാറ്റി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, ടി. വീണ, മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യണമെന്നായിരുന്നു ഇഡിയുടെ ശിപാര്ശ.
Kerala
കൊച്ചി: വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച് യുവമോര്ച്ച പ്രവര്ത്തകര്. കൊച്ചിയില് സ്കൂള് കലോത്സവ സംഘാടക സമിതി യോഗത്തിനെത്തിയ മന്ത്രിക്ക് നേരെയാണ് കരിങ്കൊടി പ്രതിഷേധം.
മന്ത്രി യോഗം നടക്കുന്ന വേദിയിലേക്ക് എത്തുന്നതിന് മുമ്പ് ടൗണ്ഹാളിന് സമീപം യുവമോര്ച്ച പ്രവര്ത്തകര് മന്ത്രിയുടെ വാഹനം തടഞ്ഞ് കരിങ്കൊടി വീശുകയായിരുന്നു. പൊലിസ് എത്തി പ്രതിഷേധക്കാരെ മാറ്റിയതിന് ശേഷമാണ് മന്ത്രി കടന്നു പോയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദര്ശനത്തിനിടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് കരിങ്കൊടി കാണിച്ച സംഭവത്തെ തുടർന്നാണ് മുഖ്യമന്ത്രി ഉള്പ്പെടെയുള്ളവര്ക്ക് നേരെ യുവമോര്ച്ച പ്രവര്ത്തകരുടെ കരിങ്കൊടി പ്രതിഷേധം.
Kerala
കൊച്ചി: പെരുമ്പാവൂര് ഐമുറിയിൽ തീപിടിത്തത്തിൽ ബുക്ക് സ്റ്റാൾ കത്തിനശിച്ചു. ജോബ് റാഫേലിന്റെ ഉടമസ്ഥതയിലുള്ള അക്ഷര ബുക്സ് സ്റ്റാളിൽ ഇന്ന് പുലര്ച്ചെ 4.30നാണ് സംഭവം. പുലര്ച്ചെ നടക്കാനിറങ്ങിയവരാണ് തീപടരുന്നത് കണ്ടത്.
സമീപത്തുള്ള ബ്യൂട്ടി വേള്ഡ് ടെക്സ്റ്റൈല്സിലേക്ക് തീപടര്ന്നെങ്കിലും ഫയര് ഫോഴ്സ് എത്തി തീയണച്ചു. ടെക്സ്റ്റൈല്സിലും നാശനഷ്ങ്ങളുണ്ടായി.
Kerala
കൊച്ചി: എറണാകുളത്ത് പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് വിദ്യാർഥിനിയുടെ പരാതി.
സീറോ ടിക്കറ്റിന് പണം ആവശ്യപ്പെട്ടെന്നും പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ലെന്ന് പറഞ്ഞും അപമാനിച്ചതായാണ് പരാതി. നോർത്ത് പറവൂർ പൊലിസിലാണ് വിദ്യാർഥിനി പരാതി നൽകിയിട്ടുള്ളത്. അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രക്കാരിൽ ചിലർ മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്.
Business
കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ അഞ്ചാം പതിപ്പിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ആദ്യ ബിബ് ഹൈബി ഈഡൻ എംപിക്കു കൈമാറി.
മാരത്തൺ സംഘാടകരായ ക്ലിയോസ്പോർട്സ് ഡയറക്ടർ അനീഷ് പോൾ, ക്ലിയോസ്പോർട്സ് മാർക്കറ്റിംഗ് ഹെഡ് നിഥുൻ സദാനന്ദൻ എന്നിവർ ചേർന്നാണു ബിബ് നൽകിയത്.
അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന മാരത്തണിൽ പങ്കെടുക്കാനായി www. kochi marathon.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.
Kerala
കൊച്ചി: എറണാകുളം തോപ്പുംപടിയിൽ വൈദ്യുതി കേബിളുകൾക്ക് തീപിടിച്ചു. തോപ്പുംപടി പോസ്റ്റ് ഓഫീസിന് സമീപത്തെ വൈദ്യുതി പോസ്റ്റിനോട് ചേർന്ന കേബിളുകൾക്കാണ് തീപിടിച്ചത്. രാവിലെ ഏഴോടെയായിരുന്നു സംഭവം.
ഒരു കേബിളിൽ സ്പാർക്ക് മൂലം തീപിടിക്കുകയും മറ്റ് കേബിളുകളിലേക്കും പോസ്റ്റിലേക്കും പടരുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ കൗൺസിലർ ജോസഫ് സുമിത് സുഹൃത്തുക്കളും ചേർന്ന് നനഞ്ഞ ചാക്ക് ഉപയോഗിച്ച് താഴ് ഭാഗത്തുള്ള തീയണച്ചിരുന്നു. പിന്നാലെ അഗ്നിര ക്ഷാസേന സ്ഥലത്തി തീ പൂർണമായി അണച്ചു. ഇതോടെ വലിയ ദുരന്തം ഒഴിവായി.
Kerala
കൊച്ചി: പിറവം ഓണക്കൂറില് നിയന്ത്രണംവിട്ട കാര് വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ വീട് ഭാഗികമായി തകർന്നു. ഓണക്കൂർ സ്വദേശി വര്ഗീസ് രാജുവിന്റെ വീടാണ് അപകടത്തിൽ തകർന്നത്. അപകടത്തില് ആര്ക്കും പരിക്കില്ല.
ചൊവ്വാഴ്ച വൈകിട്ട് 5.10 ഓടെയാണ് സംഭവം നടന്നത്. വര്ഗീസും കുടുംബവും അപകട സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ കാറിലിയുണ്ടായിരുന്ന യുവാക്കള് ഓടി രക്ഷപെട്ടു. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: പാലാരിവട്ടം വെണ്ണലയില് ഐസ് കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. ലോറിയുടെ പിന്നിലെ രണ്ടു ടയര് ഊരിപ്പോയതാണ് അപകടത്തിന് കാരണം. പുലര്ച്ചെ മൂന്നരയോടു കൂടിയാണ് അപകടം നടന്നത്.
ലോറിയില് ഡ്രൈവറും സഹായിയും ഉണ്ടായിരുന്നെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡിലേക്ക് മറിഞ്ഞ ലോറി ക്രെയ്ന് ഉപയോഗിച്ച് നീക്കിയ ശേഷം ലോറിയില് നിന്നും മറിഞ്ഞ ഐസ് മാറ്റാനുള്ള ശ്രമത്തിലാണ് ഫയര്ഫോഴ്സ് ഉദ്യോഗസ്ഥര്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷം നാളെ കൊച്ചിയിൽ നടക്കും. ലെ മെറിഡിയനിൽ വൈകിട്ട് 6ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
സർക്കാർ പ്രഖ്യാപിച്ച ഇന്റർനാഷണൽ മാരിടൈം മ്യൂസിയം ആൻഡ് ഓഷ്യനേറിയം പദ്ധതിയുടെ സമീപനരേഖയുടെയും ലോഗോയുടെയും പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും.
കേരള മാരിടൈം ബോർഡ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. പുരാവസ്തു- ഫിഷറീസ് വകുപ്പുകളും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചും പരിപാടിയിൽ പങ്കാളികളാകും.
ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ അധ്യക്ഷനാകുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, ഹൈബി ഈഡൻ എംപി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ, കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജെറോമിക് ജോർജ്, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, നാവികസേന-കോസ്റ്റ് ഗാർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ എട്ടിന് ആരംഭിക്കുന്ന ദിനാഘോഷ പരിപാടിയിൽ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. ബിജുകുമാർ മാരിടൈം എക്സിബിഷനും ഹെറിറ്റേജ് മ്യൂസിയം ഏരിയയും ഉദ്ഘാടനം ചെയ്യും.
പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന എക്സിബിഷനിൽ റോമൻ കാലഘട്ടം മുതലുള്ള സമുദ്രവ്യാപാര ചരിത്രം, ഖനന വസ്തുക്കൾ, മ്യൂസിയം-ഓഷ്യനേറിയം ആശയങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ഏഴ് പ്രത്യേക സോണുകൾ ഉണ്ടാകും. മാരിടൈം ഈസ് മൈ ഫ്യൂച്ചർ, മാരിടൈം ഹെറിറ്റേജ് ആൻഡ് ദ മ്യൂസിയം, ബ്ലൂ ഇക്കോണമി, ഓഷ്യനേറിയം ആൻഡ് ഹോളിസ്റ്റിക് ടൂറിസം വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കും.
Kerala
കൊച്ചി: കൊച്ചി കാക്കനാട് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കാക്കനാട് അമ്പാടിമൂലയിലാണ് സംഭവം. വധശ്രമത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രതിയെ പൊലിസ് പിടികൂടിയിട്ടുണ്ട്. ഇയാളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Kerala
കൊച്ചി: വാഹന മോഡിഫിക്കേഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെയാണ് സംസ്ഥാനത്ത് പല കാര്യങ്ങളും ചെയ്യുന്നതെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിമർശിച്ചു.
ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങളിലും വാഹന മോഡിഫിക്കേഷനിലെ പ്രശ്നങ്ങളെ തുടർന്നും ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് വിമർശനം. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്ന് കോടതി നിർദേശിച്ചു.
ജീപ്പുകളിൽ വലിയ ടയറുകൾ ഘടിപ്പിക്കുന്നത് തുടർച്ചയായ അപകടങ്ങൾക്ക് വഴിവയ്ക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോട്ടയം, കാസർഗോഡ് ജില്ലകളിലെ അപകടങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം.
Kerala
കൊച്ചി: ചക്കരപ്പറമ്പില് കാര് മരത്തിലിടിച്ച് അപകടം. ഇന്ന് പുലര്ച്ചെ 5.30ഓടെ ആയിരുന്നു സംഭവം. പാലാരിവട്ടം ഭാഗത്തു നിന്നും വൈറ്റില ഭാഗത്തേക്ക് പോവുകയായിരുന്ന കാര് ദേശീയപാതയ്ക്ക് സമീപത്തെ സര്വീസ് റോഡിലെ രണ്ട് മരങ്ങളിൽ ഇടിച്ചതിനു ശേഷം മറ്റൊരു മരത്തിലിടിച്ച് നില്ക്കുകയായിരുന്നു.
കാറില് രണ്ട് യാത്രക്കാരുണ്ടായിരുന്നുവെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നുമാണ് പൊലിസ് പറയുന്നത്. എന്നാല് കാറില് നമ്പര്പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. മുൻവശം പൂർണമായും തകർന്ന കാറിന് മുന്നിലും പിന്നിലും നമ്പര്പ്ലേറ്റ് ഉണ്ടായിരുന്നില്ല.
Sports
കൊച്ചി: കായിക കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾസ്റ്റാർ ഇലവനും തമ്മിലുള്ള ആവേശപ്പോരാട്ടത്തിന് ബുധനാഴ്ച കൊച്ചിയിൽ കിക്കോഫ്. രാത്രി 7.30ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിനായി ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ കൊച്ചിയിലെത്തി.
രാവിലെ 9.55ഓടെ റൊണാൾഡീഞ്ഞോ എത്തിയ വിമാനം കൊച്ചിയിൽ ലാൻഡ് ചെയ്തെങ്കിലും സാങ്കേതിക നടപടികൾ പൂർത്തിയാകാത്തതിനാൽ താരത്തിന് ഉടൻ പുറത്തിറങ്ങാനായില്ല. മെഡിക്കൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് താരം വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയത്.
റൊണാൾഡീഞ്ഞോയെ കാണാൻ നിരവധി ഫുട്ബോൾ ആരാധകരാണ് വിമാനത്താവളത്തിൽ എത്തിയത്. താരത്തിന്റെ വരവോടെ കൊച്ചിയിലെ ഫുട്ബോൾ ആവേശവും ഇരട്ടിയായി. എഡ്മിൽസൺ ഉൾപ്പെടെയുള്ള 12 ബ്രസീൽ താരങ്ങൾ നേരത്തെ തന്നെ കൊച്ചിയിലെത്തിയിരുന്നു.
മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ ഐ.എം. വിജയനും ബൈച്ചൂംഗ് ബൂട്ടിയായും അണിനിരക്കുന്ന ഇന്ത്യൻ ഓൾസ്റ്റാർ ഇലവനിൽ മലയാളി താരങ്ങളായ സി.കെ. വിനീത്, മുഹമ്മദ് റാഫി, ജോ പോൾ അഞ്ചേരി, എൻ.പി. പ്രദീപ്, എം.വി. നെൽസൺ, റിനോ ആന്റോ എന്നിവരുമുണ്ട്.
Kerala
കൊച്ചി: ഇറ്റലിയിലെ മിലാനില് രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്ത്തിക്കുന്ന അന്താരാഷ്ട്ര ഫാഷന്, ഡിസൈന് സ്ഥാപനമായ ഫെരാരി ഫാഷന് സ്കൂളിന്റെ ഇന്ത്യയിലെ ആദ്യ പഠനകേന്ദ്രം കൊച്ചിയില് പ്രവര്ത്തനം ആരംഭിക്കുന്നു. ഹെയ്ന്റിച്ചിന്റെ സഹകരണത്തോടെ കൊച്ചി സ്മാര്ട്ട്സിറ്റിയിലെ ലുലു ഐടി ട്വിന് ടവറിലാണ് ഫെരാരി ഫാഷന് ഇന്സ്റ്റിറ്റ്യൂട്ട് പ്രവര്ത്തനം തുടങ്ങുന്നത്.
ഇന്സ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് ലോഞ്ച് ഗ്രാന്ഡ് ഹയാത്ത് കണ്വെന്ഷന് സെന്ററില് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി റോജി.എം. ജോണ് നിര്വഹിച്ചു. ഫാഷന് രംഗത്തെ പുത്തന് സാധ്യതകള് പരിചയപ്പെടാനും പരമാവധി പ്രയോജനപ്പെടുത്താനും ഈ മേഖലയില് സംസ്ഥാനത്ത് കൂടുതല് അവസരങ്ങള് സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
അതിനായി ലോകോത്തര ഫാഷന് ഇന്സ്റ്റിറ്റ്യൂട്ടുകള് സംസ്ഥാനത്തേക്ക് കടന്നുവരുന്നതിനെ സ്വാഗതം ചെയ്യുമെന്നും വെബ്സൈറ്റ് ലോഞ്ചിന് ശേഷം മന്ത്രി റോജി പറഞ്ഞു. ഹെയ്ന്റിച്ച് ഫൗണ്ടര് ആന്ഡ് മാനേജിംഗ് ഡയറക്ടര് മനോജ് തോമസ്, തോമസ് ജേക്കബ് എന്നിവര് ചടങ്ങിൽ പങ്കെടുത്തു.
ഇറ്റാലിയന് സൗന്ദര്യ പാരമ്പര്യത്തിന്റെയും ആധുനിക ഫാഷന് കാഴ്ചപ്പാടിന്റെയും സംഗമവേദിയാണ് ഫെരാരി ഫാഷന് സ്കൂൾ. ഫാഷന് രംഗത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഫെരാരി ഫാഷന് സ്കൂൾ, ഫാഷന് മേഖലയില് കരിയര് കെട്ടിപ്പടുക്കാന് ആഗ്രഹിക്കുന്ന വിദ്യാര്ഥികള്ക്ക് ആഴത്തിലുള്ള പഠനം വാഗ്ദാനം ചെയ്യുന്ന ലോകത്തെ മികച്ച ഫാഷന് ഇന്സ്റ്റിറ്റ്യൂട്ടുകളില് ഒന്നാണ്.
ഇറ്റാലിയന് ഫാക്കല്റ്റിയുടെയും യൂറോപ്യന് വിദഗ്ധ ഡിസൈനര്മാരുടെയും നേതൃത്വത്തിലുള്ള തത്സമയ ഓണ്ലൈന് ക്ലാസുകള്, സംവേദനാത്മക സെഷനുകള്, പ്രായോഗിക വര്ക്ക്ഷോപ്പുകള്, സ്റ്റുഡിയോ പ്രാക്ടീസുകള്, പ്രോജക്ടുകള്, മെന്ററിംഗ് എന്നിവ സമന്വയിപ്പിച്ചുള്ള പഠന സമീപനമാണ് കൊച്ചി ക്യാമ്പസില് പിന്തുടരുന്നത്.
കൂടാതെ വിദ്യാര്ഥികള്ക്ക് അവരുടെ കഴിവുകള് പ്രദര്ശിപ്പിക്കാന് ഫാഷന് ഷോകള്, ഫാഷന് വീക്ക്സ്, ഇന്ഡസ്ട്രി ഇവന്റ്സ് എന്നിവ പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഈ മേഖലയിലെ വിദഗ്ധരുടെ ശില്പശാലകളും പ്രമുഖ ബ്രാന്ഡുകളുടെ ഫാഷന് ഹൗസുകള് സന്ദര്ശിക്കുന്ന സ്റ്റഡി ട്രിപ്പുകളും വിദ്യാര്ഥികള്ക്ക് പുതിയ ഫാഷന് രീതികള് പരിചയപ്പെടാന് സഹായകമാകും.
കൊച്ചിയില് ആരംഭിക്കുന്ന ഹെയ്ന്റിച്ച് ഫെരാരി ഫാഷന് ഇന്സ്റ്റിറ്റ്യൂട്ടില് ഫാഷന് ഡിസൈനിങ്, നിറ്റ് വെയര് അന്ഡ് ടെയ്ലറിങ്, അപ്സൈക്ലിംഗ് ആന്ഡ് റീ-ഫാഷന്, ഫാഷന് ഫോട്ടോഗ്രഫി, ഇന്റീരിയര് ഡിസൈനിങ്, സെലിബ്രിട്ടി ഫാഷന്, ഹെയര് ആന്ഡ് മേക്കപ്പ് എന്നിവയിലാണ് പരിശീലനം നല്കുന്നത്. ആറു മാസ ഡിപ്ലോമ കോഴ്സുകള്ക്ക് പുറമേ മൂന്ന് വര്ഷ യുജി കോഴ്സുകളും 18 മാസ പിജി പ്രോഗ്രാമുകളിലും ആഴത്തിലുള്ള പഠനം ഉറപ്പാക്കുന്നു. കുടാതെ കരിയര് ഗൈഡന്സും ഇന്റേണ്ഷിപ്പ് സപ്പോര്ട്ടും ഇന്സ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്നുണ്ട്.
ഇതോടൊപ്പം നിര്മ്മിത ബുദ്ധി (എഐ) അധിഷ്ഠിതമായ, അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം കേരളത്തിലും ലഭ്യമാക്കുന്നതിനായി ഇറ്റലിയിലെ ലംബോര്ഗിനി എഐ ഇന്സ്റ്റിറ്റ്യൂട്ടിന്റെ കേന്ദ്രവും കൊച്ചിയില് പ്രവര്ത്തനം ആരംഭിക്കുന്നുണ്ട്. ഹെയ്ന്റിച്ചുമായി സഹകരിച്ച് സ്മാര്ട്ട്സിറ്റിയിലെ ലുലു ഐടി ട്വിന് ടവറിലാണ് ലംബോര്ഗിനി എഐ ഇന്സ്റ്റിറ്റ്യൂട്ടും പ്രവര്ത്തിക്കുന്നത്.
എഐ ഏജന്റ് , എഐ ഫോര് ബിസിനസ്, ജനറേറ്റീവ് എഐ, എഐ മെഷീന് ലേണിംഗ് വിഷയങ്ങളില് ആറ് മാസ ഡിപ്ലോമ, മൂന്ന് വര്ഷ ബിസിഎ, 18 മാസ എംസിഎ കോഴ്സുകളാണ് ഇവിടെ ആരംഭിക്കുന്നത്. യുകെ, ഇറ്റലി എന്നിവിടങ്ങളിലെ എഐ എക്സ്പേര്ട്ടുകളുടെ ലൈവ് ക്ലാസുകള്, പ്രാക്ടിക്കല് സെഷനുകള് എന്നിവ മികച്ച എഐ സ്പെഷ്യലിസ്റ്റുകളെ വാര്ത്തെടുക്കാന് സഹായിക്കും.
യുഎസ്എ, യുകെ, ഇറ്റലി തുടങ്ങി യൂറോപ്യന് രാജ്യങ്ങളില് പ്ലേസ്മെന്റും ഇന്സ്റ്റിറ്റ്യൂട്ട് ഉറപ്പ് നല്കുന്നു. ശനിയാഴ്ച വൈകിട്ട് ഗ്രാന്ഡ് ഹയാത്ത് കണ്വെന്ഷന് സെന്ററില് നടക്കുന്ന ചടങ്ങില് ലംബോര്ഗിനി എഐ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും നടക്കും. ഇറ്റലിയിലെ ഫ്ലോറന്സ് യൂണിവേഴ്സിറ്റി, ഇംഗ്ലണ്ടിലെ ടിസൈഡ് യൂണിവേഴ്സിറ്റി, ഇന്ത്യയിലെ മണിപ്പാല് യൂണിവേഴ്സിറ്റി എന്നിവയുമായി അഫിലിയേറ്റ് ചെയ്താണ് കൊച്ചിയിലെ പഠനകേന്ദ്രങ്ങള് പ്രവര്ത്തിക്കുന്നത്.
അഡ്മിഷനും കൂടുതല് വിവരങ്ങള്ക്കും:
ഫെരാരി ഫാഷന് ഇന്സ്റ്റിറ്റ്യൂട്ട് - 98958 00799, www.FerrariFashionInstitute.com
ലംബോര്ഗിനി എഐ ഇന്സ്റ്റിറ്റ്യൂട്ട് - 81294 00799, www.Lamborghini_AI.com
ഹെയ്ന്റിച്ച് - www.heinrichluxury.com
Kerala
കൊച്ചി: ഓടുന്ന സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് യുവതി മരിച്ചു. വടക്കൻ പറവൂർ കുഞ്ഞിത്തൈ സ്വദേശി വിന്റുമോൾ (31) ആണ് അപകടത്തിൽ മരിച്ചത്. തുരുത്തിപ്പുറം ആർകെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ വിന്റുമോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.
തുരുത്തിപ്പുറം ചെറിയ പാലത്തിനു സമീപം എത്തിയപ്പോൾ, ഓടിക്കൊണ്ടിരുന്ന ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് അവർ തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സോണിയും ഒരു കുട്ടിയുമടങ്ങുന്നതാണ് ഇവരുടെ കുടുംബം.
അപകടത്തിന് കാരണമായ സ്വകാര്യ ബസ് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിന്റെ വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ട നടപടികൾക്കായി മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Kerala
കൊച്ചി: ടൂറിസ്റ്റ് ബസില് ഇടിക്കാതിരിക്കാന് വെട്ടിച്ച സ്വകാര്യ ബസ് റോഡില് നിന്നും താഴേക്ക് ചെരിഞ്ഞ് അപകടം. രാവിലെ 6.10ന് തലയോലപ്പറമ്പില് നിന്നും വൈറ്റിലയ്ക്ക് പോവുകയായിരുന്ന ഗുഡ്വില് ബസ് എറണാകുളം അരയന്കാവിന് സമീപമാണ് അപകടത്തില്പ്പെട്ടത്.
എതിര്ദിശയില് നിന്നും ദിശതെറ്റി വന്ന തമിഴ്നാട്ടില് നിന്നുള്ള ടൂറിസ്റ്റ് ബസില് ഇടിക്കാതിരിക്കാന് വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. അപകടത്തില് നിസാര പരിക്കുകളോടെ യാത്രക്കാരും ബസ് ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. തുടര്ന്ന് യാത്രക്കാരെ മറ്റൊരു ബസില് വൈറിലയിലേക്ക് കയറ്റിവിട്ടു.
Kerala
വൈപ്പിന്: വയോധികനെ കാണാനില്ലെന്ന് പരാതി. പുതുവൈപ്പ് കളരിക്കല് ജോസിനെ (72) ആണ് കാണാതായത്. ഞായറാഴ്ച രാവിലെ 11 ഓടെ വീട്ടില് നിന്നും ഇറങ്ങിപ്പോയ ജോസ് രാത്രിയായിട്ടും മടങ്ങിയെത്തിയില്ല.
പലയിടത്തും അന്വേഷിച്ചിട്ടും പിതാവിനെ കണ്ടാത്താനാകാത്തതോടെ മകന് ഞാറക്കല് പൊലിസില് പരാതി നല്കുകയായിരുന്നു.
Sports
കൊച്ചി: സാക്ഷാല് റൊണാള്ഡീഞ്ഞോയും ഐ.എം. വിജയനും ഒരു പന്തിനു പിന്നാലെയോടുന്ന കാഴ്ച കാണാന് ഇനി മണിക്കൂറുകള് മാത്രം ബാക്കി. ഇതിഹാസ താരങ്ങളെ കാണാന് ഫുട്ബോള് പ്രേമികളും കട്ട വെയ്റ്റിംഗിലാണ്. ഫുട്ബോള് ആരാധകരായ പലരും കളി കാണുന്നതിനോടനുബന്ധിച്ച് കൊച്ചിയിലേക്ക് എത്തിതുടങ്ങി.
സ്ക്രീനില് മാത്രം കണ്ടിരുന്ന താരങ്ങള് കണ്മുന്നില് എത്തുന്നത് കാണാന് നിരവധി ആളുകളെത്തുമെന്നതിനാല് കൊച്ചിയില് അധികൃതരും വിപുലമായ ഒരുങ്ങളാണു നടത്തിവരുന്നത്. കലൂര് ജെഎന്എല് സ്റ്റേഡിയത്തില് നടക്കുന്ന മത്സരം കാണുന്നതിനുള്ള ടിക്കറ്റ് വില്പ്പന പുരോഗമിക്കുകയാണ്.
‘റിട്ടേണ് ഓഫ് ദ ടൈറ്റന്സ്’ എന്ന പേരില് 23ന് രാത്രി 7.30ന് നടക്കുന്ന മത്സരം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. ബ്രസീല് ലെജന്ഡ്, ഇന്ത്യന് ഓള് സ്റ്റാര്സ് എന്നീ പേരിലാണു ടീമുകള് അണിനിരക്കുക.
2002 ലോകകപ്പ് ജേതാക്കളായ റൊണാള്ഡീഞ്ഞോ, റിവാള്ഡോ എന്നിവരാണ് ഈ വമ്പന് പോരാട്ടത്തിന്റെ പ്രധാന ആകര്ഷണം. ഇവര്ക്കൊപ്പം എഡ്മില്സണ് ജോസ് ഗോമസ് ഡി മൊറായസ്, പൗലോ സെര്ജിയോ സില്വെസ്ട്രെ ദോ നാസിമെന്റോ, ജിയോവാനി സില്വ ഡി ഒലിവെയ്റ, ജെനില്സണ് ആഞ്ചലോ ഡിസൂസ (ജൂനിയര്), പൗലോ സെര്ജിയോ റോസ (വിയോള), ഗോള്കീപ്പര് ഹ്യൂറെല്ഹോ ദ സില്വ ഗോമസ്, അലക്സാന്ദ്രെ ദ സില്വ മരിയാനോ (അമാരല്), ഗുസ്താവോ നെറി ഡി സാ ദ സില്വ, റിക്കാര്ഡോ ഡി ഒലിവെയ്റ, ജോര്ജ് ഡി അമൊറിം കാമ്പോസ് (ജോര്ജീഞ്ഞോ), മാര്സെലോ ഫെറെയ്റ ഫെര്ണാണ്ടസ് (കമാന്ഡുകായ), എലിവെല്ട്ടണ് ആല്വസ് റൂഫിനോ, എല്സണ് റൊഡ്രിഗസ് ഡി സൂസ, മാര്ക്കോസ് അന്റോണിയോ ഡി ലിമ (പാരാ), ഡിയോഗോ കോറിയ ഡി ഒലിവെയ്റ എന്നിവരടങ്ങുന്ന പ്രമുഖ താരനിര ബ്രസീലിനായി പന്തുതട്ടും.
ഇന്ത്യന് ഫുട്ബോളിന്റെ പ്രശസ്ത താരങ്ങളായ ഐ.എം. വിജയന്, ജോ പോള് അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയവര് അണിനിരക്കുന്ന ശക്തമായ നിരയാണ് ഇന്ത്യന് ഓള് സ്റ്റാര്സിനായി കളത്തിലിറങ്ങുന്നത്.ഗ്ലോബല് ടൂറിലെ രണ്ടാമത്തെ മത്സരത്തിനാകും 23ന് കൊച്ചി സാക്ഷ്യം വഹിക്കുക.
Kerala
കൊച്ചി: സംസ്കാരങ്ങളുടെ വൈവിധ്യാനുഭവങ്ങളാണ് കൊച്ചി സമ്മാനിക്കുന്നതെന്ന് പ്രമുഖ ഫ്രഞ്ച് കലാപ്രവർത്തകനും അധ്യാപകനുമായ കദെർ അത്തിയ.
കുടിയേറുന്ന സംസ്കാരത്തെ അതിന്റെ തനിമയോടെ നിലനിർത്തുന്നതില് കൊച്ചി ലോകത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട അത്തിയ കൊച്ചിയിൽ മാധ്യമങ്ങളുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കൊളോണിയലിസം പ്രാദേശിക അറിവുകളിലേക്കുള്ള അധിനിവേശം കൂടിയാണ്. കൊച്ചിയില് വ്യത്യസ്ത സംസ്കാരങ്ങളുടെ തനത് നേര്ക്കാഴ്ച ലഭിക്കും. കൊച്ചിക്കുള്ളത് ഏകമായ വ്യക്തിത്വമല്ല, വൈവിധ്യങ്ങള് നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
1970 ൽ ഫ്രാൻസിലെ ദുഗ്നിയിൽ ജനിച്ച കദെർ അത്തിയ നിലവിൽ ഹാംബർഗ് എച്ച്എഫ്ബികെയിൽ ടൈം ബേസ്ഡ് മീഡിയ പ്രഫസറാണ്. കലാപ്രതിഷ്ഠ, ശില്പം, ചലച്ചിത്രം, ഫോട്ടോഗ്രഫി, ആർക്കൈവൽ ഗവേഷണം എന്നിവയെ സമന്വയിപ്പിച്ചുള്ള തന്റെ പ്രവര്ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും അൾജീരിയയിലുമായി ചെലവഴിച്ച ബാല്യവും കോംഗോയിലും തെക്കേ അമേരിക്കയിലുമുള്ള അനുഭവങ്ങളും തന്റെ കലാപ്രവർത്തനത്തെ ആഴത്തില് സ്വാധീനിച്ചതായും അത്തിയ പറഞ്ഞു. നോവലിസ്റ്റ് എൻ.എസ്. മാധവൻ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വി. വേണു, ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട്, സിഇഒ തോമസ് വർഗീസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Sports
മുംബൈ: വനിതാ പ്രീമിയര് ലീഗ് (ഡബ്ല്യുപിഎല്) ട്വന്റി-20 ക്രിക്കറ്റിന്റെ 2027 സീസണ് ജനുവരി 14ന് ആരംഭിക്കും. ഫെബ്രുവരി ഏഴിനാണ് ഫൈനല്. ഡബ്ല്യുപിഎല്ലിന്റെ അഞ്ചാം എഡിഷനാണ്.
ലീഗിനു മുന്നോടിയായുള്ള താരലേലം അടുത്ത മാസം 28നു കൊച്ചിയില് നടക്കും. താരങ്ങളെ നിലനിര്ത്താനുള്ള അവസാന തീയതി 28 ആണ്.
സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ഡബ്ല്യുപിഎല്ലിൽ നിലവിലെ ചാന്പ്യന്മാർ.
2026 ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ ആറു വിക്കറ്റിനു കീഴടക്കിയായിരുന്നു റോയൽ ബംഗളൂരുവിന്റെ കിരീടധാരണം. ആർസിബിയുടെ രണ്ടാം കിരീടമാണ്.
Kerala
കൊച്ചി: കൊച്ചിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ റഹീൻ ഷാ, സോഹേൽ റാണ എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
കളമശേരിയിലെ വാടക വീട്ടിൽ നിന്ന് ഒരു കിലോ കഞ്ചാവും എട്ട് ഗ്രാം ബ്രൗൺഷുഗറുമാണ് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ചവയാണ് കഞ്ചാവും ബ്രൗൺ ഷുഗറുമെന്ന് പൊലിസ് അറിയിച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കള് പിടിയില്. എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടില് ജിതിന് (26), നായരമ്പലം പറുപ്പന വീട്ടില് സാലിഹ് (32) എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാന്സാഫ് ടീമും ഞാറയ്ക്കല് പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയില് ജിതിന്റെ എളങ്കുന്നപ്പുഴയിലുള്ള വീട്ടില് നിന്ന് 15 ഗ്രാം എംഡിഎംഎയും സാലിഹിന്റെ നായരമ്പലത്തുള്ള വീട്ടില് നിന്ന് 10.36 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.
ചെറായി ബീച്ച് മേഖലയില് വില്പനയ്ക്കായി ബംഗളുരുവിരില് നിന്നും എത്തിച്ച രാസലഹരിയാണിത്. പ്രതികള് കുറച്ചു നാളുകളായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
നാര്കോട്ടിക് സെല് ഡിവൈഎസ്പി സി. ബിനുകുമാര്, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്, എസ്എച്ച്ഒ സി.എസ്. നെല്സന്, എസ്ഐമാരായ സച്ചിന് എസ്. കാര്മല്, അഷ്റഫ് ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Kerala
കൊച്ചി: എറണാകുളം തേവരയില് ഓട്ടോമൊബൈല് വര്ക്ക്ഷോപ്പില് തീപിടിത്തം. തേവരയിലെ ഇന്ഡസ് മോട്ടോഴ്സിന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. മേല്പാലം വരുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ ഭാഗം ഗ്യാസ് കട്ടര് ഉപയോഗിച്ച് പൊളിച്ചു മാറ്റുന്നതിനിടെയാണ് തീ പടര്ന്നത്.
തീ ആളിപടര്ന്ന ഉടന് തന്നെ മൂന്നു ഫയര്ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചു. നിലവില് തീ നിയന്ത്രണവിധേയമാണ്. കൊച്ചിന് ഷിപ്പ്യാര്ഡിനും തേവര പൊലിസ് സ്റ്റേഷനുമടുത്ത സ്ഥലം കൂടിയാണിത്. തീ പെട്ടെന്ന് അണച്ചതിനാല് വലിയ അപകടം ഒഴിവായി.
Kerala
കൊച്ചി: നാഷണൽ കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് (എൻസിസിഎസ്), കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരള (സിസിഎസ്കെ)യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ സെമിനാർ (സങ്കൽപ് 2047) 18, 19 തീയതികളിൽ കൊച്ചി താജ് വിവാന്തയിൽ നടക്കും.
18ന് രാവിലെ 11ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. ഹൈബി ഈഡൻ എംപി, ദക്ഷിണ നാവിക കമാൻഡ് വൈസ് അഡ്മിറൽ സമീർ സക്സേന, യുനെസ്കോ ഡയറക്ടർ ഡോ. ഒബിജിയോഫർ അഗിനാം, പൊലിസ് ഐജി പുട്ട വിമലാദിത്യ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. 19ന് രാവിലെ 9.30 ട്രാൻസ്ഫർമേഷൻ റോൾ ഫോർ സ്കൂൾസ് എന്ന വിഷയത്തിൽ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സംസാരിക്കും. ഉച്ചയ്ക്ക് 12ന് സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
വിവിധ സെഷനുകൾക്ക് ജില്ലാ കളക്ടർ ജി. പ്രിയങ്ക, സിബിഎസ്ഇ അഫിലിയേഷൻ ഡയറക്ടർ ജയപ്രകാശ് ചതുർവേദി, ഐഐഎം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി, തെലുങ്കാന സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജി. കിഷോർ എന്നിവർ നേതൃത്വം നൽകും
ആഗോളമാറ്റങ്ങളുടെയും ആധുനിക സാങ്കേതികവിദ്യകളുടെയും ആവശ്യകത ഉൾക്കൊണ്ട് വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട സമഗ്രമാറ്റങ്ങൾ സെമിനാർ ചർച്ച ചെയ്യുമെന്ന് നാഷണൽ കോ ഓർഡിനേറ്റർ ഡോ. ഇന്ദിരാ രാജൻ അറിയിച്ചു.
സെമിനാറിന്റെ ഭാഗമായി പരിസ്ഥിതിസംരക്ഷണ ബോധവത്കരണത്തിന് കൊച്ചിയിൽ റൺ ഫോർ നേച്ചർ കൂട്ടയോട്ടം 19ന് രാവിലെ 6.30ന് നടത്തും. യുനെസ്കോ ഡയറക്ടർ ഡോ. ഒബിജിയോഫർ അഗിനാം നേതൃത്വം നൽകും.
Kerala
കൊച്ചി: ഒഡീഷയിൽനിന്ന് കൊച്ചിയിലേക്ക് കടത്തിയ പത്ത് കിലോ കഞ്ചാവുമായി നാലുപേരെ റെയിൽവേ പൊലിസ് പിടികൂടി. പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരും രണ്ട് മലയാളികളുമാണ് പിടിയിലായത്. പശ്ചിമബംഗാൾ സ്വദേശികളായ ബുദ്ധദേവു മണ്ഡൽ, സുമൻ ചൗധരി എന്നിവരും കഞ്ചാവ് വാങ്ങാനായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ട് മലയാളികളെയും പൊലിസ് പിടികൂടിയത്. എന്നാൽ ഇവരുടെ വിശദാംശങ്ങൾ റെയിൽവേ പൊലിസ് പുറത്തുവിട്ടിട്ടില്ല.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം വിലവരുമെന്നാണ് വിവരം. ലഹരിക്കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും റെയിൽവേ സ്റ്റേഷനുകളിൽ കനത്ത പരിശോധന തുടരുമെന്ന് റെയിൽവേ പൊലിസ് അറിയിച്ചു.
Kerala
കൊച്ചി: കൊച്ചിയില് വന് രാസലഹരി വേട്ട. 300 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശിയായ ഷിഫാസ് (28) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളില് നിന്നും 2.90 ലക്ഷം രൂപയും പിടിച്ചെടുത്തു.
ഒരാഴ്ചയ്ക്കിടെയുള്ള ലഹരി വില്പനയിലൂടെ സമ്പാദിച്ചതാണ് ഈ പണം. രാത്രി നടത്തിയ പരിശോധനയിലാണ് ഷിഫാസ് എക്സൈസിന്റെ വലയിലായത്.
രണ്ടാഴ്ച മുമ്പ് ചെറിയ അളവില് രണ്ടു പേരില് നിന്നും മെത്താഫിറ്റമിന് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷിഫാസിലേക്ക് എത്തിയത്. ഇയാള് എവിടെ നിന്നാണ് ലഹരി വാങ്ങുന്നത്, എങ്ങനെയാണ് വില്പന എന്നത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
Kerala
വൈപ്പിന്: വീട്ടമ്മയെ മകന്റെ സുഹൃത്തുക്കളായ രണ്ടംഗ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. മുളവുകാട് തോപ്പില്പറമ്പില് അംബികയെ (60) ആണ് ആക്രമിച്ചത്. കുട കൊണ്ടു കുത്തിയതിനെ തുടര്ന്ന് മുന്വശത്തെ പല്ലിനും മറ്റും പരിക്കേറ്റ ഇവര് എറണാകുളം ജനറല് ചികിത്സയിലാണ്.
വീടിന്റെ ജനല് ചില്ല് അടിച്ചു പൊളിക്കുകയും തന്നെ തള്ളിയിടുകയും കുറ്റകരമായ രീതിയില് ബലമായി പിടിക്കുകയും ചെയ്തതായി ഇവര് പൊലിസിന് മൊഴി നല്കിയിട്ടുണ്ട്.
പ്രതികള് കടമായി വാങ്ങിയ 20,000 രൂപ തിരികെ ചോദിച്ചിട്ട് നല്കാതിരുന്നതിനെ തുടര്ന്ന് പൊലിസില് പരാതി നല്കിയതിന്റെ വൈരാഗ്യമാണ് ആക്രമത്തിന് കാരണം. സംഭവത്തില് മുളവുകാട് സ്വദേശികളായ അനു ആന്റണി (45), ജോസ് മൈജോ (36) എന്നിവര്ക്കെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തു.
Business
കൊച്ചി: നഴ്സിംഗ് രംഗത്തെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്റെ അഞ്ചാം പതിപ്പ് 12ന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും.
മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ കെ. മുരളീധരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, റോജി എം. ജോൺ എന്നിവർ പങ്കെടുക്കും.
അവസാന റൗണ്ടിലെത്തിയ പത്തു ഫൈനലിസ്റ്റുകളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന നഴ്സിന് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡും 2,50,000 യുഎസ് ഡോളറും (ഏകദേശം 2.5 കോടി രൂപ) സമ്മാനമായി ലഭിക്കും. നഴ്സിംഗ് മേഖലയിലെ ഏറ്റവും വലിയ ആഗോള പുരസ്കാരങ്ങളിലൊന്നാണിതെന്ന് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
രോഗീ പരിചരണം, നഴ്സിംഗ് നേതൃത്വം, നഴ്സിംഗ് വിദ്യാഭ്യാസം, സാമൂഹിക സേവനം, ഗവേഷണവും നൂതനാശയങ്ങളും എന്നീ മേഖലകളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.
Kerala
കൊച്ചി: ഇന്ത്യൻ കോളജ് ഓഫ് കാർഡിയോളജിയുടെ (ഐസിസി) 33-ാമത് ദേശീയ സമ്മേളനം (ഐസിസികോൺ 2026) നാളെ മുതൽ 13 വരെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും.
നിയന്ത്രണാതീതമാകുന്ന ഉയർന്ന രക്തസമ്മർദം, ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കൽ, സങ്കീർണ ഹൃദയധമനി തടസങ്ങൾ, ഹൃദയസ്തംഭനം, ഹൃദയവാൽവ് രോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള പുതിയ ചികിത്സാരീതികൾ സമ്മേളനം ചർച്ച ചെയ്യും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുന്നൂറിലധികം ഹൃദ്രോഗ വിദഗ്ധർക്കൊപ്പം ജർമനി, അമേരിക്ക, മലേഷ്യ, ശ്രീലങ്ക, ബ്രൂണെ എന്നീ രാജ്യങ്ങളിലെ വിദഗ്ധരും പങ്കെടുക്കും.
12ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. സി.എൻ. മഞ്ജുനാഥ് എംപി, ഐസിസി ദേശീയ പ്രസിഡന്റ് ഡോ. കെ.എച്ച്. ശ്രീനിവാസ, പ്രസിഡന്റ് ഇലക്ട് ഡോ. എ. ജാബിർ, സെക്രട്ടറി ഡോ. സി.എം. നാഗേഷ്, ഡോ. കെ. സുരേഷ് തുടങ്ങിയവർ പ്രസംഗിക്കും.
Kerala
കൊച്ചി: പെരുമ്പാവൂരിൽ പൊലിസ് ശക്തമായ നടപടികൾ സ്വീകരിച്ചതിന് പിന്നാലെ കളംമാറ്റി പിടിച്ച് ലഹരി മാഫിയ. പെരുമ്പാവൂര് ടൗണില് ലഹരി ഇടപാടുകള്ക്ക് വലിയ തോതില് നിയന്ത്രണം വന്നതോടെ മാഫിയ ഗ്രാമപ്രദേശങ്ങളിലേക്ക് പിടിമുറുക്കുകയാണെന്നാണ് ആക്ഷേപം.
കൂവപ്പടി, ഒക്കല്, രായമംഗലം, വെങ്ങോല, അശമന്നൂര് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് ഇപ്പോള് ലഹരി വില്പന സജീവമായിരിക്കുന്നത്. പെരുമ്പാവൂര് ടൗണിലും സമീപപ്രദേശങ്ങളിലും പൊലിസ് പരിശോധനയും പട്രോളിംഗും ശക്തമായി തുടരുന്നുണ്ടെങ്കിലും ഗ്രാമപ്രദേശങ്ങളില് സമാനമായ പരിശോധനകള് നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഗ്രാമപ്രദേശങ്ങളില് വാടകയ്ക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്ക്കൊപ്പം ചില മലയാളികളും ലഹരി വില്പനയില് സജീവമാണെന്നാണ് ലഭിക്കുന്ന വിവരം. ടൗണില് നിന്ന് ഗ്രാമങ്ങളിലേക്ക് മാഫിയയുടെ പ്രവര്ത്തനം വ്യാപിക്കുന്ന സാഹചര്യത്തില് ഈ പ്രദേശങ്ങളിലും പൊലിസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.